Tuesday, December 28, 2010

അരങ്ങ്‌-5
കഥകളി പഠിക്കുകയെന്നത്‌ കുഞ്ചു മാത്രം തീരുമാനിച്ചാൽ മതിയായിരുന്നില്ല.

അമ്മക്കും അച്ഛനും സമ്മതം
പിന്നെ, ആർക്കാണ്‌ വിസമ്മതം?

ഒരു വേള വഴി മുട്ടുമോ?
അപ്പോൾ, ചിത്രകലയുണ്ടല്ലോ എന്നു മനസ്സു സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ശക്തിയിൽ കഥകളിയുടെ വേരുകൾ ആഴ്‌ന്നു പോയിരുന്നു. ജന്മത്തിന്റെ നാരായവേരു പോലെ!

ഏതൊരാൾ കാരണം അമ്മ വാഴേങ്കടയിൽ നിന്നു വിട്ടുപോന്നുവോ , ആ മനുഷ്യൻ( കുഞ്ചുവിന്റെ വലിയമ്മയുടെ മൂത്ത മകൻ)അപ്പോഴേക്കും അവിടുന്നു ഭാഗം മേടിച്ചു പോയിരുന്നു. .പിന്നെ അവിടെ രണ്ടാമത്തെ മകനും (ചെറിയേട്ടൻ) അവരുടെ ഏകസഹോദരിയും (കുഞ്ചുവിന്റെ അമ്മ എടുത്തുവളർത്തിയ കുട്ടി​‍ാമാത്രമേ ഉണ്ടായിരുന്നുള്ളു. മകന്റെ കഥകളി ഭ്രാന്തിനെക്കുറിച്ച്‌ അമ്മ അവിടെ വെച്ച്‌ ചില കാര്യങ്ങൾ പറഞ്ഞു, വെറുതെ ഒരു മോഹം കൊണ്ടു പറഞ്ഞതായിരുന്നില്ല അത്‌. വാഴേങ്കട താമസിച്ചു കഥകളിയഭ്യസിക്കുമ്പോൾ ,ഭക്ഷണച്ചെലവ്‌ ചെറിയേട്ടൻ വഹിക്കുകയാണെങ്കിൽ കുഞ്ചുവിന്റെ ഇഷ്ടപ്രകാരം നടക്കട്ടെ എന്നായിരുന്നു അമ്മയുടെ ഉള്ളിൽ. എന്നാൽ അതേക്കുറിച്ച്‌ ചെറിയേട്ടൻ ഒരക്ഷരം മിണ്ടിയില്ല. അതിന്റെയർത്ഥം അമ്മയ്ക്കും മകനും മനസ്സിലാവുകയും ചെയ്തു. പക്ഷേ, അതുകൊണ്ടൊന്നും കുഞ്ചുവിന്റെ കഥകളിപ്രേമത്തിന്‌ യാതൊരു മാറ്റവും സംഭവിച്ചില്ല. പകരം അതു കുറേക്കൂടി കൂടി വന്നു.കഥകളിയോടുള്ള നിരന്തരമായ അനുഭാവത്തിൽ അനുകമ്പ തോന്നുവാനും ഏതോ വിധത്തിൽ കുഞ്ചുവിനെ സഹായിക്കുവാനും അവിടെ നാട്ടുകാരിൽ ഒരാളുണ്ടായി. ആരും നിനച്ചിരിക്കാത്ത ഒരു നേരത്ത്‌.


"യഥാ ഹ്യേകേന ചക്രേണ ന രഥസ്യ ഗതിർഭവേത്‌"
ഏവം പുരുഷകാരേണ വിനാ ദൈവം ന സാധ്യതി"
(ഒരു ചക്രം മാത്രം കൊണ്ട്‌ രഥത്തിന്‌ മുന്നോട്ട്‌ ചലിക്കുവാൻ കഴിയുകയില്ല. അതു പോലെ ദൈവാനുഗ്രഹമില്ലാതെ പുരുഷ പ്രയത്നം മാത്രം കൊണ്ട്‌ ഫലം സിദ്ധിക്കുകയുമില്ല) എന്നു പറഞ്ഞപോളെ ദൈവാനുഗ്രഹത്താൽ ഒരു മനുഷ്യന്‌ ആ കുട്ടിയുടെ കാര്യത്തിലിടപെടാൻ തോന്നി. അതെന്തുകൊണ്ടെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. കാരണം ആ മനുഷ്യനുമായി അത്ര അടുത്ത ബന്ധം കുഞ്ചുവിനുണ്ടായിരുന്നതുമില്ല. അദ്ദേഹത്തിന്റെ സ്ഥിരതാമസം വാഴേങ്കടയിലും.
കെപി. കുട്ടപ്പൊതുവാൾ എന്ന സ്നേഹോദാരനായ അദ്ദേഹത്തിന്റെ മക്കളാണ്‌ പിൽക്കാലത്ത്‌ തായമ്പകയിലെ മലമക്കാവ്‌ ശൈലിയിലെ അത്യുന്നതരായിത്തീർന്ന കൊട്ടുകാർ ആലിപ്പറമ്പ്‌ ശിവരാമപ്പൊതുവാൾ, സഹോദരന്മാരായ കൃഷ്ണപ്പൊതുവാൾ, കേശവപ്പൊതുവാൾ എന്നിവർ.വാഴേങ്കട ക്ഷേത്രത്തിലെ പൂജക്കൊട്ടുകാരനായ കുട്ടപ്പൊതുവാൾ പൊതുസമ്മതനും സഹൃദയനുമായിരുന്നു. ക്ഷേത്രത്തിലെ ഊരാളന്മാരിൽ മുഖ്യനായ മല്ലിശ്ശീരി നീലകണ്ഠൻ നമ്പൂതിരിയുമായി അദ്ദേഹത്തിന്‌ അടുപ്പമുണ്ടായിരുന്നു. മല്ലിശ്ശീരിയുടെ ആഗ്രഹമനുസരിച്ചാണ്‌ ക്ഷേത്രപരിസരത്തു വെച്ച്‌ കഥകളി കളരി ആരംഭിക്കുന്നതും . അദ്ദേഹത്തോട്‌ കുട്ടപ്പൊതുവാൾ കുഞ്ചു എന്ന പതിനഞ്ചുകാരന്റെ കഥകളി ഭ്രമത്തെക്കുറിച്ചു പറഞ്ഞു. ഒപ്പം തന്നെ അതിനുള്ള വൈഷമ്യത്തെക്കുറിച്ചും അറിയിച്ചു.

മുൻപറഞ്ഞ ചെറിയേട്ടന്‌ സാമാന്യം കൃഷി ഉണ്ടായിരുന്നുവെങ്കിലും അതിലധികം വരുമാനം മല്ലിശ്ശീരി വകയായിരുന്നു. .അദ്ദേഹത്തിന്റെ വാഴേങ്കടയിലെ കാര്യസ്ഥനായിരുന്നു അയാൾ. കുട്ടപ്പൊതുവാൾ മുഖാന്തിരം മല്ലിശ്ശീരി നമ്പൂതിരി അയാളോടു കാര്യങ്ങളന്വേഷിച്ചു. അവസാനം കുഞ്ചുവിന്റെ ഭക്ഷണച്ചെലവും മറ്റും നടത്തണമെന്നും വിട്ടു പറഞ്ഞു. അദ്ദേഹത്തിന്റെ നിർബന്ധത്തിൽ നിന്നൊഴിഞ്ഞുമാറാൻ ചെറിയേട്ടന്‌ കഴിഞ്ഞില്ല.കാര്യസ്ഥന്റെ വിനീത വിധേയത്വം കുഞ്ചുവിനനുഗ്രഹമായി മാറി. ഒരു വിധത്തിൽ , ഏട്ടൻ അതിനു സമ്മതിച്ചു. അപ്പോൾ മാത്രമായിരുന്നു എത്രയോ ദൂരത്തു നിന്ന്‌ തലയിലേറ്റി വന്നിരുന്ന ഒരു കുന്നത്തെ ചുമട്‌` ഒന്നിറക്കിവെച്ചു വിശ്രമിക്കാൻ കഴിഞ്ഞത്‌, കുഞ്ചുവിന്‌.


പിന്നീട്‌ അമ്മ കാറൽമണ്ണയിലും കുഞ്ചു വാഴേങ്കടയിലുമായി. ജ്യേഷ്ഠൻ മദിരാശിയിൽത്തന്നെ. ആഗ്രഹിച്ചതു പോലെത്തന്നെ മകന്‌ കഥകളി പഠിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയതിൽ കുഞ്ചുവിന്റെ അച്ഛനും ഉള്ളാലെ സന്തോഷിച്ചു. തൃക്കിടീരി മനയിലെ തന്റെ തമ്പുരാനോട്‌ കാര്യങ്ങളെല്ലാമുണർത്തിച്ചു. കന്യാകുമാരിയിലേക്കു ചിത്രകലാപഠനത്തിനുള്ള കുഞ്ചുവിന്റെ യാത്ര വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിലെ കഥകളിയരങ്ങിലേക്കായി.


താമസിയാതെ അഭ്യാസം ആരംഭിച്ചു. മലയാളവർഷം 1100 എടവം 26 ന്‌ (1942 ജൂൺ 8) ആയിരുന്നു ആ ദിവസം. അന്നു മുതൽക്ക്‌ കുഞ്ചു വാഴേങ്കടക്കാരനായി വന്നു.


അഞ്ചു വിദ്യാർത്ഥികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്‌. എല്ലാവരും വാഴേങ്കടക്കാർ. അഭ്യാസച്ചെലവുകളിൽ ഗുരുവിന്റെ ഭക്ഷണം മാത്രം മല്ലിശ്ശീരി കൊടുക്കും. വിദ്യാർത്ഥികൾക്കു വേണ്ടതായ എണ്ണ, നെയ്യ്‌, ഗുരുവിന്റെ ശംമ്പളം മുതലായ ചെലവുകൾ രക്ഷിതാക്കൾ ചെയ്യണം. വളരെയേറെ കഷ്ടപ്പെട്ടായിരുന്നു കഥകളിയഭ്യാസം കഴിച്ചുകൂട്ടിയത്‌. ഭക്ഷണം ഒരു വിധത്തിൽ ചെറിയേട്ടന്റെ ദയമൂലം കിട്ടിപ്പോന്നു. മറ്റു ചെലവുകൾ വളരെ പണിപ്പെട്ടും നിത്യച്ചിലവു ചുരുക്കിയും മാസം തോറും അമ്മയും ഏട്ടനും തന്നുകൊണ്ടിരുന്നു.കടം വാങ്ങിയിട്ടാണെങ്കിലും (ചില മാസം)കൃത്യമായി എത്തിച്ചു തന്നു. ഈ വിധത്തിലുള്ള മാനസികാന്തരീക്ഷം ചിലപ്പോഴെങ്കിലും കുഞ്ചുവിനെ അസ്വസ്ഥനാക്കി.


വേറെ എന്തെങ്കിലുമൊക്കെ തൊഴിൽ ചെയ്തുകൂടെ?
അല്ലെങ്കിൽ ,ജ്യേഷ്ഠനെപ്പോലെ മദിരാശിയിലേക്ക്‌ പൊയ്‌ക്കൂടെ? പത്തുപതിനഞ്ചു വയസ്സായിട്ട്‌ , ഒരു കഥകളിക്കമ്പം.!

ആർക്ക്‌? എന്തിന്‌?
തനിച്ചിരുന്നാലോചിക്കുമ്പോഴൊക്കെ കേട്ട മദ്ദളത്തിന്റേയും ചെണ്ടയുടേയും ശബ്ദം.
കഥകളി പഠിക്കുന്നത്‌ ഒരു "തൊഴിലിനു" വേണ്ടിയാണോ?

ഒരു തൊഴിലെടുത്തു ജീവിക്കുന്നതും കഥകളികൊണ്ടു ജീവിക്കുന്നതും രണ്ടും ഒരു പോലെയാണോ?
തീർച്ചയായും അല്ലെന്നറിയാം.

ഏതു തൊഴിലിനേക്കാളും ഉന്നതിയിലുള്ളതാണ്‌ കഥകളി എന്നുമറിയാം. വെള്ളിനേഴിയിൽ നിന്നു സ്ക്കൂൾ വിട്ടു വരുമ്പോൾ, അവിടത്തെ കളരിയിലെ ആശാൻ ചോദിച്ച ചോദ്യം.

ആ ചോദ്യത്തിനുള്ള ഉത്തരം തേടിയലഞ്ഞ നാളുകൾ

സാരമില്ല. എല്ലാം നേരേയാകും. നേരേയാകണം.
സ്വന്തം മനസ്സിൽ നിന്നുതന്നെയുള്ള സാന്ത്വനം.

ആദ്യ ഗുരുനാഥൻ കരിയാട്ടിൽ കോപ്പൻ നായർ എന്നൊരു മഹാനായിരുന്നു. പിന്നീടൊരു കാലത്ത്‌ തന്റെ നിതാന്തസുഹൃത്തും അതിപ്രശസ്തനായ താടിവേഷക്കാരനുമായിരുന്ന ശ്രീ വെള്ളിനേഴി നാണുനായർ ഇദ്ദേഹത്തിന്റെ മകനാണ്‌. ഇട്ടിരാരിച്ച മേനോന്റെ കീഴിൽ പത്തുകൊല്ലത്തെ അഭ്യാസം നേടിയ കോപ്പൻ നായരാശാൻ , കുഞ്ചുവിന്റെ അവസാനത്തെ ഗുരുവായ പട്ടിക്കാം തൊടി രാവുണ്ണി മേനോന്റെ സമകാലികനും സഹപാഠിയുമായിരുന്നു. വെള്ളത്താടിയും ചുകന്ന താടിയും കെട്ടിയിരുന്ന അദ്ദേഹത്തിനു ചിരകാലപ്രസിദ്ധി നേടിക്കൊടുത്തത്‌ പക്ഷേ മറ്റൊരു വേഷമായിരുന്നു.

ബകവധത്തിലെ ആശാരി!


അക്കാലത്തെ അരങ്ങുകളിൽ സ്ഥിരമായുള്ള ഒരു വേഷം. അതു കോപ്പന്നായരാശാന്റേതും.

പ്രത്യേകമായ , ഹാസ്യരസപ്രധാനമായ ച്ചിട്ടകളും ചടങ്ങുകളും കലാശങ്ങളും ലോകധർമ്മിയായ പലേ പ്രയോഗങ്ങളും അദ്ദേഹത്തിന്റെ ആശാരിവേഷത്തിന്റെ അനുഗുണമായിരുന്നു. "ആശാരി കോപ്പൻ" എന്ന അപരനാമധേയത്തിൽ അദ്ദേഹം അറിയപ്പെട്ട കാലം: കാലത്തിനു ശേഷവും.കഥകളി നടന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട "മെയ്യ്‌" സ്വാധീനിക്കുവാൻ വേണ്ടിയുള്ള "ഉഴിച്ചിലിനു" പേരെടുത്ത അദ്ദേഹത്തിന്റെ അഭ്യസനവൈദഗ്ദ്ധ്യം പ്രത്യേകിച്ച്‌ കച്ചകെട്ടലും പ്രാഥമികശിക്ഷണം നിർവ്വഹിക്കുന്നതിലുള്ള പ്രാഗത്ഭ്യവും എടുത്തുപറയേണ്ടതാണ്‌. കഥകളിയിലെ ഒരു പ്രാഥമിക വിദ്യാർത്ഥിയുടെ മനസ്സു വായിച്ചെടുത്ത തരത്തിലുള്ള ഒരഭ്യസനരീതിയായിരുന്നു അദ്ദേഹത്തിന്റേത്‌. അഭ്യാസത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുവാൻ കോപ്പന്നായരാശാന്റെ മനസ്സുപോലത്തെ ഒരു മനസ്സു തന്നെയായിരുന്നു ഏറ്റവും പ്രധാനം. ഓരോ ദിവസം ചെല്ലുമ്ന്തോറും വിദ്യാർത്ഥിക്കു കഥകളിയുമായുള്ള അടുപ്പം കൂടിയും അകൽച്ച കുറഞ്ഞും വന്നു. പ്രയോഗവിധികൾ തന്നെയായിരുന്നു പ്രധാനം.


ആ കളരിയിലെ ആദ്യത്തെ ആറുമാസം കഴിഞ്ഞുപോയതറിഞ്ഞില്ല. തോടയം, പുറപ്പാട്‌` മുതലായവ പഠിക്കുവാൻ തുടങ്ങി. കഥകളിയിലെ രംഗദേവതാവന്ദനമെന്നോ അഥവാ അതിന്റെ ശുഭാപ്തിപ്രാർത്ഥനയെന്നോ ആയി കൽപ്പിക്കപ്പെട്ടിരുന്ന ഒരു നൃത്തപ്രയോഗമാണ്‌ തോടയം.

അതതു കഥകളുടെ ആരംഭത്തിന്നാധാരമായുള്ള കഥാപാത്രത്തെ അരങ്ങത്തവതരിപ്പിക്കുക എന്ന കൃത്യത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു നൃത്തപ്രയോഗമാണ്‌ പുറപ്പാട്‌.ഇതു രണ്ടും പഠിച്ചുതീരുവാൻ സുമാർ ഒന്നരമാസമെടുത്തു. തോടയവും പുറപ്പാടും താളകാലത്തിനു യോജിച്ചെടുക്കാറായശേഷം തുടർന്നങ്ങോട്ടുള്ള അഭ്യാസം മുട്ടിയിൽ താളം പിടിച്ചുപാടുന്ന പാട്ടിനോടു ചേർന്നതായി. അങ്ങനേയും ഏതാണ്ട്‌ ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ പാട്ടും ചെണ്ടയും മദ്ദളവും ചേർന്നുകൊണ്ടുള്ള അഭ്യാസം തുടങ്ങിയത്‌. ആ സമയത്ത്‌ കുറച്ച്‌ വിഷമിക്കുകയുണ്ടായി. പുതുക്കമായിരുന്നതിനാൽ ചെണ്ട മദ്ദളങ്ങളുടെ ശബ്ദം കേട്ടാൽ അപ്പോൾ വിറച്ചുതുടങ്ങും. ഒരു വിധ്‌ത്തിലും നിലയ്ക്കു നിന്നു പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ കുറച്ചു ദിവസം ചെന്നപ്പോൾ അതിൽ പരിചയവും ധൈര്യവും കിട്ടി.


പിന്നീട്‌ അവസാനം ഒരു മാസത്തോളം "രാച്ചൊല്ലിയാട്ട"വുമുണ്ടായി. രാത്രി വിളക്കു വെച്ച്‌ തിരശ്ശീല പിടീച്ച്‌ കാലിൽ കച്ചമണിയും മറ്റും കെട്ടി സന്ദർഭോചിതമായി ഗദ, വാൾ, അമ്പും വില്ലും മുതലായവ ധരിച്ചുകൊണ്ട്‌ അലർച്ചയോടും തിരനോക്കോടു കൂടിയതുമായ അഭ്യാസത്തിനാണ്‌ "രാച്ചൊല്ലിയാട്ട"മെന്നു പറയുന്നത്‌.


ഇങ്ങിനെയെല്ലാമായി ആദ്യത്തെ കൊല്ലം ആറു മാസത്തെ അഭ്യാസമാണ്‌ ഉണ്ടായത്‌. അപ്പോഴേക്കും തോടയം, പുറപ്പാട്‌,മറ്റു ചില കുട്ടിത്തരം വേഷങ്ങൾ എന്നിവ നല്ലവണ്ണം പഠിച്ചുകഴിഞ്ഞു. അതുവരെ പഠിച്ചതെല്ലാം ഭംഗിയായി അരങ്ങത്തു പ്രകടിപ്പിക്കാമെന്നുള്ള വാസനാബലവും ധൈര്യവും ഗുരുവിനും ശിഷ്യ്യനും പൂർണ്ണമായും കൈവന്നു.വളരെ ഉത്സാഹഭരിതമായിരുന്നു അഭ്യാസകാലം.

ഇനിയെന്ത്‌ ..?ഇനിയെന്ത്‌? എന്നു വീണ്ടും വീണ്ടും മനസ്സന്വേഷിച്ചുകൊണ്ടിരുന്ന ഒരു പതിനഞ്ചുകാരന്റെ ആവേശഭരിതമായ ജിജ്ഞാസ, കൗതുകം!

No comments:

Post a Comment