Monday, January 3, 2011

അരങ്ങ്‌-ആറ്‌

വൃശ്ചികത്തിൽ കാന്തള്ളൂർ ഉത്സവത്തോടുകൂടി ഇവിടങ്ങളിൽ കളിയുടെ കാലം തുടങ്ങുകയായി. മിക്കവാറും എല്ലായിടത്തും നാലും അഞ്ചും അരങ്ങ്‌. ധനുമാസത്തിലെ തിരുവോണത്തിനാണ്‌ വാഴേങ്കട ക്ഷേത്രത്തിലെ കൊടിയേറ്റം.


വാഴേങ്കട ഉത്സവക്കളിക്ക്‌ മഹാകേമന്മാരായ കലാകാരന്മാർ വന്നെത്തും. ഗ്രഹിതക്കാർ ധാരാളം. ധനുവിലെ കൊടും തണുപ്പിൽ തിക്കിത്തിരക്കിയിരുന്നു കളി കാണും. പുലരും വരെ ആ അരങ്ങത്ത്‌ നല്ലൊരു വേഷം കിട്ടിയാൽ അതൊരു ബഹുമതിയായി കണക്കാക്കി ,വേഷക്കാർ മാത്രമല്ല ആസ്വാദകരും.ഉത്സവം അടുത്തതോടു കൂടി ആ കൊല്ലത്തെ അഭ്യാസം അവസാനിപ്പിച്ചു ഉത്സവക്കളിയരങ്ങിൽ വെച്ച്‌ അരങ്ങേറ്റം നിശ്ച്ചയിച്ചു. ആ ദിനങ്ങളിൽ കുഞ്ചുവിന്റെ മനസ്സു നിറയെ തന്റെ ആദ്യത്തെ കളിയുടെ മധുരപ്രതീക്ഷ മാത്രമായിരുന്നു. അരങ്ങേറ്റത്തിനു മുമ്പ്‌ ആചാരപ്രകാരം കളരിയിൽ വെച്ചു നടത്താറുള്ള "കളരി പൂജയെന്നു" പറയുന്ന "പരദേവതാപൂജ" യഥാവിധി നടത്തി.
കൊടിയേറ്റത്തിന്റെ പിറ്റേ നാൾ മുതൽക്കു തന്നെ കഥകളി തുടങ്ങും. തന്റെ ജീവിതത്തിൽ അത്രയും ആഹ്ലാദകരമായ ഒരവസരം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലെന്ന്‌ ആ വേഷക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു കഥകളിക്കാരനായിത്തീരുകയെന്ന ചിരകാലാഭിലാഷത്തിന്റെ നാന്ദി കുറിക്കപ്പെടുന്ന ദിവസം തൊട്ടടുത്തെത്തിക്കഴിഞ്ഞു.

പുറപ്പാടിലെ കൃഷ്ണമുടി വെച്ച വേഷം!

അരങ്ങേറ്റദിവസം അതിരാവിലെ കുളിച്ച്‌ തന്റെ ഉപാസനാമൂർത്തിയായ വാഴേങ്കട തേവരെ തൊഴുതു. പ്രാർത്ഥനയും പഞ്ചസ്സാരപ്പായസവുമടക്കമുള്ള നിവേദ്യങ്ങളും കൂടെ അമ്മയും!അതിനു ശേഷം അഭ്യാസത്തിനു വേണ്ടതായ സഹായങ്ങൾ ചെയ്തു തന്ന ഉദാരമതിയും ദേവസ്വം ഊരാളന്മാരിൽ പ്രധാനിയുമായിരുന്ന മല്ലിശ്ശീരി നമ്പൂതിരിയേയും മറ്റു ഊരാളന്മാരായ താമരപ്പള്ളി നമ്പൂതിരി, പട്ലൂർ നമ്പൂതിരി എന്നിവരേയും ചെന്നു കണ്ട്‌ അവരുടെ അനുഗ്രഹാശ്ശിസ്സുകളും യഥോചിതം നൽകപ്പെട്ട സംഭാവനകളും വിനയപൂർവ്വം വാങ്ങുകയും ചെയ്തു.


വൈകുന്നേരം വീണ്ടും ദേവദർശനം ചെയ്തു. പകലൂണു കഴിച്ച ശേഷം ഗുരുനാഥന്റെ നിർദ്ദേശപ്രകാരം അണിയറയിലെത്തി. കോട്ടക്കുന്നിലേക്കുള്ള വഴിയിലെ കേളിപ്പാറയിൽ നിന്നു കേട്ട കേളിക്കൊട്ട്‌.

കഥകളിയുണ്ടെന്നറിയിക്കുന്ന ചടങ്ങ്‌.
കൂടല്ലൂർ മന വകയായുള്ള കളിയോഗമായിരുന്നു അന്ന്‌. അണിയറയിൽ തെളിഞ്ഞുകത്തിയ നിലവിളക്കുകൾ. നിവർത്തിയിട്ട പായകൾ...... ചുറ്റും തൂക്കിയിട്ട മെയ്ക്കോപ്പുകൾ, കിരീടങ്ങൾ, വലിയ കളിപ്പെട്ടികൾ................................
തെങ്ങോലകൊണ്ടുള്ള്‌ നറുക്കുകൾ. മനയോലയുടെ മണം. ഗുരു നിർദ്ദേശിച്ചതു പോലെ ഒരു നിലവിളക്കിനു മുന്നിൽ നിന്നു പ്രാർത്ഥിച്ചു.ഏതാനും ചില നിമിഷം........


പിന്നെ, അദ്ദേഹത്തിന്റെ മുമ്പിൽ ആ വിളക്കിനടുത്തിരുന്നു, ഗുരുനാഥൻ മോതിര വിരൽ കൊണ്ടു മനയോല തൊട്ട്‌ ഹൃദയത്തിൽ വെച്ച്‌ നല്ലവണ്ണം ധ്യാനിച്ചു. ശിഷ്യന്റെ നെറ്റി, മൂക്ക്‌, താടി , കവിൾ, എന്നിവിടങ്ങളിലെല്ലാം ആ മനയോല തൊട്ടു.


ജീവിതത്തിന്റെ മനയോലപ്പാടുകൾ!


പിന്നെ മറ്റു ചില നടന്മാരുടെ സഹായത്തോടു കൂടി ബാക്കി കാര്യങ്ങൾ, മുഖത്തു തേയ്ക്കുക ,വളയം വെയ്ക്കുക, തുടങ്ങിയവയും അതു കഴിഞ്ഞു ചുട്ടിയും നിർവ്വഹിച്ചു. വീണ്ടും വിളക്കിനരികത്ത്‌ ഇരുത്തി. എന്നിട്ട്‌ ഗുരുനാഥൻ കൃഷ്ണമുടി കൈയ്യിലെടുത്തു, ജലശുദ്ധമാക്കി വിളക്കത്തു തൊഴുത്‌ ആ കൃഷ്ണമുടി തൊട്ട്‌ ശിരസ്സിൽ വയ്ക്കാൻ പറഞ്ഞു. അങ്ങനെ ചെയ്ത ശേഷം അദ്ദേഹം കൃഷ്ണമുടി ശിഷ്യന്റെ തലയിൽ വെച്ച്‌ കെട്ടിക്കൊടുത്തു. വാത്സല്യസന്തോഷപൂർവ്വം കൃഷ്ണവേഷമണിയിച്ചു.


വേഷമൊരുങ്ങിക്കഴിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന പ്രാധാന്യമർഹിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച്‌ ഗുരു പത്നിക്കും ഗുരുവിനും ദക്ഷിണയും ഓണപ്പുടവയും അർപ്പിച്ചു. കഴിവിനനുസരിച്ചായിരുന്നു ഇതെല്ലാം. അനുഗ്രഹങ്ങൾക്കു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു. ഇതെല്ലാം വേണ്ട രീതിയിൽ ശ്രദ്ധിച്ചു ചെയ്തത്‌ അമ്മയും ജ്യേഷ്ഠനുമായിരുന്നു.

അണിയറയിലെ ചടങ്ങുകൾ കഴിഞ്ഞു. ഗുരുവിന്റെ ഉപദേശപ്രകാരം അണിയറ വിളക്കു വന്ദിച്ചു. "അരങ്ങത്തു പോയിവരട്ടെ" എന്നു പറഞ്ഞു. ഗുരുവിന്റേയും അമ്മയുടേയും മറ്റു ഗുരുസ്ഥാനീയരുടേയും പാദം തൊട്ടു വണങ്ങി.

പത്തടി ദൂരമേയുള്ളു അണിയറയിൽ നിന്നരങ്ങത്തേക്ക്‌. ആ പത്തടി ദൂരത്തിലും അമ്മയും ഗുരുവും ഗുരുപത്നിയമെന്നു വേണ്ട, മറ്റു വേണ്ടപ്പെട്ട ബന്ധുജനങ്ങളും സാമാജികന്മാരുമായ ജനങ്ങളാലും ചുറ്റപ്പെട്ടുള്ള ഒരു കൃഷ്ണവേഷത്തിന്റെ യാത്ര.


അമ്മയുടെ ഹർഷാശ്രു ജല പ്രവാഹം! അതിൽ ഒലിച്ചുപോയെങ്കിലോ എന്നു ശങ്കിച്ചു കുഞ്ചു!
ജീവിതത്തിൽ ഇതിലും വലിയ ഭാഗ്യങ്ങൾ വേറെയുണ്ടാകുമോ?

കഥകളി ലോകത്തെ വിഖ്യാതന്മാരായിരുന്ന ശ്രീ. ഇലപ്പുള്ളി കേശവൻ നായർ(ഭാഗവതർ) ശ്രീ. മൂത്തമന കേശവൻ നമ്പൂതിരി(ചെണ്ട)ശ്രീ. തിരുവില്വാമല മാധവവാര്യർ(മദ്ദളം)എന്നീ ഗുരു സമാനന്മാരുടെ സ്നേഹസഹകരണത്തോടുകൂടി "പുറപ്പാട്‌" ആരംഭിച്ചു. പുറപ്പാടിനുള്ള ശ്ലോകം ചൊല്ലിക്കഴിയുന്നതിനെത്തുടർന്ന്‌ കൊണ്ടു രംഗാഭിവാദ്യം. (മദ്ദളം, ചെണ്ട,ചേങ്ങില, ഇലത്താളം മുതലായവകളേയും ആ കലാകാരന്മാരേയും) വന്ദിക്കുകയെന്ന ചടങ്ങ്‌. ഒരു കൂട്ടായ്മയുടെ സൗഹൃദസങ്കൽപ്പങ്ങളിൽ നിന്നാണല്ലോ കഥകളിയുടെ രസം ഉണ്ടാകുന്നത്‌. അതുകൊണ്ടു തന്നെ അരങ്ങത്തെ പരസ്പര ബഹുമാനവും ധാരണയും വളരെ പ്രാധാന്യമർഹിക്കുന്നു.

പകുതി താഴ്ത്തിയ തിരശ്ശീല.

ആലവട്ടവും മേലാപ്പും പിടിച്ച്‌` അരങ്ങത്ത്‌ കൃഷ്ണവേഷം.

ഗുരുനാഥൻ ധൈര്യപ്പെട്ടിരുന്നതു പോലെത്തന്നെ ഒട്ടും പിഴയ്ക്കാതെയും പരിഭ്രമിക്കാതെയും വൃത്തിയിലും പുറപ്പാടെടുത്തു.

എന്നാൽ അരങ്ങേറ്റം ആ ഒരു വേഷത്തോടു കൂടി കഴിഞ്ഞില്ല.

പുറപ്പാട്‌ ഏതെങ്കിലുമൊരു കഥാപാത്ര സങ്കൽപ്പത്തിലുള്ള സംവിധാനക്രമമനുസരിച്ചുള്ളതല്ലല്ലോ. എന്നാൽ കഥകളിയുടെ ഒരാമുഖമായി , കഥകളിയുടെ കലാസങ്കേതങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു നൃത്തവിശേഷം എന്ന നിലയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഒരു വിദ്യാർത്ഥിയുടെ പാടവം പുറപ്പാടിലൂടെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നു. കണ്ണ്‌ ,കയ്യ്‌, കാൽ, മെയ്യ്‌ ചുഴിപ്പുകൾ , കലാശം, തുടങ്ങിയതെല്ലാം പുറപ്പാടിൽ സുവ്യക്തമാണ്‌. അഭിനയാംശം മാത്രമേ ഇല്ലാതുള്ളു.


രണ്ടാമതുണ്ടായ വേഷം അഭിനയം കൂടി വേണ്ടിയിരുന്ന കൃഷ്ണനായിരുന്നു. സുഭദ്രാഹരണത്തിലെ കൃഷ്ണൻ.

കപടവേഷ ധാരിയായ അർജ്ജുനൻ, സുഭദ്രയെ വിവാഹം ചെയ്ത ശേഷം കൃഷ്ണന്റെ പദം അർജ്ജുനനോട്‌."കേട്ടാലും വചനം സഖേ"............എന്ന പദമായിരുന്നു അഭിനയിച്ചതു. പുറപ്പാടു കഴിഞ്ഞപ്പോൾ എങ്ങുനിന്നെന്നില്ലാത്ത ഒരു ധൈര്യം കുഞ്ചുവിന്‌ കൈ വന്നു കഴിഞ്ഞിരുന്നു.

അന്നത്തെ അർജ്ജുനൻ മറ്റാരുടെയുമായിരുന്നില്ല. കഥകളി ലോകസാമ്രാട്ടും, തന്റെ അവസാന ഗുരുവുമായ ശ്രീ. പട്ടിക്കാംതൊടി രാവുണ്ണിമേനോന്റേതായിരുന്നു. ആദ്യത്തെ രണ്ടു ഗുരുനാഥന്മാർക്കു ശേഷമാണ്‌` രാവുണ്ണി മേനോനാശാന്റെ ശിഷ്യനാകാൻ ഭാഗ്യമുണ്ടായത്‌.
തന്റെ ആദ്യത്തെ കളിക്കു തന്നെ ലഭിച്ച അദ്ദേഹത്തിന്റെ കൂടെയുള്ള കൃഷ്ണൻ! കണക്കിലേറെ കൃതാർത്ഥനാക്കി അത്‌.

1101ധനു 6 ന്‌( 1925-ഡിസംബർ 20) ജീവിതത്തിൽ മറക്കാകാനാകാത്ത ഒരു ദിവസമായി മാറി. ഗുരുകടാക്ഷവും ഈശ്വരകൃപയും! മറ്റൊന്നില്ല പറയാൻ.

പിന്നീട്‌ എല്ലാ കൊല്ലവും വാഴേങ്കട ഉത്സവക്കളിയുടെ ആദ്യത്തെ ദിവസം കുഞ്ചു പുറപ്പാടെടുക്കണമെന്നത്‌ നിർബന്ധമായിത്തീർന്നു. മല്ലിശ്ശീരി നമ്പൂതിരി മരിക്കും വരേയും. അദ്ദേഹത്തിന്റെ സ്നേഹാധിക്യത്താലുള്ള ആ നിശ്ച്ചയം ഒരിക്കലും മുടക്കം വരാതെ കൃതജ്ഞ്താപൂർവ്വം ചെയ്തു വന്നു.

No comments:

Post a Comment