Friday, June 29, 2012

ഊഷരതയില്‍ പെയ്തിറങ്ങിയ നനവിന്റെ സ്മൃതി പ്രണാമങ്ങള്‍(നാട്യാചാര്യന്‍  "പദ്മശ്രീ "വാഴേങ്കട കുഞ്ചുനായരെക്കുറിച്ച്  മകള്‍ അനുസ്മരിക്കുന്നു.)


നടന വൈഭവം കൊണ്ടും, രസസ്ഫൂര്‍ത്തികൊണ്ടും അഭിനയത്തികവിനാലും ആഹാര്യശോഭയില്‍ പ്രോജ്വലിക്കുന്ന തൌര്യത്രികത നിറഞ്ഞ്‌ അച്ഛനാടിയ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ സ്മരണകളൊന്നും ഈ മകളുടെ മനസ്സിലില്ല.അതിനാല്‍ തന്നെ ഈ ഓര്‍മ്മകള്‍ക്ക്‌ വിഷാദച്ഛവിയേറിയിരിക്കും. പക്ഷേ മനസ്സിന്‍റെ കളിയരങ്ങില്‍ അച്ഛന്‍റെ നിരവധി കഥാപാത്രങ്ങള്‍ നിരന്തരം നിറഞ്ഞാടി. കവി ഗതമനുസരിച്ച്‌ സൂക്ഷ്മസ്ഥൂലോപാധികളിലൂടെ കഥാപാത്രത്തെ അനുസന്ധാനം ചെയ്ത്‌ ഇതിവൃത്തത്തിന്‌ അര്‍ത്ഥവും കഥാപാത്രത്തിന്‌ മിഴിവും നല്‍കിയ അച്ഛന്റെ  അഭിനയ പാടവം കേട്ടുപരിചയത്തിലും വായിച്ചറിവിലും ഒതുങ്ങി. ഉറഞ്ഞു തുള്ളി പെയ്യുന്ന കര്‍ക്കടക പേമാരിയില്‍ ഓട്ടിന്‍ പുറത്തു നിന്നും വീഴുന്ന ജല ധാരകളുടെ നനഞ്ഞ നോവായി അച്ഛന്‍ എന്‍റെ മനസ്സില്‍ തങ്ങി നിന്നു. ഈ നോവിന്‍റെ വ്യഥിതശ്രുതിയാണ്‌ മുറ്റത്തെ വരിച്ചാലുകളിലൂടെ ഒഴുകി പോവുന്നതെന്ന്‌ എനിക്കു തോന്നിയിരുന്നു. അതുകൊണ്ടു തന്നെ മനസ്സില്‍ ശോകം സ്ഥായീരസമായി. കളി വിളക്കിന്‍റെ ഉജ്ജ്വലപ്രഭാപൂരത്തില്‍ നവരസഭാവങ്ങളിഴചേര്‍ന്ന്‌ തന്‍മയത്വത്തോടെ അഭിനയിച്ചു ജീവിച്ച ആ മൌലിക പ്രതിഭ ആതുര ശരീരനായി കിടന്ന നീണ്ട ഒന്‍പതു വര്‍ഷം. ....അതിപ്പോഴും മനസ്സില്‍ ഒരു കടലായി ഇരമ്പുന്നു.

ജീവിത പ്രാരാബ്ധങ്ങളേറെ താണ്ടി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അച്ഛന്‍ അറം പറ്റിയതുപോലെ അരങ്ങില്‍ നിന്നു കുഴഞ്ഞു വീണു. പ്രതിഭാധനനായ അദ്ദേഹത്തെക്കുറിച്ചു  ഏറെ അറിയാന്‍ കഴിഞ്ഞത്‌ ഷഷ്ഠിപൂര്‍ത്തീയോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച "കലാപ്രസാദം" എന്ന പുസ്തകത്തില്‍ നിന്നുമാണ്‌.ജീവിതത്തിന്റെ  കഠിനയാതനകളിലൂടെ നിതാന്ത പരിശ്രമത്താല്‍ കഥകളിയെന്ന കല തപസ്സ്യയാക്കിയ ആ മഹാനുഭവാന്റെ  മകളായി ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ചത്‌ ജന്‍മാന്തര സുകൃതമായി കരുതുന്നു. ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും സ്ഥിരോത്സാഹവുമായിരുന്നു ആകലാകാരന്റെ  മുതല്‍ക്കൂട്ട്‌. ഗുരുനാഥന്‍റെ കല്‍പ്പനാവൈഭവം അലതല്ലുന്ന കളരിയില്‍ നിന്നും നേടിയ ശിക്ഷണത്തിലും നിരന്തരമായ അഭ്യാസത്താലും സാധന കൊണ്ടും അച്ഛന്‍ കഥകളി ലോകത്തിന്റെ  ഉത്തുംഗശൃംഗത്തിലെത്തി. വേഷത്തിന്‍റെ കുലീനത്വം ,കൈമുദ്രകളുടെ വെടിപ്പ്‌, ഭാവാഭിനയത്തിന്റെ  പൂര്‍ണ്ണത ,ആട്ടത്തിന്റെ  ഒതുക്കം നിയന്ത്രണം എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ സവിശേഷ ഗുണങ്ങളായിരുന്നു.ശ്രേഷഠ്‌ വ്യക്തികള്‍ ദീര്‍ഘവീക്ഷണമുള്ളവരായിരിക്കുമല്ലൊ .. അച്ഛന്‍റെ സ്ഥാനവും അവിടെയായിരുന്നു. ഒഴിവു നേരങ്ങളില്‍ ആഴവും പരപ്പും നിറഞ്ഞ വായനയിലേര്‍പ്പെടും. തന്‍റെതായ ആശയങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. അതുകൊണ്ടു തന്നെ കഥകളി രംഗത്ത്‌ തനതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു. കഥകളിയോടൊപ്പം ചിത്രകല ,സാഹിത്യം, പ്രസംഗകല ,എന്നീ മേഖലകളിലും നിഷ്ണാതനായിരുന്നു. ആ കാലം കഥകളിയുടെ വസന്തകാലമായിരുന്നെന്നു പറയുന്നതില്‍ തര്‍ക്കമില്ല. 

നാല്‍പ്പതു കൊല്ലത്തോളം കഥകളിയുടെ മൂല്യത്തകര്‍ച്ചയെ തടുത്തു നിര്‍ത്തി നാട്യശാസ്ത്രത്തില്‍ അടിയുറച്ച്‌ ലോകധര്‍മ്മിയിലേക്കു വഴുതിപ്പോകാതെ കഥാപാത്രത്തിനോട്‌ നീതി പുലര്‍ത്തി സമയ ദൈര്‍ഘ്യത്തെ പരമാവധി ചുരുക്കി കാണികള്‍ക്കു കഥകളിയോട്‌ ഒരു പ്രത്യേക മമതയുണ്ടാക്കിത്തീര്‍ക്കുകയും, ഇതിനനുസരിച്ച്‌ തന്‍റെ ശിഷ്യന്‍മാരെ വാര്‍ത്തെടുത്ത അഗ്രഗണ്യരിലൊരാളായിരുന്നു വാഴേങ്കട കുഞ്ചു നായരും. പല കഥകളും അരങ്ങില്‍ രംഗപ്രയോഗക്ഷമമാക്കി.നാട്യകുശലനായ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ പ്രതിഭാശ്ളേഷത്താല്‍ അത്യുജ്ജ്വലങ്ങളും ഭാവമേദുരങ്ങളു മായിരുന്നു.ഉണ്ണായിവാര്യരുടെ നളചരിതത്തിന്‌ അഭിനയം കൊണ്ട്‌ ഭാവാര്‍ത്ഥപുഷ്ടി നല്‍കി.ഗുരുനാഥനായ പട്ടിക്കാംതൊടിയുടെ ശൈലീവല്ലഭത്വവും ,കുഞ്ചുക്കുറുപ്പിന്റെ  ഭാവാഭിനയനൈപുണ്യവും സമഞ്ജസമായി സമ്മേളിച്ചതായിരുന്നത്രെ അദ്ദേഹത്തിന്‍റെ നാട്യശില്‍പ്പശൈലി. കലയിലെ നൃത്തനൃത്ത്യങ്ങളെക്കുറിച്ച്‌ അച്ഛന്‍റെതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌"ഭാവവിഹീനമായ കേവലം താളലയാശ്രിതമായിട്ടുള്ളതാണ്‌ നൃത്തം. എന്നാല്‍ നൃത്യമാകട്ടെ ഭാവരസസംയുക്തവുമാകുന്നു.എങ്കിലും അതിന്‌ അഭിനയത്തെ സംബന്ധിച്ച് ശാസ്ത്രദൃഷ്ട്യാ നാടകത്തോളം തന്നെ പ്രാധാന്യമില്ലത്രെ. കാരണം അഭിനയ പൂര്‍ണ്ണത്വംസിദ്ധമാകുന്നത്‌ നാടകത്തില്‍ നിന്നാണ്‌" .പുരാണ കഥപാത്രങ്ങളില്‍ സാത്മീഭവിച്ച്‌ തന്‍മയത്വത്തോടെ അച്ഛനാടിയ കഥാപാത്രങ്ങളെത്രയെത്ര! ഓരോ കഥാപാത്രങ്ങളേയും മനസ്സിന്‍റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു.അദ്ദേഹത്തിന്‍റെ മൌനവും വാക്കുകളും ഒരുപോലെ അര്‍ത്ഥപൂര്‍ണ്ണങ്ങള്‍ആയിരുന്നു. നളചരിതത്തിലെ പ്രണയലോലുപനായ കാമുകന്‍ ,നിപുണനായ രാജാവ്‌, കര്‍ത്തവ്യനിരതനായ രമണന്‍ ,കലിബാധിതനായി താന്തനായി വലയുന്നവന്‍ ,കാര്‍ക്കോടക ദംശനത്താല്‍ വിരൂപഗാത്രനായി കേഴുന്ന ബാഹുകന്‍ ,സന്താനഗോപാലത്തിലെ മഹാബ്രാഹ്മണന്‍, പരശുരാമന്‍ ,രുഗ്മാംഗദന്‍ അങ്ങിനെ എത്രയെത്ര വിചാര വികാരഭരിത രംഗങ്ങള്‍........ഈ ഉജ്ജ്വല അരങ്ങുകളെല്ലാം എന്റെ  കേട്ടറിവുകള്‍ മാത്രം. ഞാന്‍ കണ്ടത്‌ ഒരേയൊരങ്ങു മാത്രം. അസുഖബാധിതനായി രോഗം അല്‍പ്പം ഭേദമായപ്പോള്‍ ഗുരുവായൂരില്‍ വഴിപാടായി നടത്തിയ കുചേല വൃത്തം കഥ. അരങ്ങിലെ ആകുചേലനെ ഓര്‍ക്കുമ്പോള്‍ മിഴികള്‍ഇപ്പോഴും സജലങ്ങളാവുന്നു. നടനവൈഭവത്തിന്റെ  സമ്പന്നതയില്‍ നിന്നും വിധി അടര്‍ത്തിമാറ്റിയ അച്ഛനായിരുന്നു ആ കുചേലന്‍ .പ്രശസ്ത ഗായിക പി. ലീല പി ജയചന്ദ്രന്‍ ഗായകന്‍ )എന്നിവരെല്ലാം ആ സദസ്സിലുണ്ടായിരുന്നു.

കഥകളി  രംഗത്തെ  സമഗ്രസംഭാവനക്ക്  അച്ഛ നെ ഭാരതം  "പത്മശ്രീ" പുരസ്ക്കാരം നല്‍കി ആദരിച്ചു .(.1969 ).......... അന്നത്തെ രാഷ്ട്രപതി ) ശ്രീ വി.വി.ഗിരിയില്‍ നിന്നും "പത്മശ്രീ"ബഹുമതി സ്വീകരിക്കുവാന്‍ അച്ഛന്‍റെ ദല്‍ഹി യാത്രയില്‍ അമ്മയോടൊപ്പം ചെറിയ കുട്ടിയായിരുന്ന ഞാനും പോയതിന്റെ  അവ്യക്തമാര്‍ന്ന ചിത്രം മനസ്സിലുണ്ട്‌. അങ്ങിനെ ചിതറിയ ചില ചിത്രങ്ങള്‍ മാത്രം..................പിന്നീടു  വീണ്ടും   നിഷ്ടുരനായ വിധി  അച്ഛനെ തളര്‍ത്തികിടത്തി.അതെല്ലാം ഉണങ്ങാത്ത  മുറിവുകളായി അവശേഷിച്ചു . നിസ്സഹായതയുടെ തടവറയില്‍  നിശ്ശബ്ദ നോവുമായി  നിമീലിത നേത്രനായി  , രോഗാതുരനായി കിടക്കുമ്പോള്‍ പോയ കാലത്തിന്‍റെ നിറയഴകിന്നരങ്ങുകളെ തേടുകയായിരുന്നൊയെന്നെനിക്കു തോന്നിയിരുന്നു. സ്വകായത്തില്‍ പരകായങ്ങളായി ജീവിച്ച കഥാപുരുഷന്‍മാരെ.....


അച്ഛനെക്കുറിച്ച്  പിന്നീടു കൂടുതല്‍  അറിഞ്ഞത്  കേശഭാരം, പകിട  എന്നീ കൃതി കളുടെ കര്‍ത്താവും,എന്റെ ഇളയ ജ്യെഷ്ടനുമായ  പി.വി.ശ്രീവത്സന്‍ എഴുതിയ  അച്ഛ ന്റെ ജീവചരിത്രമായ "മനയോലപ്പാടുകളില്‍ " നിന്നാണ്. അച്ഛ ന്റെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലവും, പടപൊരുതിയ ജീ വിതവും പുതിയ അറി വുകള്‍ സമ്മാനിച്ചു. അത് ഒരുപോലെ സന്തോഷവും, വിഷാദവുമായിരുന്നു. 

അച്ഛ ന്‍  ആദ്യം വിവാഹം ചെയ്തിരുന്നത്  വലിയമ്മയെയായിരുന്നു. അമ്മയെ രണ്ടാമത് വിവാഹം ചെയ്തതായിരുന്നു. വലിയമ്മയെ വിവാഹം ചെയ്തു ജീവിതം മുന്നോട്ടുപോകുമ്പോഴാണ് കേവലം ഒരു പനി  വന്നു  രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും  അച്ഛ നെയും തനിച്ചാക്കി  വലിയമ്മ ഇരുപത്തിയാറാം  വയസ്സില്‍ മരണത്തിലേക്ക് നടന്നടുത്തത് .ആ വേര്‍പാടിന്റെ വിവരമറിഞ്ഞത് ബോംബെ യിലെ ഒരു കളിക്ക് പോയ അവസരത്തില്‍  അണിയറയില്‍  ചുട്ടി  കുത്തുമ്പോള്‍ .ഹൃദയം വിങ്ങിപ്പൊട്ടുന്ന വേദന  മറച്ചുവെച്ചു ...അച്ഛനാടി ...നള ചരിതം മൂന്നാം  ദിവസത്തിലെ ബാഹുകനായി...........ദ്വിജാവന്തി  രാഗത്തില്‍ ....ഉള്ള പദം ...."മറിമാന്‍ കണ്ണി    മൌലിയുടെ ...........കാണികള്‍ കരഘോഷം മുറു ക്കുമ്പോള്‍  അണിയറ യിലെത്തി  പ്രിയപത്നിയുടെ  വേര്‍പാടില്‍  ഹൃദയം പോട്ടിക്കരഞ്ഞുവത്രെ .... പിന്നീടു  മുന്നില്‍ ഉറഞ്ഞാടിയ  ജീവിതത്താളുകള്‍.... .

വലിയമ്മയുടെ  വേര്‍പാടി ന്റെ  നടുക്കത്തില്‍ പെട്ട അച്ഛന്‍ ,അരങ്ങത്തെ ഏതോ വേഷം  പോലെ ജീവിതത്തില്‍ മാഞ്ഞുപോയ  പത്നിയെ കുറിച്ചോര്‍ത്ത്  വേദനയുടെ രുദ്രതാളത്തില്‍ അകപ്പെട്ടു. ആ വിരഹം എന്നെന്നേക്കുമായുള്ള  ഒരു തിരിച്ചുപോക്കാണല്ലോ  എന്നോര്‍ത്ത് വ്യ ര്ഥതാബോധത്തില്‍   ഉഴറി  അടുക്കും  ചിട്ടയും ഇല്ലാത്ത  ജീവിതത്തില്‍ നിന്നും കുട്ടികളേയും  കൊണ്ടു കരകയറുവാന്‍  അമ്മമ്മ ആണത്രേ  ഭാര്യയുടെ അനുജത്തിയായ അമ്മയെ വിവാഹം കഴിക്കാനാവശ്യപ്പെട്ടത്‌. അത് കേട്ട  അച്ഛന്റെ  മനസ്സിന് ഉള്‍ക്കൊള്ളാനായില്ല. ഇതുവരെ ഒരു കൊച്ച നിയത്തി യായി  മാത്രം കണ്ടിരുന്ന  അച്ഛ നേക്കാള്‍  പതിനെട്ടു വയസ്സിനിളപ്പമുള്ള ലക്ഷ്മിക്കുട്ടിയെ (അമ്മ)എങ്ങിനെ വിവാഹം കഴിക്കുമെന്ന ചിന്തയും ,പ്രണയിച്ച്  വിവാഹം കഴിച്ച  പ്രിയപത്നിയുടെ  വിട്ടുപോകാത്ത ഓര്‍മ്മകളും  അച്ഛന്റെ മനസ്സിനെ മഥിച്ചു. അവസാനം മക്കള്‍ക്കും വീട്ടുകാര്‍ക്കും  വേണ്ടി അച്ഛന്‍  അമ്മയെ വിവാഹം കഴിച്ചു. ആളും, ആരവവും  ഇല്ലാതെ ഒരു പുട മുറി കല്യാണം ......

ജീവിതത്തില്‍ മറക്കാനാകാത്ത ചില ദുരന്തങ്ങള്‍  സംഭവിച്ചു കഴിഞ്ഞിട്ടും  അതിനെയെല്ലാം  സധൈര്യം നേരിട്ട്  മുന്നോട്ടു പോയത്‌  ഈ കളിയരങ്ങത്തെ  ജീവിതം ഒന്നുകൊണ്ടു മാത്രമായിരുന്നു. നടനില്‍  നിന്ന്  കഥാപാത്രത്തിലേക്ക്  എത്തുന്നതിന്നിടയ്ക്കുള്ള  രാസമാറ്റ ത്തിന്നിടയില്‍  വൈയക്തിക ദു:ഖങ്ങള്‍  അകന്നു പോയി. കഥകളിയെന്ന്  മാത്രമുള്ള ചിന്തയില്‍ മുഴുകി ഒഴുകിയ ജീവിതമായിരുന്നു  പിന്നീട്  അങ്ങോട്ട്‌ .

കഥകളി രംഗത്തെ എല്ലാപ്രമുഖരും  വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. കവി പി.കുഞ്ഞിരാമന്‍ നായരുമായി  അച്ഛന്  നല്ല ഹൃദയബന്ധമായിരുന്നു. അച്ഛ നൊഴി ച്ചുള്ള  പ്രമുഖരുടെയെല്ലാം നിരവധിയരങ്ങുകള്‍  കണ്ടിട്ടുണ്ട്. കേരളകലാമണ്ഡലത്തിലും , കോട്ടയ്ക്കല്‍ പി.എസ.വി നാട്യ സംഘത്തിലും  അച്ഛ ന്‍  അദ്ധ്യാപകനായിരുന്നു. മഹാകവി വള്ളത്തോളിനു  ഏറെ പ്രിയപ്പെട്ട നടനായിരുന്നു.കലാ മണ്ഡലത്തില്‍ നിന്നും പ്രിന്‍സിപ്പലായി അദ്ദേഹം വിരമിച്ചു. 


 ആറ്  വര്‍ഷം   മുന്‍പു ശ്രീ മഹാകവി വള്ളത്തോളിന്‍റെ ഗൃഹത്തില്‍ പോവാനവസരം ഉണ്ടായി. അവിടെ നിന്നും മഹാകവി അച്ഛനു സമ്മാനിച്ച കഥകളി കിരീടം കാണാന്‍ കഴിഞ്ഞു.ഭാഗ്യങ്ങളേറെ ദൈവം കനിഞ്ഞു നല്‍കിയെങ്കിലും അവസാനം വിധി ഇങ്ങിനെയൊരു ധനാശി ചൊല്ലിയതെന്തേയെന്ന ചോദ്യം എന്നിലവശേഷിച്ചു. അച്ഛന്‍റെ  മഹത്‌ വ്യക്തിത്വം മനസ്സിലാക്കാന്‍ മനസ്സു പാകപ്പെടുമ്പോഴേക്കും ആ ആത്മാവ്‌ ഈ പ്രകൃതിയില്‍ ലയിച്ചിരുന്നു 1981 ഫെബ്രുവരി 19 ആ ജീവന്‍ ചക്രവാളങ്ങളിലേക്കു്‌ ചിറകടിച്ചു പറന്നുപോയി. അഷ്ടമി  രോഹിണി ദിനം അച്ഛന്റെ  ജന്‍മദിനമാണ് .  അന്ന് ജനിച്ചതിനാല്‍  അച്ഛമ്മ  മകന് കൃഷ്ണന്‍ എന്ന് പേരിട്ടു. പക്ഷെ കുഞ്ചുവെന്ന  ഓമനപ്പേരില്‍ ഒരു വലിയ കലാകാരന്‍ ലോകത്ത് ഉദയം കൊണ്ടു . മനസ്സിന്‍റെ മഹാകാശത്തെ വെള്ളി മേഘങ്ങളിലിപ്പോള്‍ കറുപ്പു പടര്‍ന്നിരിക്കുന്നു.അവ പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന മഴമേഘങ്ങളാകുന്നുവൊ? അവിടെ അച്ഛനായിതാ  ഈ മകളുടെ കണ്ണീരില്‍ കുതിര്‍ ന്ന അക്ഷര തിലോദകം.....! . .