Wednesday, December 15, 2010

അരങ്ങ്‌-3


ദാരിദ്ര്യം അക്കാലത്ത്‌ ഏറ്റവും വലിയ സാമൂഹികവിപത്തായിരുന്നു. ജന്മി-കുടിയാൻ ബന്ധങ്ങളിലും അടിമ-ഉടമ സമ്പ്രദായത്തിലും വലിഞ്ഞുമുറുകിയ ജീവിതവ്യാപാരങ്ങൾ. ഇന്നത്തേക്കാൾ എത്രയോ അധികമായിരുന്ന ദാരിദ്ര്യം .ഉള്ളവർക്കു എന്നും സമൃദ്ധി. ഇല്ലാത്തവർക്കു എന്നും ഇല്ലായ്മ. കിട്ടുന്നതുകൊണ്ടു തൃപ്തിയടയുക.

അതുകൊണ്ടു തന്നെ അത്തരം വീടുകളിലെ കുട്ടികൾക്കു പലപ്പോഴും അവരാഗ്രഹിച്ച എത്ര നിസ്സാരകാര്യം പോലും നിറവേറ്റപ്പെടാൻ സാധിച്ചില്ല. അവരും അവരുടെ മാതാപിതാക്കളും എല്ലാം ഉള്ളിലടക്കി. അല്ലാതെ നിവൃത്തിയില്ലായിരുന്നു. ഇങ്ങനെയുള്ള പ്രതികൂലമായ ഒരു ചുറ്റുപാടിലായിരുന്നു കുഞ്ചുവിന്റെ കുട്ടിക്കാലവും പുലർന്നത്‌.

കുഞ്ചുവിന്‌ അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ജ്യേഷ്ഠന്‌ ഏതാണ്ടു പതിനെട്ടു വയസ്സായിരുന്നു. അച്ഛനെപ്പോലെ ഏതെങ്കിലുമൊരു മനയുടെ മുറ്റത്തു വിളിപ്പാടകലെ ഓച്ഛാനിച്ചു നിൽക്കാൻ ജ്യേഷ്ഠനു തീരെ താത്പര്യമില്ലായിരുന്നു. പഠിക്കാനാഗ്രഹിച്ചെങ്കിലും വേണ്ട സമയത്ത്‌ അതിനും തരപ്പെട്ടില്ല. ആ കാലത്ത്‌ ,ഇവിടങ്ങളിൽ നിന്ന്‌ അന്യനാടുകളിലേക്ക്‌ പ്രത്യേകിച്ചു മദിരാശിയിലേക്ക്‌ പലരും എന്തെങ്കിലുമൊക്കെ ജോലി തേടി വണ്ടി കയറിയിരുന്നു. അവിടെ ചെന്നു ഹോട്ടൽ,അല്ലെങ്കിൽ നൃത്തനാടക കമ്പനി തുടങ്ങിയ ഏതെങ്കിലും വിഭാഗത്തിൽ ജോലി, ഇന്നതെന്നില്ല , തരപ്പെടുത്തും. അങ്ങനെയൊരു മോഹത്തിലകപ്പെട്ടു ജ്യേഷ്ഠനും മദിരാശിക്കു പോയി. വീട്ടിൽ കുഞ്ചുവും ,അമ്മയും ,അച്ഛനും മാത്രം.അക്കാലത്ത്‌ പൂർവ്വികാചാരപ്രകാരമുള്ള വിദ്യാഭ്യാസം (എഴുത്തുപള്ളിക്കൂടം) തീരെ വേണ്ടെന്നു വെയ്ക്കുക കഴിഞ്ഞിട്ടില്ല. സ്വരങ്ങൾ, വ്യജ്ഞനങ്ങൾ, ചില്ലുകൾ മുതലായ അക്ഷരങ്ങൾ നിലത്തു മണൽ പരത്തി അതിൽ മോതിരവിരൽ കൊണ്ടു എഴുതി പഠിക്കുക. അതു പഠിച്ചുകഴിയുമ്പോഴേക്കും അക്ഷരങ്ങൾ ഹൃദിസ്ഥമാകും. അതിനുശേഷം ഗണപതി സ്തോത്രം, സരസ്വതി സ്തോത്രം ,മുകുന്ദാഷ്ടകം, ഗണാഷ്ടകം, മംഗളാഷ്ടകം ,ശ്രീകൃഷ്ണചരിതം മണിപ്രവാളം , ഹരിനാമകീർത്തനം, നീതിസാരം, വരരുചികൃതവാക്യം , അമരകോശം, രൂപകം ,കാവ്യങ്ങൾ മുതലായതുകൾ പഠിപ്പിക്കും. വളരെ സമഗ്രവും ച്ചിട്ടയാർന്നതുമായ ഒരു അദ്ധ്യയനസമ്പ്രദായം എന്നു തന്നെ പറയാം. ഇതിനോടൊപ്പം അദ്ധ്യാത്മരാമായണാദിപുരാണങ്ങൾ പാരായണം ചെയ്യിപ്പിക്കുകയും പതിവാണ്‌. മലബാറിലെ പൂർവ്വികാചാരപ്രകാരമുള്ള വിദ്യാഭ്യാസരീതിയെന്നു പറഞ്ഞത്‌ ഈ സമ്പ്രദായത്തെക്കുറിച്ചാണ്‌.


ഇത്രയും പറഞ്ഞ കാര്യങ്ങൾ ,ഗുരുനാഥന്മാർ വിദ്യാർത്ഥികൾക്കെഴുതിക്കൊടുക്കുന്നത്‌ എഴുത്താണികൊണ്ടു കരിമ്പ്ന ഓലയിലായിരുന്നു. ഗുരുനാഥന്മാരെ സംബന്ധിച്ചും വിദ്യാർത്ഥികളെ സംബന്ധിച്ചും അദ്ധ്യാപനം ഒരു തപസ്സു തന്നെയായിരുന്നു. കുറേശ്ശെ കുറേശ്ശെയായി ഓലയിൽ അന്നന്നു പഠിക്കുന്ന പാഠങ്ങൾ ഓരോ വിദ്യാർത്ഥിയും എഴുതേണ്ടത്‌` വളരെ നിർബന്ധവുമായിരുന്നു. അതിന്റെ പ്രത്യേകമായ ഉദ്ദേശം , ചൊല്ലിപ്പഠിക്കുന്നതിനേക്കാൾ ഹൃദിസ്ഥമാകുവാനും അതിലുപരി അക്ഷരവൃത്തി വരുത്തുവാനുമായിരുന്നു. അങ്ങനെ ഒരു ദിവസമെങ്കിലും ഓലയിൽ കോപ്പി എഴുതാതിരുന്നാലോ ,എഴുത്തുപള്ളിക്കു പോകാൻ മടി കാണിച്ചാലോ ,അഥവാ പഠിച്ച ശ്ലോകം മറന്നുപോയാലോ അതിന്റെ ശിക്ഷ അതികഠിനമായിരുന്നു.കുഞ്ചുവിന്റെ വിധിപ്രകാരമുള്ള വിദ്യാരംഭം നിർവ്വഹിച്ചതു ഒരമ്മാവനായിരുന്നു. അത്യാവശ്യം സംസ്കൃതവ്യുത്പത്തിയും ഗണിതവും മറ്റും നിശ്ച്ചയമുള്ള ഒരമ്മാവൻ. അതു കഴിഞ്ഞു , കാറൽമണ്ണയിൽത്തന്നെയുള്ള ഒരെഴുത്തുപള്ളിയിൽ ചേർത്തു. സി.ടി. കുഞ്ഞിക്കൃഷ്ണൻ നായർ എന്ന ഒരു മഹാമനസ്ക്കൻ, തന്റെ ജീവിതലക്ഷ്യമായി കരുതി സ്വന്തം വീട്ടിൽ വെച്ചുതന്നെയായിരുന്നു കുട്ടികളെ പഠിപ്പിച്ചു പോന്നത്‌. കുഞ്ചുവിനെ അദ്ദേഹത്തിന്റെ സന്നിധിയിലാക്കി. മകന്റെ വിദ്യാഭ്യാസകാര്യത്തിൽ അതിയായ ഉത്കണ്ഠയും മോഹവുമുള്ളൊരമ്മ. അതിനുതക്ക കഴിവില്ലെങ്കിലും. മൂത്തമകനോ അതിനു സാധിച്ചില്ല. ഇവനെങ്കിലും ണല്ലോരു വിദ്യാഭ്യാസം കിട്ടണം. അതിലപ്പുറം എന്തെങ്കിലും മോഹിച്ചില്ല ആ ദിവസങ്ങളിൽ അമ്മ.
രാവിലെ സുമാർ ഏഴു മണി മുതൽ പതിനൊന്നു മണി വരേയും ഉച്ചക്കുശേഷം രണ്ടു മണി മുതൽ ആറുമണിവരേയുമായിരുന്നു പള്ളിക്കൂടത്തിലെ അദ്ധ്യയന സമയം.വിദ്യാഭ്യാസമെന്ന ഏകലക്ഷ്യമല്ലാതെ മറ്റൊന്നുംതന്നെ കുത്തിനിറയ്ക്കാതെയുള്ള ദിവസങ്ങൾ. പഴയ പ്രമാണമനുസരിച്ചായിരുന്നു അനധ്യായദിവസങ്ങൾ.


വീട്ടിൽ നിന്നു ഈ പാഠശാലയിലേക്ക്‌ കുറഞ്ഞൊരു ദൂരമുണ്ടായിരുന്നു. കൂട്ടിനു മറ്റു കുട്ടികളുമില്ല. അത്രയും ദൂരം തനിക്‌ഹ്ചു പോകണം. .അതിന്‌ ഒട്ടും പേടിയോ പരിഭ്രമമോ ഉണ്ടായിരുന്നതുമില്ല. എന്നാലും കുഞ്ചുവിനെ ഒറ്റക്കു പറഞ്ഞയക്കാൻ അമ്മയ്ക്കു തീരെ വിശ്വാസവുമുണ്ടായില്ല. .മകനോടു അതിയായ്‌ സ്നേഹാധിക്യം നിമിത്തമുള്ള അപായശങ്ക അമ്മയെ വിടാതെ പിടികൂടിയിരുന്നു. .അതുകൊണ്ടു പാഠശാലയിലും വീട്ടിലും അതാതുസമയത്ത്‌ എത്തിക്കുന്ന കാര്യത്തിൽ അമ്മ തന്നെ വാത്സല്യപൂർവ്വം സന്നദ്ധയായി. കുഞ്ചുവിനോട്‌ അമ്മയ്ക്കുണ്ടായിരുന്ന പുത്രവാത്സല്യം സാധാരണനിലയിൽ നിന്നു കുറേക്കൂടി കവിഞ്ഞ മട്ടായിരുന്നു. അമ്മയുടെ ഈ വിധത്തിലുള്ള സ്നേഹചാപല്യങ്ങൾ കണ്ട്‌` മറ്റുള്ളവർ കളിയാക്കുകപോലും ചെയ്തിരുന്നു. അത്രമാത്രം ലാളനയനുഭവിക്കാൻ ഭാഗ്യമുണ്ടായ ഒരു മകൻ!

സി.ടി. കുഞ്ഞിക്കൃഷ്ണൻ നായർ എന്ന ആദ്യഗുരുവിന്റെ കീഴിൽ അക്ഷരങ്ങൾ , ഗണപതിസ്തോത്രം, സരസ്വതിസ്തോത്രം എന്നിവ പഠിച്ചു. അതിനു ശേഷം മറ്റൊരു പള്ളിക്കൂടത്തിലെക്കു മാറി. കെ.ടി. നാണു എഴുത്തച്ഛൻ എന്നൊരു ഗുരുവായിരുന്നു ആ പാഠശാല നടത്തിയിരുന്നത്‌. സംസ്കൃതത്തിൽ വിദഗ്ദ്ധനും കുട്ടികളോടു വാത്സല്യപൂർവ്വം പെരുമാറുന്ന ഒരു സാത്ത്വികനുമായിരുന്നു നാണു എഴുത്തച്ഛൻ. മിക്ക പാഠങ്ങളും അദ്ദേഹത്തിൽ നിന്നു പഠിക്കാൻ കഴിഞ്ഞു. അതിനുശേഷം രാമായണം ചൊല്ലിക്കാൻ തുടങ്ങി. ഏതാണ്ടു മൂന്നു കൊല്ലത്തെ വിദ്യാഭ്യാസവും കഴിഞ്ഞു. നിരന്തരമായി പഠിക്കുകയെന്ന കർത്തവ്യം മാത്രം. അത്ര കുട്ടിക്കാലത്തു തന്നെ അന്നത്തെ രീതിയനുസരിച്ചു സമ്പന്നമായൊരു വിദ്യാഭ്യാസം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. അമ്മയുടെ ആഗ്രഹവും അനുഗ്രഹവും!(പിൽക്കാലത്ത്‌ കഥകളി രംഗത്തെത്തിയപ്പോഴാണു യഥാർത്ഥത്തിൽ ആ വിദ്യാഭ്യാസത്തിന്റെ ആഴവും പറപ്പും ഇഴയടുപ്പവുമറിഞ്ഞത്‌)പുരാണപാരായണത്തിൽ പരിചയം കൂടും തോറും സാഹിത്യാദി കലകളിൽ മാത്രമല്ല , മറ്റു കലകളായ സംഗീതം, കഥകളി, ചിത്രം തുടങ്ങിയവയിലും താത്പര്യവും അതിലെല്ലാമുള്ള രസാസ്വാദനശേഷിയും ചുരുങ്ങിയ തോതിൽ വർദ്ധിച്ചുതുടങ്ങി. അതിനു കാരണം ഒരു സ്ഥലത്ത്‌ തീയുണ്ടെങ്കിലും, വായുവിന്റേയോ ,വിറകിന്റേയോ പ്രയോഗം കൂടാതെ ആ അഗ്നി ഉദ്ദീപിപ്പിക്കുന്നതല്ലെന്ന്‌ അറിയാമല്ലോ? അതുപോലെ തന്നിൽ ലയിച്ചുകിടക്കുന്ന പൂർവ്വവാസനകൾ ശോഭിക്കണമെങ്കിൽ വിദ്യാഭ്യാസമല്ലാതെ മറ്റുപായമില്ലെന്നു പറയേണ്ടതില്ലല്ലോ. ഇതായിരുന്നു കുഞ്ചു പറഞ്ഞത്‌.
ഏതായാലും ഈ വിധത്തിലുള്ള ഒരുൾക്കാഴ്ച്ച ചെറുപ്രായത്തിൽത്തന്നെ ബുദ്ധിയിലുദിച്ചപ്പോൾ മനസ്സു പതുക്കെപ്പതുക്കെ വികസ്വരമായപ്പോൾ , പാഠശാല പരിചയത്തിൽ നിന്ന്‌ വിരമിക്കാനാണിടയായത്‌.അതിനു ശേഷം ഇംഗ്ലീഷ്‌ വിദ്യാലയത്തിൽ ചേർന്നു പഠിക്കാൻ കിണഞ്ഞു ശ്രമിച്ചു. കുഞ്ചു മാത്രമല്ല അമ്മയും വല്ലാതെ പരിശ്രമിച്ചു. .പല വാതിലിലും മുട്ടിനോക്കി. കഴിഞ്ഞില്ല.


പിന്നെ രണ്ടു മൂന്നു കൊല്ലം പ്രത്യേകിച്ചൊന്നും ചെയ്യാതെ കാലം കടന്നുപോയതറിഞ്ഞില്ല. എന്നാൽ അക്കാലം മറ്റു ചില കാര്യങ്ങളുണ്ടായി. കാറൽമണ്ണ, വാഴേങ്കട , കാന്തള്ളൂർ, ചെത്തല്ലൂർ തുടങ്ങിയ അടുത്തടുത്ത സ്ഥലങ്ങളിലെ ഉത്സവക്കളി കാണുവാൻ സമപ്രായക്കാരായിരുന്ന ചില കുട്ടികളോടൊത്തു പോയി. വളരെ ബുദ്ധിമുട്ടിയായിരിക്കും അമ്മ അതിനു സമ്മതിക്കുക. ചിലപ്പോൾ സമ്മതിച്ചില്ലെന്നും വരും. പത്തുപന്ത്രണ്ടു വയസ്സു പ്രായം. എങ്ങോട്ടെങ്കിലും നാടു വിട്ടു പോയാലോ എന്ന പേടിയും. എന്നാൽ അങ്ങനെയൊരു ചിന്തയും കുഞ്ചുവിനില്ലായിരുന്നു.കഥകളി കാണുകയെന്നതിലുപരി കളിക്കു വന്ന വേഷക്കാരുമായി ഒരടുപ്പമുണ്ടാക്കുക എന്നതിലായിരുന്നു ഏറെ താത്പര്യം. പിന്നെ, അണിയറയിൽ ഏതെങ്കിലുമൊരു മൂലയിൽ ചെന്നുനിൽക്കാൻ തരപ്പെടുമോ എന്നന്വേഷിക്കുകയും, അതിനു വേണ്ടി ചില നടന്മാർക്കു ചുണ്ടപ്പൂവുണ്ടാക്കിക്കൊടുക്കുക (കണ്ണു ചുവപ്പിക്കുന്നത്‌ ചുണ്ടപ്പൂവിട്ടാണെന്നു സൂത്രത്തിൽ മനസ്സിലാക്കിയിരുന്നു)എന്തെങ്കിലും സംഗതിയുണ്ടാക്കി അവരെ ഒന്നു തൊടുക, തരം കിട്ടുമ്പോൾ ചിരിക്കാൻ ശ്രമിക്കുക എന്തെങ്കിലുമൊക്കെ പറയുക മുതലായ കാര്യങ്ങൾ കൊണ്ടു തന്നെ ആനന്ദഭരിതനായി. ആരെല്ലാമായിരുന്നു വേഷക്കാരെന്നോ, അവരുടെ പേരെന്തെന്നോ , ഏതു വേഷം കെട്ടി അരങ്ങത്തു വരുന്നുവേന്നോ ഒന്നുമറിയില്ല. .ഏതെല്ലാമോ ചില വേഷം കെട്ടി അരങ്ങത്തു വരുന്നുവേന്നല്ലാതെ മറ്റൊന്നും അറിയേണ്ടതുമില്ലായിരുന്നു. .ആ കഥകളിക്കാലം കഴിഞ്ഞുപോയാൽ പിന്നെ കുറേ നാളത്തേക്കു വലിയ വിഷാദമായിരുന്നു. ഏതെങ്കിലുമൊരു കഥകളിക്കാരൻ എന്തെങ്കിലും ചോദിച്ചതോ അല്ലെങ്കിൽ അൽപ്പമൊന്നു ചിരിച്ചതോ ആയ കാര്യങ്ങൾ കുറേ ദിവസത്തേക്കു മനസ്സിൽ നിന്നു മാഞ്ഞുപോയില്ല.


പന്തരണ്ടു വയസ്സു കഴിഞ്ഞപ്പോൾ ഏതു വിധേനയെങ്കിലും തുടർന്നും പഠിക്കണമെന്ന ഉത്ക്കടമായ വിചാരം മനസ്സിൽ കടന്നുകൂടി.ഇങ്ങിനെ വെറുതേ നടക്കാൻ സാദ്ധ്യമല്ലെന്നു സദാ നേരവും തോന്നിത്തുടങ്ങി. നീണ്ട ആലോചനയിൽ മുഴുകിയ ചില ദിവസങ്ങൾ. തന്നെപ്പോലെ സ്ക്കൂൾ വിദ്യാഭ്യാസം നിഷേധിച്ച മറ്റു ചില കുട്ടികളായിരുന്നു അപ്പോഴത്തെ കൂട്ടുകാർ.പതിവുപോലെ അവരോടൊത്തു കളിക്കാൻ പോകുന്ന കൂട്ടത്തിൽ ഒരു നാൾ വെള്ളിനേഴി എലിമന്ററി സ്ക്കൂളിലേക്കായിരുന്നു പോയത്‌. മറ്റു ചില കൂട്ടുകാർ, വഴിയുള്ളവർ അവിടെ പഠിച്ചിരുന്നു.ഉറച്ചൊരു തീരുമാനവുമായിട്ടായിരുന്നു അവരുടെ കൂടെ പോയത്‌.


യാതൊരുവിധ സംശയവുമുണ്ടായില്ല. എങ്ങിനെയെങ്കിലും പഠിക്കണമെന്ന്‌ കുഞ്ചു അവിടുത്തെ ചില അദ്ധ്യാപകരോടു പറഞ്ഞു. അതുവരേയുണ്ടായ വിദ്യാഭ്യാസത്തെക്കുറിച്ചും വീട്ടിലെ ചുറ്റുപാടുകളെക്കുറിച്ചും പറഞ്ഞു. തന്നെ സഹായിക്കാതിരിക്കില്ല എന്ന ഒരേ വിചാരത്തോടെ കുഞ്ചു അവരുടെ മുമ്പിൽത്തന്നെ നിന്നു. .കുഞ്ചുവിന്റെ ജീവിതത്തിലെ ഒരു ഭാഗമായിരുന്നു അത്‌. അദ്ധ്യാപകരിൽ ചിലർ കുഞ്ചുവിനെ സഹായിക്കാൻ മുന്നോട്ടു വന്നു. നാലാം ക്ലാസ്സിലായിരുന്നു അവർ കുട്ടിയെ ചേർത്തിയത്‌`
സ്ക്കൂളിൽ ചേർന്നുവന്നപ്പോൾ മാത്രമായിരുന്നു അച്ഛനുമമ്മയും കാര്യങ്ങളറിഞ്ഞത്‌.അന്ധാളിച്ചുനിൽക്കാനല്ലാതെ അവർക്കു അക്കാര്യം വിശ്വസിക്കാനായില്ല. കുഞ്ചുവിനെക്കാണാഞ്ഞ്‌ അമ്മ വല്ലാതെ പേടിച്ചിരുന്നു.നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹായത്തോടുകൂടി ഫസ്റ്റ്‌ ഫോം (ആറാം ൿളാസ്സ്‌) പരീക്ഷ കഴിയുന്നതുവരെ പഠിച്ചു. ഈ സ്ക്കൂൾവിദ്യാഭ്യാസക്കാലത്ത്‌ ഇംഗ്ലീഷിനോട്‌ കമ്പം തുടങ്ങി. എല്ലാവിഷയത്തിലും സമർത്ഥനായ ഒരു വിദ്യാർത്ഥി. അധ്യാപകർക്കും വലിയ ഇഷ്ടം. ചിത്രം വരക്കാനും അതീവ താത്പര്യമായിരുന്നു.എന്നാൽ ചിത്രമെഴുത്തുപോലേയോ, അതിലധികമോ ആയ കുഞ്ചുവിന്റെ കഥകളി പഠിക്കാനുള്ള ആഗ്രഹം ഈ സ്ക്കൂൾകാലഘട്ടത്തിൽ കൂടുതൽ ശക്തിപ്പെടുകയാണുണ്ടായത്‌.ചെർപ്പുളശ്ശേരി ചന്തയിൽ നിന്ന്‌ ഒരണ(ആറു പൈസ) വിലകൊടുത്താൽ കിട്ടുന്ന ചില ചെറുകഥകളി പുസ്തകങ്ങൾ വാങ്ങി അതിലെ ചില വരികൾ പാടി രസിക്കും. കൈക്കൊട്ടിക്കളിക്കു പാടി വന്നിരുന്ന ചില കഥകളിപ്പദങ്ങളായിരുന്നു അത്‌. ;വീര വീരാട കുമാരവിഭോ" അംഗനേ ഞാനങ്ങു പോവതേങ്ങനെ" പിന്നെ കുചേലവൃത്തം, സന്താനഗോപാലം തുടങ്ങിയവയുടെ ചെറിയ പുസ്തകങ്ങളും. അത്രയുമല്ല ഉത്സവക്കളി കഴിഞ്ഞാൽ അമ്പലപരിസരത്ത്‌ ആരും കാണാതെ ചില കൂട്ടുകാരോടുകൂടി ചില വേഷം കെട്ടി ചാടിക്കളിക്കുകയും പതിവായിരുന്നു. സ്ക്കൂളില്ലാത്ത ദിവസം ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടനേരത്തായിരുന്നു ഈ വക നേറമ്പോക്കുകൾ. അതെല്ലാം എന്തെന്നില്ലാത്ത ആനന്ദമുണ്ടാക്കി.ആ കാലത്തൊരിക്കൽ , വാഴേങ്കടയിൽ വെച്ച്‌` കുഞ്ചു കണ്ട ഒരു വേഷം വല്ലാതെ അത്ഭുതപ്പെടുത്തി. കഥകളി പഠിക്കാനുള്ള കമ്പം തലക്കു പിടിച്ച കാലം. യാതൊരു വിവരവുമില്ലെങ്കിലും ആ വേഷം ഏതെല്ലാമോ തരത്തിൽ കുഞ്ചുവിനെ ആവേശഭരിതനാക്കി, അത്ഭുതപ്പെടുത്തി.


ആലവട്ടവും മേലാപ്പുമായി അമ്പും വില്ലും ധരിച്ച്‌ അരങ്ങു നിറഞ്ഞൊരു പച്ചവേഷം.!കാലകേയവധം കഥയിലെ അർജ്ജുനനാണ്‌ ആ വേഷമെന്നും സാക്ഷാൽ രാവുണ്ണിമേനോൻ എന്നു പറയുന്ന മഹാനാണ്‌ ആ വേഷം കെട്ടിയിരിക്കുന്നത്‌ എന്നും കുറച്ചു പ്രായമുള്ള ഒരാൾ പറഞ്ഞുതന്നു, ചോദിക്കാതെതന്നെ. മാത്രമല്ല അപ്പോഴത്തെ സന്ദർഭവും പറഞ്ഞു.'സലജ്ജോഹം തവ ചാടുവചനത്താൽ" എന്ന വാക്യാർത്ഥത്തിൽ "ചാടു" എന്നതിന്റെ പ്രഭാവം തികയ്ക്കുവാനായി ഇടതുകാലൂന്നി നിൽക്കുന്ന ആ നില കണ്ടപ്പോൾ ആ പാദത്തെ തന്റെ ശിരസ്സു കൊണ്ടു താങ്ങുവാൻ ഈ ജന്മത്തിൽ സംഗതി വരുമോ എന്നുംകുഞ്ചു ഉത്ഖണ്ഠപൂർവ്വം കൊതിച്ചിട്ടുണ്ട്‌!
കഥകളി പഠിക്കുവാൻ ഒരു നിലയ്ക്കും തനിക്ക്‌ ഈ ജന്മത്തിൽ സാധ്യപ്പെടുകയില്ലതന്നെ. പിന്നെങ്ങനെ കഴിയും തന്റെ ഈ മോഹം നിറവേറ്റപ്പെടാൻ?


കാന്തള്ളൂരമ്പലത്തിന്നടുത്ത്‌ കഥകളി അഭ്യസിപ്പിച്ചിരുന്നു. ആ ഗുരുനാഥൻ ആരെന്നോ , അദ്ദേഹത്തിന്റെ പേരെന്തെന്നോ അതുവരെ കുഞ്ചുവിനറിയില്ല.സ്ക്കൂൾ വിട്ടു വരുമ്പോൾ അവിടെ ചെന്നു നിൽക്കും. എത്ര നേരമെന്നറിഞ്ഞില്ല. അതൊരു പതിവായിത്തീർന്നു. സ്ക്കൂലിലേക്ക്കു വരാനുള്ള ഉത്സാഹം , ഒരു പക്ഷേ ഈ കഥകളിയഭ്യാസം കണ്ടുനിൽക്കാനുള്ള ആഗ്രഹത്തിലേക്കും അതുവഴി കഥകളി പഠിക്കാനുള്ള മോഹത്തിലേക്കും പതുക്കെപ്പതുക്കെ വഴിമാറിത്തുടങ്ങിയിരുന്നുവോ? അന്ന്‌ ആർക്കറിയാം...........?

മിക്കവാറും ദിവസങ്ങളിൽ ഏതാണ്ടൊരു സ്വപ്നലോകത്തിലെന്നവണ്ണം അവിടെ ചെന്നുനിൽക്കുക പതിവായി. അങ്ങനെ ആ കളരിയുമായും അവിടത്തെ ഗുരുവുമായും അജ്ഞാതമായ ഒരു ബന്ധം ഉടലെടുത്തു.
അതു തികച്ചും സ്വാഭാവികവുമായിരുന്നു


"എന്താണ്‌? കഥകളി പഠിക്കണമെന്നുണ്ടോ? ഒരു നാൾ അദ്ദേഹം ചോദിച്ചു.സന്തോഷാധിക്യത്താൽ കണ്ണു നിറഞ്ഞു. അതു കേട്ടപ്പോൾ. തന്നെ അത്ഭുതപ്പെടുത്തിയ ആ വേഷക്കാരൻ. ! ആറാംൿളാസ്സിലെ കൊല്ലപ്പരീക്ഷയും കഴിഞ്ഞു. പിന്നെ സ്ക്കൂൾപഠിപ്പു തുടർന്നില്ല. അതിൽ ദുഃഖം തോന്നി. അതോടൊപ്പം തന്നെ മനസ്സിൽ മറ്റു ചില മോഹങ്ങൾ മുളച്ചുപൊന്തി. ആ ദുഃഖം സുഖമായി മാറി. അന്നേക്ക്‌ ഏതാണ്ട്‌ പതിന്നാലു വയസ്സു കഴിഞ്ഞിരുന്നു കുഞ്ചുവിന്‌.No comments:

Post a Comment