Thursday, January 13, 2011

അരങ്ങ്‌--7

Varamozhi Editor: Text Exported for Print or Save
വർഷക്കാലത്ത്‌ കഥകളിയഭ്യാസവും വേനലിൽ ഗുരുനാഥന്റെ ഒപ്പം കളിക്കു നടന്നും രണ്ടുകൊല്ലം കടന്നുപോയതറിഞ്ഞില്ല. അടുത്തുള്ള കളികൾക്കു പുറപ്പാടെടുത്തും ചില കുട്ടിത്തരം വേഷങ്ങൾ ചെയ്തും കഥകളിയുമായുള്ള ബന്ധം അനുദിനം വളർന്നു വന്നു. രണ്ടാമത്തെ കൊല്ലം കുട്ടിത്തരം മുഴുവനും ഒട്ടൊട്ടുയർന്ന നിലയിലുള്ള ചില ഭാഗങ്ങളും പരിചയിച്ചു പോന്നു.
മൂന്നാം കൊല്ലം മറ്റൊരു കാര്യം സംഭവിച്ചു. ഗുരുനാഥന്‌ മാറ്റം വന്നു. മറ്റു ചില കളിയോഗങ്ങളിൽ പ്രത്യേകിച്ച്‌ മണക്കുളം കളിയോഗത്തിലെ പ്രധാനിയായിരുന്നു കോപ്പന്നായരാശാൻ. ഒന്നു രണ്ടുകൊല്ലം അവിടെ അഭ്യാസം ഇല്ലായിരുന്നു. ഈ ഘട്ടത്തിലായിരുന്നു അദ്ദേഹം വാഴേങ്കട വന്നു അഭ്യസിപ്പിച്ചതു.


അദ്ദേഹത്തിനു ശേഷം ഗുരുനാഥനായി വന്നത്‌ കല്ലുവഴി ഗോവിന്ദപ്പിഷാരോടി എന്ന ആശാനായിരുന്നു. അസാമാന്യ വേഷഭംഗിയും അഭ്യാസബലവുമുണ്ടായിരുന്ന നടനായിരുന്നു അദ്ദേഹം. ബകവധം, കല്യാണസൗഗന്ധികം, എന്നീ കഥകളിലെ ഭീമൻ,ഉത്തരാസ്വയംവരത്തിൽ ദുര്യോധനൻ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധ വേഷങ്ങൾ. കഠിനമായ ഒരു കണ്ണു രോഗം പിടിപ്പെട്ടതിനാൽ ഏതാണ്ടു 36 വയസ്സു കഴിഞ്ഞതും വേഷം കെട്ടാനുള്ള സാധ്യത മങ്ങി. അരങ്ങത്തില്ലെങ്കിലും നല്ലൊരു ഗുരുവായി കുട്ടികളെ അഭ്യസിപ്പിച്ചു പിന്നീടുള്ള കാലം . അക്കാലത്തായിരുന്നു വാഴേങ്കട കളരിയിലേക്കു വരുത്തിയത്‌.

അഭ്യാസത്തിന്റെ ഈ കാലഘട്ടമായപ്പോഴേക്കും ഭക്ഷണം തരുന്ന കാര്യത്തിൽ ജ്യേഷ്ഠന്‌ അലംഭാവം വന്നുതുടങ്ങി. പക്ഷേ, അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. കാരണം കഥകളിയഭ്യാസം എന്ന ഒന്നിൽ മാത്രമായി മനസ്സ്‌ സുസ്ഥിരപ്പെട്ടു. ഇടയ്ക്ക്‌ ചില അനധ്യായ ദിവസങ്ങളിൽ കാറൽമണ്ണയിൽ പോയി അമ്മയേയും അച്ഛനേയും കാണും. ചിലപ്പോൾ അമ്മ വാഴേങ്കടയ്ക്കും വന്നു. ഗോവിന്ദപ്പിഷാരോടി ആശാന്റെ കളരിയുമായി ഇഴുകിച്ചേരാൻ വിഷമമുണ്ടായില്ല. അദ്ദേഹത്തിന്റെയടുത്തും രണ്ടുകൊല്ലത്തെ അഭ്യാസമാണുണ്ടായത്‌. ആ രണ്ടു കൊല്ലത്തെ അഭ്യാസം കൊണ്ടു കഥകളിയിലെ ഒട്ടുമിക്ക ഭാഗങ്ങളും പരിചയിച്ചുപോന്നു. ആദ്യവസാന വേഷങ്ങളായ ഭീമൻ(കല്യാണസൗഗന്ധികം, ബകവധം)അർജ്ജുനൻ(കാലകേയവധം)ധർമ്മപുത്രർ(കിർമ്മീരവധം) ദുര്യോധനൻ(ഉത്തരാസ്വയം വരം) ദക്ഷൻ ,രാവണൻ, കീചകൻ, ഹനുമാൻ, ലളിതമാർ,തുടങ്ങിയ വേഷങ്ങളുടേയെല്ലാം ഒരാമുഖപഠനം ആ അഭ്യാസവേളയിൽ തന്നെ ലഭിച്ചു. ചില ഇടത്തരം വേഷങ്ങൾ ചെയ്യാനും സാധിച്ചു, അങ്ങനെ നാലു കൊല്ലത്തെ അഭ്യാസം കഴിഞ്ഞു. ഷാരോടി ആശാനും തിരിച്ചുപോകേണ്ടി വന്നു.


ഇനി കളരി നടത്തേണ്ട ചുമതല മറ്റാരായാലും പോരാ, നാട്യാചാര്യൻ രാവുണ്ണിമേനോൻ തന്നെ വേണമെന്ന ബോധമുറച്ചു. മല്ലിശ്ശീരി നമ്പൂതിരിക്ക്‌ മുമ്പൊരു അവസരത്തിൽ ആദ്ദേഹത്തെ കൊണ്ടുവരുവാൻ ശ്രമിച്ചുവെങ്കിലും അക്കാലത്ത്‌ ഒളപ്പമണ്ണ (വെള്ളിനേഴി) കളരിയിൽ അഭ്യാസമുള്ളതിനാൽ കഴിഞ്ഞില്ല.


രാവുണ്ണിമേനോനാശാനെ ചെന്നുകണ്ടു വിവരമറിയിക്കാൻ അദ്ദേഹം കുഞ്ചുവിനെത്തന്നെ സസന്തോഷം ചുമതലപ്പെടുത്തി. അത്‌ അളവറ്റ ചാരിതാർത്ഥ്യം പകർന്ന ഒരു കാര്യമായിരുന്നു. കുഞ്ചുവിനെ സംബന്ധിച്ച്‌ ജീവിതത്തിൽ പല നിയോഗങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്‌. സുഖം പകരുന്നവയും ദുഃഖം പകരുന്നവയും . ഈയൊരു നിയോഗം വാഴേങ്കട കളരിയിലേയ്ക്കു രാവുണ്ണിമേനോനാശാനെ ക്ഷണിച്ചുകൊണ്ടുവരികയെന്ന കർത്തവ്യം, ഒരു പൂർവ്വജന്മ പുണ്യമല്ലാതെ മറ്റൊന്നുമല്ലെന്നു തോന്നി.

അദ്ദേഹത്തെ വെള്ളിനേഴിയിൽ ചെന്നു കണ്ടു തന്റെ ആഗ്രഹം (അതെ, കുഞ്ചുവിന്റെ ആഗ്രഹം തന്നെ) അറിയിച്ചു. സസന്തോഷം കൃതാർത്ഥതാപൂർവ്വം അദ്ദേഹം അതിനു സമ്മതിച്ചു. നാലഞ്ചു കൊല്ലം മുമ്പൊരു നാൾ വെള്ളിനേഴിയിൽ നിന്നു സ്ക്കൂൾ വിട്ടു വരുമ്പോൾ കളരിയിൽ നോക്കി ഭ്രമിച്ചുനിന്നപ്പോൾ അദ്ദേഹം ചോദിച്ച ചോദ്യം............


അതിനുള്ള മറുപടിയുമായി കാലം തന്നെ അദ്ദേഹത്തിന്റെയടുത്തേക്ക്‌ കുഞ്ചുവിനെ എത്തിച്ചു.

ആ കൂടിക്കാഴ്ച്ചയിൽ മനസ്സിലൂടെ പുറകോട്ടോടിയ കാലം.

അഭ്യാസത്തിന്റെ അഞ്ചാംകൊല്ലം , അതു മുതൽക്ക്‌ രാവുണ്ണിമേനോനാശാന്റെ ഒരു പ്രിയ ശിഷ്യനായിത്തീർന്നു. ഇതിനെല്ലാമിടയിൽ സഹപാഠികളിൽ ചിലർ മടുത്തു പോവുകയും മറ്റു ചിലർ നാടു വിട്ടു പോവുകയും ചെയ്തു. രാവുണ്ണിമേനോനാശാന്റെ ശിക്ഷണരീതിയ്ക്കു ശേഷമായിരുന്നു അതുവരെ പഠിച്ചതിനെല്ലാം ഒരു സമഗ്രശോഭ കൈവന്നത്‌. നായകവേഷങ്ങൾ ധൈര്യപൂർവ്വം രംഗത്തവതരിപ്പിക്കാനുള്ള ഉൾക്കരുത്തും മെയ്യഭ്യാസത്തിന്റെ സൗന്ദര്യമാർന്ന രീതിശാസ്ത്രവും കൃത്യവും വ്യക്തവുമായ ചൊല്ലിയാട്ടനിഷ്ഠയും അദ്ദേഹത്തിന്റെ ശിക്ഷണവൈദഗ്ദ്ധ്യത്തിന്റെ ഉത്തമഗുണങ്ങളായിരുന്നു.ഒരു കഥകളി നടനായി വികാസം പ്രാപിക്കുകയെന്ന നിതാന്തജാഗ്രതയും അതിനനുസരിച്ചുള്ള അക്ഷീണമായ പ്രയത്നവും അദ്ദേഹത്തിന്റെ കളരിയുടെ ജൈവസ്വരൂപമായിരുന്നു. താൻ വ്യാപരിക്കുന്ന കലയോടു അത്യാദരമായ ഭക്തിയും അർപ്പണബോധവും അദ്ദേഹം ശിഷ്യരിലേക്കു അനവരതം പകർന്നുകൊടുത്തു. കഥകളിയെക്കുറിച്ചു ശിഷ്യന്മാർക്ക്‌ എത്രയെല്ലാം എന്തെല്ലാം പകർന്നുകൊടുത്താലും അദ്ദേഹത്തിനു തൃപ്തി വന്നിരുന്നില്ല. അദ്ദേഹത്തിന്റെ വേഷങ്ങൾക്കും ആട്ടങ്ങൾക്കും ബഹുച്ചിട്ടയും കണക്കുമുണ്ടായിരുന്നുവെങ്കിലും ശിഷ്യസമ്പാദനത്തിളുള്ള അഭിരുചിക്കും ശിക്ഷണത്തിന്റെ പുനരാവർത്തനങ്ങൾക്കും അതിന്റെ സൗഷ്ഠവത്തികവിനും മറ്റും യാതൊരു അതിരും വരമ്പുമുണ്ടായിരുന്നില്ല. മറ്റെല്ലാ കലകളിലും അദ്ദേഹത്തിന്‌ താത്പര്യമുണ്ടായിരുന്നുവെങ്കിലും ശിഷ്യന്മാരോടുള്ള ഉപദേശം ഇങ്ങനെയായിരുന്നു.


"ലോകത്തിൽ കലകൾ പലതുമുണ്ട്‌. എല്ലാം ഒരുപോലെ സ്വാധീനമായി ആരും തന്നെ ഇല്ല. ഒരു പുരുഷായുസ്സുകൊണ്ട്‌ അതു സാധ്യവുമല്ല. അതുകൊണ്ട്‌ ഒന്നിൽ ബലമായി മനസ്സുറപ്പിക്കുക. കഴിയുന്നതും അതു സ്വാധീനപ്പെടുത്താൻ യത്നിക്കുക. അതിന്റെ ഉപരിസ്ഥാനത്തെത്തണം.

ഇങ്ങനെയുള്ള ഉപദേശത്തെ അനുസരിച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യസന രീതിയും.

ഒരു നടൻ എന്ന നിലയിൽ വർത്തിക്കുമ്പോൾ തന്റെ ശരീരത്തിന്റെ യാതൊരു ഭാഗത്തു നിന്നും പ്രേക്ഷകദൃഷ്ടിയിൽ ഒരു എള്ളിട വ്യത്യാസത്തിലെങ്കിലും കോട്ടം പറ്റരുതെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. കഥകളിയുടെ സൂക്ഷ്മതത്വങ്ങളെ അടിസ്ഥാനമാക്കിയും എത്രയും ഭദ്രമായും ധർമ്മനിഷ്ഠയോടും അളവില്ലാത്ത പ്രേമത്തോടും കൂടിയായിരുന്നു അദ്ദേഹം തന്റെ കലയെ സമീപിച്ചതു. അതിന്റെ പ്രത്യക്ഷോദാഹരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വേഷങ്ങളോരോന്നും. കോട്ടയം കഥകളിലെ നായകവേഷങ്ങൾ .പ്രത്യേകിച്ച്‌ കിർമ്മീരവധത്തിലെ ധർമ്മപുത്രൻ പിന്നെ രാവണൻ , ദുരവാസാവ്‌, ദുര്യോധനൻ തുടങ്ങിയ ഏതു കഥാപാത്രവും അതിന്റെ ഏറ്റവും ഉന്നതമായ നിലയിലെത്തുന്നവയായിരുന്നു.


ഏതർത്ഥത്തിലും നാട്യാചാര്യനായ ഒരു ഗുരുവര്യന്റെ കീഴിൽ വീണ്ടും അഞ്ചു കൊല്ലം കഥകളിയിലെ ഉപരിപഠനം കുഞ്ചുവിനു സിദ്ധിച്ചു. രാവുണ്ണിമേനോനാശാന്റെ കളരിശിക്ഷണം തന്റെ കഥകളി വീക്ഷണത്തിന്‌ അതിന്റെ ഏറ്റവുമുദാത്തമായ ഒരു മേധാശക്തി പകർന്നുകൊടുത്തു. കഥകളിയെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാനും അരങ്ങിന്റെ വ്യവസ്ഥാപിതമായ സങ്കൽപ്പങ്ങളിൽ അടിയുറച്ച്‌ കഥാപാത്രകേന്ദ്രീകൃതമായ ചില നവീനാശയങ്ങൾ ഉൾക്കൊണ്ടു മുന്നേറാനും ആ അഭ്യാസം ശിഷ്യനു കരുത്തു പകർന്നു.
Monday, January 3, 2011

അരങ്ങ്‌-ആറ്‌

വൃശ്ചികത്തിൽ കാന്തള്ളൂർ ഉത്സവത്തോടുകൂടി ഇവിടങ്ങളിൽ കളിയുടെ കാലം തുടങ്ങുകയായി. മിക്കവാറും എല്ലായിടത്തും നാലും അഞ്ചും അരങ്ങ്‌. ധനുമാസത്തിലെ തിരുവോണത്തിനാണ്‌ വാഴേങ്കട ക്ഷേത്രത്തിലെ കൊടിയേറ്റം.


വാഴേങ്കട ഉത്സവക്കളിക്ക്‌ മഹാകേമന്മാരായ കലാകാരന്മാർ വന്നെത്തും. ഗ്രഹിതക്കാർ ധാരാളം. ധനുവിലെ കൊടും തണുപ്പിൽ തിക്കിത്തിരക്കിയിരുന്നു കളി കാണും. പുലരും വരെ ആ അരങ്ങത്ത്‌ നല്ലൊരു വേഷം കിട്ടിയാൽ അതൊരു ബഹുമതിയായി കണക്കാക്കി ,വേഷക്കാർ മാത്രമല്ല ആസ്വാദകരും.ഉത്സവം അടുത്തതോടു കൂടി ആ കൊല്ലത്തെ അഭ്യാസം അവസാനിപ്പിച്ചു ഉത്സവക്കളിയരങ്ങിൽ വെച്ച്‌ അരങ്ങേറ്റം നിശ്ച്ചയിച്ചു. ആ ദിനങ്ങളിൽ കുഞ്ചുവിന്റെ മനസ്സു നിറയെ തന്റെ ആദ്യത്തെ കളിയുടെ മധുരപ്രതീക്ഷ മാത്രമായിരുന്നു. അരങ്ങേറ്റത്തിനു മുമ്പ്‌ ആചാരപ്രകാരം കളരിയിൽ വെച്ചു നടത്താറുള്ള "കളരി പൂജയെന്നു" പറയുന്ന "പരദേവതാപൂജ" യഥാവിധി നടത്തി.
കൊടിയേറ്റത്തിന്റെ പിറ്റേ നാൾ മുതൽക്കു തന്നെ കഥകളി തുടങ്ങും. തന്റെ ജീവിതത്തിൽ അത്രയും ആഹ്ലാദകരമായ ഒരവസരം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലെന്ന്‌ ആ വേഷക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു കഥകളിക്കാരനായിത്തീരുകയെന്ന ചിരകാലാഭിലാഷത്തിന്റെ നാന്ദി കുറിക്കപ്പെടുന്ന ദിവസം തൊട്ടടുത്തെത്തിക്കഴിഞ്ഞു.

പുറപ്പാടിലെ കൃഷ്ണമുടി വെച്ച വേഷം!

അരങ്ങേറ്റദിവസം അതിരാവിലെ കുളിച്ച്‌ തന്റെ ഉപാസനാമൂർത്തിയായ വാഴേങ്കട തേവരെ തൊഴുതു. പ്രാർത്ഥനയും പഞ്ചസ്സാരപ്പായസവുമടക്കമുള്ള നിവേദ്യങ്ങളും കൂടെ അമ്മയും!അതിനു ശേഷം അഭ്യാസത്തിനു വേണ്ടതായ സഹായങ്ങൾ ചെയ്തു തന്ന ഉദാരമതിയും ദേവസ്വം ഊരാളന്മാരിൽ പ്രധാനിയുമായിരുന്ന മല്ലിശ്ശീരി നമ്പൂതിരിയേയും മറ്റു ഊരാളന്മാരായ താമരപ്പള്ളി നമ്പൂതിരി, പട്ലൂർ നമ്പൂതിരി എന്നിവരേയും ചെന്നു കണ്ട്‌ അവരുടെ അനുഗ്രഹാശ്ശിസ്സുകളും യഥോചിതം നൽകപ്പെട്ട സംഭാവനകളും വിനയപൂർവ്വം വാങ്ങുകയും ചെയ്തു.


വൈകുന്നേരം വീണ്ടും ദേവദർശനം ചെയ്തു. പകലൂണു കഴിച്ച ശേഷം ഗുരുനാഥന്റെ നിർദ്ദേശപ്രകാരം അണിയറയിലെത്തി. കോട്ടക്കുന്നിലേക്കുള്ള വഴിയിലെ കേളിപ്പാറയിൽ നിന്നു കേട്ട കേളിക്കൊട്ട്‌.

കഥകളിയുണ്ടെന്നറിയിക്കുന്ന ചടങ്ങ്‌.
കൂടല്ലൂർ മന വകയായുള്ള കളിയോഗമായിരുന്നു അന്ന്‌. അണിയറയിൽ തെളിഞ്ഞുകത്തിയ നിലവിളക്കുകൾ. നിവർത്തിയിട്ട പായകൾ...... ചുറ്റും തൂക്കിയിട്ട മെയ്ക്കോപ്പുകൾ, കിരീടങ്ങൾ, വലിയ കളിപ്പെട്ടികൾ................................
തെങ്ങോലകൊണ്ടുള്ള്‌ നറുക്കുകൾ. മനയോലയുടെ മണം. ഗുരു നിർദ്ദേശിച്ചതു പോലെ ഒരു നിലവിളക്കിനു മുന്നിൽ നിന്നു പ്രാർത്ഥിച്ചു.ഏതാനും ചില നിമിഷം........


പിന്നെ, അദ്ദേഹത്തിന്റെ മുമ്പിൽ ആ വിളക്കിനടുത്തിരുന്നു, ഗുരുനാഥൻ മോതിര വിരൽ കൊണ്ടു മനയോല തൊട്ട്‌ ഹൃദയത്തിൽ വെച്ച്‌ നല്ലവണ്ണം ധ്യാനിച്ചു. ശിഷ്യന്റെ നെറ്റി, മൂക്ക്‌, താടി , കവിൾ, എന്നിവിടങ്ങളിലെല്ലാം ആ മനയോല തൊട്ടു.


ജീവിതത്തിന്റെ മനയോലപ്പാടുകൾ!


പിന്നെ മറ്റു ചില നടന്മാരുടെ സഹായത്തോടു കൂടി ബാക്കി കാര്യങ്ങൾ, മുഖത്തു തേയ്ക്കുക ,വളയം വെയ്ക്കുക, തുടങ്ങിയവയും അതു കഴിഞ്ഞു ചുട്ടിയും നിർവ്വഹിച്ചു. വീണ്ടും വിളക്കിനരികത്ത്‌ ഇരുത്തി. എന്നിട്ട്‌ ഗുരുനാഥൻ കൃഷ്ണമുടി കൈയ്യിലെടുത്തു, ജലശുദ്ധമാക്കി വിളക്കത്തു തൊഴുത്‌ ആ കൃഷ്ണമുടി തൊട്ട്‌ ശിരസ്സിൽ വയ്ക്കാൻ പറഞ്ഞു. അങ്ങനെ ചെയ്ത ശേഷം അദ്ദേഹം കൃഷ്ണമുടി ശിഷ്യന്റെ തലയിൽ വെച്ച്‌ കെട്ടിക്കൊടുത്തു. വാത്സല്യസന്തോഷപൂർവ്വം കൃഷ്ണവേഷമണിയിച്ചു.


വേഷമൊരുങ്ങിക്കഴിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന പ്രാധാന്യമർഹിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച്‌ ഗുരു പത്നിക്കും ഗുരുവിനും ദക്ഷിണയും ഓണപ്പുടവയും അർപ്പിച്ചു. കഴിവിനനുസരിച്ചായിരുന്നു ഇതെല്ലാം. അനുഗ്രഹങ്ങൾക്കു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു. ഇതെല്ലാം വേണ്ട രീതിയിൽ ശ്രദ്ധിച്ചു ചെയ്തത്‌ അമ്മയും ജ്യേഷ്ഠനുമായിരുന്നു.

അണിയറയിലെ ചടങ്ങുകൾ കഴിഞ്ഞു. ഗുരുവിന്റെ ഉപദേശപ്രകാരം അണിയറ വിളക്കു വന്ദിച്ചു. "അരങ്ങത്തു പോയിവരട്ടെ" എന്നു പറഞ്ഞു. ഗുരുവിന്റേയും അമ്മയുടേയും മറ്റു ഗുരുസ്ഥാനീയരുടേയും പാദം തൊട്ടു വണങ്ങി.

പത്തടി ദൂരമേയുള്ളു അണിയറയിൽ നിന്നരങ്ങത്തേക്ക്‌. ആ പത്തടി ദൂരത്തിലും അമ്മയും ഗുരുവും ഗുരുപത്നിയമെന്നു വേണ്ട, മറ്റു വേണ്ടപ്പെട്ട ബന്ധുജനങ്ങളും സാമാജികന്മാരുമായ ജനങ്ങളാലും ചുറ്റപ്പെട്ടുള്ള ഒരു കൃഷ്ണവേഷത്തിന്റെ യാത്ര.


അമ്മയുടെ ഹർഷാശ്രു ജല പ്രവാഹം! അതിൽ ഒലിച്ചുപോയെങ്കിലോ എന്നു ശങ്കിച്ചു കുഞ്ചു!
ജീവിതത്തിൽ ഇതിലും വലിയ ഭാഗ്യങ്ങൾ വേറെയുണ്ടാകുമോ?

കഥകളി ലോകത്തെ വിഖ്യാതന്മാരായിരുന്ന ശ്രീ. ഇലപ്പുള്ളി കേശവൻ നായർ(ഭാഗവതർ) ശ്രീ. മൂത്തമന കേശവൻ നമ്പൂതിരി(ചെണ്ട)ശ്രീ. തിരുവില്വാമല മാധവവാര്യർ(മദ്ദളം)എന്നീ ഗുരു സമാനന്മാരുടെ സ്നേഹസഹകരണത്തോടുകൂടി "പുറപ്പാട്‌" ആരംഭിച്ചു. പുറപ്പാടിനുള്ള ശ്ലോകം ചൊല്ലിക്കഴിയുന്നതിനെത്തുടർന്ന്‌ കൊണ്ടു രംഗാഭിവാദ്യം. (മദ്ദളം, ചെണ്ട,ചേങ്ങില, ഇലത്താളം മുതലായവകളേയും ആ കലാകാരന്മാരേയും) വന്ദിക്കുകയെന്ന ചടങ്ങ്‌. ഒരു കൂട്ടായ്മയുടെ സൗഹൃദസങ്കൽപ്പങ്ങളിൽ നിന്നാണല്ലോ കഥകളിയുടെ രസം ഉണ്ടാകുന്നത്‌. അതുകൊണ്ടു തന്നെ അരങ്ങത്തെ പരസ്പര ബഹുമാനവും ധാരണയും വളരെ പ്രാധാന്യമർഹിക്കുന്നു.

പകുതി താഴ്ത്തിയ തിരശ്ശീല.

ആലവട്ടവും മേലാപ്പും പിടിച്ച്‌` അരങ്ങത്ത്‌ കൃഷ്ണവേഷം.

ഗുരുനാഥൻ ധൈര്യപ്പെട്ടിരുന്നതു പോലെത്തന്നെ ഒട്ടും പിഴയ്ക്കാതെയും പരിഭ്രമിക്കാതെയും വൃത്തിയിലും പുറപ്പാടെടുത്തു.

എന്നാൽ അരങ്ങേറ്റം ആ ഒരു വേഷത്തോടു കൂടി കഴിഞ്ഞില്ല.

പുറപ്പാട്‌ ഏതെങ്കിലുമൊരു കഥാപാത്ര സങ്കൽപ്പത്തിലുള്ള സംവിധാനക്രമമനുസരിച്ചുള്ളതല്ലല്ലോ. എന്നാൽ കഥകളിയുടെ ഒരാമുഖമായി , കഥകളിയുടെ കലാസങ്കേതങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു നൃത്തവിശേഷം എന്ന നിലയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഒരു വിദ്യാർത്ഥിയുടെ പാടവം പുറപ്പാടിലൂടെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നു. കണ്ണ്‌ ,കയ്യ്‌, കാൽ, മെയ്യ്‌ ചുഴിപ്പുകൾ , കലാശം, തുടങ്ങിയതെല്ലാം പുറപ്പാടിൽ സുവ്യക്തമാണ്‌. അഭിനയാംശം മാത്രമേ ഇല്ലാതുള്ളു.


രണ്ടാമതുണ്ടായ വേഷം അഭിനയം കൂടി വേണ്ടിയിരുന്ന കൃഷ്ണനായിരുന്നു. സുഭദ്രാഹരണത്തിലെ കൃഷ്ണൻ.

കപടവേഷ ധാരിയായ അർജ്ജുനൻ, സുഭദ്രയെ വിവാഹം ചെയ്ത ശേഷം കൃഷ്ണന്റെ പദം അർജ്ജുനനോട്‌."കേട്ടാലും വചനം സഖേ"............എന്ന പദമായിരുന്നു അഭിനയിച്ചതു. പുറപ്പാടു കഴിഞ്ഞപ്പോൾ എങ്ങുനിന്നെന്നില്ലാത്ത ഒരു ധൈര്യം കുഞ്ചുവിന്‌ കൈ വന്നു കഴിഞ്ഞിരുന്നു.

അന്നത്തെ അർജ്ജുനൻ മറ്റാരുടെയുമായിരുന്നില്ല. കഥകളി ലോകസാമ്രാട്ടും, തന്റെ അവസാന ഗുരുവുമായ ശ്രീ. പട്ടിക്കാംതൊടി രാവുണ്ണിമേനോന്റേതായിരുന്നു. ആദ്യത്തെ രണ്ടു ഗുരുനാഥന്മാർക്കു ശേഷമാണ്‌` രാവുണ്ണി മേനോനാശാന്റെ ശിഷ്യനാകാൻ ഭാഗ്യമുണ്ടായത്‌.
തന്റെ ആദ്യത്തെ കളിക്കു തന്നെ ലഭിച്ച അദ്ദേഹത്തിന്റെ കൂടെയുള്ള കൃഷ്ണൻ! കണക്കിലേറെ കൃതാർത്ഥനാക്കി അത്‌.

1101ധനു 6 ന്‌( 1925-ഡിസംബർ 20) ജീവിതത്തിൽ മറക്കാകാനാകാത്ത ഒരു ദിവസമായി മാറി. ഗുരുകടാക്ഷവും ഈശ്വരകൃപയും! മറ്റൊന്നില്ല പറയാൻ.

പിന്നീട്‌ എല്ലാ കൊല്ലവും വാഴേങ്കട ഉത്സവക്കളിയുടെ ആദ്യത്തെ ദിവസം കുഞ്ചു പുറപ്പാടെടുക്കണമെന്നത്‌ നിർബന്ധമായിത്തീർന്നു. മല്ലിശ്ശീരി നമ്പൂതിരി മരിക്കും വരേയും. അദ്ദേഹത്തിന്റെ സ്നേഹാധിക്യത്താലുള്ള ആ നിശ്ച്ചയം ഒരിക്കലും മുടക്കം വരാതെ കൃതജ്ഞ്താപൂർവ്വം ചെയ്തു വന്നു.