Sunday, December 19, 2010

അരങ്ങ്‌-4

തീർത്തും അപ്രതീക്ഷിതമായി സ്ക്കൂൾജീവിതം അവസാനിച്ചു. ഇനിയെന്ത്‌ എന്ന ചിന്ത വല്ലാതെ ബാധിച്ചു തുടങ്ങി. എന്തൊരു കാര്യത്തിനും വഴിമുടക്കിയത്‌ സാമ്പത്തിക പരാധീനത ഒന്നു മാത്രം.അപ്പോഴെല്ലാം കഥകളിയഭ്യാസത്തെക്കുറിച്ചുള്ള പകൽ സ്വപ്നങ്ങളിൽ മുഴുകിയ മനസ്സ്‌. മറ്റെന്തു തരത്തിലുള്ള വിദ്യാഭ്യാസത്തിനേക്കാൾ സാമ്പത്തിക ഭാരം കഥകളി പഠിക്കുവാൻ വേണ്ടതില്ലായിരുന്നു. ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നു വരുന്നവരായിരുന്നു കളിയഭ്യാസത്തിനുള്ള കുട്ടികൾ അധികവും.


അത്യാവശ്യം ചിലവുകൾ (ഗുരുവിന്റെ ശമ്പളം,മറ്റുചെലവുകൾ എന്നിവയിലേക്കുള്ള വിഹിതം)വഹിക്കുവാൻ തയ്യാറുള്ള ഒരാളുണ്ടായാൽ മാത്രം മതി. അച്ഛനമ്മമാർക്കും താങ്ങാവുന്നതായിരുന്നു അത്‌.എന്നാൽ കുഞ്ചു കളി പഠിക്കുന്നതിനോട്‌ അവർക്ക്‌ അത്ര വലിയ താത്പര്യമുണ്ടായിരുന്നതുമില്ല. അത്‌ ഒരായുർപ്പരീക്ഷയാണെന്നായിരുന്നു അവരുടെ ധാരണ. വെള്ളിനേഴി സ്ക്കൂളിലെ കുഞ്ചുവിന്റെ പ്രിയപ്പെട്ട അധ്യാപകർക്കും ഇതിനോട്‌ യോജിപ്പുണ്ടായിരുന്നില്ല. വഴികളെത്ര വേറെയുണ്ട്‌?
അവസാനത്തെ മാർഗ്ഗം പോലും കഴിഞ്ഞിട്ടല്ലേ ക്ഥകളിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളു. നീണ്ടൊരു കാലത്തെ അതികഠിനമായ അഭ്യാസം, ച്ചിട്ട, ചടങ്ങുകൾ, ഉറക്കമിളപ്പ്‌........ഇതെല്ലാം കഴിഞ്ഞു കിട്ടുന്നതോ തുച്ഛമായ പ്രതിഫലവും. ജീവിക്കുവാൻ എങ്ങിനെ കഴിയും ഒരു കഥകളിക്കാരനായാൽ? പിന്നെ ഏതെങ്കിലും ആഢ്യഗൃഹങ്ങളിൽ ചെന്ന്‌ ഓച്ഛാനിച്ചു നിൽക്കണം. അതും എത്ര കാലം?ഇങ്ങനെ നിയരവധി ശങ്കകളും, ചോദ്യങ്ങളും, ഉപദേശങ്ങളും നാലുപുറത്തു നിന്നും കേട്ടു.

അതിനെന്തെങ്കിലുമൊരു മറുപടിയോ തീരുമാനമോ പറഞ്ഞില്ല. എന്നാൽ ഈ കേട്ടതിനേക്കാളധികം കുഞ്ചുവിന്റെ കാതുകളിൽ മുഴങ്ങിക്കേട്ടത്‌ ഒരു കഥകളിവേഷക്കാരന്റെ കാലുകളിലണിഞ്ഞ കച്ചമണിയുടെ കിലുക്കങ്ങളായിരുന്നു.


പക്ഷേ, അതു മറ്റാരും കേട്ടില്ല. അഥവാ അതുകൊണ്ട്‌ ആർക്കെന്തു പ്രയോജനം?
ദിവസങ്ങൾ ചിലതു കഴിഞ്ഞപ്പോൾ അച്ഛനമ്മമാരുടെ മനസ്സിലും ചില മാറ്റങ്ങൾ സംഭവിച്ചു. മകന്റെ ആവശ്യം തള്ളിക്കളയാൻ കഴിയാതെയായി. ഏതു വിധേനയും അതു നിവർത്തിച്ചുകൊടുക്കണം. പ്രാർത്ഥനാഭരിതമായ ദിവസങ്ങൾ.പക്ഷേ അവർ തീരുമാനിച്ചുറച്ചതു കഥകളി പഠിപ്പിക്കാനായിരുന്നില്ല. ചിത്രകല മതിയെന്നായിരുന്നു അവരുടെ മനസ്സിൽ. അതിന്‌ ഗുണപരമായി അവർക്ക്‌ പ്രത്യേകിച്ചും കുഞ്ചുവിന്റെ അച്ഛന്‌ ഒരു താങ്ങും കിട്ടി. തൃക്കിടീരി മനയിലുള്ളവർക്കു കഥകളിയേക്കാളധികം കമ്പം ചിത്രരചനയിലും കൃഷിയിലുമായിരുന്നു. പിന്നെ കച്ചവടത്തിലും. ഈ വിഷമഘട്ടത്തിൽ അവരെ സഹായിക്കാൻ സന്മനസ്സു കാട്ടിയത്‌ തൃക്കിടീരി നാരായണൻ നമ്പൂതിരിയായിരുന്നു.

കഥകളി പഠിക്കാനോ കഴിഞ്ഞില്ല, എന്നാൽ ചിത്രകലയെങ്കിലും പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ......................
അച്ഛനുമമ്മയും കേൾക്കെ കുഞ്ചു സ്വയം പറഞ്ഞ ആവലാതിയായിരുന്നു ഇതിന്റെ തുടക്കം. അതു മനസ്സിൽ കൊണ്ടുനടന്ന അച്ഛൻ, ഒരു നാൾ തന്റെ തമ്പുരാനോടൊന്നു സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളു.


ആ കാലം ഇവിടെയടുത്തൊന്നും ചിത്രകലായഭ്യാസത്തിന്റേതായ സ്ഥാപനമോ സൗകര്യമോ ഇല്ലായിരുന്നു. കന്യാക്കുമാരിക്കയച്ചു പഠിപ്പിക്കാമെന്നായിരുന്നു അദ്ദേഹമേറ്റത്‌. അതു ജീവിതത്തിലെ മറക്കാനാവാത്ത ഒരു സന്തോഷമായി മാറി. പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ചുവിന്റെ മനസ്സ്‌ വർണ്ണാഭമായ ഒരു മാസ്മരിക ലോകത്തെത്തി.


കന്യാകുമാരിക്കു പോകാൻ രണ്ടു ദിവസം കൂടിയുണ്ട്‌. വാഴേങ്കട ഒന്നു പോയി വരാം. അമ്മയുടെ കൂടെ.

ശരിയാണെന്നു തോന്നി.


അവിടെ അമ്പലത്തിന്റെ മുഖപ്പിൽ പ്രാചീനമായ ഒരു ചിത്രമുണ്ട്‌. -വിശ്വ്വവിരാട്‌ രൂപം. ! അതു നോക്കിനിൽക്കുന്നത്‌ പണ്ടും ഇഷ്ടമാണ്‌`.

എല്ലാവരോടും യാത്ര പറയണം നല്ലൊരു ചിത്രകാരനായ ശേഷം മാത്രമേ ഇനി തിരിച്ചു വരവുള്ളു. നരസിംഹാവതാരത്തിന്റെ ഒരുഗ്രൻ ചിത്രം അമ്പലത്തിന്റെ മുന്നിൽ വെക്കണം. കുഞ്ചു വരച്ചതു.

ഒരു ചിത്രകാരന്റെ മനസ്സിലുണർന്ന ചില മിന്നായങ്ങൾ.

വാഴേങ്കട ചെന്നപ്പോൾ കേട്ട വാർത്ത തീർത്തും അപ്രതീക്ഷിതമായിരുന്നു.ഒരു വേള തന്നെ തേടി വന്നത്‌ ; കുഞ്ചുവിനങ്ങിനെ തോന്നി.
ജീവിതത്തിലെ വഴിത്തിരിവുകൾ , എവിടെ വെച്ച്‌ ,എങ്ങനെ, എപ്പോൾ, ആരാണ്‌` തീരുമാനിക്കുന്നത്‌?
വാഴേങ്കട വെച്ചു കഥകളിയഭ്യാസം തുടങ്ങുന്നു. !
പിന്നെ, ഒട്ടും സംശയിച്ചില്ല.ചിത്രകല പഠിക്കാൻ നിയോഗിക്കപ്പെട്ട ജീവിതം കഥകളിക്കു വേണ്ടി മാറിനടന്നു.
ചിത്രകലയും ഇഷ്ടമാണെങ്കിലും ചെറിയൊരിഷ്ടക്കൂടുതൽ കഥകളിയോടുണ്ടായിരുന്നുവോ?

കഥകളി വേഷത്തിന്റെ വർണ്ണങ്ങളിൽ മുങ്ങിയൊഴുകാനാശിച്ച മനസ്സ്‌,മറ്റൊരു ചിത്രകാരനെപ്പോലെ!

No comments:

Post a Comment