Wednesday, March 16, 2011

അരങ്ങ്‌---12






ജീവിതത്തിൽ, കഴിഞ്ഞുപോയ ഓണങ്ങൾ, കണി കണ്ടുണരുന്ന വിഷുപ്പുലരികൾ, തിരുവാതിരക്കാലത്തെ ഊഞ്ഞാലാട്ടങ്ങൾ...............കാർഷിക സംസ്ക്കൃതിയുമായി ബന്ധപ്പെട്ടു കിടന്ന മലയാളിയുടെ ഉത്സവങ്ങൾ.



എന്നാൽ ഈ ഉത്സവങ്ങളൊന്നും തന്നെ താൻ മോഹിച്ച തന്റെ ബാല്യത്തിൽ തന്നെ സന്തോഷിപ്പിച്ചിരുന്നുവോ?



വിഷുക്കണിയും കൈനീട്ടവും താനാഗ്രഹിച്ചിരുന്നുവോ?





ഓണത്തിന്‌ മുറ്റത്തു പൂക്കളമിട്ടു പൂവ്വേ...........പൊലി വിളിച്ച്‌ മാവേലിയെ എതിരേൽക്കാൻ തന്നിലെ കുട്ടി മോഹിച്ചിരുന്നുവോ?ഇല്ലെന്നു പറയുന്നില്ല.ഓരോരുത്തർക്കും അവരവരുടേതായ ചില ചെറിയ ലോകങ്ങളുണ്ടല്ലോ.



ഒരു പക്ഷേ കുഞ്ചു അത്രക്കൊന്നും ആലോചിച്ചിട്ടുണ്ടായിരിക്കാനിടയില്ല. ഋതുഭേദങ്ങൾ മാറി വരുന്നതറിയാതെ കഥകളി വേഷങ്ങളെ സ്വപ്നം കണ്ടു നടന്ന ഒരു ബാല്യമായിരുന്നുവല്ലോ. ഇന്ന്‌ ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഒരു വേഷക്കാരനാവുക അതിലപ്പുറമൊന്നുമില്ല മനസ്സിൽ.


അതിനിടയ്ക്കായിരുന്നു അറിയാതെ ഒരു പെൺകുട്ടിയുടെ സൗഹൃദം....................സൗരഭം..............................കുഞ്ചുവിന്റെ പ്രായവും അങ്ങനെയൊരു പ്രേമോദാരമായ ചാപല്യത്തിനനുകൂലമായി .എത്ര തന്നെ ശ്രമിച്ചിട്ടും അതിൽ നിന്നു വിട്ടുപോരാൻ മനസ്സു കൂട്ടാക്കിയില്ല. ഒരു നാൾ അവൾ തുറന്നു പറഞ്ഞു.


"ഇത്ര സമയവും ഞാൻ കാത്തിരുന്നു. ഇതിനിടയിൽ ബുദ്ധിമുട്ടുകൾ പലതും വന്നുചേർന്നു. എനിക്കു മാത്രമല്ല നിങ്ങൾക്കും.ഗുരുനാഥൻ ഒരു വലിയ മനസ്സുള്ള ആളായതിനാൽ മാത്രം നിങ്ങളുടെ കഥകളിയഭ്യാസം മുടങ്ങിയില്ല. കൂടുതലൊന്നും തന്നെ എനിക്കു പറയാനില്ല. ഇനിയും വൈകിക്കാതെ എന്നെ കല്യാണം കഴിക്കണം. എന്റെ മനസ്സ്‌ മറ്റാരേയും സ്വീകരിക്കില്ല, അതു മനസ്സിലാക്കണം."


അവളുടെ ഉറച്ച വാക്കുകൾ , അതു കേട്ടപ്പോൾ ,അനുകമ്പയോ അതോ അഭിമാനമോ തോന്നിയത്‌?


അറിയില്ല.



എന്നാൽ കുഞ്ചുവിന്റെ മറുപടി, എന്താണു പറയേണ്ടതെന്ന്‌ സത്യത്തിൽ എനിക്കറിയുന്നില്ല. എന്റെ അഭ്യാസകാലം കഴിഞ്ഞിട്ടില്ല. സ്വന്തം ജീവിതമാഗ്ഗത്തിനു പോലും പരാശ്രയമാണ്‌ ഗതി. സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ എനിക്കു പറ്റില്ല. ഈ ആഗ്രഹത്തിൽ നിന്നു എന്നെ ഒഴിവാക്കുകയായിരിക്കും നമുക്കു രണ്ടുപേർക്കും നല്ലത്‌. "



ഇത്രയും കേട്ടപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞുതുടങ്ങി. ഉശിരും ചുണയുമില്ലാത്തൊരു കാമുകനായിപ്പോയി എന്തു ചെയ്യാൻ?

ആ പെൺകുട്ടിയുടെ മട്ടും ഭാവവും കണ്ടിട്ട്‌ കുഞ്ചു വല്ലാതെ വിവശനായി. അവളുടെ വിഷമം ഒട്ടൊന്നു ശമിച്ചപ്പോൾ അവൾ വീണ്ടും പറഞ്ഞു. "ഈയൊരു കാരണം കൊണ്ടു നിങ്ങളുടെ അഭ്യാസത്തിന്‌ എന്തെങ്കിലും മുടക്കങ്ങൾ വരുത്തണമെന്ന്‌ ഒരിക്കലും ഞാനാഗ്രഹിക്കുന്നില്ല. മറിച്ച്‌ അഭ്യാസകാലം കഴിഞ്ഞു എത്രയും വേഗം ആളുകളുടെയിടയിൽ അറിയപ്പെടുന്ന ഒരു കഥകളിക്കാരനായി ഉയരണമെന്നു മാത്രമാണ്‌ എന്റെ മനസ്സിൽ. പ്രാർത്ഥനയും, അവൾ തുടർന്നു

"എന്നെ കല്യാണം കഴിച്ചുവേന്നതുകൊണ്ട്‌ അഭ്യാസത്തിന്‌ മുടക്കം വന്നുകൊള്ളണമെന്നില്ല. പിന്നെ, പ്രായം കുട്ടിയൊന്നുമല്ലല്ലോ നിങ്ങൾ? കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രായമൊക്കെയായില്ലേ??

കൃത്യമായി ഒരു മറുപടി പറയാൻ കഴിയാതെ കുഞ്ചു.

അയാളുടെ മുഖത്തു മാത്രമല്ല ,അടി മുതൽ മുടി വരെ ആ വിഷമം പടർന്ന്നതായിതോന്നി.

വീണ്ടും അവൾ, ആ ചെറുപ്പക്കാരനെ ധൈര്യവാനാക്കി. ഇനി നിങ്ങൾക്കു ഇക്കാര്യം നടത്തുവാൻ പണമില്ലെങ്കിൽ എന്റെ കൈയ്യിലുണ്ട്‌. എന്നെ കല്യാണം കഴിച്ചുവേന്നറിഞ്ഞാൽ നിങ്ങളുടെ ഭക്ഷണം മുടങ്ങുമെങ്കിൽ എന്റെ വീട്ടിൽ സന്തോഷത്തോടെ കഴിയാം. ഇവിടെ എല്ലാവർക്കും അതിനു സമ്മതമാൺ`. അതാലോചിച്ചും വിഷമിക്കേണ്ട. യാതൊരു കാരണവശാലും നിങ്ങളുടെ അഭ്യാസം മൂടങ്ങില്ല.



ഇത്രയൊക്കെപ്പറഞ്ഞിട്ടും കുഞ്ചുവിന്റെ മറുപടി നീണ്ടൊരു മൗനം മാത്രമായിരുന്നു.

"ഒരു കാര്യം എനിക്കുറപ്പാണ്‌ ,അതെന്തെന്നാൽ എനിക്ക്‌ ഈ ജന്മത്തിൽ അഥവാ മറ്റൊരാളെ കല്യാണം കഴിക്കേണ്ടി വന്നാൽ അന്നു ഞാൻ ഏതു വിധേനയെങ്കിലും എന്റെ ജീവിതം നിങ്ങൾക്കുവേണ്ടി അവസാനിപ്പിക്കും. അപ്പോൾ മാത്രം നിങ്ങളെന്നെ മനസ്സിലാക്കും. "



പിന്നീടെന്തെങ്കിലുമൊന്നവൾ പറഞ്ഞില്ല. രണ്ടുമൂന്നുദിവസത്തേക്ക്‌ കുഞ്ചുവിന്റെ മനസ്സിൽ അതുമാത്രമായിരുന്നു. ആ പെൺകുട്ടിയെ മറക്കാനിനി തനിക്കാവുമോ? അവൽക്കു തന്നോടുള്ള അടുപ്പം , സ്നേഹം, അതിന്റെ ആത്മാർത്ഥത പരീക്ഷിക്കപ്പെടാനുള്ളതായിരിക്കരുത്‌.

എങ്ങനെ ഏതു വിധത്തിൽ ഒരു തീരുമാനമെടുക്കും?

ഗുരുനാഥൻ മാത്രമാണിപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ തുണ.
ഈയൊരു കാര്യം പറയാനുള്ള ധൈര്യമില്ല. കഥകളിക്കും ശിഷ്യന്മാർക്കും വേണ്ടി മാത്രം ഓരോ നിമിഷവും ജീവിക്കുന്ന ഒരു ശുദ്ധാത്മാവ്‌. ആ മനുഷ്യൻ , ദേഷ്യപ്പെടുകയോ ശിക്ഷിക്കുകയോ എത്രവേണമെങ്കിലും ചെയ്തോട്ടെ. അതൊക്കെ സഹിക്കാം. പക്ഷേ, അഥവാ ആ മനുഷ്യൻ വേദനിച്ചാൽ....അതിന്റെയാഘാതം.......................

അതു സഹിക്കാൻ തനിക്കാവില്ല. കുഞ്ചുവിന്‌ തോന്നി.

അതേ സമയം ആ പെൺകുട്ടിയെ ഉൾക്കൊള്ളാതിരിക്കാനും കഴിഞ്ഞില്ല. എന്തു തന്നെ സംഭവിച്ചാലും അവളെത്തന്നെ കല്യാണം കഴിക്കണം. ഇളക്കമില്ലാത്തൊരു തീരുമാനം എങ്ങനെയോ മനസ്സിലുണ്ടായി. ഒരു പക്ഷേ ഇങ്ങിനെയൊക്കെത്തന്നെയായിരിക്കാം സംഭവിക്കേണ്ടത്‌. അതിൽ നിന്നെത്ര നാൾ ഓടിയൊളിക്കാൻ കഴിയും?അവരെ സംഭന്ധിച്ചും അതല്ലേ സത്യം?


പിന്നീടവളെ കണ്ടപ്പോൾ ആദ്യം പറഞ്ഞു


"ഞാൻ നല്ലോണം ആലോചിച്ചു. എന്നാൽ അതിന്‌ ഒട്ടും ധൃതിപ്പെടാതിരിക്കൂ"


അതു കേട്ടപ്പോൾ ആ പെൺകുട്ടിയുടെ മുഖം ഒരു "പ്രേമ" താമരയായി വിടർന്നതു പോലെ തോന്നി, കുഞ്ചുവിന്‌..............!









Saturday, March 5, 2011

അരങ്ങ്‌-11

ഊഷ്മളവും ഉർവ്വരവുമായ ഒരു പ്രണയം. കുഞ്ചുവിന്റേയും ആ പെൺകുട്ടിയുടേയും.

മനസ്സിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന പരസ്പര ബന്ധിതമായ ജീവിതത്തിന്റെ തായ്‌വേരുകൾ.
ഗുരുനാഥനും നാട്ടുകാർക്കും മറ്റെല്ലാവർക്കുമതു മനസ്സിലായി.കുറ്റപ്പെടുത്തുന്ന തരത്തിൽ ആരും ഒന്നും പറഞ്ഞില്ല. കാരണം ഒട്ടും രഹസ്യമായിരുന്നില്ല ആ ബന്ധം. തുറന്ന മനസ്സും ജീവിതവും അതിലപ്പുറമൊന്നുമില്ല. കാര്യങ്ങൾ അത്രത്തോളമെത്തിക്കഴിഞ്ഞു.

എനിയോ?
അവൾ എന്തെല്ലാം പറഞ്ഞാലും തീരുമാനിച്ചാലും തനിക്കതിനാവുമോ? വിവാഹം സ്വപ്നത്തിൽപ്പോലുമോർത്തില്ല.

പ്രായം, വരുമാനമില്ലായ്മ, അതുലുപരി അഭ്യാസകാലം കഴിഞ്ഞിട്ടുമില്ല. ഇതെല്ലാം അവൾക്കുമറിയാം. അവളെ വിവാഹം കഴിക്കുന്നതിൽ ഗുരുനാഥന്‌ മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ലെങ്കിലും അതിനു ശരിയായ സമയവും സന്ദർഭവും അതല്ല എന്ന ഉറച്ച ബോധം അദ്ദേഹത്തിനുണ്ടായിരുന്നുവേന്നത്‌ തീർച്ചയാണ്‌. എന്നു വിചാരിച്ച്‌ ഈ ഒരു കാരണം കൊണ്ട്‌ അദ്ദേഹം അഭ്യസിപ്പിക്കുന്നത്‌ മതിയാക്കി തിരിച്ചു പോവുകയില്ലെന്ന ദൃഢവിശ്വാസം കുഞ്ചുവിനുണ്ടായിരുന്നു. അത്ര മാത്രം തിളക്കമാർന്ന ഒരു ഗുരുശിഷ്യബന്ധം അവർക്കിടയിൽ പ്രബലമായിക്കഴിഞ്ഞിരുന്നു. .എന്നാലും ഈയൊരു പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടുത്താൻ അദ്ദേഹം ആവും വിധത്തിൽ ഉപദേശിച്ചു. പല പ്രകാരത്തിലും അദ്ദേഹം അതിനു ശ്രമിച്ചു നോക്കി. സ്നേഹാധിക്യംകൊണ്ടുള്ള ശാസനയും തൂടങ്ങി.

യാതൊരു വിധത്തിലും കുഞ്ചുവിനെ വിട്ടുപോകുവാൻ അദ്ദേഹത്തിനു വയ്യ. ഗുരുനാഥനെ അനുസരിക്കാതിരിക്കുന്ന അവസ്ഥ കുഞ്ചുവിനും ആലോചിക്കാനേ പറ്റുന്നില്ല. എന്തു ചെയ്യണം? എന്തു ചെയ്യരുത്‌? എന്നറിയാത്തൊരവസ്ഥയിൽ ഇഴഞ്ഞു നീങ്ങിയ ദിവസങ്ങൾ. എന്നാൽ ഏതെല്ലാം വിധത്തിൽ എത്രത്തന്നെ അമർത്തിവെച്ചിട്ടും ആ പ്രണയബന്ധത്തിന്‌ മുമ്പത്തേക്കാളുമാഴത്തിൽ ശക്തിയും വിശ്വാസവും കൂടി വന്നു.
അടുത്തേങ്ങാനുമുള്ള കളിക്കു കുഞ്ചുവിന്റെ വേഷമുണ്ടെന്നറിഞ്ഞാൽ അവൾ അമ്മയേയോ മറ്റോ കൂട്ടി കളി കാണാനെത്തും. അണിയറയ്ക്കു പുറത്തുവെച്ച്‌ അഥവാ കണ്ടാൽ സധൈര്യം സംസാരിക്കും. അങ്ങനെ ഈ കഥ മറ്റു പലയിടത്തേക്കും പടർന്നു പിടിച്ചു. എന്തെല്ലാം പറഞ്ഞു പരത്തിയാലും അവൾക്കു യാതൊരു വിധ സങ്കോചവും തോന്നിയില്ല. ഇങ്ങനെയുള്ളൊരു ഘട്ടത്തിൽ കുഞ്ചുവിനു പലവിധ ആക്ഷേപങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നു. അതു സ്വാഭാവികമെന്നു കരുതി മിണ്ടാതിരിക്കുവാനും കഴിഞ്ഞില്ല. ആളുകൾ അവരുടെ കാര്യത്തേക്കാളുപരി കുഞ്ചുവിന്റേയും ആ പെൺകുട്ടിയുടെയും കാര്യത്തിലിടപെട്ട്‌ ആവശ്യമില്ലാതെ പലതും പറഞ്ഞുതുടങ്ങി. തമ്മിലിഷ്ടമാണ്‌ പിരിയാനാകാത്തവിധം. അതു സത്യവുമായിരുന്നു. പക്ഷേ അതിലപ്പുറം കുടുംബത്തിനും സംസ്ക്കാരത്തിനും യോജിക്കാത്ത തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റരീതികൾ , അങ്ങനെയൊന്നുണ്ടായിട്ടെ ഇല്ല.

കുഞ്ചു, തന്നിഷ്ടപ്രകാരം ഇങ്ങിനെയൊരു വിവാഹം ചെയ്താൽ പിന്നെ അയാളുടെ കളിയഭ്യാസം മാത്രമല്ല കഥകളിജീവിതം തന്നെ സംശയമായിരിക്കും. ,അവളെ കല്യാണം കഴിക്കാൻ കൊതിച്ചുനടക്കുകയല്ലാതെ അതൊരിക്കലും സാധിക്കയില്ല. വേണ്ടിവന്നാൽ അയാൾക്കുള്ള ഭക്ഷണം പോലും നിർത്തിവെക്കും എന്നു തുടങ്ങി അവരവർക്കു തോന്നും പോലെ നിരവധിയായ ആക്ഷേപങ്ങൾ. ഇതെല്ലാം ഭക്ഷണം തന്നിരുന്ന ജ്യേഷ്ഠന്റെ കാതിലുമെത്തി. തീരെ താത്പര്യമില്ലാതെയാണെങ്കിലും ഭക്ഷണം അവിടെനിന്നാണല്ലോ കിട്ടിക്കൊണ്ടിരിക്കുന്നത്‌. പക്ഷേ ഇതെല്ലാമറിഞ്ഞപ്പോൾ നീരസം കുറേക്കൂടി വർദ്ധിച്ചു.



ഒരു ദിവസം വൈകുന്നേരം അഭ്യാസം കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങനെയുള്ള പ്രതിസന്ധികളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നുവെങ്കിലും കളരിയിൽ ചെന്നാൽ കുഞ്ചു വേറൊരാളായിത്തീർന്നു. അഭ്യാസത്തിന്റെ കാര്യത്തിൽ അതീവജാഗ്രതയും ആത്മാർത്ഥതയുമുള്ള ഗുരുവിന്റെ മനസ്സറിഞ്ഞ ഒരു വാസനാശാലിയായ ശിഷ്യനായിരുന്നു. ഗുരുനാഥനും അതിലപ്പുറമുള്ള എന്തെങ്കിലും കാര്യത്തിൽ അത്ര താത്പര്യവുമില്ലായിരുന്നു. പതിവു പോലെ അമ്പലത്തിൽ തൊഴുത്‌ സന്ധ്യ കഴിയുന്നതോടു കൂടി ജ്യേഷ്ഠന്റെ വീട്ടിലെത്തി. അവിടെയെത്തുമ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നിരുന്നു. സാധാരണ പതിവില്ലാത്തത്‌, കുറേ നേരം പുറത്തു കാത്തു നിന്നു. പല പ്രാവശ്യം വിളിച്ചു നോക്കി. യാതൊരനക്കവുമില്ല. വല്ലാത്തൊരു മനസ്താപം തോന്നി. തിരിച്ചു നടന്നു. രാത്രിയഭ്യാസത്തിന്‌ ,കളരിയിലേക്ക്‌, രാച്ചൊല്ലിയാട്ടത്തിന്റെ കാലം. ഉത്സാഹത്തിലാണ്ട ഗുരു. അദ്ദേഹം കുഞ്ചുവിന്റെ മുഖത്തു നോക്കി. വല്ലാതെ വാടിത്തളർന്ന മുഖം. ഇങ്ങനെ പതിവില്ലല്ലോ. അദ്ദേഹത്തിന്‌ തോന്നി. എന്തോ പന്തികേടുണ്ട്‌. സംശയമില്ല.

(നേരിട്ടാകുമ്പോൾ "താൻ" എന്നും കുഞ്ചുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയുമ്പോൾ "മൂപ്പര്‌" എന്നും മുതിർന്നപ്പോൾ "കുഞ്ചു നായർ" എന്നുമായിരുന്നു അവസാനം വരേയും ഗുരു വിളിച്ചതു. ശ്രീമാൻ തേക്കിങ്കാട്ടിൽ രാമുണ്ണി നായർ)

"എന്താണ്‌ തനിക്കിത്ര ക്ഷീണം?

ഗുരുനാഥൻ ചോദ്യം ആവർത്തിച്ചു. നിർബന്ധിച്ചു.
മടിച്ചുകൊണ്ടാണെങ്കിലും ഉണ്ടായ സംഗതികൾ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം കുഞ്ചുവിന്റെ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയോട്‌ (പൂളക്കുന്നത്ത്‌ കുഞ്ഞുണ്ണി നായർ.കുഞ്ചുനായരുടെ കൂടെ കച്ച കെട്ടിയ വിദ്യാർത്ഥി താളബോധത്തിൽ അദ്വതീയൻ. എല്ലാ കഥയിലേയും കൃഷ്ണൻ പ്രസിദ്ധ വേഷം. കഥകളിയഭ്യാസം കഴിഞ്ഞു താമസിയാതെ സിലോണിൽ പോയി നൃത്തം പഠിപ്പിച്ചു. ഏറെക്കാലം കഴിഞ്ഞു സമ്പന്നനായി തിരിച്ചുവന്നെങ്കിലും പിന്നീടു സ്വന്തം ജീവിതത്തിൽ പലവിധത്തിലൂള്ള താളക്കേടുകൾ സംഭവിച്ചു. കുറച്ചു വർഷം മുമ്പ്‌ നിര്യാതനായി.)കുഞ്ചുവിനെ കൊണ്ടുപോയി വേഗം ഭക്ഷണമെന്തെങ്കിലും കൊടുക്കൂ എന്നു പറഞ്ഞു.
അന്നു രാത്രി ആ സഹപാഠിയുടെ വീട്ടിൽ നിന്നു ഭക്ഷണം കിട്ടി. അതിന്റെ സ്വാദും രുചിയും പറയാൻ വയ്യ. !

പിറ്റേന്നാൾ ജ്യ്യേഷ്ഠന്റെ വീട്ടിലേക്ക്‌ തന്നെ പോയി. തലേ ദിവസത്തെ സംഭവത്തെക്കുറിച്ച്‌ അറിഞ്ഞതായി അന്യോന്യം ഭാവിച്ചില്ല. ഇങ്ങിനെ പലേ വിധത്തിലൂള്ള സമ്മർദ്ദങ്ങളും പ്രതികൂല സാഹചര്യങ്ങളും അഭ്യാസത്തിന്റെ തുടക്കം മുതൽ വിടാതെ പിടികൂടി. ഒരൊഴിയാ ബാധ പോലെ!

അതിനെല്ലാമിടയിൽ നീക്കുപോക്കില്ലാതെ തുടർന്ന അഭ്യാസം. ഈ എതിർവ്വാഴ്‌വുകളിൽ എന്നെങ്കിലും കുഞ്ചുവിനു തോന്നിയോ ഒരു കഥകളിക്കാരനാകേണ്ടിയിരുന്നില്ലെന്ന്‌?

Friday, March 4, 2011

അരങ്ങ്‌--10





അമ്പലമുറ്റത്തുള്ള വലിയ ആൽമരത്തിന്റെ ഇല മുഴുവൻ കൊഴിഞ്ഞു. പിന്നെ ഇളം തളിരുകൾ പൊട്ടി. ഋതുസ്നാനം കഴിഞ്ഞൊരു കന്യകയെപ്പോലെ തരളിതയായി നിന്നു.

കഥകളിയഭ്യാസത്തിന്റെ ഈറ്റുനോവുകൾ വഴിപിരിഞ്ഞു. ഓരോ വേഷങ്ങളെക്കുറിച്ചുള്ള പകൽക്കിനാവുകളിൽ മുഴുകി. അതിനിടയിൽ യാദൃച്ഛികമായി മനസ്സിൽ മറ്റൊരു കേളിക്കൊട്ടിന്റെ മന്ത്രധ്വനിയുണർന്നു.

ചില ചെറുകിട വേഷങ്ങൾ കെട്ടിയിരുന്ന ഒരു വേഷക്കാരൻ, അമ്പലത്തിന്റെ കുറച്ചപ്പുറത്ത്‌ താമസിച്ചിരുന്നു. കണാരൻ നായർ എന്നായിരുന്നു പേര്‌. ചെത്തല്ലൂരായിരുന്നു സ്വദേശമെങ്കിലും വാഴേങ്കടയിലുള്ള ഭാര്യവീട്ടിലായിരുന്നു കൂടുതലും താമസിച്ചതു. അഭ്യാസത്തിനിടെ വല്ലപ്പോഴുമൊക്കെ കാണാറുണ്ട്‌. അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാർ സാമാന്യം കൃഷിയും മറ്റുമുള്ള കൂട്ടത്തിലുള്ളവരായിരുന്നു. കഥകളിയോടു അതിരു കവിഞ്ഞ കമ്പമൊന്നുമില്ല. അയ്യപ്പൻവിളക്കായിരുന്നു പ്രധാനം. അദ്ദേഹത്തിനു മൂന്നു പെണ്മക്കളും ഒരു മകനുമായിരുന്നു.

കളരിയിലേക്ക്‌ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ആ വീടിന്റെ പടിക്കൽക്കൂടെ വേണ്ടിയിരുന്നു പോകുവാൻ. ഈ സന്ദർഭങ്ങളിലും അമ്പലമുറ്റത്തുള്ള ആൽച്ചുവട്ടിൽ വെച്ചു ഇടയ്ക്കിടെ ഒരു പതിനഞ്ചുകാരി പെൺകുട്ടി തന്നെ ശ്രദ്ധിക്കുന്നതായി മനസ്സിലാക്കി. അത്രയ്ക്കു ഗൗരവമായെടുത്തില്ല അത്‌. എന്തെങ്കിലുമൊന്നു മിണ്ടിപ്പറഞ്ഞതുമില്ല. പിന്നെ ചിലപ്പോഴെല്ലാം കളരിയിൽ വന്നു ഒതുങ്ങി മാറി നിൽക്കും. കുഞ്ചുവിന്റെ ചൊല്ലിയാട്ടം ശ്രദ്ധിച്ചു കൊണ്ട്‌ വല്ലപ്പോഴുമുള്ള നിർദ്ദോഷമായ ഒരു ചെറുചിരിയിൽ ആ പരിചയം വളർന്നുവന്നു.


അതു താനും അറിഞ്ഞിരുന്നില്ലേ?

അറിയില്ല. അത്രയൊന്നും ആഴത്തിൽ അതേക്കുറിച്ച്‌ ഓർത്തില്ല.

ഒരു നാൾ ആ പെൺകുട്ടിയെ കണ്ടപ്പോൾ അവളുടെ മുഖത്ത്‌ വല്ലാത്തൊരു ഭാവമാറ്റം ശ്രദ്ധിച്ചു. എന്താണെന്നൊന്നും ചോദിച്ചില്ല. അത്രത്തോളമുള്ള അടുപ്പവുമുണ്ടായിരുന്നില്ല പുറമേക്ക്‌. എന്നാൽ ഉള്ളിലേക്കുണ്ടായിരുന്നുതാനും. കാരണം ചിലപ്പോഴൊക്കെ ഒന്നു കാണാൻ കൊതിച്ചു എന്നതൊഴികെ മറ്റൊരു തരത്തിലുള്ള പ്രണയഭരിതചിന്തകളും കുഞ്ചുവിന്റെ മനസ്സിലുണ്ടായിട്ടില്ല. എത്രയും വേഗം കഴിവുറ്റ ഒരു കഥകളിനടനായിത്തീരുകയെന്ന ദൃഢലക്ഷ്യത്തിൽ മാത്രം ശ്രദ്ധയൂന്നിയ കാലമായിരുന്നു അത്‌. ആ വസ്തുത ഗുരുവും തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. പരസ്പരമുള്ള ആ തിരിച്ചറിവിൽ എന്തെന്നില്ലാത്ത ഒരു ശിഷ്യവാത്സല്യം അനുഭവിച്ചറിഞ്ഞ നാളുകൾ. ഗുരുപൂർണ്ണിമയുടെ ധവളപ്രകാശം.!


വീണ്ടും ചില ദിവസങ്ങൾ കഴിഞ്ഞു. അമ്പലത്തിലേക്കുള്ള പാടവരമ്പത്തുവെച്ച്‌ പിന്നെയും ആ പെൺകുട്ടിയെ കണ്ടു. കുറച്ചു ധൈര്യമൊക്കെ സംഭരിച്ച്‌ എന്തെങ്കിലുമൊന്ന്‌ ചോദിക്കാനാഗ്രഹിച്ചു. ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടിയോട്‌ ആദ്യമായി സംസാരിക്കാൻ പോകുന്ന നിമിഷം. സ്വതവേയുള്ള ലജ്ജ. സങ്കോചം. എന്നാലും ചോദിക്കുക തന്നെ ചെയ്തു.

"എന്തൊക്കെയാണു വർത്തമാനം"?

പ്രണയത്തിന്റേയോ പ്രേമത്തിന്റേയോ തൂവൽസ്പർശമില്ലാത്ത ഒരു വെറും ചോദ്യം

അവളുടെ മറുപടി പെട്ടെന്നായിരുന്നു.

"എന്റെ വർത്തമാനങ്ങളന്വേഷിക്കേണ്ട ചുമതല നിങ്ങൾക്കെന്താണുള്ളത്‌?

"ഒന്നുമില്ലെങ്കിലും ചോദിച്ചുവേന്നേയുള്ളു"

തെല്ലൊന്നന്ധാളിച്ചുകൊണ്ടു പറഞ്ഞു നടന്നു

അവളുടെ ആ ചോദ്യത്തിലൊളിഞ്ഞിരുന്ന ഈർഷ്യ മറ്റൊന്നുകൊണ്ടുമായിരുന്നില്ലേന്ന്‌ മനസ്സിലാക്കാൻ അധികനാൾ കഴിയേണ്ടി വന്നില്ല. കുഞ്ചുവിനോടു അത്യധികമായ പ്രണയവിശ്വാസങ്ങൾ ആ കുട്ടിക്കുണ്ടായിരുന്നുവെങ്കിലും തിരിച്ചങ്ങോട്ട്‌ അതിനനുസരിച്ചുള്ള ഒരു പ്രതികരണമുണ്ടായിരുന്നില്ല. അവളുടെ വീട്ടുകാർ ഭേദപ്പെട്ട തറവാട്ടുകാരും കൃഷിയും ഭൂമിയുമുള്ളവരായിരുന്നു. ചില കളിസ്ഥലത്തുവെച്ചെല്ലാം അവളുടെ അച്ഛനെ കാണാറുന്റേങ്കിലും ഒന്നും പറയുക പതിവില്ല. അതു മാത്രമല്ല ഒരു പേൺകുട്ടിയുമായുള്ള പ്രേമബന്ധത്തെക്കുറിച്ചൊന്നും തന്നെ ഓർക്കുവാൻ തീരെ ശ്രമിച്ചതുമില്ല. അഥവാ അത്തരത്തിലുള്ള എന്തെങ്കിലും തോന്നിയതുമില്ല.


എന്നാൽ ഈ കൂടിക്കാഴ്ച്ചക്കു ശേഷം അവിചാരിതമായി കുഞ്ചുവിന്റെ മനസ്സിലും ചില ഉൾത്തുടിപ്പുകളുണ്ടായി. ആ പെൺകുട്ടിക്കാണെങ്കിൽ കുഞ്ചുവിനോടുള്ള പ്രണയവായ്പ്പ്‌ അഗാധമായിരുന്നു. അതു തെളിയിക്കും വിധമായിരുന്നു പിന്നീടുള്ള നാളുകൾ പുലർന്നത്‌.

ഏതു വിധേനയെങ്കിലും കുഞ്ചുവിനെ അവളുടെ വീട്ടിലേക്കു വരുത്താനായി ശ്രമിച്ചുകൊണ്ടിരുന്നു. അതിനു വേണ്ടി അമ്മയെ നിർബന്ധിച്ചിരുന്നു. സമ്മതം കൊടുക്കുന്ന കാര്യത്തിൽ അമ്മയുടെ മുമ്പിൽ മറ്റു ചില പ്രധാന തടസ്സവാദങ്ങളുണ്ടായിരുന്നു. കാരണം മറ്റൊന്നായിരുന്നില്ല. ആ കാലത്ത്‌ പതിൻആല്‌- പതിനഞ്ച്‌ വയസ്സു തികഞ്ഞാൽ പെൺകുട്ടികളെ വിവാഹം കഴിച്ചയച്ചിരുന്നു. കുഞ്ചുവിനേക്കാൾ ഉയർന്ന നിലയും ധനസ്ഥിതിയുമുള്ള കുടൂംബങ്ങളിൽ നിന്ന്‌ അവൾക്കു മൂന്നോ നാലോ വിവാഹാലോചനകൾ വന്ന സമയം. ഓരോരോ കാരണങ്ങൾ പറഞ്ഞ്‌ അവൾ അതിൽനിന്നെല്ലാം ഒഴിഞ്ഞുമാറി. ആദ്യമാദ്യം എതിർപ്പുകൾ അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നെ വീട്ടുകാർ അൽപ്പം ദേഷ്യത്തിൽ തന്നെ പെരുമാറിത്തുടങ്ങി. കണ്ടതിനും തൊട്ടതിനുമെല്ലാം ദേഷ്യപ്പെട്ടു. എന്നാൽ എന്തു തന്നെ പറഞ്ഞിട്ടും ഒടുവിൽ ഭീഷണിപ്പെടുത്തുക വരെ ചെയ്തിട്ടും ആ പെൺകുട്ടിയുടെ മനസ്സിന്‌ യാതൊരിളക്കവും സംഭവിച്ചില്ല. ദിവസം ചെല്ലുമ്ന്തോറും മനസ്സും ശരീരവും ക്ഷീണിച്ചു വന്നു.

അവളുടെ ഈ ദുഃസ്ഥിതിയിൽ ദൈവഗത്യാ ഒരാൾക്ക്‌ അനുതാപം തോന്നി കുട്ടിമാമ എന്നു വിളിക്കുന്ന അവളുടെ അമ്മയുടെ സഹോദരൻ. ൻഅല്ലൊരു കൃഷിക്കാരനും നാട്ടിലെല്ലാവർക്കും സമ്മതനുമായിരുന്നു കുട്ടിമാമ. അദ്ദേഹം അവളുടെ അച്ഛനോടും അമ്മയോടും കുടുംബാംഗങ്ങളോടുമായി പറഞ്ഞു.

"ഇക്കാര്യത്തിൽ ഇനിയെന്തായാലും അവളുടെ ഇഷ്ടപ്രകാരം ചെയ്താൽ മതി. ഇതിന്റെ പേരിൽ അവളെയിനി ഒരു തരത്തിലും ഉപദ്രവിക്കരുത്‌"

അതിനുശേഷം ആരും ദേഷ്യപ്പെട്ടില്ല. കുറ്റപ്പെടുത്തിയിട്ടില്ല.

കാര്യങ്ങൾ ഈവിധം തിളച്ചുമറിഞ്ഞു. ഇതിനിടയിൽ വീണ്ടും അമ്മയുടെ സമ്മതത്തിനുവേണ്ടി ഇടതടവില്ലാതെ ശ്രമിച്ചുകൊണ്ടിരുന്നു. നിർബന്ധം കൂടിക്കൂടിവന്നു. അമ്മയ്ക്കു മകളുടെ ആഗ്രഹ്ത്തിനു വഴങ്ങേണ്ടി വന്നു. അവൾ കോട്ടയിലമ്മയ്ക്കു നെയ്പ്പായസം നേർന്നു. (കോട്ടക്കുന്നിലെ അതിപുരാതനമായ ദുർഗ്ഗക്ഷേത്രം)ആഗ്രഹ സാഫല്യത്തിന്റെ പ്രതീകമായിരുന്നു അവിടത്തെ നെയ്പ്പായസം നൈവേദ്യം.

അഭ്യാസമില്ലാത്ത ഏതോ ദിവസം .കൃഷിപ്പണിയുടെ തിരക്കുമില്ല. കളരിയിൽ ഒറ്റയ്ക്കിരുന്നു എന്തോ പകർത്തിയെഴുതുകയായിരുന്നു. അപ്പോൾ കുഞ്ചുവിനെയന്വേഷിച്ചു ഒരു ചങ്ങാതി വന്നു. വാഴേങ്കടക്കാരൻ തന്നെ.

അവളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുചെല്ലാൻ വേണ്ടി പറഞ്ഞയച്ചു വന്നത്‌. കാര്യമെന്തെന്നന്വേഷിച്ചു. പക്ഷേ അതൊന്നുമറിയില്ല അയാൾക്ക്‌. പെട്ടെന്നെന്തുചെയ്യണമെന്നറിഞ്ഞില്ല. ഒരു നിമിഷം ആലോചിച്ചു.

ഏതായാലും കൂടെ നടന്നു. അവിടെ ചെന്നപ്പോൾ .ആ പെൺകുട്ടിയുടെ കുലീനവും തറവാടിത്തവുമുള്ള സ്വഭാവവിശേഷങ്ങളും സംസാരരീതികളും നേരിട്ടറിഞ്ഞപ്പോൾ അവൾക്കിത്രമാത്രം ഗാഢാനുരാഗം തന്നോടുണ്ടെന്നു ഒരു വിസ്മയം പോലെ മനസ്സിലാക്കൻ കഴിഞ്ഞു. അതുവരെ മനസ്സിലാക്കാൻ കഴിയാതിരുന്നതും.


ഇടയ്ക്കിടയ്ക്കു അവളുടെ വീട്ടിൽ ചെല്ലണം സംസാരിച്ചിരിക്കണം. അതുമാത്രമായിരുന്നു അവളുടെ ആവശ്യം.
അന്ന്‌, ആദ്യമായി ആ പെൺകുട്ടിയോട്‌ അസാധാരണമായ ഒരടുപ്പം ഉടലെടുത്തു. വിവാഹത്തെക്കുറിച്ച്‌ എന്തെങ്കിലും സംശയിക്കുകയോ അവൾ അങ്ങിനെ പറയുകയോ ചെയ്തിട്ടില്ലെങ്കിലും.

പിന്നീട്‌ ചിലപ്പോഴെല്ലാം അവിടെ പോവുക പതിവായി. അവിടെയുള്ളവർക്കും അതിലപ്രിയം തോന്നിയില്ല.


ചൊല്ലിയാട്ടം കാണാൻ ഇടയ്ക്കിടെ അവളും കളരിയിലേക്കു വരാൻ തുടങ്ങി. പിന്നീടതും ഒരു പതിവായിത്തീർന്നുവോ?

അതുമാത്രമല്ല , മിക്ക ദിവസങ്ങളിലും പാലോ, മറ്റെന്തെങ്കിലും ഭക്ഷണമോ കൊടുത്തയയ്ക്കും. അവളുടെ വീട്ടിലല്ലാതെ മറ്റാരും തന്നെ ഇതൊന്നുമറിഞ്ഞില്ല. അതിനൊത്തൊരു കൂട്ടുകാരിയുമുണ്ടായിരുന്നു. അതുമല്ലെങ്കിൽ കുഞ്ചുവിന്റെ കൂട്ടുകാരൻ വഴിക്കും.

വിവാഹം കഴിയുന്നതിനു മുൻപ്‌ മറ്റുള്ളവർ കാൺകെ സംസാരിക്കുന്നതിനും മറ്റും രണ്ടുപേർക്കും ഈഷലുണ്ടായിരുന്നു. എന്തിനു വെറുതേ മറ്റുള്ളവരെക്കൊണ്ടു ഓരോന്നെല്ലാം പറയിപ്പിക്കണം?
ഇടയ്ക്കിടെയുണ്ടായ ഈ കൂടിക്കാഴ്ച്ചയിൽ മറക്കാനാകാത്ത ഒരു സംഭവമുണ്ടായി. അതൊരു മഹാപരാധമായിപ്പോയോ എന്നുപോലും ഒരു നിമിഷനേരത്തേക്കു മനസ്സിലാഞ്ഞുതറച്ചു.

ഒരു ദിവസം ഉച്ച തിരിഞ്ഞു ഗുരുനാഥന്റെ മുറിയുടെ മുൻവശത്തുള്ള പടിയിന്മേൽ വെച്ച്‌ ചെല്ലത്തിൽ മുറുക്കാനുള്ള സാമഗ്രികൾ ശരിയാക്കി വെയ്ക്കുകയായിരുന്നു. അപ്പോൾ അപ്രതീക്ഷിതമായി ആ പെൺകുട്ടി അവിടെ വന്നു. ഉടൻ തന്നെ "ഒരു നല്ല തളിർവ്വെറ്റില എനിക്കും തരൂ" എന്നു പറഞ്ഞു. സംശയിച്ചില്ല. അവൾ പറഞ്ഞതുപോലെയൂള്ള ഒരു വെറ്റിലയെടുത്തുകൊടുത്തു.

പ്രണയത്തിന്റെ പദ്മദളങ്ങൾ വിടർന്ന അവളുടെ മുഖം!

പെട്ടെന്നീ കാഴ്ച്ച കണ്ടുകൊണ്ട്‌ ഗുരുനാഥൻ വന്നുകയറി. ദുർവ്വാസാവിന്റെ മട്ടാകുമോ എന്നു ഭയന്ന്‌ ഉള്ളാകെ പതച്ചു. അവൾ തല താഴ്ത്തി അവളുടെ വീട്ടിലേക്കും കുഞ്ചു ഇതികർത്തവ്യതാമൂഢനായി അവിടെത്തന്നെ നിൽക്കുകയും ചെയ്തു. ഇതെന്തെങ്കിലും കണ്ടുവേന്നോ കേട്ടുവേന്നോ നടിക്കാതെ അദ്ദേഹം മുറിയിൽകയറി. ഒരൊളിമിന്നൽ പോലെ അദ്ദേഹത്തിന്റെ മുഖഭാവമൊന്നു കണ്ടു.
ഇല്ല;

ആ മുഖത്ത്‌ കോപത്തിന്റേതായ യാതൊരാളിക്കത്തലുമില്ല. തികഞ്ഞ ശാന്തം.

ഗുരുകൃപ എന്നല്ലാതെ എന്തു പറയാൻ?



Tuesday, March 1, 2011

അരങ്ങ്‌-9

അരങ്ങ്‌-9


അമ്മയുടെ അപ്രതീക്ഷിത മരണം ജ്യേഷ്ഠനെ അറിയിച്ചു. വിവരം കിട്ടിയയുടൻ ജ്യേഷ്ഠൻ വന്നു. ശേഷക്രിയകൾ യഥാവിധി ചെയ്തു.
ജ്യേഷ്ഠൻ കുറച്ചു നാൾ വീട്ടിൽ തങ്ങി. അമ്മ പോയതോടു കൂടി അച്ഛനും എല്ലാ അർത്ഥത്തിലും അവശനായി. ഏതു കാര്യത്തിനും ഉറച്ച തീരുമാനമെടുക്കാനുള്ള ശക്തിയും ഏതു പ്രതികൂല സാഹചര്യത്തിലും ഇണങ്ങി ജീവിക്കുവാനുള്ള കഴിവും പ്രാപ്തിയുമുണ്ടായിരുന്നു അമ്മക്ക്‌. അത്‌ നഷ്ടപ്പെട്ടു. എന്തിനാണെന്നറിയില്ല ,ജ്യേഷ്ഠൻ കാറൽമണ്ണയിലുണ്ടായിരുന്ന ചെറിയ വീടു വിറ്റു, ഒന്നും ചോദിച്ചില്ല അതേക്കുറിച്ച്‌. ഏതെല്ലാമോ വിധത്തിൽ കുടുംബത്തിനു വന്നുപെട്ട ചില ബാധ്യതകൾ തീർത്തുവെന്നു പറഞ്ഞു. അച്ഛൻ പിന്നീട്‌ അച്ഛന്റെ വീട്ടിൽത്തന്നെയായി. കുഞ്ചുവിനെ വാഴേങ്കടയിൽത്തന്നെയാക്കി.ജ്യേഷ്ഠൻ മദിരാശിയിലേക്ക്‌ മടങ്ങിപ്പോയി.

താത്ക്കാലികമായി മുടങ്ങിയ അഭ്യാസം വീണ്ടും തുടങ്ങി. എന്നാൽ ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭക്ഷണം തന്നിരുന്ന വലിയമ്മയുടെ മകന്റെ നിർദ്ദയത്വം കുറേക്കൂടി വർദ്ധിച്ചു. കുഞ്ചുവിന്‌ ഇനിയും ഇവിടെ നിന്ന്‌ ഭക്ഷണം കൊടുക്കാൻ സാധ്യമല്ലെന്നായിരുന്നു വാശി.

അനാഥത്വം എന്താണെന്ന്‌ യഥാർത്ഥത്തിൽ അറിഞ്ഞ നാളുകൾ. കാര്യങ്ങൾ മുടങ്ങാതിരിക്കുവാൻ അക്കാലത്ത്‌ ചിലരോടെല്ലാം യാചിക്കുകപോലുമുണ്ടായി. കഥകളിയഭ്യാസം , വലിയമ്മയുടെ മകനായ ചെറിയേട്ടന്റെ വെറുപ്പും വിദ്വേഷവും (എന്തുകൊണ്ടെന്നറിയില്ല), പിന്നെ പലരോടുമുള്ള യാചനയും .ഇതിനെല്ലാമിടയിൽപ്പെട്ടു തിങ്ങിഞ്ഞെരുങ്ങി സഹിച്ചും ക്ഷമിച്ചും മനോവിഷമമനുഭവിച്ചും തള്ളിനീക്കിയ ദിവസങ്ങൾ.
കഥകളി പഠിക്കാൻ തുടങ്ങിയതിൽപ്പിന്നെ , അതിനു സമാന്തരമായി ജീവിതത്തിലെ ശീലങ്ങളും മാറി വന്നു. എല്ലാത്തിനും ഒരു കൃത്യനിഷ്ഠയുണ്ടായി. അതിരാവിലേയുള്ള കുളിയും ക്ഷേത്രദർശനവും . ഒഴിവുവേളകളിലുള്ള വായന. മിക്കവാറും രാമായണഭാരതാദികൾ . ഉച്ചഭക്ഷണം കഴിഞ്ഞാൽ അൽപ്പനേരത്തെ വീശ്രമം. .ച്ചിട്ടയാർന്ന വിദ്യാർത്ഥിജീവിതം.

വക കാര്യങ്ങളോന്നും തന്നെ ചെറിയേട്ടന്‌ തീരെ ഇഷ്ടപ്പെട്ടില്ല. അക്കാലത്ത്‌ ചില കളികളും കിട്ടിയിരുന്നു. ഗുരുനാഥന്റെ കൂടേയും കളിക്കു പോകും. അത്‌` അദ്ദേഹത്തിനും താത്‌പര്യമായിരുന്നു. അൽപ്പമായ സമ്പാദ്യവും അന്നത്തെ നിലയ്ക്കനുസരിച്ചു കിട്ടി. ഇതു സ്വന്തമായ ആവശ്യങ്ങൾക്കൊന്നും തികഞ്ഞിരുന്നില്ലെങ്കിലും ,ജ്യേഷ്ഠന്റെ ധാരണ മറിച്ചായിരുന്നു. നാട്ടുകാരോട്‌ വിധം ചില ആക്ഷേപങ്ങൾ പറയുകയും പതിവായി. ഭക്ഷണം കഴിച്ചുപോവുകയെന്നല്ലാതെ യാതൊന്നും തരുന്നില്ല , ധൂർത്തടിക്കുകയാണ്‌ എന്നും മറ്റുമുള്ള ആക്ഷേപശരങ്ങൾ. സുഖമില്ലാതെ കിടക്കുന്ന അച്ഛനെയൊന്നു കാണാൻ വല്ലപ്പോഴുമൊരിക്കൽ പോകുമ്പോൾ ഒരു കുപ്പി കഷായമോ അരിഷ്ടമോ പോലും വാങ്ങിക്കൊടുക്കാൻ ആവതില്ലായിരുന്നു.


അഭ്യാസം കഴിഞ്ഞു ചെല്ലുമ്പോൾ കുഞ്ചുവിന്‌ ഭക്ഷണം കൊടുക്കരുതെന്ന്‌ ജ്യേഷ്ഠൻ. ഭാര്യയോടും പെങ്ങളോടും നിർബന്ധപൂർവ്വം പറഞ്ഞു. അഭ്യാസത്തിന്റെ അധ്വാനത്താൽ വിശന്നു വലഞ്ഞു ചെല്ലുമ്പോൾ വിവരം അറിഞ്ഞിട്ടെല്ലെങ്കിലും ഭക്ഷണം ചോദിക്കുക പതിവില്ല. തന്നത്‌` കഴിക്കുക എന്നതു മാത്രമേ അത്രകാലവും ഉണ്ടായിട്ടുള്ളു. കുറേ നേരം അവിടെ വിശന്നു തളർന്നിരിക്കും. കഷ്ടപ്പാടിൽ മനസ്സലിഞ്ഞു സഹോദരി (കുഞ്ചുവിന്റെ അമ്മ എടുത്തുവളർത്തിയ കുട്ടി) ഏതുവിധേനയെങ്കിലും ചോറു വിളമ്പികൊടുക്കും. കുഞ്ചുവിനേക്കാൾ ഒന്നര വയസ്സിനു മൂത്തത്തായിരുന്നു വലിയമ്മയുടെ മകൾ. ഉണ്ണാൻ തുടങ്ങിയിട്ടുണ്ടാവില്ല, അതുകണ്ടുകൊണ്ട്‌ മനുഷ്യൻ കടന്നു വരും. ഹൃദയം പിളർക്കുമാറു വാക്കുകൾ പറയും. കണ്ണിൽ ചോരയില്ലാത്ത ദുരർത്ഥങ്ങൾ നിറഞ്ഞ അവഹേളനം. വിശപ്പിന്റെ കാഠിന്യം കൊണ്ടും ജീവിതത്തിന്റെ നിസ്സഹായത ഓർത്തും യാതൊരു ഭാവഭേദവും കൂടാതെ എല്ലാം സഹിച്ചു.

"കുഞ്ചു യാതൊരു പ്രവൃത്തിയും ചെയ്യുന്നില്ല. കുളി ,ഊണ്‌, ഉറക്കം ഇതുമാത്രം. അവന്റെ കഥകളികൊണ്ടുള്ള പ്രമാണിത്തം . യാതൊന്നിനും കൊള്ളരുതാത്തവറ്റ മാത്രമേ കഥകളിയിൽ കാണുകയുള്ളു. അതുകൊണ്ട്‌ ഇനി അവന്റെ പാടു നോക്കട്ടെ. എനിക്കു സാധിക്കില്ല"

നാട്ടുകാരോട്‌ ഈവിധം കൂടെക്കൂടെ പറഞ്ഞു നടന്നു.


ഏതായാലും ജ്യേഷ്ഠന്റെ നീരസം തീർക്കണമെന്നൊരു വാശി ക്രമേണ മനസ്സിലുടലെടുത്തു. അതുകൊണ്ട്‌ ഇത്തരം ആക്ഷേപങ്ങളൊന്നും തന്നെ അറിഞ്ഞതായി ഭാവിച്ചില്ല. ജ്യേഷ്ഠന്റെ കൃഷിസ്ഥലത്ത്‌ പണിചെയ്യാൻ തനിക്കു കഴിയുന്ന വിധത്തിൽ സഹായിക്കാൻ തീരുമാനിച്ചു. തികഞ്ഞ ഉത്സാഹത്തോടുകൂടിത്തന്നെ. ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അത്‌ഇനി ഒരു സൗജന്യം വേണ്ട എന്നു തോന്നി.

പാടത്തു പണിയിൽ യാതൊരുവിധ മുൻപരിചയവുമില്ല. ചാണക്ക്കൊട്ട,വെണ്ണീറ്‌, എന്നിവ ഏറ്റിയും പച്ചിലത്തോൽ കെട്ടാക്കി തലയിൽ ചുമന്നുകൊണ്ടുപോയും ,വരമ്പു കിളച്ചും, ഞാറ്‌` നടാൻ കൂടിയും മറ്റും അഭ്യാസമില്ലാത്ത വേളയിൽ ആവും വിധം ചെയ്തു തുടങ്ങി. സമയത്ത്‌ നിസ്സ്വാർത്ഥരും, ഉള്ളിൽ കളങ്കമില്ലാത്തവരും ആയ ചില കൂട്ടുകാരേയും കിട്ടി. തന്റെ കൂടേയും മറ്റുള്ളവരുടെ കണ്ടത്തിൽ പണിയെടുക്കുന്നവരുമായ കൃഷിത്തൊഴിലാളികൾ. ചെറുമക്കൾ, കണ്ണത്ത്‌ ചാള, ചാത്തൻ, കണ്ടൻ, വെളുത്തിര, കറപ്പൻ, തുടങ്ങിയവരായിരുന്നു അവർ. സമപ്രായക്കാരും പ്രായം കൂറഞ്ഞവരുമുണ്ടായിരുന്നു. കൂട്ടത്തിൽ. തന്നോട്‌` അവർക്കെത്ര മാത്രം സ്നേഹവും അടുപ്പവുമുണ്ടായിരുന്നുവെന്ന സത്യം വളരെ വേഗത്തിൽ തിരിച്ചറിഞ്ഞു. കഥകളി രംഗത്ത്‌ ഒരു സ്ഥാനത്തെത്തിയപ്പോഴും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചപ്പോഴും അവരോടു തനിക്കും ,അവർക്കു തന്നോടുമുള്ള നിതാന്തസൗഹൃദം നിലനിന്നു. കഥകളിയെന്താണെന്നോ അതു പഠിച്ചുകഴിഞ്ഞാൽ എന്തെങ്കിലും തരത്തിലുള്ള ഗുണം ജീവിതത്തിന്നുണ്ടാകുമോ എന്നൊന്നുമവർക്കറിയില്ല. എന്തോ വലിയ ഒരു കാര്യമാണതെന്നും അമ്പലത്തിൽ കൊല്ലം തോറും ഉത്സവത്തിന്‌ പതിവുണ്ടെന്നും അന്യസ്ഥലങ്ങളിൽ നിന്ന്‌ ആളുകൾ വരാറുണ്ടെന്നും അവർക്കറിയാം. എന്നാൽ അവരാരും തന്നെ വഴിക്കൊന്നും വന്നില്ല. അവർക്കു അവരുടേതായ "ചവിട്ടുകളി" തൂതക്കാവിലെ കാളവേലയോടനുബന്ധിച്ചു നടത്തിയിരുന്നു.പലപ്പോഴും താനുമത്‌ കണ്ടുനിന്നിട്ടുണ്ട്‌. അതിലെ താളവും, അതിനനുസരിച്ച പാട്ടും ചവിട്ടും ചില പ്രത്യേക രീതിയിൽ തിരിഞ്ഞുനിന്നുള്ള വട്ടത്തിലുള്ള കളിയും പാട്ടിന്റെ ഈണവും ,ചേറിന്റെ ഗന്ധവും വളരെ പുരാതനമായ ഒരു നാടോടികളാപാരമ്പര്യത്തിന്റെ തുടർച്ചയായി തോന്നിയിട്ടുണ്ട്‌.


പാടത്ത്‌ പണിയിൽ സഹായിക്കാനുള്ള ഉദ്യമം ഫലത്തിൽ സന്തോഷമരുളുകയാണുണ്ടായത്‌. പണിക്കാരുമായുള്ള അടുപ്പത്തിന്റെ ഇഴകൾ അവരുടെ മക്കളിലൂടേയും തന്റെ മക്കളിലൂടെയും ചിരസ്ഥായിയായിത്തീർന്നു. കൃഷിയോടും എന്തെന്നില്ലാത്ത ഒരു കമ്പം വന്നു. കഥകളി കൊണ്ടു പുരോഗമിച്ചപ്പോൾ കുറേശ്ശെ കുറേശ്ശെയായി കൃഷിയിടങ്ങൾ വാങ്ങിത്തുടങ്ങി. കന്നും കൃഷിയുമായുള്ള ഒരു കാലത്തെ സ്വപ്നം കണ്ടുതുടങ്ങി. വിളഞ്ഞു നിൽക്കുന്ന നെൽപ്പാടവരമ്പിലൂടെ നടക്കാനിഷ്ടപ്പെട്ടു.

വക കൃഷിപ്പണിയിലും മറ്റും അഭ്യാസക്കാലത്ത്‌ കുഞ്ചു ഏർപ്പെട്ടിരുന്നുവെങ്കിലും അതുകൊണ്ടെല്ലാം ജ്യേഷ്ഠന്റെ നീരസം മാറിയോ? തന്നോടുള്ള മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വന്നുവോ?

അരങ്ങ്‌ -8

Varamozhi Editor: Text Exported for Print or Save




ആദ്യവസാനവേഷങ്ങളായ ഭീമൻ, അർജ്ജുനൻ, ധർമ്മപുത്രർ, ബലഭദ്രൻ, ദക്ഷൻ, രാവണൻ. ചെറിയ നരകാസുരൻ, കീചകൻ,ദുര്യോധനൻ, നളൻ, പുഷ്ക്കരൻ, നളൻ, ബ്രാഹ്മണർ, പ്രധാനപ്പെട്ട സ്ത്രീവേഷങ്ങൾ, തുടങ്ങിയ എല്ലാ ച്ചിട്ടപ്രധാനവേഷങ്ങളും സമൃദ്ധമായി ചൊല്ലിയാടിപ്പിച്ചു. ഗുരുവിനും ശിഷ്യനും തൃപ്തിയാകുന്നതുവരെ. മുതിർന്ന വിദ്ധ്യാർത്ഥിയായിരുന്നതിനാലും നാലുകൊല്ലത്തെ അഭ്യാസം കൊണ്ടു നേടിയ കഥകളിത്തത്തിന്റെ മിഴിവുകൊണ്ടും ഗുരുവിൽ നിന്നേതെങ്കിലും വിധത്തിലുള്ള ശകാരങ്ങളൊ ശാസനയോ ഉണ്ടായില്ല. അതും ഗുരുകൃപ തന്നെയായി കരുതി.മാത്രമല്ല, ഗുരുവിന്റെ സന്തുഷ്ടി വളർത്താനും നന്നെ മനസ്സിരുത്തി. അദ്ദേഹത്തെ പരിചരിക്കുന്ന കാര്യത്തിൽ ദൈവാരാധന പോലെ നിഷ്ക്കർഷ പുലർത്തി.ക്ഷേത്രത്തിന്റെയടുത്തുള്ള ഒരു പത്തായപ്പുരയിലെ താഴത്തെ മുറിയിലായിരുന്നു ആശാൻ താമസിച്ചത്‌`. അദ്ദേഹത്തിന്റെ കുളി ,തൊഴൽ, ജപധ്യാനങ്ങൾ എന്നിവക്ക്‌ ഏറ്റവും സൗകര്യമുള്ള ഒരു സ്ഥലം.

ഗുരുവിനു കുളിക്കാനുള്ള സമയമാകുമ്പോൾ ഉമിക്കരി, പഴുത്ത മാവില, എണ്ണ, താളി ,സോപ്പ്‌, (ചിലപ്പോൾ വാകപ്പൊടിയും​‍ാമുതലായ സാമഗ്രികൾ കുളക്കടവിലെത്തിക്കുക,അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അലക്കുക, ചെല്ലത്തിൽ മുറുക്കാൻ ഒരുക്കിവെക്കുക, ചില സമയത്ത്‌ വെറ്റിലയിലെ നാരു കളഞ്ഞു ചുണ്ണാമ്പു തേച്ചു ശരിയാക്കിക്കൊടുക്കുക, കിടക്ക വിരിച്ചു കൊറ്റുക്കുക, തുടങ്ങി നാനാവിധത്തിലു ഗുരുശുശ്രൂഷകൾ ചെയ്തു കൊടുത്തിരുന്നു. ഈ വക കാര്യങ്ങൾക്കിടയിൽ ശിഷ്യൻ തന്റെ എല്ലാ വിധ കാര്യങ്ങളും ചെയ്തു തീർത്തു കൃത്യസമയത്തു തന്നെ കളരിയിലെത്തും. അഭ്യാസം എത്ര കാഠിന്യമേറിയതായാലും സന്തോഷപൂർവ്വം അതെല്ലാം സഹിച്ചു. ഗുരുവിനും അതിഷ്ടമായിരുന്നു. ഒഴിവുസമയങ്ങളിലും പദങ്ങൾ തോന്നിച്ചും മുദ്ര കാണിച്ചും പഠിച്ചും തീരെ കൂസലില്ലാതെ കളരിയിലെ ദിവസങ്ങളോരോന്നും നീങ്ങിക്കൊണ്ടിരുന്നു. അങ്ങിനെ ഗുരുവിനും ശിഷ്യനും അത്യധികമായുണ്ടായ സന്തോഷോത്സാഹങ്ങളോടു കൂടി വളരെ ച്ചിട്ടയിൽ അഭ്യാസം തുടർന്നു

കുഞ്ചുവിന്റെ അഭ്യാസം കാണുവാൻ അമ്മ ഇടയ്ക്കിടക്കു കളരിയിൽ വരിക പതിവായിരുന്നു. .കഥകളി കാണുന്നതും അമ്മക്കു വളരെ സന്തോഷകരമായ കാര്യമായിരുന്നു. പിന്നെപ്പിന്നെ സൗകര്യമുള്ളിടത്തെല്ലാം പോയി കളി കാണും. .അമ്മയ്ക്കു പാകത്തിൽ അതിനു പറ്റിയ വേണ്ടപ്പെട്ട ചില സ്ത്രീകളും കൂട്ടിനുണ്ടാകും.കുഞ്ചു കൂടെ വേണമെന്നൊന്നുമില്ല.

നാലഞ്ചു കൊല്ലത്തെ അഭ്യാസം കഴിഞ്ഞിരിക്കെ ,ഒരു കൊല്ലം അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലെ പൂരം പ്രമാണിച്ചു നടന്നിരുന്ന കളി കാണാൻ ഒരു ദിവസം(1930 ഏപ്രിൽ-9)അമ്മയും വന്നു. വാഴേങ്കട നിന്നു സുമാർ പത്തു നാഴിക ദൂരമുണ്ട്‌. രാവിലെ കുളി, കഞ്ഞികുടി കഴിഞ്ഞു കൂടെയുള്ളവരുമൊത്ത്‌ വർത്തമാനങ്ങളോരോന്നു പറഞ്ഞ്‌ കൊണ്ട്‌ നടക്കും. തിരുമാന്ധാംകുന്നിലെത്തുന്നതറിയില്ല. പാതവക്കത്തുള്ള തണൽമരങ്ങളുടെ ചുവട്ടിലിരുന്ന്‌ ക്ഷീണമകറ്റും.

മകന്റെ വേഷം കാണാനുള്ള മോഹത്താൽ കത്തുന്ന മീനച്ചൂടിന്റെ ആധിയൊട്ടുമറിഞ്ഞതുമില്ല. പൂരക്കാലത്ത്‌ തിരുമാന്ധാംകുന്നിൽ ചതുർശ്ശതപായസം അന്നും പതിവുണ്ട്‌. ശർക്കരപ്പായസം മതിവരുവോളം . അതു കഴിക്കും. രാത്രി കളി കാണും,


കളി കഴിഞ്ഞു പിറ്റേന്നാൾ മടങ്ങുമ്പോൾ അമ്മ അവശയായി. കഠിനമായ വയറ്റിളക്കവും ച്ഛർദ്ദിയും. യാതൊരു ഗത്യന്തരവുമില്ല. കോളറ തന്നെയായിരുന്നു ദീനം. വാഴേങ്കടയെത്തിച്ചേർന്നതു ഇന്നവിധത്തിലെന്നറിഞ്ഞില്ല. കൂടെ കുഞ്ചുവില്ല. വീട്ടിലെത്തുമ്പോൾ തളർന്നു ക്ഷീണിച്ചിരുന്നു. ഉടൻ മകനെ കാണണമെന്ന അമ്മയുടെ വിവശമായ നിർബന്ധം, ഉത്കണ്ഠ.കുഞ്ചുവിനെ കൊണ്ടുവരാനായി അക്ഷണം തന്നെ അങ്ങാടിപ്പുറത്തേക്ക്‌ ആളെ അയച്ചു. വിവരമറിഞ്ഞയുടൻ വാഴേങ്കടക്കു പോന്നു.

വരുംവഴിക്കു മകന്റെ മനസ്സിനെ മഥിച്ച കാര്യം .തന്റെ വേഷം കണ്ടേ മതിയാകൂ എന്നുള്ള അമ്മയുടെ ഒരൊറ്റ നിർബന്ധത്തെക്കുറിച്ചുള്ളതായിരുന്നു.
"എന്റെ വേഷം അടുത്തെവിടേയെങ്കിലും ഇനിയും ഉണ്ടാകുമല്ലോ.അപ്പോൾ കാണാമല്ലോ.വാഴേങ്കട നിന്നു ഇത്രയധികം ദൂരം നടന്നുവന്നു അമ്മയ്ക്കു കഥകളി കാണണോ? അമ്മ നടന്നു തളരും. അമ്മയുടെ പ്രായവും ദേഹവും ശ്രദ്ധിക്കേണ്ടേ?

എന്തു പറഞ്ഞിട്ടും എത്ര പറഞ്ഞിട്ടും ഒരേ നിർബന്ധം തന്നെ, എന്തു വന്നാലും എന്തെല്ലാം സഹിച്ചിട്ടും അമ്മയ്ക്ക്‌ മകന്റെ അന്നത്തെ വേഷം കണ്ടേ മതിയാകൂ.

ആശാന്റെ ധർമ്മപുത്രരുടെ കൂടെ കൃഷ്ണനായിരുന്നു അന്നത്തെ വേഷം . കുഞ്ചുവിന്റെ കൃഷ്ണവേഷം അമ്മയ്ക്കു പ്രിയപ്പെട്ടതായിരുന്നു.
പിറ്റേന്നാൾ രാവിലെ (ആ കളിയുടെ മൂന്നാം ദിവസം)ഏപ്രിൽ 10 ,സുമാർ പത്തുമണിയോടുകൂടി അമ്മ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞു. കുഞ്ചുവിന്റെ മാറിൽ ചാരിക്കിടത്തി കഞ്ഞിവെള്ളം കൊടുത്തുക്കൊണ്ടിരിക്കെ!

മേലിൽ യാതൊരു അവലംബവുമില്ലാത്തവനായിത്തീരുവാൻ പോകുന്ന മകന്റെ മുഖത്തേയ്ക്കു നിസ്സഹായതയോടെ നോക്കി നോക്കി കണ്ണുനിറഞ്ഞു പെട്ടെന്നു അമ്മ വിട്ടുപോയി.
1929 ഏപ്രിൽ 10 നായിരുന്നത്‌. അമ്മക്കപ്പോൾ അറുപത്തിരണ്ടു വയസ്സായിരുന്നു. ജ്യേഷ്ഠൻ മദിരാശിയിൽത്തന്നെയായിരുന്നു.
അമ്മയും മകനും തമ്മിലുണ്ടായിരുന്ന ഗാഢബന്ധത്തിന്റെ ആഴങ്ങളിൽ നിന്നുള്ള തേങ്ങലുകൾ എല്ലാ വിധത്തിലും കുഞ്ചുവിനെ തളർത്തി. ഏതൊരാളുടേയും ജീവിതത്തിൽ അമ്മയ്ക്കുള്ള ശക്തിയും ദൗർബ്ബല്യവും ഒരേ സമയം അതിന്റെ തീവ്രവേദനയോടെ കുഞ്ചുവും അനുഭവിച്ചു.

വെള്ളിനേഴിസ്ക്കൂളിൽ നിന്നു തിരിച്ചുവരുന്നതു കാണാഞ്ഞു ആധിയോടെ മകനെ അന്വേഷിച്ചലഞ്ഞുവന്ന മകനെ പഠിപ്പിച്ചുവലിയവനാക്കാൻ മോഹിച്ചു ചിത്രകലയോ, കഥകളിയോ വേണ്ടതെന്നു തിരിച്ചറിയാതെ ഉത്കണ്ഠ പൂണ്ട നാളുകളിലെ അമ്മ, അരങ്ങേറ്റത്തിനു ആനന്ദാശ്രുക്കൾ പുഴ പോലെ ഒഴുകി മകനെ അനുഗ്രഹിച്ചാശിർവ്വദിച്ച്‌ തന്റെ വേഷം കാണാൻ അദമ്യമായി ആഗ്രഹിച്ചു വന്നെത്തിയ അമ്മ, നിനച്ചിരിക്കാതെയുള്ള ഒരവസരത്തിൽ വിട്ടുപോയപ്പോൾ എന്തുചെയ്യണമെന്നറിയാതെ തനിച്ചിരുന്നു ഏങ്ങലടക്കിയ കുഞ്ചു. എല്ലാ അമ്മമാരുടേയും മനസ്സിൽ മക്കളുടെ നന്മയും ഉയർച്ചയും തന്നെയായിരിക്കില്ലേ?


എല്ലാവരുടേയും അമ്മമാർ എല്ലാ കാലവും ജീവിച്ചിരിക്കുമോ? ആരുടെയെങ്കിലും മരണം മുൻകൂട്ടിപറയാനാകുമോ?

ഉള്ളിൽ നിന്നുള്ള ചോദ്യങ്ങൾ. ആരോ സമാധാനിപ്പിക്കുന്നു. സാന്ത്വനിപ്പിക്കുന്നു.

തനിക്കനുഭവപ്പെട്ട തീരാദുഃഖത്തിന്റെ ആവരണം ആരോ പതുക്കെ പതുക്കെ മാറ്റുന്നതായി തോന്നി , അടുത്ത ദിവസങ്ങളിൽ.
അത്‌, അതമ്മതന്നെയായിരുന്നു.
കുറച്ചുകൂടി മുതിർന്നപ്പോൾ സംസ്കൃതവും മറ്റു ഗ്രന്ധങ്ങളും പഠിച്ചു തുടങ്ങുമ്പോൾ കഥകളിക്കാവശ്യമില്ലാത്തത്താണെങ്കിലും കേവലമായ താത്‌പര്യം കൊണ്ടു ഒരു ശ്ലോകം ശ്രദ്ധിക്കാനിടവന്നു. അതു കാണാതെ പഠിച്ചു. പിന്നീടെന്നും എപ്പോഴും തന്റെ പ്രാർത്ഥനവേളകളിലും അല്ലാത്തപ്പോഴും ആ ശ്ലോകത്തിന്റെയുള്ള്‌ ആത്മാവിലേക്കിറങ്ങിച്ചെല്ലുന്നതായി അനുഭവപ്പെട്ടു. .അപ്പോഴെല്ലാം അതൊരു കുളുർമഴപോലെ ഉള്ളം തണുപ്പിച്ചു.


"ആസ്താം താവിദം പ്രസൂതിസമയേ
ദുർവ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ
ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണ
ക്ലേശസ്യ യസ്യാ ക്ഷമോ-
ദാതും നിഷ്ക്കൃതി മുന്നതോ/പി തനയ-
സ്തസൈ ജ്ജനന്യൈ നംഃ"


തടുക്കാൻ സാധിക്കാത്ത ,ശൂലം കൊണ്ടു തുളയ്ക്കുന്നതുപോലെയുള്ള പ്രസവസമയത്തുള്ള വേദന , ഭക്ഷണത്തിലുള്ള അരുചി , അതുകൊണ്ടുള്ള മെലിച്ചിലും, ഒരു വർഷം മുഴുവൻ മലത്തിലും മൂത്രത്തിലും മുഴുകിയ ശയ്യയിലുള്ള കിടപ്പും.................


യാതൊരു അമ്മയുടെ ഒരു സമയത്ത്‌ ഗർഭം താങ്ങുന്നതുകൊണ്ടുള്ള കഷ്ടപ്പാടിനെങ്കിലും എന്തെങ്കിലുമൊരു പകരം ചെയ്യാനായിക്കൊണ്ട്‌ എത്രയും യോഗ്യനായ മകനുകൂടി സാധിക്കയില്ല. അങ്ങനെയുള്ള ആ അമ്മയ്ക്കു നമസ്ക്കാരം....നമസ്ക്കാരം....

Thursday, January 13, 2011

അരങ്ങ്‌--7

Varamozhi Editor: Text Exported for Print or Save




വർഷക്കാലത്ത്‌ കഥകളിയഭ്യാസവും വേനലിൽ ഗുരുനാഥന്റെ ഒപ്പം കളിക്കു നടന്നും രണ്ടുകൊല്ലം കടന്നുപോയതറിഞ്ഞില്ല. അടുത്തുള്ള കളികൾക്കു പുറപ്പാടെടുത്തും ചില കുട്ടിത്തരം വേഷങ്ങൾ ചെയ്തും കഥകളിയുമായുള്ള ബന്ധം അനുദിനം വളർന്നു വന്നു. രണ്ടാമത്തെ കൊല്ലം കുട്ടിത്തരം മുഴുവനും ഒട്ടൊട്ടുയർന്ന നിലയിലുള്ള ചില ഭാഗങ്ങളും പരിചയിച്ചു പോന്നു.




മൂന്നാം കൊല്ലം മറ്റൊരു കാര്യം സംഭവിച്ചു. ഗുരുനാഥന്‌ മാറ്റം വന്നു. മറ്റു ചില കളിയോഗങ്ങളിൽ പ്രത്യേകിച്ച്‌ മണക്കുളം കളിയോഗത്തിലെ പ്രധാനിയായിരുന്നു കോപ്പന്നായരാശാൻ. ഒന്നു രണ്ടുകൊല്ലം അവിടെ അഭ്യാസം ഇല്ലായിരുന്നു. ഈ ഘട്ടത്തിലായിരുന്നു അദ്ദേഹം വാഴേങ്കട വന്നു അഭ്യസിപ്പിച്ചതു.


അദ്ദേഹത്തിനു ശേഷം ഗുരുനാഥനായി വന്നത്‌ കല്ലുവഴി ഗോവിന്ദപ്പിഷാരോടി എന്ന ആശാനായിരുന്നു. അസാമാന്യ വേഷഭംഗിയും അഭ്യാസബലവുമുണ്ടായിരുന്ന നടനായിരുന്നു അദ്ദേഹം. ബകവധം, കല്യാണസൗഗന്ധികം, എന്നീ കഥകളിലെ ഭീമൻ,ഉത്തരാസ്വയംവരത്തിൽ ദുര്യോധനൻ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധ വേഷങ്ങൾ. കഠിനമായ ഒരു കണ്ണു രോഗം പിടിപ്പെട്ടതിനാൽ ഏതാണ്ടു 36 വയസ്സു കഴിഞ്ഞതും വേഷം കെട്ടാനുള്ള സാധ്യത മങ്ങി. അരങ്ങത്തില്ലെങ്കിലും നല്ലൊരു ഗുരുവായി കുട്ടികളെ അഭ്യസിപ്പിച്ചു പിന്നീടുള്ള കാലം . അക്കാലത്തായിരുന്നു വാഴേങ്കട കളരിയിലേക്കു വരുത്തിയത്‌.

അഭ്യാസത്തിന്റെ ഈ കാലഘട്ടമായപ്പോഴേക്കും ഭക്ഷണം തരുന്ന കാര്യത്തിൽ ജ്യേഷ്ഠന്‌ അലംഭാവം വന്നുതുടങ്ങി. പക്ഷേ, അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. കാരണം കഥകളിയഭ്യാസം എന്ന ഒന്നിൽ മാത്രമായി മനസ്സ്‌ സുസ്ഥിരപ്പെട്ടു. ഇടയ്ക്ക്‌ ചില അനധ്യായ ദിവസങ്ങളിൽ കാറൽമണ്ണയിൽ പോയി അമ്മയേയും അച്ഛനേയും കാണും. ചിലപ്പോൾ അമ്മ വാഴേങ്കടയ്ക്കും വന്നു. ഗോവിന്ദപ്പിഷാരോടി ആശാന്റെ കളരിയുമായി ഇഴുകിച്ചേരാൻ വിഷമമുണ്ടായില്ല. അദ്ദേഹത്തിന്റെയടുത്തും രണ്ടുകൊല്ലത്തെ അഭ്യാസമാണുണ്ടായത്‌. ആ രണ്ടു കൊല്ലത്തെ അഭ്യാസം കൊണ്ടു കഥകളിയിലെ ഒട്ടുമിക്ക ഭാഗങ്ങളും പരിചയിച്ചുപോന്നു. ആദ്യവസാന വേഷങ്ങളായ ഭീമൻ(കല്യാണസൗഗന്ധികം, ബകവധം)അർജ്ജുനൻ(കാലകേയവധം)ധർമ്മപുത്രർ(കിർമ്മീരവധം) ദുര്യോധനൻ(ഉത്തരാസ്വയം വരം) ദക്ഷൻ ,രാവണൻ, കീചകൻ, ഹനുമാൻ, ലളിതമാർ,തുടങ്ങിയ വേഷങ്ങളുടേയെല്ലാം ഒരാമുഖപഠനം ആ അഭ്യാസവേളയിൽ തന്നെ ലഭിച്ചു. ചില ഇടത്തരം വേഷങ്ങൾ ചെയ്യാനും സാധിച്ചു, അങ്ങനെ നാലു കൊല്ലത്തെ അഭ്യാസം കഴിഞ്ഞു. ഷാരോടി ആശാനും തിരിച്ചുപോകേണ്ടി വന്നു.


ഇനി കളരി നടത്തേണ്ട ചുമതല മറ്റാരായാലും പോരാ, നാട്യാചാര്യൻ രാവുണ്ണിമേനോൻ തന്നെ വേണമെന്ന ബോധമുറച്ചു. മല്ലിശ്ശീരി നമ്പൂതിരിക്ക്‌ മുമ്പൊരു അവസരത്തിൽ ആദ്ദേഹത്തെ കൊണ്ടുവരുവാൻ ശ്രമിച്ചുവെങ്കിലും അക്കാലത്ത്‌ ഒളപ്പമണ്ണ (വെള്ളിനേഴി) കളരിയിൽ അഭ്യാസമുള്ളതിനാൽ കഴിഞ്ഞില്ല.


രാവുണ്ണിമേനോനാശാനെ ചെന്നുകണ്ടു വിവരമറിയിക്കാൻ അദ്ദേഹം കുഞ്ചുവിനെത്തന്നെ സസന്തോഷം ചുമതലപ്പെടുത്തി. അത്‌ അളവറ്റ ചാരിതാർത്ഥ്യം പകർന്ന ഒരു കാര്യമായിരുന്നു. കുഞ്ചുവിനെ സംബന്ധിച്ച്‌ ജീവിതത്തിൽ പല നിയോഗങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്‌. സുഖം പകരുന്നവയും ദുഃഖം പകരുന്നവയും . ഈയൊരു നിയോഗം വാഴേങ്കട കളരിയിലേയ്ക്കു രാവുണ്ണിമേനോനാശാനെ ക്ഷണിച്ചുകൊണ്ടുവരികയെന്ന കർത്തവ്യം, ഒരു പൂർവ്വജന്മ പുണ്യമല്ലാതെ മറ്റൊന്നുമല്ലെന്നു തോന്നി.

അദ്ദേഹത്തെ വെള്ളിനേഴിയിൽ ചെന്നു കണ്ടു തന്റെ ആഗ്രഹം (അതെ, കുഞ്ചുവിന്റെ ആഗ്രഹം തന്നെ) അറിയിച്ചു. സസന്തോഷം കൃതാർത്ഥതാപൂർവ്വം അദ്ദേഹം അതിനു സമ്മതിച്ചു. നാലഞ്ചു കൊല്ലം മുമ്പൊരു നാൾ വെള്ളിനേഴിയിൽ നിന്നു സ്ക്കൂൾ വിട്ടു വരുമ്പോൾ കളരിയിൽ നോക്കി ഭ്രമിച്ചുനിന്നപ്പോൾ അദ്ദേഹം ചോദിച്ച ചോദ്യം............


അതിനുള്ള മറുപടിയുമായി കാലം തന്നെ അദ്ദേഹത്തിന്റെയടുത്തേക്ക്‌ കുഞ്ചുവിനെ എത്തിച്ചു.

ആ കൂടിക്കാഴ്ച്ചയിൽ മനസ്സിലൂടെ പുറകോട്ടോടിയ കാലം.

അഭ്യാസത്തിന്റെ അഞ്ചാംകൊല്ലം , അതു മുതൽക്ക്‌ രാവുണ്ണിമേനോനാശാന്റെ ഒരു പ്രിയ ശിഷ്യനായിത്തീർന്നു. ഇതിനെല്ലാമിടയിൽ സഹപാഠികളിൽ ചിലർ മടുത്തു പോവുകയും മറ്റു ചിലർ നാടു വിട്ടു പോവുകയും ചെയ്തു. രാവുണ്ണിമേനോനാശാന്റെ ശിക്ഷണരീതിയ്ക്കു ശേഷമായിരുന്നു അതുവരെ പഠിച്ചതിനെല്ലാം ഒരു സമഗ്രശോഭ കൈവന്നത്‌. നായകവേഷങ്ങൾ ധൈര്യപൂർവ്വം രംഗത്തവതരിപ്പിക്കാനുള്ള ഉൾക്കരുത്തും മെയ്യഭ്യാസത്തിന്റെ സൗന്ദര്യമാർന്ന രീതിശാസ്ത്രവും കൃത്യവും വ്യക്തവുമായ ചൊല്ലിയാട്ടനിഷ്ഠയും അദ്ദേഹത്തിന്റെ ശിക്ഷണവൈദഗ്ദ്ധ്യത്തിന്റെ ഉത്തമഗുണങ്ങളായിരുന്നു.ഒരു കഥകളി നടനായി വികാസം പ്രാപിക്കുകയെന്ന നിതാന്തജാഗ്രതയും അതിനനുസരിച്ചുള്ള അക്ഷീണമായ പ്രയത്നവും അദ്ദേഹത്തിന്റെ കളരിയുടെ ജൈവസ്വരൂപമായിരുന്നു. താൻ വ്യാപരിക്കുന്ന കലയോടു അത്യാദരമായ ഭക്തിയും അർപ്പണബോധവും അദ്ദേഹം ശിഷ്യരിലേക്കു അനവരതം പകർന്നുകൊടുത്തു. കഥകളിയെക്കുറിച്ചു ശിഷ്യന്മാർക്ക്‌ എത്രയെല്ലാം എന്തെല്ലാം പകർന്നുകൊടുത്താലും അദ്ദേഹത്തിനു തൃപ്തി വന്നിരുന്നില്ല. അദ്ദേഹത്തിന്റെ വേഷങ്ങൾക്കും ആട്ടങ്ങൾക്കും ബഹുച്ചിട്ടയും കണക്കുമുണ്ടായിരുന്നുവെങ്കിലും ശിഷ്യസമ്പാദനത്തിളുള്ള അഭിരുചിക്കും ശിക്ഷണത്തിന്റെ പുനരാവർത്തനങ്ങൾക്കും അതിന്റെ സൗഷ്ഠവത്തികവിനും മറ്റും യാതൊരു അതിരും വരമ്പുമുണ്ടായിരുന്നില്ല. മറ്റെല്ലാ കലകളിലും അദ്ദേഹത്തിന്‌ താത്പര്യമുണ്ടായിരുന്നുവെങ്കിലും ശിഷ്യന്മാരോടുള്ള ഉപദേശം ഇങ്ങനെയായിരുന്നു.


"ലോകത്തിൽ കലകൾ പലതുമുണ്ട്‌. എല്ലാം ഒരുപോലെ സ്വാധീനമായി ആരും തന്നെ ഇല്ല. ഒരു പുരുഷായുസ്സുകൊണ്ട്‌ അതു സാധ്യവുമല്ല. അതുകൊണ്ട്‌ ഒന്നിൽ ബലമായി മനസ്സുറപ്പിക്കുക. കഴിയുന്നതും അതു സ്വാധീനപ്പെടുത്താൻ യത്നിക്കുക. അതിന്റെ ഉപരിസ്ഥാനത്തെത്തണം.

ഇങ്ങനെയുള്ള ഉപദേശത്തെ അനുസരിച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യസന രീതിയും.

ഒരു നടൻ എന്ന നിലയിൽ വർത്തിക്കുമ്പോൾ തന്റെ ശരീരത്തിന്റെ യാതൊരു ഭാഗത്തു നിന്നും പ്രേക്ഷകദൃഷ്ടിയിൽ ഒരു എള്ളിട വ്യത്യാസത്തിലെങ്കിലും കോട്ടം പറ്റരുതെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. കഥകളിയുടെ സൂക്ഷ്മതത്വങ്ങളെ അടിസ്ഥാനമാക്കിയും എത്രയും ഭദ്രമായും ധർമ്മനിഷ്ഠയോടും അളവില്ലാത്ത പ്രേമത്തോടും കൂടിയായിരുന്നു അദ്ദേഹം തന്റെ കലയെ സമീപിച്ചതു. അതിന്റെ പ്രത്യക്ഷോദാഹരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വേഷങ്ങളോരോന്നും. കോട്ടയം കഥകളിലെ നായകവേഷങ്ങൾ .പ്രത്യേകിച്ച്‌ കിർമ്മീരവധത്തിലെ ധർമ്മപുത്രൻ പിന്നെ രാവണൻ , ദുരവാസാവ്‌, ദുര്യോധനൻ തുടങ്ങിയ ഏതു കഥാപാത്രവും അതിന്റെ ഏറ്റവും ഉന്നതമായ നിലയിലെത്തുന്നവയായിരുന്നു.


ഏതർത്ഥത്തിലും നാട്യാചാര്യനായ ഒരു ഗുരുവര്യന്റെ കീഴിൽ വീണ്ടും അഞ്ചു കൊല്ലം കഥകളിയിലെ ഉപരിപഠനം കുഞ്ചുവിനു സിദ്ധിച്ചു. രാവുണ്ണിമേനോനാശാന്റെ കളരിശിക്ഷണം തന്റെ കഥകളി വീക്ഷണത്തിന്‌ അതിന്റെ ഏറ്റവുമുദാത്തമായ ഒരു മേധാശക്തി പകർന്നുകൊടുത്തു. കഥകളിയെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാനും അരങ്ങിന്റെ വ്യവസ്ഥാപിതമായ സങ്കൽപ്പങ്ങളിൽ അടിയുറച്ച്‌ കഥാപാത്രകേന്ദ്രീകൃതമായ ചില നവീനാശയങ്ങൾ ഉൾക്കൊണ്ടു മുന്നേറാനും ആ അഭ്യാസം ശിഷ്യനു കരുത്തു പകർന്നു.








Monday, January 3, 2011

അരങ്ങ്‌-ആറ്‌

വൃശ്ചികത്തിൽ കാന്തള്ളൂർ ഉത്സവത്തോടുകൂടി ഇവിടങ്ങളിൽ കളിയുടെ കാലം തുടങ്ങുകയായി. മിക്കവാറും എല്ലായിടത്തും നാലും അഞ്ചും അരങ്ങ്‌. ധനുമാസത്തിലെ തിരുവോണത്തിനാണ്‌ വാഴേങ്കട ക്ഷേത്രത്തിലെ കൊടിയേറ്റം.


വാഴേങ്കട ഉത്സവക്കളിക്ക്‌ മഹാകേമന്മാരായ കലാകാരന്മാർ വന്നെത്തും. ഗ്രഹിതക്കാർ ധാരാളം. ധനുവിലെ കൊടും തണുപ്പിൽ തിക്കിത്തിരക്കിയിരുന്നു കളി കാണും. പുലരും വരെ ആ അരങ്ങത്ത്‌ നല്ലൊരു വേഷം കിട്ടിയാൽ അതൊരു ബഹുമതിയായി കണക്കാക്കി ,വേഷക്കാർ മാത്രമല്ല ആസ്വാദകരും.



ഉത്സവം അടുത്തതോടു കൂടി ആ കൊല്ലത്തെ അഭ്യാസം അവസാനിപ്പിച്ചു ഉത്സവക്കളിയരങ്ങിൽ വെച്ച്‌ അരങ്ങേറ്റം നിശ്ച്ചയിച്ചു. ആ ദിനങ്ങളിൽ കുഞ്ചുവിന്റെ മനസ്സു നിറയെ തന്റെ ആദ്യത്തെ കളിയുടെ മധുരപ്രതീക്ഷ മാത്രമായിരുന്നു. അരങ്ങേറ്റത്തിനു മുമ്പ്‌ ആചാരപ്രകാരം കളരിയിൽ വെച്ചു നടത്താറുള്ള "കളരി പൂജയെന്നു" പറയുന്ന "പരദേവതാപൂജ" യഥാവിധി നടത്തി.




കൊടിയേറ്റത്തിന്റെ പിറ്റേ നാൾ മുതൽക്കു തന്നെ കഥകളി തുടങ്ങും. തന്റെ ജീവിതത്തിൽ അത്രയും ആഹ്ലാദകരമായ ഒരവസരം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലെന്ന്‌ ആ വേഷക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു കഥകളിക്കാരനായിത്തീരുകയെന്ന ചിരകാലാഭിലാഷത്തിന്റെ നാന്ദി കുറിക്കപ്പെടുന്ന ദിവസം തൊട്ടടുത്തെത്തിക്കഴിഞ്ഞു.

പുറപ്പാടിലെ കൃഷ്ണമുടി വെച്ച വേഷം!

അരങ്ങേറ്റദിവസം അതിരാവിലെ കുളിച്ച്‌ തന്റെ ഉപാസനാമൂർത്തിയായ വാഴേങ്കട തേവരെ തൊഴുതു. പ്രാർത്ഥനയും പഞ്ചസ്സാരപ്പായസവുമടക്കമുള്ള നിവേദ്യങ്ങളും കൂടെ അമ്മയും!



അതിനു ശേഷം അഭ്യാസത്തിനു വേണ്ടതായ സഹായങ്ങൾ ചെയ്തു തന്ന ഉദാരമതിയും ദേവസ്വം ഊരാളന്മാരിൽ പ്രധാനിയുമായിരുന്ന മല്ലിശ്ശീരി നമ്പൂതിരിയേയും മറ്റു ഊരാളന്മാരായ താമരപ്പള്ളി നമ്പൂതിരി, പട്ലൂർ നമ്പൂതിരി എന്നിവരേയും ചെന്നു കണ്ട്‌ അവരുടെ അനുഗ്രഹാശ്ശിസ്സുകളും യഥോചിതം നൽകപ്പെട്ട സംഭാവനകളും വിനയപൂർവ്വം വാങ്ങുകയും ചെയ്തു.


വൈകുന്നേരം വീണ്ടും ദേവദർശനം ചെയ്തു. പകലൂണു കഴിച്ച ശേഷം ഗുരുനാഥന്റെ നിർദ്ദേശപ്രകാരം അണിയറയിലെത്തി. കോട്ടക്കുന്നിലേക്കുള്ള വഴിയിലെ കേളിപ്പാറയിൽ നിന്നു കേട്ട കേളിക്കൊട്ട്‌.

കഥകളിയുണ്ടെന്നറിയിക്കുന്ന ചടങ്ങ്‌.




കൂടല്ലൂർ മന വകയായുള്ള കളിയോഗമായിരുന്നു അന്ന്‌. അണിയറയിൽ തെളിഞ്ഞുകത്തിയ നിലവിളക്കുകൾ. നിവർത്തിയിട്ട പായകൾ...... ചുറ്റും തൂക്കിയിട്ട മെയ്ക്കോപ്പുകൾ, കിരീടങ്ങൾ, വലിയ കളിപ്പെട്ടികൾ................................
തെങ്ങോലകൊണ്ടുള്ള്‌ നറുക്കുകൾ. മനയോലയുടെ മണം. ഗുരു നിർദ്ദേശിച്ചതു പോലെ ഒരു നിലവിളക്കിനു മുന്നിൽ നിന്നു പ്രാർത്ഥിച്ചു.ഏതാനും ചില നിമിഷം........


പിന്നെ, അദ്ദേഹത്തിന്റെ മുമ്പിൽ ആ വിളക്കിനടുത്തിരുന്നു, ഗുരുനാഥൻ മോതിര വിരൽ കൊണ്ടു മനയോല തൊട്ട്‌ ഹൃദയത്തിൽ വെച്ച്‌ നല്ലവണ്ണം ധ്യാനിച്ചു. ശിഷ്യന്റെ നെറ്റി, മൂക്ക്‌, താടി , കവിൾ, എന്നിവിടങ്ങളിലെല്ലാം ആ മനയോല തൊട്ടു.


ജീവിതത്തിന്റെ മനയോലപ്പാടുകൾ!


പിന്നെ മറ്റു ചില നടന്മാരുടെ സഹായത്തോടു കൂടി ബാക്കി കാര്യങ്ങൾ, മുഖത്തു തേയ്ക്കുക ,വളയം വെയ്ക്കുക, തുടങ്ങിയവയും അതു കഴിഞ്ഞു ചുട്ടിയും നിർവ്വഹിച്ചു. വീണ്ടും വിളക്കിനരികത്ത്‌ ഇരുത്തി. എന്നിട്ട്‌ ഗുരുനാഥൻ കൃഷ്ണമുടി കൈയ്യിലെടുത്തു, ജലശുദ്ധമാക്കി വിളക്കത്തു തൊഴുത്‌ ആ കൃഷ്ണമുടി തൊട്ട്‌ ശിരസ്സിൽ വയ്ക്കാൻ പറഞ്ഞു. അങ്ങനെ ചെയ്ത ശേഷം അദ്ദേഹം കൃഷ്ണമുടി ശിഷ്യന്റെ തലയിൽ വെച്ച്‌ കെട്ടിക്കൊടുത്തു. വാത്സല്യസന്തോഷപൂർവ്വം കൃഷ്ണവേഷമണിയിച്ചു.


വേഷമൊരുങ്ങിക്കഴിഞ്ഞ ശേഷം അവിടെയുണ്ടായിരുന്ന പ്രാധാന്യമർഹിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച്‌ ഗുരു പത്നിക്കും ഗുരുവിനും ദക്ഷിണയും ഓണപ്പുടവയും അർപ്പിച്ചു. കഴിവിനനുസരിച്ചായിരുന്നു ഇതെല്ലാം. അനുഗ്രഹങ്ങൾക്കു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു. ഇതെല്ലാം വേണ്ട രീതിയിൽ ശ്രദ്ധിച്ചു ചെയ്തത്‌ അമ്മയും ജ്യേഷ്ഠനുമായിരുന്നു.

അണിയറയിലെ ചടങ്ങുകൾ കഴിഞ്ഞു. ഗുരുവിന്റെ ഉപദേശപ്രകാരം അണിയറ വിളക്കു വന്ദിച്ചു. "അരങ്ങത്തു പോയിവരട്ടെ" എന്നു പറഞ്ഞു. ഗുരുവിന്റേയും അമ്മയുടേയും മറ്റു ഗുരുസ്ഥാനീയരുടേയും പാദം തൊട്ടു വണങ്ങി.

പത്തടി ദൂരമേയുള്ളു അണിയറയിൽ നിന്നരങ്ങത്തേക്ക്‌. ആ പത്തടി ദൂരത്തിലും അമ്മയും ഗുരുവും ഗുരുപത്നിയമെന്നു വേണ്ട, മറ്റു വേണ്ടപ്പെട്ട ബന്ധുജനങ്ങളും സാമാജികന്മാരുമായ ജനങ്ങളാലും ചുറ്റപ്പെട്ടുള്ള ഒരു കൃഷ്ണവേഷത്തിന്റെ യാത്ര.


അമ്മയുടെ ഹർഷാശ്രു ജല പ്രവാഹം! അതിൽ ഒലിച്ചുപോയെങ്കിലോ എന്നു ശങ്കിച്ചു കുഞ്ചു!




ജീവിതത്തിൽ ഇതിലും വലിയ ഭാഗ്യങ്ങൾ വേറെയുണ്ടാകുമോ?

കഥകളി ലോകത്തെ വിഖ്യാതന്മാരായിരുന്ന ശ്രീ. ഇലപ്പുള്ളി കേശവൻ നായർ(ഭാഗവതർ) ശ്രീ. മൂത്തമന കേശവൻ നമ്പൂതിരി(ചെണ്ട)ശ്രീ. തിരുവില്വാമല മാധവവാര്യർ(മദ്ദളം)എന്നീ ഗുരു സമാനന്മാരുടെ സ്നേഹസഹകരണത്തോടുകൂടി "പുറപ്പാട്‌" ആരംഭിച്ചു. പുറപ്പാടിനുള്ള ശ്ലോകം ചൊല്ലിക്കഴിയുന്നതിനെത്തുടർന്ന്‌ കൊണ്ടു രംഗാഭിവാദ്യം. (മദ്ദളം, ചെണ്ട,ചേങ്ങില, ഇലത്താളം മുതലായവകളേയും ആ കലാകാരന്മാരേയും) വന്ദിക്കുകയെന്ന ചടങ്ങ്‌. ഒരു കൂട്ടായ്മയുടെ സൗഹൃദസങ്കൽപ്പങ്ങളിൽ നിന്നാണല്ലോ കഥകളിയുടെ രസം ഉണ്ടാകുന്നത്‌. അതുകൊണ്ടു തന്നെ അരങ്ങത്തെ പരസ്പര ബഹുമാനവും ധാരണയും വളരെ പ്രാധാന്യമർഹിക്കുന്നു.

പകുതി താഴ്ത്തിയ തിരശ്ശീല.

ആലവട്ടവും മേലാപ്പും പിടിച്ച്‌` അരങ്ങത്ത്‌ കൃഷ്ണവേഷം.

ഗുരുനാഥൻ ധൈര്യപ്പെട്ടിരുന്നതു പോലെത്തന്നെ ഒട്ടും പിഴയ്ക്കാതെയും പരിഭ്രമിക്കാതെയും വൃത്തിയിലും പുറപ്പാടെടുത്തു.

എന്നാൽ അരങ്ങേറ്റം ആ ഒരു വേഷത്തോടു കൂടി കഴിഞ്ഞില്ല.

പുറപ്പാട്‌ ഏതെങ്കിലുമൊരു കഥാപാത്ര സങ്കൽപ്പത്തിലുള്ള സംവിധാനക്രമമനുസരിച്ചുള്ളതല്ലല്ലോ. എന്നാൽ കഥകളിയുടെ ഒരാമുഖമായി , കഥകളിയുടെ കലാസങ്കേതങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു നൃത്തവിശേഷം എന്ന നിലയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഒരു വിദ്യാർത്ഥിയുടെ പാടവം പുറപ്പാടിലൂടെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നു. കണ്ണ്‌ ,കയ്യ്‌, കാൽ, മെയ്യ്‌ ചുഴിപ്പുകൾ , കലാശം, തുടങ്ങിയതെല്ലാം പുറപ്പാടിൽ സുവ്യക്തമാണ്‌. അഭിനയാംശം മാത്രമേ ഇല്ലാതുള്ളു.


രണ്ടാമതുണ്ടായ വേഷം അഭിനയം കൂടി വേണ്ടിയിരുന്ന കൃഷ്ണനായിരുന്നു. സുഭദ്രാഹരണത്തിലെ കൃഷ്ണൻ.

കപടവേഷ ധാരിയായ അർജ്ജുനൻ, സുഭദ്രയെ വിവാഹം ചെയ്ത ശേഷം കൃഷ്ണന്റെ പദം അർജ്ജുനനോട്‌.



"കേട്ടാലും വചനം സഖേ"............എന്ന പദമായിരുന്നു അഭിനയിച്ചതു. പുറപ്പാടു കഴിഞ്ഞപ്പോൾ എങ്ങുനിന്നെന്നില്ലാത്ത ഒരു ധൈര്യം കുഞ്ചുവിന്‌ കൈ വന്നു കഴിഞ്ഞിരുന്നു.

അന്നത്തെ അർജ്ജുനൻ മറ്റാരുടെയുമായിരുന്നില്ല. കഥകളി ലോകസാമ്രാട്ടും, തന്റെ അവസാന ഗുരുവുമായ ശ്രീ. പട്ടിക്കാംതൊടി രാവുണ്ണിമേനോന്റേതായിരുന്നു. ആദ്യത്തെ രണ്ടു ഗുരുനാഥന്മാർക്കു ശേഷമാണ്‌` രാവുണ്ണി മേനോനാശാന്റെ ശിഷ്യനാകാൻ ഭാഗ്യമുണ്ടായത്‌.
തന്റെ ആദ്യത്തെ കളിക്കു തന്നെ ലഭിച്ച അദ്ദേഹത്തിന്റെ കൂടെയുള്ള കൃഷ്ണൻ! കണക്കിലേറെ കൃതാർത്ഥനാക്കി അത്‌.

1101ധനു 6 ന്‌( 1925-ഡിസംബർ 20) ജീവിതത്തിൽ മറക്കാകാനാകാത്ത ഒരു ദിവസമായി മാറി. ഗുരുകടാക്ഷവും ഈശ്വരകൃപയും! മറ്റൊന്നില്ല പറയാൻ.

പിന്നീട്‌ എല്ലാ കൊല്ലവും വാഴേങ്കട ഉത്സവക്കളിയുടെ ആദ്യത്തെ ദിവസം കുഞ്ചു പുറപ്പാടെടുക്കണമെന്നത്‌ നിർബന്ധമായിത്തീർന്നു. മല്ലിശ്ശീരി നമ്പൂതിരി മരിക്കും വരേയും. അദ്ദേഹത്തിന്റെ സ്നേഹാധിക്യത്താലുള്ള ആ നിശ്ച്ചയം ഒരിക്കലും മുടക്കം വരാതെ കൃതജ്ഞ്താപൂർവ്വം ചെയ്തു വന്നു.