Friday, December 3, 2010

മനയോലപ്പാടുകൾ---------ആമുഖം----തുടർച്ച(പീ.വി. ശ്രീവത്സൻ)

യുക്തിക്കനുരൂപമായിട്ടുള്ള കഥകളിചിന്തയിലൂടെ സ്വയം വികസിപ്പിച്ചെടുത്ത അഭിനയശൈലിയുടെ പിൻബലത്തിൽ അതീവജാഗ്രതയോടെ മുന്നേറി അതു തിരിച്ചറിഞ്ഞാസ്വദിക്കാൻ കെൽപ്പുള്ള ഒരു പ്രേക്ഷകസമൂഹത്തെ ഉണ്ടാക്കിയെടുക്കുവാനും കുഞ്ചുനായർക്കു കഴിഞ്ഞു. വ്യവസ്ഥാപിതമായ കഥാപാത്രസങ്കൽപ്പത്തിന്റെ അടിത്തറയിലൂന്നിക്കൊണ്ട്‌ തള്ളാനുള്ളതു തള്ളിയും കൊള്ളാനുള്ളതു കൊണ്ടുമുള്ള തന്റെ കലാവീക്ഷണത്തിലൂടെയായിരുന്നു ഇതു സാധിച്ചതെന്ന്‌ അദ്ദേഹത്തിന്റെ പിൽക്കാലജീവിതം ഓർമ്മിപ്പിക്കുന്നു. ആനന്ദമയവും ജ്ഞാനസ്വരൂപവുമായ രസരൂപേണയുള്ള ആസ്വാദനമെങ്ങനെ കൈവരിക്കാമെന്ന മാനസിക-നാട്യതപസ്യയുടെ ഫലം പെട്ടെന്നല്ലെങ്കിലും ക്രമേണ അദ്ദേഹത്തിന്റെ അരങ്ങുകളിലൂടെ സംസ്ഥാപിതമായി.


കല്ലുവഴിച്ചിട്ടയുടെ സമഗ്രസൗന്ദര്യത്തിലൂന്നി സാത്വികാഭിനയത്തിന്റെ സ്വച്ഛന്ദ മേഖലയിലൂടെ വിഹരിച്ചുകൊണ്ട്‌ താനവതരിപ്പിക്കുന്ന വേഷങ്ങൾക്ക്‌ കൃത്യമായ പാത്രബോധം നൽകുവാൻ അദ്ദേഹത്തെ ഉത്തേജിതനാക്കിയ കളിയരങ്ങുകൾ പ്രത്യേകിച്ച്‌ മധ്യകേരളത്തിൽ ധാരാളവും ,ക്രമേണ തെക്കൻ കേരളത്തിലും പ്രചാരമായി വന്നു. കോട്ടയ്ക്കൽ പി.എസ്‌.വി. നാട്യസംഘവും പിന്നെ കേരളകലാമണ്ഡലവും ഒരുപോലെ ആചാര്യനായി അദ്ദേഹത്തെ വാഴിച്ചു. ചൊല്ലിയാട്ടത്തിലും ശരീരഭാഷയിലും കല്ലുവഴിച്ചിട്ട അനുശാസിച്ച അച്ചടക്കത്തിന്റേയും ഒതുക്കത്തിന്റേയും മിതത്വത്തിന്റേതുമായ ലാവണ്യചിന്തകൾ അഭിനയത്തിന്റെ മേഖലയിലേക്കും പടുത്തുയർത്തുവാൻ യത്നിച്ചു. കവി(ആട്ടക്കഥാകാരൻ) ഉദ്ദേശിച്ചതെന്താണെന്ന്‌ വിവേചിച്ചറിഞ്ഞു. അതു സഹൃദയാഹ്‌ളാദമാക്കി മാറ്റുക, അതേസമയം കഥാപാത്രത്തിനു നിരക്കാത്തതൊന്നും ചെയ്യാതേയുമിരിക്കുക. ഇതു വളരെ പ്രധാനമായിരുന്നു അദ്ദേഹത്തിന്‌. ഭാവാവിഷ്ടമായ കവിഹൃദയത്തിൽ നിന്നുമാത്രമേ കാവ്യം നിർഗ്ഗമിക്കുകയുള്ളു. കവിഹൃദയത്തിലെ ഭാവം നടഹൃദയത്തിൽ പ്രവേശിക്കുമ്പോൾ നടഹൃദയം കവിഹൃദയമായി മാറുന്നു. അപ്പോൾ കാവ്യഭാവത്തിന്റെ അനുവ്യവസായം സിദ്ധിക്കുന്നു. അതിന്റെ പ്രയോഗം അഭിനയമാണ്‌. അഭിനയത്തിലൂടെ കവിയുടെ ഭാവം പ്രേക്ഷകനിലെത്തുന്നു. പ്രേക്ഷകൻ സഹൃദയനെങ്കിൽ ഭാവം ,രസാനുഭവം തരുന്നു. ഇതാണു കാവ്യരസവും നാട്യരസവും. നാട്യശാസ്ത്രത്തിലെ ഈ സിദ്ധാന്തം ( )കുഞ്ചുനായരുടെ നാട്യദർശനമാകുന്നു.


എന്റെ കഥകളി വീക്ഷണം എന്ന ലേഖനത്തിൽ അദ്ദേഹം പറയുന്നു.

"നൃത്തത്തെ മാത്രം പ്രധാനമാക്കിക്കൊണ്ട്‌ കഥാപാത്രം (നടൻ)തത്തൽ കഥാസന്ദർഭങ്ങളിലെ സ്ഥായീഭാവം വിട്ടുകൂടാ. അപ്പോൾ നൃത്യമെന്നത്‌ കേവലം നൃത്തമായ്‌ മാറിയേക്കും. അതായത്‌ ,സ്ഥായീഭാവത്തിന്റെ ആവിഷ്‌ക്കരണരൂപത്തിന്‌ അനുകൂലിച്ചതായിരിക്കണം കഥാപാത്രത്തിന്റെ സകലവിധ ചേഷ്ടകളും. ആയതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ രസഭംഗമുണ്ടായിത്തീരുന്നതാണ്‌. കലാശങ്ങൾക്കു വട്ടം തട്ടുന്ന അവസരങ്ങളിൽ നടൻ, പദത്തിൽ തന്നെ പറയുന്ന വിഷയങ്ങളൊ ,സുദീർഘങ്ങളായ മട്ടു ഉപകഥകളൊ ആടി ദീർഘിപ്പിച്ചു കഥാപാത്രത്തിന്റെ നില മാറിപ്പോകാതിരിക്കാനും പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്‌. അങ്ങനെതന്നെ ,സഹപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം രസികത്വമെന്ന നിലയ്ക്കു സാമാജികന്മാരിൽ സമർപ്പിക്കുന്നതും ആഭാസകരമാണ്‌.

നടന്മാരുടെ പ്രതിഭാവിലാസത്തിൽ നിന്നുയരുന്ന നാനാവിധഭാവങ്ങൾ ആദ്യം മുഖത്തു വ്യാപിക്കുന്നു. എന്നാൽ മുഖാഭിനയം കൊണ്ടുമാത്രം ആ ഭാവം തികച്ചും ആസ്വാദ്യമായിത്തീരുന്നില്ല. വീണ്ടും ആ ഭാവം സർവ്വാംഗങ്ങളിലേക്കും പടർന്നുപിടിക്കുന്നതോടുകൂടി ആ വികാരത്തിന്റെ അഥവാ ,ആ വസ്തുവിന്റെ ഗുണവിശേഷത്തെ അംഗോപാംഗാദി ചേഷ്ടകളെക്കൊണ്ടോ ഹസ്തസംജ്ഞാപ്രയോഗം കൊണ്ടോ ആവിഷ്ക്കരിക്കുമ്പോൾ മാത്രമേ അതിൽ നിന്നുള്ള ആസ്വാദ്യത തികച്ചും പൂർത്തിയാവുകയുള്ളു. അതുകൊണ്ട്‌ ജീവനും ശരീരവുമെന്നപോലെ സ്വാഭാവികമായിത്തന്നെ അന്യോന്യം ബന്ധപ്പെട്ടവയാണ്‌. രസഭാവങ്ങളും അവയുടെ അനുഭാവങ്ങളൂം താളാശ്രിതങ്ങളായ അംഗോപാംഗാദിചലനങ്ങളും മാത്രമല്ല ,ഇവയെ അനുസരിച്ചിരിക്കുന്നതാണ്‌ താളകാലവും............."
ചലനങ്ങൾ താളാശ്രിതങ്ങളാണ്‌. അല്ലാതേയുള്ള യാതൊരുവിധ ചലനങ്ങളും അരങ്ങത്ത്‌ അഭികാമ്യമല്ല. അത്രമാത്രം സമ്യക്കായ താളാശ്രിതത്വത്തിൽ ഉറച്ചതായിരിക്കണം നടന്റെ ശരീരധർമ്മങ്ങൾ.രാവുണ്ണിമേനോന്റെ നാട്യസിദ്ധാൻതത്തിന്റെ കുറേക്കൂടി ആഴമുള്ള കാഴ്ച്ചയിലേക്കായിരുന്നു കുഞ്ചുനായർ ഇറങ്ങിച്ചെന്നത്‌. കഥകളിയിൽ സൂക്ഷമതരമായ "പാത്രബോധം" സർവ്വോപരി പ്രാധാന്യമർഹിക്കുന്ന ഒന്നായി അദ്ദേഹം മനസ്സിലാക്കി. രസജ്ഞന്മാരുടെ ആനന്ദമിരിക്കുന്നത്‌ അതിലാണെന്നും ആ ബോധം നടന്മാരിൽ മാത്രമല്ല പ്രേക്ഷകരിലും അവശ്യം ഉണ്ടാകേണ്ടതാണ്‌`.അങ്ങനെയായാലെ കഥകളിയുടെ യഥാർത്ഥ ആസ്വാദനം കൈവരിക്കുവാൻ കഴിയുകയുള്ളുയെന്ന ബോധം അദ്ദേഹത്തിന്റെ കലാജീവിതം അടിവരയിട്ടുറപ്പിച്ചു.

ഇങ്ങനെ യുക്തിബോധങ്ങൾക്കനുസൃതമായി കലാവിചാരങ്ങളെ വ്യാഖ്യാനിക്കുകയും വിശകലനം ചെയ്യുകയും അതിന്‌ ഔചിത്യ പൂർണ്ണവും സഹൃദയപരവുമായ ലാവണ്യം പ്രദാനം ചെയ്യുകയും ചെയ്ത യുഗപ്രഭാവനായ ഒരു വേഷക്കാരനായിത്തീർന്നതുതന്നെയായിരുന്നു കുഞ്ചുനായരുടെ ജന്മസാഫല്യം. അനവസരത്തിൽ അദ്ദേഹം പോലും നിനച്ചിരിക്കാത്തൊരു നേരത്ത്‌ ,കഥകളിരംഗത്തു നിന്ന്‌ അദ്ദേഹത്തിന്‌ വിടപറയേണ്ടി വന്നത്‌ ഒരു ദുരന്തനായകന്റെ നടുക്കമുണർത്തുന്ന കാലവിപര്യയമായി മാറിയത്‌ എല്ലാ അർത്ഥത്തിലും കഥകളിക്ക്‌ തീരാനഷ്ടമായി. അതൊരു വേദനിപ്പിക്കുന്ന സത്യമായി ഓർമ്മകളിൽ ഇന്നും കത്തിയാളുന്നു.

അദ്ദേഹം പലപ്പോഴായി എഴുതിവെച്ചിട്ടുള്ള പലേ സുപ്രധാനരേഖകളും ആത്മകഥാക്കുറിപ്പുകളും ,അനുഭവങ്ങളും സംഭവങ്ങളും കഥകളിയദ്ധ്യാപനത്തിന്റെ ഡയറിക്കുറിപ്പുകളും അതേപടി ഇതിലുണ്ട്‌. പലതും മുമ്പ്‌ പലയിടത്തുമായി പ്രസിദ്ധീകരിച്ചവയാണ്‌. അദ്ദേഹത്തിന്റെ വേഷം കണ്ടാസ്വദിച്ചിട്ടുള്ള സഹൃദയബുദ്ധികളുടെ അനുഭവസാക്ഷ്യങ്ങളും അദ്ദേഹത്തെക്കുറിച്ചു പ്രസിദ്ധീകരിക്കപ്പെട്ട ചില പ്രധാനലേഘനങ്ങളും അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യരിൽ നിന്നും കിട്ടിയ നേരറിവുകളും ഈ ജീവചരിത്രരചനക്കു മാർഗ്ഗദർശകങ്ങളാണ്‌.

അകാലത്തിൽ(അച്ഛന്റെ മരണശേഷം അഞ്ചുവർഷം കഴിഞ്ഞ്‌ ,തന്റെ അമ്പത്തിയൊമ്പതാം വയസ്സിൽ) മരിച്ചൊപോയ അമ്മയിൽ നിന്നും കേട്ടറിഞ്ഞ മരിക്കാത്ത ഓർമ്മകളും ഇതിൽ തിരനീക്കി വരുന്നു. ഒരു കഥകളിക്കാരന്റെ "സഹധർമ്മിണി" എന്ന നിലയിൽ എല്ലാ അർത്ഥത്തിലും അച്ഛന്റെ ശക്തിയും ദൗർബല്യവുമായിരുന്നു അമ്മ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ,കലയിലെ മൗനസാന്നിധ്യമായി അമ്മയുടെ പ്രാർത്ഥനാനിർഭരമായ ജീവിതം താങ്ങും തണലുമായിരുന്നു.

ഇതിന്റെയെല്ലാം ആകത്തുകയാണീ രചന. ഇതിന്‌ എന്നോടാവശ്യപ്പെടുകയും വേണ്ട ഉപദേശനിർദ്ദേശങ്ങൾ ചെയ്തു തരികയും ചെയ്ത എന്റെ സഹോദരനും കഥകളി നടനും കലാമണ്ഡലം പ്രിൻകിപ്പലായി വിരമിക്കുകയും ചെയ്ത ശ്രീ വാഴേങ്കട വിജയനും ,ഇതിന്റെ കൈയെഴുത്ത്‌ പരിശോധിച്ച്‌ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകി അനുഗ്രഹിച്ച വിശ്രുതപണ്ഡിതനും കലാമർമ്മജ്ഞനും അച്ഛന്റെ ചിരകാലസുഹൃത്തുമായ"സൂപ്രണ്ടിനും"ഇതിനോട്‌ ഓരോരോ വിധത്തിൽ ബന്ധപ്പെട്ടു സഹായിച്ച മൺ മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഓരോരുത്തർക്കും സർവ്വോപരി ഇതൊരു സദ്‌യത്നമായി പരിഗണിക്കുകയൂം സസന്തോഷം പ്രസിദ്ധീകരിക്കാൻ തയ്യാറാവുകയും ചെയ്ത കേരളകലാമണ്ഡലം കൽപ്പിത സർവ്വകലാശാലക്കും പ്രത്യുത അതിന്റെ വൈസ്‌ചാൻസലറും വിഖ്യാതകലാപണ്ഡിതനുമായ ഡോ.കെ.ജി..പൗലോസ്‌ അവർക്കൾക്കും ,സർവ്വകലാശാലാ രജിസ്റ്റ്രാറും കല-നാടക ചിന്തകനുമായ ഡോ.എൻ.ആർ. ഗ്രാമപ്രകാശ്‌` അവർക്കൾക്കും , സർവ്വകലാശാല പബ്ലിക്കേഷൻ ഓഫീസറും കലാ നിരൂപകനുമായ ശ്രീ.വി.കലാധരൻ അവർക്കൾക്കും എനിക്കുള്ള കൃതജ്ഞത സീമാതീതമാണ്‌.

ഈ രചനക്കപ്പുറത്തുള്ള ഒരരങ്ങത്ത്‌ കുഞ്ചുനായരുടെ രംഗജീവിതം അവ ശേഷിച്ചുകിടപ്പുണ്ടാകാം. അന്വ്വേഷണങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ.

No comments:

Post a Comment