Tuesday, December 28, 2010

അരങ്ങ്‌-5




കഥകളി പഠിക്കുകയെന്നത്‌ കുഞ്ചു മാത്രം തീരുമാനിച്ചാൽ മതിയായിരുന്നില്ല.

അമ്മക്കും അച്ഛനും സമ്മതം
പിന്നെ, ആർക്കാണ്‌ വിസമ്മതം?

ഒരു വേള വഴി മുട്ടുമോ?
അപ്പോൾ, ചിത്രകലയുണ്ടല്ലോ എന്നു മനസ്സു സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ശക്തിയിൽ കഥകളിയുടെ വേരുകൾ ആഴ്‌ന്നു പോയിരുന്നു. ജന്മത്തിന്റെ നാരായവേരു പോലെ!

ഏതൊരാൾ കാരണം അമ്മ വാഴേങ്കടയിൽ നിന്നു വിട്ടുപോന്നുവോ , ആ മനുഷ്യൻ( കുഞ്ചുവിന്റെ വലിയമ്മയുടെ മൂത്ത മകൻ)അപ്പോഴേക്കും അവിടുന്നു ഭാഗം മേടിച്ചു പോയിരുന്നു. .പിന്നെ അവിടെ രണ്ടാമത്തെ മകനും (ചെറിയേട്ടൻ) അവരുടെ ഏകസഹോദരിയും (കുഞ്ചുവിന്റെ അമ്മ എടുത്തുവളർത്തിയ കുട്ടി​‍ാമാത്രമേ ഉണ്ടായിരുന്നുള്ളു. മകന്റെ കഥകളി ഭ്രാന്തിനെക്കുറിച്ച്‌ അമ്മ അവിടെ വെച്ച്‌ ചില കാര്യങ്ങൾ പറഞ്ഞു, വെറുതെ ഒരു മോഹം കൊണ്ടു പറഞ്ഞതായിരുന്നില്ല അത്‌. വാഴേങ്കട താമസിച്ചു കഥകളിയഭ്യസിക്കുമ്പോൾ ,ഭക്ഷണച്ചെലവ്‌ ചെറിയേട്ടൻ വഹിക്കുകയാണെങ്കിൽ കുഞ്ചുവിന്റെ ഇഷ്ടപ്രകാരം നടക്കട്ടെ എന്നായിരുന്നു അമ്മയുടെ ഉള്ളിൽ. എന്നാൽ അതേക്കുറിച്ച്‌ ചെറിയേട്ടൻ ഒരക്ഷരം മിണ്ടിയില്ല. അതിന്റെയർത്ഥം അമ്മയ്ക്കും മകനും മനസ്സിലാവുകയും ചെയ്തു. പക്ഷേ, അതുകൊണ്ടൊന്നും കുഞ്ചുവിന്റെ കഥകളിപ്രേമത്തിന്‌ യാതൊരു മാറ്റവും സംഭവിച്ചില്ല. പകരം അതു കുറേക്കൂടി കൂടി വന്നു.



കഥകളിയോടുള്ള നിരന്തരമായ അനുഭാവത്തിൽ അനുകമ്പ തോന്നുവാനും ഏതോ വിധത്തിൽ കുഞ്ചുവിനെ സഹായിക്കുവാനും അവിടെ നാട്ടുകാരിൽ ഒരാളുണ്ടായി. ആരും നിനച്ചിരിക്കാത്ത ഒരു നേരത്ത്‌.


"യഥാ ഹ്യേകേന ചക്രേണ ന രഥസ്യ ഗതിർഭവേത്‌"
ഏവം പുരുഷകാരേണ വിനാ ദൈവം ന സാധ്യതി"
(ഒരു ചക്രം മാത്രം കൊണ്ട്‌ രഥത്തിന്‌ മുന്നോട്ട്‌ ചലിക്കുവാൻ കഴിയുകയില്ല. അതു പോലെ ദൈവാനുഗ്രഹമില്ലാതെ പുരുഷ പ്രയത്നം മാത്രം കൊണ്ട്‌ ഫലം സിദ്ധിക്കുകയുമില്ല) എന്നു പറഞ്ഞപോളെ ദൈവാനുഗ്രഹത്താൽ ഒരു മനുഷ്യന്‌ ആ കുട്ടിയുടെ കാര്യത്തിലിടപെടാൻ തോന്നി. അതെന്തുകൊണ്ടെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. കാരണം ആ മനുഷ്യനുമായി അത്ര അടുത്ത ബന്ധം കുഞ്ചുവിനുണ്ടായിരുന്നതുമില്ല. അദ്ദേഹത്തിന്റെ സ്ഥിരതാമസം വാഴേങ്കടയിലും.
കെപി. കുട്ടപ്പൊതുവാൾ എന്ന സ്നേഹോദാരനായ അദ്ദേഹത്തിന്റെ മക്കളാണ്‌ പിൽക്കാലത്ത്‌ തായമ്പകയിലെ മലമക്കാവ്‌ ശൈലിയിലെ അത്യുന്നതരായിത്തീർന്ന കൊട്ടുകാർ ആലിപ്പറമ്പ്‌ ശിവരാമപ്പൊതുവാൾ, സഹോദരന്മാരായ കൃഷ്ണപ്പൊതുവാൾ, കേശവപ്പൊതുവാൾ എന്നിവർ.



വാഴേങ്കട ക്ഷേത്രത്തിലെ പൂജക്കൊട്ടുകാരനായ കുട്ടപ്പൊതുവാൾ പൊതുസമ്മതനും സഹൃദയനുമായിരുന്നു. ക്ഷേത്രത്തിലെ ഊരാളന്മാരിൽ മുഖ്യനായ മല്ലിശ്ശീരി നീലകണ്ഠൻ നമ്പൂതിരിയുമായി അദ്ദേഹത്തിന്‌ അടുപ്പമുണ്ടായിരുന്നു. മല്ലിശ്ശീരിയുടെ ആഗ്രഹമനുസരിച്ചാണ്‌ ക്ഷേത്രപരിസരത്തു വെച്ച്‌ കഥകളി കളരി ആരംഭിക്കുന്നതും . അദ്ദേഹത്തോട്‌ കുട്ടപ്പൊതുവാൾ കുഞ്ചു എന്ന പതിനഞ്ചുകാരന്റെ കഥകളി ഭ്രമത്തെക്കുറിച്ചു പറഞ്ഞു. ഒപ്പം തന്നെ അതിനുള്ള വൈഷമ്യത്തെക്കുറിച്ചും അറിയിച്ചു.

മുൻപറഞ്ഞ ചെറിയേട്ടന്‌ സാമാന്യം കൃഷി ഉണ്ടായിരുന്നുവെങ്കിലും അതിലധികം വരുമാനം മല്ലിശ്ശീരി വകയായിരുന്നു. .അദ്ദേഹത്തിന്റെ വാഴേങ്കടയിലെ കാര്യസ്ഥനായിരുന്നു അയാൾ. കുട്ടപ്പൊതുവാൾ മുഖാന്തിരം മല്ലിശ്ശീരി നമ്പൂതിരി അയാളോടു കാര്യങ്ങളന്വേഷിച്ചു. അവസാനം കുഞ്ചുവിന്റെ ഭക്ഷണച്ചെലവും മറ്റും നടത്തണമെന്നും വിട്ടു പറഞ്ഞു. അദ്ദേഹത്തിന്റെ നിർബന്ധത്തിൽ നിന്നൊഴിഞ്ഞുമാറാൻ ചെറിയേട്ടന്‌ കഴിഞ്ഞില്ല.കാര്യസ്ഥന്റെ വിനീത വിധേയത്വം കുഞ്ചുവിനനുഗ്രഹമായി മാറി. ഒരു വിധത്തിൽ , ഏട്ടൻ അതിനു സമ്മതിച്ചു. അപ്പോൾ മാത്രമായിരുന്നു എത്രയോ ദൂരത്തു നിന്ന്‌ തലയിലേറ്റി വന്നിരുന്ന ഒരു കുന്നത്തെ ചുമട്‌` ഒന്നിറക്കിവെച്ചു വിശ്രമിക്കാൻ കഴിഞ്ഞത്‌, കുഞ്ചുവിന്‌.


പിന്നീട്‌ അമ്മ കാറൽമണ്ണയിലും കുഞ്ചു വാഴേങ്കടയിലുമായി. ജ്യേഷ്ഠൻ മദിരാശിയിൽത്തന്നെ. ആഗ്രഹിച്ചതു പോലെത്തന്നെ മകന്‌ കഥകളി പഠിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയതിൽ കുഞ്ചുവിന്റെ അച്ഛനും ഉള്ളാലെ സന്തോഷിച്ചു. തൃക്കിടീരി മനയിലെ തന്റെ തമ്പുരാനോട്‌ കാര്യങ്ങളെല്ലാമുണർത്തിച്ചു. കന്യാകുമാരിയിലേക്കു ചിത്രകലാപഠനത്തിനുള്ള കുഞ്ചുവിന്റെ യാത്ര വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിലെ കഥകളിയരങ്ങിലേക്കായി.


താമസിയാതെ അഭ്യാസം ആരംഭിച്ചു. മലയാളവർഷം 1100 എടവം 26 ന്‌ (1942 ജൂൺ 8) ആയിരുന്നു ആ ദിവസം. അന്നു മുതൽക്ക്‌ കുഞ്ചു വാഴേങ്കടക്കാരനായി വന്നു.


അഞ്ചു വിദ്യാർത്ഥികളായിരുന്നു ആദ്യം ഉണ്ടായിരുന്നത്‌. എല്ലാവരും വാഴേങ്കടക്കാർ. അഭ്യാസച്ചെലവുകളിൽ ഗുരുവിന്റെ ഭക്ഷണം മാത്രം മല്ലിശ്ശീരി കൊടുക്കും. വിദ്യാർത്ഥികൾക്കു വേണ്ടതായ എണ്ണ, നെയ്യ്‌, ഗുരുവിന്റെ ശംമ്പളം മുതലായ ചെലവുകൾ രക്ഷിതാക്കൾ ചെയ്യണം. വളരെയേറെ കഷ്ടപ്പെട്ടായിരുന്നു കഥകളിയഭ്യാസം കഴിച്ചുകൂട്ടിയത്‌. ഭക്ഷണം ഒരു വിധത്തിൽ ചെറിയേട്ടന്റെ ദയമൂലം കിട്ടിപ്പോന്നു. മറ്റു ചെലവുകൾ വളരെ പണിപ്പെട്ടും നിത്യച്ചിലവു ചുരുക്കിയും മാസം തോറും അമ്മയും ഏട്ടനും തന്നുകൊണ്ടിരുന്നു.കടം വാങ്ങിയിട്ടാണെങ്കിലും (ചില മാസം)കൃത്യമായി എത്തിച്ചു തന്നു. ഈ വിധത്തിലുള്ള മാനസികാന്തരീക്ഷം ചിലപ്പോഴെങ്കിലും കുഞ്ചുവിനെ അസ്വസ്ഥനാക്കി.


വേറെ എന്തെങ്കിലുമൊക്കെ തൊഴിൽ ചെയ്തുകൂടെ?
അല്ലെങ്കിൽ ,ജ്യേഷ്ഠനെപ്പോലെ മദിരാശിയിലേക്ക്‌ പൊയ്‌ക്കൂടെ? പത്തുപതിനഞ്ചു വയസ്സായിട്ട്‌ , ഒരു കഥകളിക്കമ്പം.!

ആർക്ക്‌? എന്തിന്‌?
തനിച്ചിരുന്നാലോചിക്കുമ്പോഴൊക്കെ കേട്ട മദ്ദളത്തിന്റേയും ചെണ്ടയുടേയും ശബ്ദം.
കഥകളി പഠിക്കുന്നത്‌ ഒരു "തൊഴിലിനു" വേണ്ടിയാണോ?

ഒരു തൊഴിലെടുത്തു ജീവിക്കുന്നതും കഥകളികൊണ്ടു ജീവിക്കുന്നതും രണ്ടും ഒരു പോലെയാണോ?
തീർച്ചയായും അല്ലെന്നറിയാം.

ഏതു തൊഴിലിനേക്കാളും ഉന്നതിയിലുള്ളതാണ്‌ കഥകളി എന്നുമറിയാം. വെള്ളിനേഴിയിൽ നിന്നു സ്ക്കൂൾ വിട്ടു വരുമ്പോൾ, അവിടത്തെ കളരിയിലെ ആശാൻ ചോദിച്ച ചോദ്യം.

ആ ചോദ്യത്തിനുള്ള ഉത്തരം തേടിയലഞ്ഞ നാളുകൾ

സാരമില്ല. എല്ലാം നേരേയാകും. നേരേയാകണം.
സ്വന്തം മനസ്സിൽ നിന്നുതന്നെയുള്ള സാന്ത്വനം.

ആദ്യ ഗുരുനാഥൻ കരിയാട്ടിൽ കോപ്പൻ നായർ എന്നൊരു മഹാനായിരുന്നു. പിന്നീടൊരു കാലത്ത്‌ തന്റെ നിതാന്തസുഹൃത്തും അതിപ്രശസ്തനായ താടിവേഷക്കാരനുമായിരുന്ന ശ്രീ വെള്ളിനേഴി നാണുനായർ ഇദ്ദേഹത്തിന്റെ മകനാണ്‌. ഇട്ടിരാരിച്ച മേനോന്റെ കീഴിൽ പത്തുകൊല്ലത്തെ അഭ്യാസം നേടിയ കോപ്പൻ നായരാശാൻ , കുഞ്ചുവിന്റെ അവസാനത്തെ ഗുരുവായ പട്ടിക്കാം തൊടി രാവുണ്ണി മേനോന്റെ സമകാലികനും സഹപാഠിയുമായിരുന്നു. വെള്ളത്താടിയും ചുകന്ന താടിയും കെട്ടിയിരുന്ന അദ്ദേഹത്തിനു ചിരകാലപ്രസിദ്ധി നേടിക്കൊടുത്തത്‌ പക്ഷേ മറ്റൊരു വേഷമായിരുന്നു.

ബകവധത്തിലെ ആശാരി!


അക്കാലത്തെ അരങ്ങുകളിൽ സ്ഥിരമായുള്ള ഒരു വേഷം. അതു കോപ്പന്നായരാശാന്റേതും.

പ്രത്യേകമായ , ഹാസ്യരസപ്രധാനമായ ച്ചിട്ടകളും ചടങ്ങുകളും കലാശങ്ങളും ലോകധർമ്മിയായ പലേ പ്രയോഗങ്ങളും അദ്ദേഹത്തിന്റെ ആശാരിവേഷത്തിന്റെ അനുഗുണമായിരുന്നു. "ആശാരി കോപ്പൻ" എന്ന അപരനാമധേയത്തിൽ അദ്ദേഹം അറിയപ്പെട്ട കാലം: കാലത്തിനു ശേഷവും.



കഥകളി നടന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട "മെയ്യ്‌" സ്വാധീനിക്കുവാൻ വേണ്ടിയുള്ള "ഉഴിച്ചിലിനു" പേരെടുത്ത അദ്ദേഹത്തിന്റെ അഭ്യസനവൈദഗ്ദ്ധ്യം പ്രത്യേകിച്ച്‌ കച്ചകെട്ടലും പ്രാഥമികശിക്ഷണം നിർവ്വഹിക്കുന്നതിലുള്ള പ്രാഗത്ഭ്യവും എടുത്തുപറയേണ്ടതാണ്‌. കഥകളിയിലെ ഒരു പ്രാഥമിക വിദ്യാർത്ഥിയുടെ മനസ്സു വായിച്ചെടുത്ത തരത്തിലുള്ള ഒരഭ്യസനരീതിയായിരുന്നു അദ്ദേഹത്തിന്റേത്‌. അഭ്യാസത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുവാൻ കോപ്പന്നായരാശാന്റെ മനസ്സുപോലത്തെ ഒരു മനസ്സു തന്നെയായിരുന്നു ഏറ്റവും പ്രധാനം. ഓരോ ദിവസം ചെല്ലുമ്ന്തോറും വിദ്യാർത്ഥിക്കു കഥകളിയുമായുള്ള അടുപ്പം കൂടിയും അകൽച്ച കുറഞ്ഞും വന്നു. പ്രയോഗവിധികൾ തന്നെയായിരുന്നു പ്രധാനം.


ആ കളരിയിലെ ആദ്യത്തെ ആറുമാസം കഴിഞ്ഞുപോയതറിഞ്ഞില്ല. തോടയം, പുറപ്പാട്‌` മുതലായവ പഠിക്കുവാൻ തുടങ്ങി. കഥകളിയിലെ രംഗദേവതാവന്ദനമെന്നോ അഥവാ അതിന്റെ ശുഭാപ്തിപ്രാർത്ഥനയെന്നോ ആയി കൽപ്പിക്കപ്പെട്ടിരുന്ന ഒരു നൃത്തപ്രയോഗമാണ്‌ തോടയം.

അതതു കഥകളുടെ ആരംഭത്തിന്നാധാരമായുള്ള കഥാപാത്രത്തെ അരങ്ങത്തവതരിപ്പിക്കുക എന്ന കൃത്യത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു നൃത്തപ്രയോഗമാണ്‌ പുറപ്പാട്‌.ഇതു രണ്ടും പഠിച്ചുതീരുവാൻ സുമാർ ഒന്നരമാസമെടുത്തു. തോടയവും പുറപ്പാടും താളകാലത്തിനു യോജിച്ചെടുക്കാറായശേഷം തുടർന്നങ്ങോട്ടുള്ള അഭ്യാസം മുട്ടിയിൽ താളം പിടിച്ചുപാടുന്ന പാട്ടിനോടു ചേർന്നതായി. അങ്ങനേയും ഏതാണ്ട്‌ ഒരു മാസം കഴിഞ്ഞപ്പോഴാണ്‌ പാട്ടും ചെണ്ടയും മദ്ദളവും ചേർന്നുകൊണ്ടുള്ള അഭ്യാസം തുടങ്ങിയത്‌. ആ സമയത്ത്‌ കുറച്ച്‌ വിഷമിക്കുകയുണ്ടായി. പുതുക്കമായിരുന്നതിനാൽ ചെണ്ട മദ്ദളങ്ങളുടെ ശബ്ദം കേട്ടാൽ അപ്പോൾ വിറച്ചുതുടങ്ങും. ഒരു വിധ്‌ത്തിലും നിലയ്ക്കു നിന്നു പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ കുറച്ചു ദിവസം ചെന്നപ്പോൾ അതിൽ പരിചയവും ധൈര്യവും കിട്ടി.


പിന്നീട്‌ അവസാനം ഒരു മാസത്തോളം "രാച്ചൊല്ലിയാട്ട"വുമുണ്ടായി. രാത്രി വിളക്കു വെച്ച്‌ തിരശ്ശീല പിടീച്ച്‌ കാലിൽ കച്ചമണിയും മറ്റും കെട്ടി സന്ദർഭോചിതമായി ഗദ, വാൾ, അമ്പും വില്ലും മുതലായവ ധരിച്ചുകൊണ്ട്‌ അലർച്ചയോടും തിരനോക്കോടു കൂടിയതുമായ അഭ്യാസത്തിനാണ്‌ "രാച്ചൊല്ലിയാട്ട"മെന്നു പറയുന്നത്‌.


ഇങ്ങിനെയെല്ലാമായി ആദ്യത്തെ കൊല്ലം ആറു മാസത്തെ അഭ്യാസമാണ്‌ ഉണ്ടായത്‌. അപ്പോഴേക്കും തോടയം, പുറപ്പാട്‌,മറ്റു ചില കുട്ടിത്തരം വേഷങ്ങൾ എന്നിവ നല്ലവണ്ണം പഠിച്ചുകഴിഞ്ഞു. അതുവരെ പഠിച്ചതെല്ലാം ഭംഗിയായി അരങ്ങത്തു പ്രകടിപ്പിക്കാമെന്നുള്ള വാസനാബലവും ധൈര്യവും ഗുരുവിനും ശിഷ്യ്യനും പൂർണ്ണമായും കൈവന്നു.വളരെ ഉത്സാഹഭരിതമായിരുന്നു അഭ്യാസകാലം.

ഇനിയെന്ത്‌ ..?ഇനിയെന്ത്‌? എന്നു വീണ്ടും വീണ്ടും മനസ്സന്വേഷിച്ചുകൊണ്ടിരുന്ന ഒരു പതിനഞ്ചുകാരന്റെ ആവേശഭരിതമായ ജിജ്ഞാസ, കൗതുകം!

Sunday, December 19, 2010

അരങ്ങ്‌-4

തീർത്തും അപ്രതീക്ഷിതമായി സ്ക്കൂൾജീവിതം അവസാനിച്ചു. ഇനിയെന്ത്‌ എന്ന ചിന്ത വല്ലാതെ ബാധിച്ചു തുടങ്ങി. എന്തൊരു കാര്യത്തിനും വഴിമുടക്കിയത്‌ സാമ്പത്തിക പരാധീനത ഒന്നു മാത്രം.



അപ്പോഴെല്ലാം കഥകളിയഭ്യാസത്തെക്കുറിച്ചുള്ള പകൽ സ്വപ്നങ്ങളിൽ മുഴുകിയ മനസ്സ്‌. മറ്റെന്തു തരത്തിലുള്ള വിദ്യാഭ്യാസത്തിനേക്കാൾ സാമ്പത്തിക ഭാരം കഥകളി പഠിക്കുവാൻ വേണ്ടതില്ലായിരുന്നു. ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നു വരുന്നവരായിരുന്നു കളിയഭ്യാസത്തിനുള്ള കുട്ടികൾ അധികവും.


അത്യാവശ്യം ചിലവുകൾ (ഗുരുവിന്റെ ശമ്പളം,മറ്റുചെലവുകൾ എന്നിവയിലേക്കുള്ള വിഹിതം)വഹിക്കുവാൻ തയ്യാറുള്ള ഒരാളുണ്ടായാൽ മാത്രം മതി. അച്ഛനമ്മമാർക്കും താങ്ങാവുന്നതായിരുന്നു അത്‌.എന്നാൽ കുഞ്ചു കളി പഠിക്കുന്നതിനോട്‌ അവർക്ക്‌ അത്ര വലിയ താത്പര്യമുണ്ടായിരുന്നതുമില്ല. അത്‌ ഒരായുർപ്പരീക്ഷയാണെന്നായിരുന്നു അവരുടെ ധാരണ. വെള്ളിനേഴി സ്ക്കൂളിലെ കുഞ്ചുവിന്റെ പ്രിയപ്പെട്ട അധ്യാപകർക്കും ഇതിനോട്‌ യോജിപ്പുണ്ടായിരുന്നില്ല. വഴികളെത്ര വേറെയുണ്ട്‌?




അവസാനത്തെ മാർഗ്ഗം പോലും കഴിഞ്ഞിട്ടല്ലേ ക്ഥകളിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളു. നീണ്ടൊരു കാലത്തെ അതികഠിനമായ അഭ്യാസം, ച്ചിട്ട, ചടങ്ങുകൾ, ഉറക്കമിളപ്പ്‌........ഇതെല്ലാം കഴിഞ്ഞു കിട്ടുന്നതോ തുച്ഛമായ പ്രതിഫലവും. ജീവിക്കുവാൻ എങ്ങിനെ കഴിയും ഒരു കഥകളിക്കാരനായാൽ? പിന്നെ ഏതെങ്കിലും ആഢ്യഗൃഹങ്ങളിൽ ചെന്ന്‌ ഓച്ഛാനിച്ചു നിൽക്കണം. അതും എത്ര കാലം?



ഇങ്ങനെ നിയരവധി ശങ്കകളും, ചോദ്യങ്ങളും, ഉപദേശങ്ങളും നാലുപുറത്തു നിന്നും കേട്ടു.

അതിനെന്തെങ്കിലുമൊരു മറുപടിയോ തീരുമാനമോ പറഞ്ഞില്ല. എന്നാൽ ഈ കേട്ടതിനേക്കാളധികം കുഞ്ചുവിന്റെ കാതുകളിൽ മുഴങ്ങിക്കേട്ടത്‌ ഒരു കഥകളിവേഷക്കാരന്റെ കാലുകളിലണിഞ്ഞ കച്ചമണിയുടെ കിലുക്കങ്ങളായിരുന്നു.


പക്ഷേ, അതു മറ്റാരും കേട്ടില്ല. അഥവാ അതുകൊണ്ട്‌ ആർക്കെന്തു പ്രയോജനം?
ദിവസങ്ങൾ ചിലതു കഴിഞ്ഞപ്പോൾ അച്ഛനമ്മമാരുടെ മനസ്സിലും ചില മാറ്റങ്ങൾ സംഭവിച്ചു. മകന്റെ ആവശ്യം തള്ളിക്കളയാൻ കഴിയാതെയായി. ഏതു വിധേനയും അതു നിവർത്തിച്ചുകൊടുക്കണം. പ്രാർത്ഥനാഭരിതമായ ദിവസങ്ങൾ.പക്ഷേ അവർ തീരുമാനിച്ചുറച്ചതു കഥകളി പഠിപ്പിക്കാനായിരുന്നില്ല. ചിത്രകല മതിയെന്നായിരുന്നു അവരുടെ മനസ്സിൽ. അതിന്‌ ഗുണപരമായി അവർക്ക്‌ പ്രത്യേകിച്ചും കുഞ്ചുവിന്റെ അച്ഛന്‌ ഒരു താങ്ങും കിട്ടി. തൃക്കിടീരി മനയിലുള്ളവർക്കു കഥകളിയേക്കാളധികം കമ്പം ചിത്രരചനയിലും കൃഷിയിലുമായിരുന്നു. പിന്നെ കച്ചവടത്തിലും. ഈ വിഷമഘട്ടത്തിൽ അവരെ സഹായിക്കാൻ സന്മനസ്സു കാട്ടിയത്‌ തൃക്കിടീരി നാരായണൻ നമ്പൂതിരിയായിരുന്നു.

കഥകളി പഠിക്കാനോ കഴിഞ്ഞില്ല, എന്നാൽ ചിത്രകലയെങ്കിലും പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ......................
അച്ഛനുമമ്മയും കേൾക്കെ കുഞ്ചു സ്വയം പറഞ്ഞ ആവലാതിയായിരുന്നു ഇതിന്റെ തുടക്കം. അതു മനസ്സിൽ കൊണ്ടുനടന്ന അച്ഛൻ, ഒരു നാൾ തന്റെ തമ്പുരാനോടൊന്നു സൂചിപ്പിക്കുക മാത്രമേ ചെയ്തുള്ളു.


ആ കാലം ഇവിടെയടുത്തൊന്നും ചിത്രകലായഭ്യാസത്തിന്റേതായ സ്ഥാപനമോ സൗകര്യമോ ഇല്ലായിരുന്നു. കന്യാക്കുമാരിക്കയച്ചു പഠിപ്പിക്കാമെന്നായിരുന്നു അദ്ദേഹമേറ്റത്‌. അതു ജീവിതത്തിലെ മറക്കാനാവാത്ത ഒരു സന്തോഷമായി മാറി. പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ചുവിന്റെ മനസ്സ്‌ വർണ്ണാഭമായ ഒരു മാസ്മരിക ലോകത്തെത്തി.


കന്യാകുമാരിക്കു പോകാൻ രണ്ടു ദിവസം കൂടിയുണ്ട്‌. വാഴേങ്കട ഒന്നു പോയി വരാം. അമ്മയുടെ കൂടെ.

ശരിയാണെന്നു തോന്നി.


അവിടെ അമ്പലത്തിന്റെ മുഖപ്പിൽ പ്രാചീനമായ ഒരു ചിത്രമുണ്ട്‌. -വിശ്വ്വവിരാട്‌ രൂപം. ! അതു നോക്കിനിൽക്കുന്നത്‌ പണ്ടും ഇഷ്ടമാണ്‌`.

എല്ലാവരോടും യാത്ര പറയണം നല്ലൊരു ചിത്രകാരനായ ശേഷം മാത്രമേ ഇനി തിരിച്ചു വരവുള്ളു. നരസിംഹാവതാരത്തിന്റെ ഒരുഗ്രൻ ചിത്രം അമ്പലത്തിന്റെ മുന്നിൽ വെക്കണം. കുഞ്ചു വരച്ചതു.

ഒരു ചിത്രകാരന്റെ മനസ്സിലുണർന്ന ചില മിന്നായങ്ങൾ.

വാഴേങ്കട ചെന്നപ്പോൾ കേട്ട വാർത്ത തീർത്തും അപ്രതീക്ഷിതമായിരുന്നു.ഒരു വേള തന്നെ തേടി വന്നത്‌ ; കുഞ്ചുവിനങ്ങിനെ തോന്നി.
ജീവിതത്തിലെ വഴിത്തിരിവുകൾ , എവിടെ വെച്ച്‌ ,എങ്ങനെ, എപ്പോൾ, ആരാണ്‌` തീരുമാനിക്കുന്നത്‌?
വാഴേങ്കട വെച്ചു കഥകളിയഭ്യാസം തുടങ്ങുന്നു. !
പിന്നെ, ഒട്ടും സംശയിച്ചില്ല.ചിത്രകല പഠിക്കാൻ നിയോഗിക്കപ്പെട്ട ജീവിതം കഥകളിക്കു വേണ്ടി മാറിനടന്നു.
ചിത്രകലയും ഇഷ്ടമാണെങ്കിലും ചെറിയൊരിഷ്ടക്കൂടുതൽ കഥകളിയോടുണ്ടായിരുന്നുവോ?

കഥകളി വേഷത്തിന്റെ വർണ്ണങ്ങളിൽ മുങ്ങിയൊഴുകാനാശിച്ച മനസ്സ്‌,മറ്റൊരു ചിത്രകാരനെപ്പോലെ!

Wednesday, December 15, 2010

അരങ്ങ്‌-3






ദാരിദ്ര്യം അക്കാലത്ത്‌ ഏറ്റവും വലിയ സാമൂഹികവിപത്തായിരുന്നു. ജന്മി-കുടിയാൻ ബന്ധങ്ങളിലും അടിമ-ഉടമ സമ്പ്രദായത്തിലും വലിഞ്ഞുമുറുകിയ ജീവിതവ്യാപാരങ്ങൾ. ഇന്നത്തേക്കാൾ എത്രയോ അധികമായിരുന്ന ദാരിദ്ര്യം .ഉള്ളവർക്കു എന്നും സമൃദ്ധി. ഇല്ലാത്തവർക്കു എന്നും ഇല്ലായ്മ. കിട്ടുന്നതുകൊണ്ടു തൃപ്തിയടയുക.

അതുകൊണ്ടു തന്നെ അത്തരം വീടുകളിലെ കുട്ടികൾക്കു പലപ്പോഴും അവരാഗ്രഹിച്ച എത്ര നിസ്സാരകാര്യം പോലും നിറവേറ്റപ്പെടാൻ സാധിച്ചില്ല. അവരും അവരുടെ മാതാപിതാക്കളും എല്ലാം ഉള്ളിലടക്കി. അല്ലാതെ നിവൃത്തിയില്ലായിരുന്നു. ഇങ്ങനെയുള്ള പ്രതികൂലമായ ഒരു ചുറ്റുപാടിലായിരുന്നു കുഞ്ചുവിന്റെ കുട്ടിക്കാലവും പുലർന്നത്‌.

കുഞ്ചുവിന്‌ അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ജ്യേഷ്ഠന്‌ ഏതാണ്ടു പതിനെട്ടു വയസ്സായിരുന്നു. അച്ഛനെപ്പോലെ ഏതെങ്കിലുമൊരു മനയുടെ മുറ്റത്തു വിളിപ്പാടകലെ ഓച്ഛാനിച്ചു നിൽക്കാൻ ജ്യേഷ്ഠനു തീരെ താത്പര്യമില്ലായിരുന്നു. പഠിക്കാനാഗ്രഹിച്ചെങ്കിലും വേണ്ട സമയത്ത്‌ അതിനും തരപ്പെട്ടില്ല. ആ കാലത്ത്‌ ,ഇവിടങ്ങളിൽ നിന്ന്‌ അന്യനാടുകളിലേക്ക്‌ പ്രത്യേകിച്ചു മദിരാശിയിലേക്ക്‌ പലരും എന്തെങ്കിലുമൊക്കെ ജോലി തേടി വണ്ടി കയറിയിരുന്നു. അവിടെ ചെന്നു ഹോട്ടൽ,അല്ലെങ്കിൽ നൃത്തനാടക കമ്പനി തുടങ്ങിയ ഏതെങ്കിലും വിഭാഗത്തിൽ ജോലി, ഇന്നതെന്നില്ല , തരപ്പെടുത്തും. അങ്ങനെയൊരു മോഹത്തിലകപ്പെട്ടു ജ്യേഷ്ഠനും മദിരാശിക്കു പോയി. വീട്ടിൽ കുഞ്ചുവും ,അമ്മയും ,അച്ഛനും മാത്രം.



അക്കാലത്ത്‌ പൂർവ്വികാചാരപ്രകാരമുള്ള വിദ്യാഭ്യാസം (എഴുത്തുപള്ളിക്കൂടം) തീരെ വേണ്ടെന്നു വെയ്ക്കുക കഴിഞ്ഞിട്ടില്ല. സ്വരങ്ങൾ, വ്യജ്ഞനങ്ങൾ, ചില്ലുകൾ മുതലായ അക്ഷരങ്ങൾ നിലത്തു മണൽ പരത്തി അതിൽ മോതിരവിരൽ കൊണ്ടു എഴുതി പഠിക്കുക. അതു പഠിച്ചുകഴിയുമ്പോഴേക്കും അക്ഷരങ്ങൾ ഹൃദിസ്ഥമാകും. അതിനുശേഷം ഗണപതി സ്തോത്രം, സരസ്വതി സ്തോത്രം ,മുകുന്ദാഷ്ടകം, ഗണാഷ്ടകം, മംഗളാഷ്ടകം ,ശ്രീകൃഷ്ണചരിതം മണിപ്രവാളം , ഹരിനാമകീർത്തനം, നീതിസാരം, വരരുചികൃതവാക്യം , അമരകോശം, രൂപകം ,കാവ്യങ്ങൾ മുതലായതുകൾ പഠിപ്പിക്കും. വളരെ സമഗ്രവും ച്ചിട്ടയാർന്നതുമായ ഒരു അദ്ധ്യയനസമ്പ്രദായം എന്നു തന്നെ പറയാം. ഇതിനോടൊപ്പം അദ്ധ്യാത്മരാമായണാദിപുരാണങ്ങൾ പാരായണം ചെയ്യിപ്പിക്കുകയും പതിവാണ്‌. മലബാറിലെ പൂർവ്വികാചാരപ്രകാരമുള്ള വിദ്യാഭ്യാസരീതിയെന്നു പറഞ്ഞത്‌ ഈ സമ്പ്രദായത്തെക്കുറിച്ചാണ്‌.


ഇത്രയും പറഞ്ഞ കാര്യങ്ങൾ ,ഗുരുനാഥന്മാർ വിദ്യാർത്ഥികൾക്കെഴുതിക്കൊടുക്കുന്നത്‌ എഴുത്താണികൊണ്ടു കരിമ്പ്ന ഓലയിലായിരുന്നു. ഗുരുനാഥന്മാരെ സംബന്ധിച്ചും വിദ്യാർത്ഥികളെ സംബന്ധിച്ചും അദ്ധ്യാപനം ഒരു തപസ്സു തന്നെയായിരുന്നു. കുറേശ്ശെ കുറേശ്ശെയായി ഓലയിൽ അന്നന്നു പഠിക്കുന്ന പാഠങ്ങൾ ഓരോ വിദ്യാർത്ഥിയും എഴുതേണ്ടത്‌` വളരെ നിർബന്ധവുമായിരുന്നു. അതിന്റെ പ്രത്യേകമായ ഉദ്ദേശം , ചൊല്ലിപ്പഠിക്കുന്നതിനേക്കാൾ ഹൃദിസ്ഥമാകുവാനും അതിലുപരി അക്ഷരവൃത്തി വരുത്തുവാനുമായിരുന്നു. അങ്ങനെ ഒരു ദിവസമെങ്കിലും ഓലയിൽ കോപ്പി എഴുതാതിരുന്നാലോ ,എഴുത്തുപള്ളിക്കു പോകാൻ മടി കാണിച്ചാലോ ,അഥവാ പഠിച്ച ശ്ലോകം മറന്നുപോയാലോ അതിന്റെ ശിക്ഷ അതികഠിനമായിരുന്നു.



കുഞ്ചുവിന്റെ വിധിപ്രകാരമുള്ള വിദ്യാരംഭം നിർവ്വഹിച്ചതു ഒരമ്മാവനായിരുന്നു. അത്യാവശ്യം സംസ്കൃതവ്യുത്പത്തിയും ഗണിതവും മറ്റും നിശ്ച്ചയമുള്ള ഒരമ്മാവൻ. അതു കഴിഞ്ഞു , കാറൽമണ്ണയിൽത്തന്നെയുള്ള ഒരെഴുത്തുപള്ളിയിൽ ചേർത്തു. സി.ടി. കുഞ്ഞിക്കൃഷ്ണൻ നായർ എന്ന ഒരു മഹാമനസ്ക്കൻ, തന്റെ ജീവിതലക്ഷ്യമായി കരുതി സ്വന്തം വീട്ടിൽ വെച്ചുതന്നെയായിരുന്നു കുട്ടികളെ പഠിപ്പിച്ചു പോന്നത്‌. കുഞ്ചുവിനെ അദ്ദേഹത്തിന്റെ സന്നിധിയിലാക്കി. മകന്റെ വിദ്യാഭ്യാസകാര്യത്തിൽ അതിയായ ഉത്കണ്ഠയും മോഹവുമുള്ളൊരമ്മ. അതിനുതക്ക കഴിവില്ലെങ്കിലും. മൂത്തമകനോ അതിനു സാധിച്ചില്ല. ഇവനെങ്കിലും ണല്ലോരു വിദ്യാഭ്യാസം കിട്ടണം. അതിലപ്പുറം എന്തെങ്കിലും മോഹിച്ചില്ല ആ ദിവസങ്ങളിൽ അമ്മ.




രാവിലെ സുമാർ ഏഴു മണി മുതൽ പതിനൊന്നു മണി വരേയും ഉച്ചക്കുശേഷം രണ്ടു മണി മുതൽ ആറുമണിവരേയുമായിരുന്നു പള്ളിക്കൂടത്തിലെ അദ്ധ്യയന സമയം.വിദ്യാഭ്യാസമെന്ന ഏകലക്ഷ്യമല്ലാതെ മറ്റൊന്നുംതന്നെ കുത്തിനിറയ്ക്കാതെയുള്ള ദിവസങ്ങൾ. പഴയ പ്രമാണമനുസരിച്ചായിരുന്നു അനധ്യായദിവസങ്ങൾ.


വീട്ടിൽ നിന്നു ഈ പാഠശാലയിലേക്ക്‌ കുറഞ്ഞൊരു ദൂരമുണ്ടായിരുന്നു. കൂട്ടിനു മറ്റു കുട്ടികളുമില്ല. അത്രയും ദൂരം തനിക്‌ഹ്ചു പോകണം. .അതിന്‌ ഒട്ടും പേടിയോ പരിഭ്രമമോ ഉണ്ടായിരുന്നതുമില്ല. എന്നാലും കുഞ്ചുവിനെ ഒറ്റക്കു പറഞ്ഞയക്കാൻ അമ്മയ്ക്കു തീരെ വിശ്വാസവുമുണ്ടായില്ല. .മകനോടു അതിയായ്‌ സ്നേഹാധിക്യം നിമിത്തമുള്ള അപായശങ്ക അമ്മയെ വിടാതെ പിടികൂടിയിരുന്നു. .അതുകൊണ്ടു പാഠശാലയിലും വീട്ടിലും അതാതുസമയത്ത്‌ എത്തിക്കുന്ന കാര്യത്തിൽ അമ്മ തന്നെ വാത്സല്യപൂർവ്വം സന്നദ്ധയായി. കുഞ്ചുവിനോട്‌ അമ്മയ്ക്കുണ്ടായിരുന്ന പുത്രവാത്സല്യം സാധാരണനിലയിൽ നിന്നു കുറേക്കൂടി കവിഞ്ഞ മട്ടായിരുന്നു. അമ്മയുടെ ഈ വിധത്തിലുള്ള സ്നേഹചാപല്യങ്ങൾ കണ്ട്‌` മറ്റുള്ളവർ കളിയാക്കുകപോലും ചെയ്തിരുന്നു. അത്രമാത്രം ലാളനയനുഭവിക്കാൻ ഭാഗ്യമുണ്ടായ ഒരു മകൻ!

സി.ടി. കുഞ്ഞിക്കൃഷ്ണൻ നായർ എന്ന ആദ്യഗുരുവിന്റെ കീഴിൽ അക്ഷരങ്ങൾ , ഗണപതിസ്തോത്രം, സരസ്വതിസ്തോത്രം എന്നിവ പഠിച്ചു. അതിനു ശേഷം മറ്റൊരു പള്ളിക്കൂടത്തിലെക്കു മാറി. കെ.ടി. നാണു എഴുത്തച്ഛൻ എന്നൊരു ഗുരുവായിരുന്നു ആ പാഠശാല നടത്തിയിരുന്നത്‌. സംസ്കൃതത്തിൽ വിദഗ്ദ്ധനും കുട്ടികളോടു വാത്സല്യപൂർവ്വം പെരുമാറുന്ന ഒരു സാത്ത്വികനുമായിരുന്നു നാണു എഴുത്തച്ഛൻ. മിക്ക പാഠങ്ങളും അദ്ദേഹത്തിൽ നിന്നു പഠിക്കാൻ കഴിഞ്ഞു. അതിനുശേഷം രാമായണം ചൊല്ലിക്കാൻ തുടങ്ങി. ഏതാണ്ടു മൂന്നു കൊല്ലത്തെ വിദ്യാഭ്യാസവും കഴിഞ്ഞു. നിരന്തരമായി പഠിക്കുകയെന്ന കർത്തവ്യം മാത്രം. അത്ര കുട്ടിക്കാലത്തു തന്നെ അന്നത്തെ രീതിയനുസരിച്ചു സമ്പന്നമായൊരു വിദ്യാഭ്യാസം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. അമ്മയുടെ ആഗ്രഹവും അനുഗ്രഹവും!(പിൽക്കാലത്ത്‌ കഥകളി രംഗത്തെത്തിയപ്പോഴാണു യഥാർത്ഥത്തിൽ ആ വിദ്യാഭ്യാസത്തിന്റെ ആഴവും പറപ്പും ഇഴയടുപ്പവുമറിഞ്ഞത്‌)



പുരാണപാരായണത്തിൽ പരിചയം കൂടും തോറും സാഹിത്യാദി കലകളിൽ മാത്രമല്ല , മറ്റു കലകളായ സംഗീതം, കഥകളി, ചിത്രം തുടങ്ങിയവയിലും താത്പര്യവും അതിലെല്ലാമുള്ള രസാസ്വാദനശേഷിയും ചുരുങ്ങിയ തോതിൽ വർദ്ധിച്ചുതുടങ്ങി. അതിനു കാരണം ഒരു സ്ഥലത്ത്‌ തീയുണ്ടെങ്കിലും, വായുവിന്റേയോ ,വിറകിന്റേയോ പ്രയോഗം കൂടാതെ ആ അഗ്നി ഉദ്ദീപിപ്പിക്കുന്നതല്ലെന്ന്‌ അറിയാമല്ലോ? അതുപോലെ തന്നിൽ ലയിച്ചുകിടക്കുന്ന പൂർവ്വവാസനകൾ ശോഭിക്കണമെങ്കിൽ വിദ്യാഭ്യാസമല്ലാതെ മറ്റുപായമില്ലെന്നു പറയേണ്ടതില്ലല്ലോ. ഇതായിരുന്നു കുഞ്ചു പറഞ്ഞത്‌.




ഏതായാലും ഈ വിധത്തിലുള്ള ഒരുൾക്കാഴ്ച്ച ചെറുപ്രായത്തിൽത്തന്നെ ബുദ്ധിയിലുദിച്ചപ്പോൾ മനസ്സു പതുക്കെപ്പതുക്കെ വികസ്വരമായപ്പോൾ , പാഠശാല പരിചയത്തിൽ നിന്ന്‌ വിരമിക്കാനാണിടയായത്‌.അതിനു ശേഷം ഇംഗ്ലീഷ്‌ വിദ്യാലയത്തിൽ ചേർന്നു പഠിക്കാൻ കിണഞ്ഞു ശ്രമിച്ചു. കുഞ്ചു മാത്രമല്ല അമ്മയും വല്ലാതെ പരിശ്രമിച്ചു. .പല വാതിലിലും മുട്ടിനോക്കി. കഴിഞ്ഞില്ല.


പിന്നെ രണ്ടു മൂന്നു കൊല്ലം പ്രത്യേകിച്ചൊന്നും ചെയ്യാതെ കാലം കടന്നുപോയതറിഞ്ഞില്ല. എന്നാൽ അക്കാലം മറ്റു ചില കാര്യങ്ങളുണ്ടായി. കാറൽമണ്ണ, വാഴേങ്കട , കാന്തള്ളൂർ, ചെത്തല്ലൂർ തുടങ്ങിയ അടുത്തടുത്ത സ്ഥലങ്ങളിലെ ഉത്സവക്കളി കാണുവാൻ സമപ്രായക്കാരായിരുന്ന ചില കുട്ടികളോടൊത്തു പോയി. വളരെ ബുദ്ധിമുട്ടിയായിരിക്കും അമ്മ അതിനു സമ്മതിക്കുക. ചിലപ്പോൾ സമ്മതിച്ചില്ലെന്നും വരും. പത്തുപന്ത്രണ്ടു വയസ്സു പ്രായം. എങ്ങോട്ടെങ്കിലും നാടു വിട്ടു പോയാലോ എന്ന പേടിയും. എന്നാൽ അങ്ങനെയൊരു ചിന്തയും കുഞ്ചുവിനില്ലായിരുന്നു.



കഥകളി കാണുകയെന്നതിലുപരി കളിക്കു വന്ന വേഷക്കാരുമായി ഒരടുപ്പമുണ്ടാക്കുക എന്നതിലായിരുന്നു ഏറെ താത്പര്യം. പിന്നെ, അണിയറയിൽ ഏതെങ്കിലുമൊരു മൂലയിൽ ചെന്നുനിൽക്കാൻ തരപ്പെടുമോ എന്നന്വേഷിക്കുകയും, അതിനു വേണ്ടി ചില നടന്മാർക്കു ചുണ്ടപ്പൂവുണ്ടാക്കിക്കൊടുക്കുക (കണ്ണു ചുവപ്പിക്കുന്നത്‌ ചുണ്ടപ്പൂവിട്ടാണെന്നു സൂത്രത്തിൽ മനസ്സിലാക്കിയിരുന്നു)എന്തെങ്കിലും സംഗതിയുണ്ടാക്കി അവരെ ഒന്നു തൊടുക, തരം കിട്ടുമ്പോൾ ചിരിക്കാൻ ശ്രമിക്കുക എന്തെങ്കിലുമൊക്കെ പറയുക മുതലായ കാര്യങ്ങൾ കൊണ്ടു തന്നെ ആനന്ദഭരിതനായി. ആരെല്ലാമായിരുന്നു വേഷക്കാരെന്നോ, അവരുടെ പേരെന്തെന്നോ , ഏതു വേഷം കെട്ടി അരങ്ങത്തു വരുന്നുവേന്നോ ഒന്നുമറിയില്ല. .ഏതെല്ലാമോ ചില വേഷം കെട്ടി അരങ്ങത്തു വരുന്നുവേന്നല്ലാതെ മറ്റൊന്നും അറിയേണ്ടതുമില്ലായിരുന്നു. .ആ കഥകളിക്കാലം കഴിഞ്ഞുപോയാൽ പിന്നെ കുറേ നാളത്തേക്കു വലിയ വിഷാദമായിരുന്നു. ഏതെങ്കിലുമൊരു കഥകളിക്കാരൻ എന്തെങ്കിലും ചോദിച്ചതോ അല്ലെങ്കിൽ അൽപ്പമൊന്നു ചിരിച്ചതോ ആയ കാര്യങ്ങൾ കുറേ ദിവസത്തേക്കു മനസ്സിൽ നിന്നു മാഞ്ഞുപോയില്ല.


പന്തരണ്ടു വയസ്സു കഴിഞ്ഞപ്പോൾ ഏതു വിധേനയെങ്കിലും തുടർന്നും പഠിക്കണമെന്ന ഉത്ക്കടമായ വിചാരം മനസ്സിൽ കടന്നുകൂടി.ഇങ്ങിനെ വെറുതേ നടക്കാൻ സാദ്ധ്യമല്ലെന്നു സദാ നേരവും തോന്നിത്തുടങ്ങി. നീണ്ട ആലോചനയിൽ മുഴുകിയ ചില ദിവസങ്ങൾ. തന്നെപ്പോലെ സ്ക്കൂൾ വിദ്യാഭ്യാസം നിഷേധിച്ച മറ്റു ചില കുട്ടികളായിരുന്നു അപ്പോഴത്തെ കൂട്ടുകാർ.



പതിവുപോലെ അവരോടൊത്തു കളിക്കാൻ പോകുന്ന കൂട്ടത്തിൽ ഒരു നാൾ വെള്ളിനേഴി എലിമന്ററി സ്ക്കൂളിലേക്കായിരുന്നു പോയത്‌. മറ്റു ചില കൂട്ടുകാർ, വഴിയുള്ളവർ അവിടെ പഠിച്ചിരുന്നു.ഉറച്ചൊരു തീരുമാനവുമായിട്ടായിരുന്നു അവരുടെ കൂടെ പോയത്‌.


യാതൊരുവിധ സംശയവുമുണ്ടായില്ല. എങ്ങിനെയെങ്കിലും പഠിക്കണമെന്ന്‌ കുഞ്ചു അവിടുത്തെ ചില അദ്ധ്യാപകരോടു പറഞ്ഞു. അതുവരേയുണ്ടായ വിദ്യാഭ്യാസത്തെക്കുറിച്ചും വീട്ടിലെ ചുറ്റുപാടുകളെക്കുറിച്ചും പറഞ്ഞു. തന്നെ സഹായിക്കാതിരിക്കില്ല എന്ന ഒരേ വിചാരത്തോടെ കുഞ്ചു അവരുടെ മുമ്പിൽത്തന്നെ നിന്നു. .കുഞ്ചുവിന്റെ ജീവിതത്തിലെ ഒരു ഭാഗമായിരുന്നു അത്‌. അദ്ധ്യാപകരിൽ ചിലർ കുഞ്ചുവിനെ സഹായിക്കാൻ മുന്നോട്ടു വന്നു. നാലാം ക്ലാസ്സിലായിരുന്നു അവർ കുട്ടിയെ ചേർത്തിയത്‌`




സ്ക്കൂളിൽ ചേർന്നുവന്നപ്പോൾ മാത്രമായിരുന്നു അച്ഛനുമമ്മയും കാര്യങ്ങളറിഞ്ഞത്‌.അന്ധാളിച്ചുനിൽക്കാനല്ലാതെ അവർക്കു അക്കാര്യം വിശ്വസിക്കാനായില്ല. കുഞ്ചുവിനെക്കാണാഞ്ഞ്‌ അമ്മ വല്ലാതെ പേടിച്ചിരുന്നു.



നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹായത്തോടുകൂടി ഫസ്റ്റ്‌ ഫോം (ആറാം ൿളാസ്സ്‌) പരീക്ഷ കഴിയുന്നതുവരെ പഠിച്ചു. ഈ സ്ക്കൂൾവിദ്യാഭ്യാസക്കാലത്ത്‌ ഇംഗ്ലീഷിനോട്‌ കമ്പം തുടങ്ങി. എല്ലാവിഷയത്തിലും സമർത്ഥനായ ഒരു വിദ്യാർത്ഥി. അധ്യാപകർക്കും വലിയ ഇഷ്ടം. ചിത്രം വരക്കാനും അതീവ താത്പര്യമായിരുന്നു.



എന്നാൽ ചിത്രമെഴുത്തുപോലേയോ, അതിലധികമോ ആയ കുഞ്ചുവിന്റെ കഥകളി പഠിക്കാനുള്ള ആഗ്രഹം ഈ സ്ക്കൂൾകാലഘട്ടത്തിൽ കൂടുതൽ ശക്തിപ്പെടുകയാണുണ്ടായത്‌.ചെർപ്പുളശ്ശേരി ചന്തയിൽ നിന്ന്‌ ഒരണ(ആറു പൈസ) വിലകൊടുത്താൽ കിട്ടുന്ന ചില ചെറുകഥകളി പുസ്തകങ്ങൾ വാങ്ങി അതിലെ ചില വരികൾ പാടി രസിക്കും. കൈക്കൊട്ടിക്കളിക്കു പാടി വന്നിരുന്ന ചില കഥകളിപ്പദങ്ങളായിരുന്നു അത്‌. ;വീര വീരാട കുമാരവിഭോ" അംഗനേ ഞാനങ്ങു പോവതേങ്ങനെ" പിന്നെ കുചേലവൃത്തം, സന്താനഗോപാലം തുടങ്ങിയവയുടെ ചെറിയ പുസ്തകങ്ങളും. അത്രയുമല്ല ഉത്സവക്കളി കഴിഞ്ഞാൽ അമ്പലപരിസരത്ത്‌ ആരും കാണാതെ ചില കൂട്ടുകാരോടുകൂടി ചില വേഷം കെട്ടി ചാടിക്കളിക്കുകയും പതിവായിരുന്നു. സ്ക്കൂളില്ലാത്ത ദിവസം ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടനേരത്തായിരുന്നു ഈ വക നേറമ്പോക്കുകൾ. അതെല്ലാം എന്തെന്നില്ലാത്ത ആനന്ദമുണ്ടാക്കി.



ആ കാലത്തൊരിക്കൽ , വാഴേങ്കടയിൽ വെച്ച്‌` കുഞ്ചു കണ്ട ഒരു വേഷം വല്ലാതെ അത്ഭുതപ്പെടുത്തി. കഥകളി പഠിക്കാനുള്ള കമ്പം തലക്കു പിടിച്ച കാലം. യാതൊരു വിവരവുമില്ലെങ്കിലും ആ വേഷം ഏതെല്ലാമോ തരത്തിൽ കുഞ്ചുവിനെ ആവേശഭരിതനാക്കി, അത്ഭുതപ്പെടുത്തി.


ആലവട്ടവും മേലാപ്പുമായി അമ്പും വില്ലും ധരിച്ച്‌ അരങ്ങു നിറഞ്ഞൊരു പച്ചവേഷം.!



കാലകേയവധം കഥയിലെ അർജ്ജുനനാണ്‌ ആ വേഷമെന്നും സാക്ഷാൽ രാവുണ്ണിമേനോൻ എന്നു പറയുന്ന മഹാനാണ്‌ ആ വേഷം കെട്ടിയിരിക്കുന്നത്‌ എന്നും കുറച്ചു പ്രായമുള്ള ഒരാൾ പറഞ്ഞുതന്നു, ചോദിക്കാതെതന്നെ. മാത്രമല്ല അപ്പോഴത്തെ സന്ദർഭവും പറഞ്ഞു.



'സലജ്ജോഹം തവ ചാടുവചനത്താൽ" എന്ന വാക്യാർത്ഥത്തിൽ "ചാടു" എന്നതിന്റെ പ്രഭാവം തികയ്ക്കുവാനായി ഇടതുകാലൂന്നി നിൽക്കുന്ന ആ നില കണ്ടപ്പോൾ ആ പാദത്തെ തന്റെ ശിരസ്സു കൊണ്ടു താങ്ങുവാൻ ഈ ജന്മത്തിൽ സംഗതി വരുമോ എന്നുംകുഞ്ചു ഉത്ഖണ്ഠപൂർവ്വം കൊതിച്ചിട്ടുണ്ട്‌!




കഥകളി പഠിക്കുവാൻ ഒരു നിലയ്ക്കും തനിക്ക്‌ ഈ ജന്മത്തിൽ സാധ്യപ്പെടുകയില്ലതന്നെ. പിന്നെങ്ങനെ കഴിയും തന്റെ ഈ മോഹം നിറവേറ്റപ്പെടാൻ?


കാന്തള്ളൂരമ്പലത്തിന്നടുത്ത്‌ കഥകളി അഭ്യസിപ്പിച്ചിരുന്നു. ആ ഗുരുനാഥൻ ആരെന്നോ , അദ്ദേഹത്തിന്റെ പേരെന്തെന്നോ അതുവരെ കുഞ്ചുവിനറിയില്ല.സ്ക്കൂൾ വിട്ടു വരുമ്പോൾ അവിടെ ചെന്നു നിൽക്കും. എത്ര നേരമെന്നറിഞ്ഞില്ല. അതൊരു പതിവായിത്തീർന്നു. സ്ക്കൂലിലേക്ക്കു വരാനുള്ള ഉത്സാഹം , ഒരു പക്ഷേ ഈ കഥകളിയഭ്യാസം കണ്ടുനിൽക്കാനുള്ള ആഗ്രഹത്തിലേക്കും അതുവഴി കഥകളി പഠിക്കാനുള്ള മോഹത്തിലേക്കും പതുക്കെപ്പതുക്കെ വഴിമാറിത്തുടങ്ങിയിരുന്നുവോ? അന്ന്‌ ആർക്കറിയാം...........?





മിക്കവാറും ദിവസങ്ങളിൽ ഏതാണ്ടൊരു സ്വപ്നലോകത്തിലെന്നവണ്ണം അവിടെ ചെന്നുനിൽക്കുക പതിവായി. അങ്ങനെ ആ കളരിയുമായും അവിടത്തെ ഗുരുവുമായും അജ്ഞാതമായ ഒരു ബന്ധം ഉടലെടുത്തു.
അതു തികച്ചും സ്വാഭാവികവുമായിരുന്നു


"എന്താണ്‌? കഥകളി പഠിക്കണമെന്നുണ്ടോ? ഒരു നാൾ അദ്ദേഹം ചോദിച്ചു.സന്തോഷാധിക്യത്താൽ കണ്ണു നിറഞ്ഞു. അതു കേട്ടപ്പോൾ. തന്നെ അത്ഭുതപ്പെടുത്തിയ ആ വേഷക്കാരൻ. ! ആറാംൿളാസ്സിലെ കൊല്ലപ്പരീക്ഷയും കഴിഞ്ഞു. പിന്നെ സ്ക്കൂൾപഠിപ്പു തുടർന്നില്ല. അതിൽ ദുഃഖം തോന്നി. അതോടൊപ്പം തന്നെ മനസ്സിൽ മറ്റു ചില മോഹങ്ങൾ മുളച്ചുപൊന്തി. ആ ദുഃഖം സുഖമായി മാറി. അന്നേക്ക്‌ ഏതാണ്ട്‌ പതിന്നാലു വയസ്സു കഴിഞ്ഞിരുന്നു കുഞ്ചുവിന്‌.



Thursday, December 9, 2010

അരങ്ങ്‌- 2

കഥകളിയും കദളിപ്പഴവും വാഴേങ്കട തേവരുടെ ഇഷ്ടനൈവേദ്യങ്ങളാണ്‌. കുട്ടികൾ പ്രിയപ്പെട്ടവരാണ്‌. ഹിരണ്യകശിപുവിനെ വധിച്ച ശേഷം പ്രഹ്‌ളാദന്റെ നിർവ്വ്യാജസ്തുതിയിൽ ആറിത്തണുത്ത കോപം. പുത്രനിർവ്വിശേഷമായ വാത്സല്യാതിരേകത്തോടെ കെട്ടിപ്പുണർന്നു. മൂർദ്ധാവിൽ ചുംബിച്ച്‌ സാന്ത്വനിപ്പിക്കുകയും ലാളിക്കുകയും വാരിക്കോരി വരങ്ങൾ നൽകിയനുഗ്രഹിക്കുകയും ചെയ്ത നിഷ്‌ക്കളങ്കസ്വരൂപനായ നരസിംഹം.


അന്നൊരു "ഗോകുലാഷ്ടമിയായിരുന്നു."
1085 ചിങ്ങമാസം 22 ന്‌ തിങ്കളാഴ്ച്ച(06.09.1909)രാത്രി പതിനൊന്നേമുക്കാൽ നാഴിക രാച്ചെന്ന സമയം. (10.58).നാൽപ്പതു വയസ്സിന്നപ്പുറം ഇട്ടിച്ചിരിയമ്മയുടെ രണ്ടാമത്തെ പ്രസവം.ഭാര്യയുടെ പ്രസവമടുത്തിരിക്കുന്നു. ഈശ്വരാ ! ഞാനെന്താ ചെയ്യുക?എന്റെ കയ്യിൽ എന്താണുള്ളത്‌. എല്ലാം വാഴേങ്കട തേവർ തന്നെ നോക്കട്ടെ. കാറൽമണ്ണയിൽ നിന്ന്‌ കുഞ്ചുവിന്റെ അച്ഛന്റെ വരവ്‌. നേരേ അമ്പലത്തിലേക്ക്‌ നടന്നു. അഷ്ടമി രോഹിണിയല്ലേ? ഒന്നു തൊഴാം. എന്നിട്ടാകാം വീട്ടിലേക്ക്‌. അഷ്ടമി രോഹിണി നാളിൽ ജനിച്ചതിനാൽ "കൃഷ്ണൻ" എന്നുതന്നെ പേരിടണമെന്നു പലരും നിർബന്ധിച്ചു. ക്ഷേത്രത്തിലെ ശാന്തിക്കാരും അങ്ങനെയാണ്‌ വേണ്ടതെന്നുപദേശിച്ചു.


ഭഗവാന്റെ തിരുസന്നിധിയിൽ വെച്ചു കൃഷ്ണൻ എന്നു പേരിട്ടു.നിർദ്ധനയായ അന്ധക്കു നിധികുംഭം കിട്ടിയ പോലെയായിരുന്നു അമ്മ!അതീത പ്രസൂതിതദശയിൽ ഒരോമന മുഖം കൂടി കാണാനിട വന്നു. പൂർണ്ണചന്ദ്രോദയം കണ്ട സാഗരം പോലെയായിത്തീർന്നു അവരുടെ ഹൃദയം. എന്നു മാത്രമല്ല ,എന്താണ്‌ മകനെ വിളിക്കേണ്ടതെന്നുറപ്പു വരാതെ കേവലം"കുട്ടി" എന്നർത്ഥമായ കുഞ്ചു! കുഞ്ചു! എന്നിങ്ങനെ വിളിച്ചുതുടങ്ങി. (ആ വഴിക്കു പിന്നെ കുഞ്ചുനായരായിത്തീർന്നു)

ഓമനപ്പുത്രനെ കാണാൻ ,താലോലിക്കാൻ ഇടയ്ക്കിടെ കാറൽമണ്ണയിൽ നിന്നു വന്ന അച്ഛൻ . കരിവളയും കറുത്ത ചരടും , നെറ്റിയിലും കവിളത്തുമുള്ള കറുത്ത പൊട്ട്‌. കറുത്തിരുണ്ടൊരു കോമളബാലൻ.
ജ്യേഷ്ഠന്റെ കൈയ്യിലും അമ്മയുടെ മടിത്തട്ടിലും മയങ്ങിയുറങ്ങിയും ,മുല കുടിക്കുന്നതിന്നിടയിൽ മാനം നോക്കിച്ചിരിക്കുകയും ചെയ്ത പിഞ്ചു ബാലൻ.
പുതിയൊരു സൂര്യനുദിച്ച മനസ്സ്‌ , ദാരിദ്ര്യത്തിന്റെ ഉൾവിളിയുണ്ടെങ്കിലും!

അതിനിടയിൽ വന്നുപെട്ട ചില ആത്മവ്യസനങ്ങൾ
വലിയമ്മയുടെ മൂത്ത മകന്റെ നീരസം. വാക്‌ പാരുഷ്യങ്ങൾ.ഗതികേടിലായ അമ്മയും രണ്ടു മക്കളും. അനാഥത്വത്തിലേക്ക്‌ തന്നെ വീണ്ടുമൊരു തിരിച്ചുപോക്ക്‌.
വലിയമ്മയുടേയും വലിയച്ഛന്റേയും സ്നേഹപൂർണ്ണമായ ഓർമ്മകളെ അയവിറക്കി എന്തും മറക്കാൻ ശ്രമിച്ചു.
പക്ഷേ എന്നിട്ടും............
മറുത്തൊന്നും പറയാൻ കഴിയാതിരുന്ന ആ അമ്മ കുട്ടിക്കു മുല കൊടുത്തുകൊണ്ടിരുന്നപ്പോൾ ദൂരെ നോക്കി നെടുവീർപ്പിട്ടു. കവിളു തുടച്ചു. അറിയാതെ ചില തുള്ളികൾ ആ കുഞ്ഞിന്റെ ദേഹത്തും വീണു. അപ്പോൾ മോണകാട്ടി ചിരിച്ച കുഞ്ഞ്‌ .അതു കണ്ട്‌ സർവ്വദുഃഖങ്ങളും മറന്നുപോയ അമ്മ!


അവിടത്തെ അസുഖകരമായ അന്തരീക്ഷത്തിൽ പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഒരറിയാ നിമിഷത്തിൽ കുഞ്ചുവിനെ ഒക്കത്തെടുത്തു. മൂത്ത മകന്റെ കൈ പിടിച്ചു ആ വീട്ടിൽ നിന്നുമിറങ്ങി.

ആരും എന്തെങ്കിലുമൊന്നു ചോദിച്ചില്ല.
കാറൽമണ്ണയിലേക്ക്‌ തന്നെ തിരിച്ചെത്തി. അമ്മ, തെക്കുമ്പറമ്പു മനയിലെ വാലിയക്കാരത്തിയായി. അച്ഛന്റെ അൽപ്പമായ സഹായത്തോടെ ചെറിയൊരു വീടുപണി തുടങ്ങി.

ആ വീട്ടിൽ ലാളനയേറ്റു വളർന്ന കുഞ്ചു.
ദീർഘമായൊരു കാലം കഴിഞ്ഞ ശേഷം മാത്രമായിരുന്നു പിന്നെ അമ്മ വാഴേങ്കടക്കു പോകാൻ തുടങ്ങിയത്‌. അപ്പോഴേക്കും അമ്മയുടെ മനസ്സിൽ നിന്നു ജ്യേഷ്ത്തത്തിയുടെ മക്കളോടുണ്ടായിരുന്ന അകൽച്ച കുറഞ്ഞു.
അവർ എങ്ങനെയോ പെരുമാറട്ടെ സാരമില്ല.
ഇടയ്ക്കിടെ വാഴേങ്കടയ്ക്കു പോവുക പതിവായി. രണ്ടോ നാലോ ദിവസം അവിടെ താമസിച്ചു തിരിച്ചുപോരും. അങ്ങനെ ഏറിയ കാലം കാറൽമണ്ണയിലും ഇടയ്ക്കെല്ലാം വാഴേങ്കടയിലുമായി കുഞ്ചുവിന്റെ കുട്ടിക്കാലം കഴിഞ്ഞുകൂടി.

Monday, December 6, 2010

മനയോലപ്പാടുകൾ---ഭാഗം --ഒന്ന്‌ പീ.വി.ശ്രീവത്സൻ

അരങ്ങ്‌


കർക്കടകത്തിലെ കറുത്ത മേഘങ്ങളുടെ തിരനോട്ടം ,പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും കളിപ്പെട്ടികൾ.ചന്നമ്പിന്നം പെയ്യുന്ന മഴ.മഴത്തുള്ളികളുടെ മേളപ്പദം

അങ്ങോട്ടുമിങ്ങോട്ടും നാലഞ്ചു നാഴിക വീതം നടന്നു ദിവസേന വെള്ളിനേഴി എലിമന്ററി സ്ക്കൂളിലേക്ക്‌. പഠിക്കാൻ മിടുക്കൻ.ഏറ്റവും അടുത്ത ഒരു ചങ്ങാതിയുടെ കൂടെ വന്നു സ്ക്കൂളിൽ ചേർന്നു. അച്ഛനോ അമ്മയോ മറ്റു വേണ്ടപ്പെട്ടവർ ആരുമില്ലാതെ സ്ക്കൂളിൽ ചേർന്നു വന്നതിനുശേഷം മാത്രമേ വീട്ടിൽ വിവരമറിഞ്ഞതുള്ളു.ഒരു പന്ത്രണ്ടു വയസ്സുകാരന്റെ വികൃതി.

പഠിപ്പിലെന്നപോലെ ചിത്രം വരക്കാനും ബഹുമിടുക്കൻ. ഉച്ചയൊഴിവിൽ കൂട്ടുകാർക്ക്‌ ,തന്റെ ബാലഭാവനയിൽ തെളിഞ്ഞ ചിത്രങ്ങൾ വരച്ചുകൊടുത്തു. തുവർത്തുമുണ്ടു മുറുക്കിയുടുത്തു അകറ്റാൻ ശീലിച്ച ഉച്ചവിശപ്പ്‌.!


ചിലപ്പോൾ ഒന്നോ രണ്ടോ ഉരുള ചോറ്‌, മോരു കൂട്ടിയുടച്ചതു. ചില കൂട്ടുകാരിൽ നിന്ന്‌, തട്ടിയും മുട്ടിയും സന്തോഷമായി നീങ്ങിയ നാളുകൾ .രണ്ടുമൂന്നു വർഷം.


അതിനിടയ്ക്ക്‌ അപ്രതീക്ഷിതമായി ആ ആറാംൿളാസ്സുകാരന്റെ (അന്നത്തെ ഫസ്റ്റ്‌ ഫോറം. നാലാം തരത്തിലായിരുന്നു സ്ക്കൂളിൽ ചേർത്തത്‌​‍ാമനസ്സിൽ മറ്റു ചില ചിത്രങ്ങൾ വരച്ചുതുടങ്ങിയ കാലം. കഥകളിയുടെ വർണ്ണചിത്രങ്ങൾ. !കൈമുദ്രകളിലൂടെ ,കലാശങ്ങളിലൂടെ, ഭാവങ്ങളിലൂടെ വിരിയിച്ചെടുക്കാൻ കൊതിച്ച ചിത്രങ്ങൾ. അരങ്ങത്തെ ചിത്രങ്ങൾ.

സ്ക്കൂൾ വിട്ടുപോരുമ്പോൾ കാന്തള്ളൂരമ്പലത്തിന്റെ തൊട്ടടുത്തുള്ള ഒരു പഴയ മഠത്തിന്റെ ഉമ്മറത്തു ചെന്നു നിന്നു. അതൊരു പതിവായി. അവിടെനിന്നുയർന്ന ചെണ്ടയുടേയും, മദ്ദളത്തിന്റേയും, ചേങ്ങിലയുടെയും നാദവിസ്മയങ്ങളിൽ ഭ്രമിച്ചു വശായി. അമ്പലമുറ്റത്തുള്ള അരയാലിലകളിൽ പോലും കഥകളിയുടെ കലാശച്ചുവടുകൾ നൃത്തം വെക്കുന്നതു നോക്കി നിന്ന ബാല്യകൗതുകം. അവിടെ ചേക്കേറിയ കുരുവികൾ. ഇളംകാറ്റിലെ ഇടക്കലാശങ്ങൾ.

ആ കളരിയിലെ ഗുരുവായി അബോധമനസ്സിൽ ഒരടുപ്പത്തിന്റെ തളിരില പൊട്ടിക്കിളിർത്തു. മെല്ലെ മെല്ലെ .ദിവസേനയെന്നോണം കളരിമുറ്റത്തു വന്നുനിന്ന ആ കുട്ടിയോടും ഏതാണ്ടതേ തരത്തിലൂള്ള ഒരടുപ്പം ആ ഗുരുവിന്റെയുള്ളിലും നാമ്പിട്ടു.


മുജ്ജന്മത്തിലെ ഏതോ സുകൃതം പോലെ!
വീതി കുറഞ്ഞ വരമ്പുകളും കുണ്ടനിടവഴികളും കയറ്റിറക്കങ്ങളും കടന്നു വേണ്ടിയിരുന്നു സ്ക്കൂളീലെത്താൻ. മാത്രമല്ല ,വഴിക്കൊരു ചെറിയ തോടു കടക്കണം. തെങ്ങിൻ തടി കൊണ്ടുള്ള പാലം മഴക്കാലത്തു തൂതപ്പുഴയിലേക്കു കുത്തിയൊലിച്ചു.ആ പാലം കടക്കാൻ നല്ല പരിചയം വേണം കാറും കോളും നിറഞ്ഞ വൈകുന്നേരങ്ങളിൽ മകൻ സ്ക്കൂൾ വിട്ടുവരുന്നതു കാത്തു ഒരമ്മ ആ തോട്ടുവക്കത്ത്‌ ആധി പൂണ്ട്‌ കാത്തുനിന്നു. ആ അമ്മയുടെ മൂത്ത മകൻ മദിരാശിയിലേക്കു നാടു വിട്ടുപോയതാണ്‌. രണ്ടാമത്തെ മകനേക്കാൾ പത്തുപന്ത്രണ്ടു വയസ്സു മൂത്തവൻ. അതുകൊണ്ട്‌ ഇളയകുട്ടിയോട്‌ ഇരട്ടി സ്നേഹമാണ്‌`. സമയമേറെക്കഴിഞ്ഞിട്ടും മകനെ കാണാനില്ല. പേടിയും പരിഭ്രമവും .താളും തകരയും കൊണ്ടുള്ള മെഴുക്കിപുരട്ടിയും മുളകു വറുത്ത പുളിയും. ഇനി അരി വാർക്കുകയേ വേണ്ടു. മകനേയും അന്വേഷിച്ചു ഇടവഴികളിലൂടേയും ഒറ്റയടിപ്പാതയിലൂടേയും ആ അമ്മ നടന്നു .കാണുന്നവരോടെല്ലാം ചോദിച്ചു.

'എവടെ.........എവടേന്റെ കുഞ്ചു..? നേരന്ത്യായീലോ...ഇനീം കുഞ്ചു വന്നിട്ടില്യാലോ...ന്റെ തിരുമുല്ലപ്പള്ളി തേവരേ ...........ആരെങ്കിലും കണ്ട്വോ കുഞ്ചൂനെ.............ന്റെ കുഞ്ചൂനെങ്ങാനും കാണാണ്ടായോ?


ആധി പൂണ്ട ആ അന്വേഷണത്തിന്റെ ഏതോ ഒരിടവഴിയിലെത്തുമ്പോൾ അതാ വരുന്നു കുഞ്ചു!

കീറിയ ഒരോലക്കുട പിടിച്ചു തുള്ളിക്കു മാറി ഏതെല്ലാമോ മനോരാജ്യത്തിൽ മുഴുകി പതുക്കെ ധൃതിയൊട്ടുമില്ലാതെ നടന്നുവരുന്നു കുഞ്ചു.
അടുത്തെത്തിയപ്പോൾ മാറോടടുക്കിപ്പിടിച്ചു. മഴയുടെ ഇളം മന്ദഹാസം അവരെ പൊതിഞ്ഞു.
അമ്മ ചോദിച്ചു

'എന്താ ...എന്താന്റെ കുട്ടീ..നീയ്യിങ്ങനെ?എത്ര പേടിച്ചൂന്നോ അമ്മ. എവിടെയായിരുന്നു നീയിതു വരെ?എന്താ നിന്റെ വിചാരം?നെണക്കു മാത്രം ന്താ ത്ര താമസം സ്ക്കൂളിൽ നിന്നു വരാൻ?

അപ്പോൾ, കുഞ്ചുവിന്റെ കണ്ണുകളിൽ"പുറപ്പാടീലെ "കൃഷ്ണന്റെ പീലിത്തിരുമുടിയിലെ മയിൽപ്പീലികൾ നൃത്തം വെച്ചു.
അമ്മയെ സമാധാനിപ്പിച്ചു

"ഞാൻ ....ഞാനേയ്‌ കാന്തള്ളൂരമ്പലത്തിന്റെ യടുത്ത്‌ ഒരു വീടില്ല്യേ?അതിന്റെ മുറ്റത്ത്‌ ത്തിരി നേരം നിന്നു. കഥകളിക്കു അവിടേത്രെ അണിയറ പതിവ്‌. പിന്നെ മഴ. ..അതു വകവെച്ചില്ല.അവടങ്ങനെ നിക്കാൻ നല്ല രസാണമ്മെ"

നിഷ്ക്കളങ്കത തിളങ്ങിയ മിഴികൾ.നടക്കുമ്പോൾ ,ഒരു കുടക്കീഴിൽ , അമ്മയോടു പിന്നേയും പിന്നേയും പറഞ്ഞു

അവിടെ കളി പഠിപ്പിക്കുന്നുണ്ട്‌. അതു കണ്ടു നിക്ക്വാർന്ന്‌. ചെലപ്പോളൊക്കെ ഞാനവിടെ പോകാറുണ്ട്‌. അമ്മേ എനിക്കും കഥകളി പഠിക്കണം. അതു പഠിപ്പിക്കുന്ന ആളെ ഞാൻ നല്ലോണറിയും. ഞാൻ പറഞ്ഞാൽ പഠിപ്പിക്കാതിരിക്കില്ല. എനിക്കുറപ്പാണ്‌.
'എന്താ കുഞ്ചൂ നീയ്യ്‌ പറയണത്‌?
ആരാണ്‌ നിന്നെ കളി പഠിപ്പിക്വാ? അതൊക്കെ ചെലവല്ലേ?
ആരാണ്‌ സഹായിക്കാനുള്ളത്‌?വെറുതങ്ങ്‌ട്‌ പറഞ്ഞൂ.... ആഗ്രഹിച്ചോണ്ടൊന്നും ആരും പഠിപ്പിക്കില്ല. '

കുഞ്ചുവിനേയും കൂട്ടി വേഗം നടന്നു വീട്ടിലേക്ക്‌.
ചെറുകിളികളുടെ കലമ്പലിൽ പോലും ശിവപഞ്ചാക്ഷരിയുണർന്ന തിരുമുല്ലപ്പള്ളി ക്ഷേത്രപരിസരം.

വലിയ അമ്പലക്കുളം.
അമ്പലത്തിനു മുന്നിലെ കതിരണിഞ്ഞ നെൽപ്പാടം.
മകരക്കൊയ്ത്തു കഴിഞ്ഞ പാടം. കുംഭത്തിലെ ഉത്സവം.
പാടത്തെ കളിപ്പന്തൽ, കഥകളി

നമ്പൂതിരിയില്ലങ്ങൾ ധാരാളമുള്ള കാറൽമണ്ണ. പ്രഭുത്വത്തേക്കളുപരി കലാരസികന്മാരായ നമ്പൂതിരിമാർ.

കഥകളിയും മേളയും പഞ്ചവാദ്യവും


ചിത്രവരയും നാടകവും വായനശാലയും പിന്നെ വിഷവൈദ്യവും.

പെരിന്തൽമണ്ണയിൽ നിന്നു പാലക്കാട്ടേക്കുള്ള പ്രധാനപാത കടന്നു പോകുന്ന കാറൽമണ്ണ. വള്ളുവനാടു താലൂക്കിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള ഗ്രാമം. പണ്ടു മുതലേ സാംസ്കാരിക പുതുമകളെ വരവേറ്റിയ ഗ്രാമം.

നെറ്റിപ്പട്ടവും തിലകച്ചാർത്തും തൂതപ്പുഴയിലെ ഓളങ്ങളും!
അവിടെ, അമ്പലത്തിനടുത്തുള്ള 'ചേനമ്പുറത്ത്‌' എന്ന ഭേദപ്പെട്ട ഒരു നായർത്തറവാട്‌.
കുഞ്ചുവിന്റെ പൂർവ്വികമായ വീട്‌

നമ്പൂതിരിയില്ലങ്ങളിലെ കാര്യസ്ഥൻ പണി. പിന്നെ കൃഷിപ്പണി, സാധാരണ നായന്മാരുടെ ജീവിതം.
സ്ത്രീകൾ വാലിയത്തിക്കാരികളും. ഇല്ലത്ത്‌ പിറന്നാളോ ,വേളിയോ ഉണ്ടെങ്കിൽ അവർക്ക്‌ അത്‌ ഉത്സവമായിരുന്നു. അതിനിടയിൽ വളർന്ന സ്വന്തം കുട്ടികൾ. പലപ്പോഴും വേണ്ട വിധത്തിൽ ശ്രദ്ധ കിട്ടാത്ത കുട്ടികൾ.

കുഞ്ചുവിന്‌ അച്ഛനമ്മമാരിൽ നിന്ന്‌ അളവറ്റ സ്നേഹവാത്സല്യങ്ങൾ പകർന്നു കിട്ടി. എന്നാൽ, മറ്റൊരു തരത്തിലുള്ള വിധിവൈപരീത്യം അവർക്കും സംഭവിച്ചു.

തറവാട്ടുസ്വത്തുക്കൾ ഒട്ടേറെ നശിച്ചു. അങ്ങനെയായിരുന്നു അന്നത്തെ പല തറവാടുകളുടേയും കഥ, ഇന്നയിന്ന കാരണമെന്നോ, തറവാട്ടുകാരണവന്മാരുടെ പിടിപ്പുകേടുകൊണ്ടോ ,ഒന്നുമറിയില്ല ,തറവാടുകൾ ക്ഷയിക്കുകയും കുടുംബാംഗങ്ങൾ പലയിടത്തുമായി ചിന്നിച്ചിതറുകയും ചെയ്തു. അങ്ങനെ ചിതറിപ്പോയ ഒരു ശാഖയായിരുന്നു കുഞ്ചുവിന്റെ അമ്മ ശ്രീമതി ഇട്ടിച്ചിരിയമ്മയും അവരുടെ മൂത്ത സഹോദരി ശ്രീമതി കുഞ്ഞുക്കുട്ടിയമ്മയുമുൾപ്പെട്ട കുടുംബം.

കുഞ്ചുവിന്റെ വലിയമ്മയുടെ ഭർത്താവ്‌ വാഴേങ്കടക്കാരനായിരുന്നു. കാറൽമണ്ണയിൽ നിന്നു നാലു നാഴിക വടക്കു തൂതപ്പുഴയുടെ മറുകരയിൽ വാഴേങ്കട ക്ഷേത്രം അക്കാലത്തു തന്നെ പ്രസിദ്ധമായിരുന്നു. മൂന്നു ഭാഗവും മൂന്നു കുന്നുകൾ. കിഴക്കു കോട്ടക്കുന്നും, പടിഞ്ഞാറു മയിലാടിക്കുന്നും, വടക്ക്‌ കള്ളിക്കുന്നും. കുറേക്കൂടി വടക്ക്‌ അമ്മിണിക്കാടൻ മല തലയുയർത്തി നിൽക്കുന്നു. .ആ മലയുടെ മുകളിൽ കൃഷ്ണക്കറുപ്പു കണ്ടാൽ മഴ ഉറപ്പ്‌. വാഴേങ്കടക്കാരുടെ വിശ്വാസം.

മൂന്നു കുന്നുകളുടെയും അകത്ത്‌ പരന്നുകിടക്കുന്ന നെൽപ്പാടം. ഒരരുകിലായി അമ്പലം. പാടത്തേക്കു കെട്ടിപ്പൊക്കിയ അമ്പലക്കുളത്തിന്റെ വലിയ മതിൽ. ഏതാനും വീടുകൾ. അമ്പലത്തിനു ചുറ്റുമായും കുറച്ചപ്പുറത്തേക്കും പാടത്തിന്റെ ഇരുകരകളിലും .
വാഴേങ്കടയുടെ സ്ഥലപുരാണം

അവിടെ, വലിയമ്മക്കും മക്കൾക്കും സ്വന്തമായി വീടും കഴിഞ്ഞു കൂടാനുള്ള വകയും ഉണ്ടായിരുന്നു. ഭാര്യയേയും മക്കളേയും വലിയമ്മയുടെ ഭർത്താവ്‌ വാഴേങ്കടക്കു കൂട്ടിക്കൊണ്ടുപോയി. കുഞ്ചുവിന്റെ ജ്യേഷ്ഠനേയും അമ്മയേയും കൂടെ കൂട്ടി. വലിയമ്മക്കു അനുജത്തിയോടു സഹതാപം മാത്രമല്ല സ്നേഹവുമുണ്ടായിരുന്നു.


വലിയമ്മയുടെ ഭർത്താവ്‌ വലിയ ആർദ്രചിത്തനായിരുന്നു. അതുകൊണ്ട്‌ അവിടത്തെ ജീവിതം അല്ലലില്ലാത്തത്തായിരുന്നു.
കുഞ്ചുവിന്റെ അച്ഛൻ നെടുമ്പെട്ടി ഗണപതി നായർ. കാറൽമണ്ണ തൃക്കിടീരിമനയിലെ ഒരു വാലിയക്കാരനായിരുന്നു. ജ്യേഷ്ഠന്റെ അച്ഛൻ അകാലത്തിൽ മരിച്ചുപോയശേഷം കുറച്ചുകാലം കഴിഞ്ഞായിരുന്നു കുഞ്ചുവിന്റെ അച്ഛൻ അമ്മയെ പുനർവ്വിവാഹം ചെയ്തത്‌. ഇടയ്ക്കു വല്ലപ്പോഴും വാഴേങ്കട വന്നുപോകുന്നതൊഴിച്ചാൽ അതിലപ്പുറമെന്തെങ്കിലുമുള്ള സഹായങ്ങളൊന്നുമില്ലായിരുന്നു, സാധ്യവുമല്ലായിരുന്നു. നിർദ്ധനകുടുംബത്തിലെ അംഗവും.

വലിയമ്മക്കു മൂന്നാൺമക്കൾ. അൽപ്പകാലത്തിനു ശേഷം വലിയമ്മ വീണ്ടും പ്രസവിച്ചു. ഒരു പെൺകുട്ടി! അധികം താമസിയാതെ വലിയമ്മ ംഅരിച്ചു. പിന്നീട്‌ ആ പിഞ്ചുപൈതലിനെ പരിപാലിച്ചതു കുഞ്ചുവിന്റെ അമ്മയായിരുന്നു.
അധികകാലം ചെല്ലും മുൻപേ വലിയച്ഛനും മരിച്ചുപോയി. കുഞ്ചുവിന്റെ അമ്മയുടെ കണ്ണുകളിൽ നിരാശ്രയത്വത്തിന്റെ കരിമഷിയെഴുതിയ കാലം!

Friday, December 3, 2010

മനയോലപ്പാടുകൾ---------ആമുഖം----തുടർച്ച(പീ.വി. ശ്രീവത്സൻ)

യുക്തിക്കനുരൂപമായിട്ടുള്ള കഥകളിചിന്തയിലൂടെ സ്വയം വികസിപ്പിച്ചെടുത്ത അഭിനയശൈലിയുടെ പിൻബലത്തിൽ അതീവജാഗ്രതയോടെ മുന്നേറി അതു തിരിച്ചറിഞ്ഞാസ്വദിക്കാൻ കെൽപ്പുള്ള ഒരു പ്രേക്ഷകസമൂഹത്തെ ഉണ്ടാക്കിയെടുക്കുവാനും കുഞ്ചുനായർക്കു കഴിഞ്ഞു. വ്യവസ്ഥാപിതമായ കഥാപാത്രസങ്കൽപ്പത്തിന്റെ അടിത്തറയിലൂന്നിക്കൊണ്ട്‌ തള്ളാനുള്ളതു തള്ളിയും കൊള്ളാനുള്ളതു കൊണ്ടുമുള്ള തന്റെ കലാവീക്ഷണത്തിലൂടെയായിരുന്നു ഇതു സാധിച്ചതെന്ന്‌ അദ്ദേഹത്തിന്റെ പിൽക്കാലജീവിതം ഓർമ്മിപ്പിക്കുന്നു. ആനന്ദമയവും ജ്ഞാനസ്വരൂപവുമായ രസരൂപേണയുള്ള ആസ്വാദനമെങ്ങനെ കൈവരിക്കാമെന്ന മാനസിക-നാട്യതപസ്യയുടെ ഫലം പെട്ടെന്നല്ലെങ്കിലും ക്രമേണ അദ്ദേഹത്തിന്റെ അരങ്ങുകളിലൂടെ സംസ്ഥാപിതമായി.


കല്ലുവഴിച്ചിട്ടയുടെ സമഗ്രസൗന്ദര്യത്തിലൂന്നി സാത്വികാഭിനയത്തിന്റെ സ്വച്ഛന്ദ മേഖലയിലൂടെ വിഹരിച്ചുകൊണ്ട്‌ താനവതരിപ്പിക്കുന്ന വേഷങ്ങൾക്ക്‌ കൃത്യമായ പാത്രബോധം നൽകുവാൻ അദ്ദേഹത്തെ ഉത്തേജിതനാക്കിയ കളിയരങ്ങുകൾ പ്രത്യേകിച്ച്‌ മധ്യകേരളത്തിൽ ധാരാളവും ,ക്രമേണ തെക്കൻ കേരളത്തിലും പ്രചാരമായി വന്നു. കോട്ടയ്ക്കൽ പി.എസ്‌.വി. നാട്യസംഘവും പിന്നെ കേരളകലാമണ്ഡലവും ഒരുപോലെ ആചാര്യനായി അദ്ദേഹത്തെ വാഴിച്ചു. ചൊല്ലിയാട്ടത്തിലും ശരീരഭാഷയിലും കല്ലുവഴിച്ചിട്ട അനുശാസിച്ച അച്ചടക്കത്തിന്റേയും ഒതുക്കത്തിന്റേയും മിതത്വത്തിന്റേതുമായ ലാവണ്യചിന്തകൾ അഭിനയത്തിന്റെ മേഖലയിലേക്കും പടുത്തുയർത്തുവാൻ യത്നിച്ചു. കവി(ആട്ടക്കഥാകാരൻ) ഉദ്ദേശിച്ചതെന്താണെന്ന്‌ വിവേചിച്ചറിഞ്ഞു. അതു സഹൃദയാഹ്‌ളാദമാക്കി മാറ്റുക, അതേസമയം കഥാപാത്രത്തിനു നിരക്കാത്തതൊന്നും ചെയ്യാതേയുമിരിക്കുക. ഇതു വളരെ പ്രധാനമായിരുന്നു അദ്ദേഹത്തിന്‌. ഭാവാവിഷ്ടമായ കവിഹൃദയത്തിൽ നിന്നുമാത്രമേ കാവ്യം നിർഗ്ഗമിക്കുകയുള്ളു. കവിഹൃദയത്തിലെ ഭാവം നടഹൃദയത്തിൽ പ്രവേശിക്കുമ്പോൾ നടഹൃദയം കവിഹൃദയമായി മാറുന്നു. അപ്പോൾ കാവ്യഭാവത്തിന്റെ അനുവ്യവസായം സിദ്ധിക്കുന്നു. അതിന്റെ പ്രയോഗം അഭിനയമാണ്‌. അഭിനയത്തിലൂടെ കവിയുടെ ഭാവം പ്രേക്ഷകനിലെത്തുന്നു. പ്രേക്ഷകൻ സഹൃദയനെങ്കിൽ ഭാവം ,രസാനുഭവം തരുന്നു. ഇതാണു കാവ്യരസവും നാട്യരസവും. നാട്യശാസ്ത്രത്തിലെ ഈ സിദ്ധാന്തം ( )കുഞ്ചുനായരുടെ നാട്യദർശനമാകുന്നു.


എന്റെ കഥകളി വീക്ഷണം എന്ന ലേഖനത്തിൽ അദ്ദേഹം പറയുന്നു.

"നൃത്തത്തെ മാത്രം പ്രധാനമാക്കിക്കൊണ്ട്‌ കഥാപാത്രം (നടൻ)തത്തൽ കഥാസന്ദർഭങ്ങളിലെ സ്ഥായീഭാവം വിട്ടുകൂടാ. അപ്പോൾ നൃത്യമെന്നത്‌ കേവലം നൃത്തമായ്‌ മാറിയേക്കും. അതായത്‌ ,സ്ഥായീഭാവത്തിന്റെ ആവിഷ്‌ക്കരണരൂപത്തിന്‌ അനുകൂലിച്ചതായിരിക്കണം കഥാപാത്രത്തിന്റെ സകലവിധ ചേഷ്ടകളും. ആയതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ രസഭംഗമുണ്ടായിത്തീരുന്നതാണ്‌. കലാശങ്ങൾക്കു വട്ടം തട്ടുന്ന അവസരങ്ങളിൽ നടൻ, പദത്തിൽ തന്നെ പറയുന്ന വിഷയങ്ങളൊ ,സുദീർഘങ്ങളായ മട്ടു ഉപകഥകളൊ ആടി ദീർഘിപ്പിച്ചു കഥാപാത്രത്തിന്റെ നില മാറിപ്പോകാതിരിക്കാനും പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്‌. അങ്ങനെതന്നെ ,സഹപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം രസികത്വമെന്ന നിലയ്ക്കു സാമാജികന്മാരിൽ സമർപ്പിക്കുന്നതും ആഭാസകരമാണ്‌.

നടന്മാരുടെ പ്രതിഭാവിലാസത്തിൽ നിന്നുയരുന്ന നാനാവിധഭാവങ്ങൾ ആദ്യം മുഖത്തു വ്യാപിക്കുന്നു. എന്നാൽ മുഖാഭിനയം കൊണ്ടുമാത്രം ആ ഭാവം തികച്ചും ആസ്വാദ്യമായിത്തീരുന്നില്ല. വീണ്ടും ആ ഭാവം സർവ്വാംഗങ്ങളിലേക്കും പടർന്നുപിടിക്കുന്നതോടുകൂടി ആ വികാരത്തിന്റെ അഥവാ ,ആ വസ്തുവിന്റെ ഗുണവിശേഷത്തെ അംഗോപാംഗാദി ചേഷ്ടകളെക്കൊണ്ടോ ഹസ്തസംജ്ഞാപ്രയോഗം കൊണ്ടോ ആവിഷ്ക്കരിക്കുമ്പോൾ മാത്രമേ അതിൽ നിന്നുള്ള ആസ്വാദ്യത തികച്ചും പൂർത്തിയാവുകയുള്ളു. അതുകൊണ്ട്‌ ജീവനും ശരീരവുമെന്നപോലെ സ്വാഭാവികമായിത്തന്നെ അന്യോന്യം ബന്ധപ്പെട്ടവയാണ്‌. രസഭാവങ്ങളും അവയുടെ അനുഭാവങ്ങളൂം താളാശ്രിതങ്ങളായ അംഗോപാംഗാദിചലനങ്ങളും മാത്രമല്ല ,ഇവയെ അനുസരിച്ചിരിക്കുന്നതാണ്‌ താളകാലവും............."
ചലനങ്ങൾ താളാശ്രിതങ്ങളാണ്‌. അല്ലാതേയുള്ള യാതൊരുവിധ ചലനങ്ങളും അരങ്ങത്ത്‌ അഭികാമ്യമല്ല. അത്രമാത്രം സമ്യക്കായ താളാശ്രിതത്വത്തിൽ ഉറച്ചതായിരിക്കണം നടന്റെ ശരീരധർമ്മങ്ങൾ.രാവുണ്ണിമേനോന്റെ നാട്യസിദ്ധാൻതത്തിന്റെ കുറേക്കൂടി ആഴമുള്ള കാഴ്ച്ചയിലേക്കായിരുന്നു കുഞ്ചുനായർ ഇറങ്ങിച്ചെന്നത്‌. കഥകളിയിൽ സൂക്ഷമതരമായ "പാത്രബോധം" സർവ്വോപരി പ്രാധാന്യമർഹിക്കുന്ന ഒന്നായി അദ്ദേഹം മനസ്സിലാക്കി. രസജ്ഞന്മാരുടെ ആനന്ദമിരിക്കുന്നത്‌ അതിലാണെന്നും ആ ബോധം നടന്മാരിൽ മാത്രമല്ല പ്രേക്ഷകരിലും അവശ്യം ഉണ്ടാകേണ്ടതാണ്‌`.അങ്ങനെയായാലെ കഥകളിയുടെ യഥാർത്ഥ ആസ്വാദനം കൈവരിക്കുവാൻ കഴിയുകയുള്ളുയെന്ന ബോധം അദ്ദേഹത്തിന്റെ കലാജീവിതം അടിവരയിട്ടുറപ്പിച്ചു.

ഇങ്ങനെ യുക്തിബോധങ്ങൾക്കനുസൃതമായി കലാവിചാരങ്ങളെ വ്യാഖ്യാനിക്കുകയും വിശകലനം ചെയ്യുകയും അതിന്‌ ഔചിത്യ പൂർണ്ണവും സഹൃദയപരവുമായ ലാവണ്യം പ്രദാനം ചെയ്യുകയും ചെയ്ത യുഗപ്രഭാവനായ ഒരു വേഷക്കാരനായിത്തീർന്നതുതന്നെയായിരുന്നു കുഞ്ചുനായരുടെ ജന്മസാഫല്യം. അനവസരത്തിൽ അദ്ദേഹം പോലും നിനച്ചിരിക്കാത്തൊരു നേരത്ത്‌ ,കഥകളിരംഗത്തു നിന്ന്‌ അദ്ദേഹത്തിന്‌ വിടപറയേണ്ടി വന്നത്‌ ഒരു ദുരന്തനായകന്റെ നടുക്കമുണർത്തുന്ന കാലവിപര്യയമായി മാറിയത്‌ എല്ലാ അർത്ഥത്തിലും കഥകളിക്ക്‌ തീരാനഷ്ടമായി. അതൊരു വേദനിപ്പിക്കുന്ന സത്യമായി ഓർമ്മകളിൽ ഇന്നും കത്തിയാളുന്നു.

അദ്ദേഹം പലപ്പോഴായി എഴുതിവെച്ചിട്ടുള്ള പലേ സുപ്രധാനരേഖകളും ആത്മകഥാക്കുറിപ്പുകളും ,അനുഭവങ്ങളും സംഭവങ്ങളും കഥകളിയദ്ധ്യാപനത്തിന്റെ ഡയറിക്കുറിപ്പുകളും അതേപടി ഇതിലുണ്ട്‌. പലതും മുമ്പ്‌ പലയിടത്തുമായി പ്രസിദ്ധീകരിച്ചവയാണ്‌. അദ്ദേഹത്തിന്റെ വേഷം കണ്ടാസ്വദിച്ചിട്ടുള്ള സഹൃദയബുദ്ധികളുടെ അനുഭവസാക്ഷ്യങ്ങളും അദ്ദേഹത്തെക്കുറിച്ചു പ്രസിദ്ധീകരിക്കപ്പെട്ട ചില പ്രധാനലേഘനങ്ങളും അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യരിൽ നിന്നും കിട്ടിയ നേരറിവുകളും ഈ ജീവചരിത്രരചനക്കു മാർഗ്ഗദർശകങ്ങളാണ്‌.

അകാലത്തിൽ(അച്ഛന്റെ മരണശേഷം അഞ്ചുവർഷം കഴിഞ്ഞ്‌ ,തന്റെ അമ്പത്തിയൊമ്പതാം വയസ്സിൽ) മരിച്ചൊപോയ അമ്മയിൽ നിന്നും കേട്ടറിഞ്ഞ മരിക്കാത്ത ഓർമ്മകളും ഇതിൽ തിരനീക്കി വരുന്നു. ഒരു കഥകളിക്കാരന്റെ "സഹധർമ്മിണി" എന്ന നിലയിൽ എല്ലാ അർത്ഥത്തിലും അച്ഛന്റെ ശക്തിയും ദൗർബല്യവുമായിരുന്നു അമ്മ. അദ്ദേഹത്തിന്റെ ജീവിതത്തിലെ ,കലയിലെ മൗനസാന്നിധ്യമായി അമ്മയുടെ പ്രാർത്ഥനാനിർഭരമായ ജീവിതം താങ്ങും തണലുമായിരുന്നു.

ഇതിന്റെയെല്ലാം ആകത്തുകയാണീ രചന. ഇതിന്‌ എന്നോടാവശ്യപ്പെടുകയും വേണ്ട ഉപദേശനിർദ്ദേശങ്ങൾ ചെയ്തു തരികയും ചെയ്ത എന്റെ സഹോദരനും കഥകളി നടനും കലാമണ്ഡലം പ്രിൻകിപ്പലായി വിരമിക്കുകയും ചെയ്ത ശ്രീ വാഴേങ്കട വിജയനും ,ഇതിന്റെ കൈയെഴുത്ത്‌ പരിശോധിച്ച്‌ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകി അനുഗ്രഹിച്ച വിശ്രുതപണ്ഡിതനും കലാമർമ്മജ്ഞനും അച്ഛന്റെ ചിരകാലസുഹൃത്തുമായ"സൂപ്രണ്ടിനും"ഇതിനോട്‌ ഓരോരോ വിധത്തിൽ ബന്ധപ്പെട്ടു സഹായിച്ച മൺ മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഓരോരുത്തർക്കും സർവ്വോപരി ഇതൊരു സദ്‌യത്നമായി പരിഗണിക്കുകയൂം സസന്തോഷം പ്രസിദ്ധീകരിക്കാൻ തയ്യാറാവുകയും ചെയ്ത കേരളകലാമണ്ഡലം കൽപ്പിത സർവ്വകലാശാലക്കും പ്രത്യുത അതിന്റെ വൈസ്‌ചാൻസലറും വിഖ്യാതകലാപണ്ഡിതനുമായ ഡോ.കെ.ജി..പൗലോസ്‌ അവർക്കൾക്കും ,സർവ്വകലാശാലാ രജിസ്റ്റ്രാറും കല-നാടക ചിന്തകനുമായ ഡോ.എൻ.ആർ. ഗ്രാമപ്രകാശ്‌` അവർക്കൾക്കും , സർവ്വകലാശാല പബ്ലിക്കേഷൻ ഓഫീസറും കലാ നിരൂപകനുമായ ശ്രീ.വി.കലാധരൻ അവർക്കൾക്കും എനിക്കുള്ള കൃതജ്ഞത സീമാതീതമാണ്‌.

ഈ രചനക്കപ്പുറത്തുള്ള ഒരരങ്ങത്ത്‌ കുഞ്ചുനായരുടെ രംഗജീവിതം അവ ശേഷിച്ചുകിടപ്പുണ്ടാകാം. അന്വ്വേഷണങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ.

Thursday, December 2, 2010

ആമുഖം പീ.വി.ശ്രീവത്സൻ


മനയോലപ്പാടുകൾ









ഒരു കഥകളി നടന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടിടങ്ങളാണ്‌ കളരിയും അരങ്ങും. എന്നാൽ കളരിയുടെ പുനരുത്പാദനമല്ല അരങ്ങ്‌. അതിനിടയ്ക്കുള്ള "മറ്റൊരു ഇടത്തിലാണ്‌ വാസ്തവത്തിൽ അയാളുടെ വേഷം ഉറങ്ങിക്കിടക്കുന്നത്‌. ആ ഇടമത്രെ "അണിയറ:"മുഖത്തു തേച്ച്‌ ചൊട്ടികുത്തി മെയ്ക്കോപ്പുകളണിഞ്ഞു കിരീടം വെച്ചു ഒരു കഥകളിവേഷമായിത്തീരുന്ന അമാനുഷപ്രക്രിയ നടക്കുന്നത്‌ അണിയറയിൽ വെച്ചാണല്ലോ. എന്നാൽ വേഷമെന്ന ആഹാരസൗകുമാര്യത്തിന്റെ അണിഞ്ഞൊരുങ്ങലിന്റെയൊപ്പം അതിനപ്പുറമുള്ള ഒരു പ്രധാനസംഗതി അവിടെവെച്ച്‌ നടനിലൂടെ ഉരുവപ്പെടുന്നു. ബോധപൂർവ്വമോ അബോധപൂർവ്വമോ അതൊരു വല്ലാത്ത സർഗ്ഗപ്രക്രിയ തന്നെയാണ്‌. (അതുകൊണ്ടുതന്നെയായിരിക്കാം രാവുണ്ണിമേനോനെപ്പോലെയുള്ളവർ അണിയറയിലെ നിശ്ശബ്ദത കാത്തുസൂക്ഷിച്ചതു)അണിഞ്ഞൊരുങ്ങുന്ന വേഷത്തോടൊപ്പം ഉയിർത്തെഴുന്നേൽക്കുന്ന കഥാപാത്രം .ആ കഥാപാത്രം ,എങ്ങിനെയാകരുത്‌ എന്ന തിരിച്ചറിവിന്റെ തിരിവെളിച്ചമാണ്‌` പാത്രബോധത്തിന്റെ കാതൽ. രംഗത്ത്‌ പിന്നെ ആ വ്യക്തിയല്ല ,നടന്റെ മെയ്യും മനസ്സും അതോടൊപ്പം ആ കഥാപാത്രവുമേയുള്ളു.ഓരോ അരങ്ങത്തും ഓരോ വേഷം, അത്‌ ഒരേ വേഷം തന്നെയായാലും ,അണിയറയിലെ ഈ മൗനത്തിന്റെ ഇടവേളയിൽ അത്തരത്തിലുള്ള ഒരു മാനസികപ്രക്രീയ നടക്കുന്നുണ്ട്‌. അറിഞ്ഞോ അറിയാതെയോ അതുകൊണ്ടുകൂടിയാണ്‌ ഒരേ നടന്റെ ഒരേ വേഷം തന്നെ എത്രയാവർത്തിച്ചുകണ്ടാലും അതിന്നൊരു യാന്ത്രികസ്വഭാവം(mechanical form ) തോന്നാത്തത്‌. നിശ്ച്ചലത (stillness ) എന്നതുപോലും ചലനത്തിന്റെ ,ഭാവോന്മീലതയുടെ സൗന്ദര്യമായി മാറുന്നു അരങ്ങത്ത്‌. ആവർത്തിച്ചു കാണുന്തോറും നടനുമാത്രമല്ല പ്രേക്ഷകനും ആ വേഷങ്ങൾ ഓരോരോ പുനരുജ്ജീവനങ്ങളായി തോന്നുന്നു. തൗര്യത്രികത്തിന്റെ ഒരു വൈശിഷ്ട്യമെന്നേ ഇതിനെ പറയേണ്ടതുള്ളു. കഥകളി ലോകോത്തര കല ആയായിത്തീർന്നതും മറ്റൊന്നുകൊണ്ടായിരിക്കാനിടയില്ല.


പത്തിരുപത്തഞ്ചാട്ടക്കഥകൾ ,കളരിയിലുമരങ്ങത്തും (അതും മുഴുവൻ കളരിയിലും അരങ്ങത്തും പതിവില്ല)പിന്നെ, പുതിയ കാലത്തെ ഒന്നുരണ്ടു കഥകൾ ,എത്രയോ കാലമായി നടന്മാർ ചെയ്തുവരുന്ന ഒരേ കഥകൾ ,ഒരേ വേഷങ്ങൾ , ഇതു തന്നെ വീണ്ടും വീണ്ടും കാണുന്ന ഒറോ കാലഘട്ടവും പ്രേക്ഷകരും. ഇതിന്റെയിടയിലെവിടേയോ ഉള്ള കഥകളി . ആ കഥകളിയെ മനനം ചെയ്യാൻ ,സ്വാംശീകരിക്കാൻ ജീവിതം മുഴുവൻ മറ്റെന്തിനേക്കാളുപരി മാറ്റിവെച്ച അപൂർവ്വം ചില മനീഷികൾ .അങ്ങിനെയൊരാളായിത്തീർന്നതിന്റെ ശേഷപത്രമാണ്‌ വാസ്തവത്തിൽ വാഴേങ്കട കുഞ്ചുനായരുടെ വിദ്യാർത്ഥിജീവിതമടക്കമുള്ള നാൽപ്പത്തെട്ടു വർഷത്തെ കലാസപര്യ.


സമകാലികരായ മറ്റു നടന്മാരെപ്പോലെ ആറും ഏഴും പതിറ്റാണ്ടുകളോ , ആയിരക്കണക്കിനു വേഷങ്ങളൊ ചെയ്യാനുള്ള ഭാഗ്യം അദ്ദേഹത്തിനു കിട്ടിയില്ല. അതേ സമയം അദ്ദേഹത്തിന്റെ കലായശസ്സിന്‌ അതൊരു വലിയ കുറവായതുമില്ല. മറ്റുള്ളവരെയപേക്ഷിച്ചു ഹ്രസ്വമെന്നു തോന്നാമെങ്കിലും തന്റേതായ ഒരു വേറിട്ട കാഴ്ച്ചയും ചിന്തയും ഉൾച്ചേർന്ന അരങ്ങ്‌ അവശേഷിപ്പിച്ചുപോവുകയും തന്റെ കാലഘട്ടത്തിനപ്പുറത്തേക്കും അതിന്റെ കാന്തി പ്രസരിപ്പിക്കാനാവുകയും ചെയ്ത പ്രതിഭാധനനായ ഒരു നാട്യാചാര്യനായി അദ്ദേഹം മാറിയത്‌ കഥകളിയുടെ ചരിത്രം പരിശോധിച്ചാൽ അറിയാവുന്നതാണ്‌. ഇതിനുപോൽബലകമായി , അദ്ദേഹത്തിന്റെ പ്രധാനഗുരുനാഥനും , കഥകളിയുടെ പ്രയോക്താവും പരിഷ്ക്കർത്താവുമായിരുന്ന പട്ടിയ്ക്കാംന്തൊടി രാമുണ്ണിമേനോൻന്റെ ജീവചരിത്രമായ "നാട്യാചാര്യന്റെ ജീവിതമുദ്രകൾ" എന്ന പുസ്തകത്തിലെ (കറന്റ്‌ ബുക്സ്‌. കലാമണ്ഡലം പദ്മനാഭൻ നായർ ,ഞായത്ത്‌ ബാലൻ)പ്രത്യേക പ്രസ്താവം ഇവിടെ ഉദ്ധരിക്കുന്നത്‌ ഉചിതമെന്നു തോന്നുന്നു.



"നൃത്യകല ആയ കഥകളിയെ നാട്യ കല യായി ഉയർത്താനും ആ പ്രസ്ഥാനം ശിഷ്യപരമ്പരകളിലൂടെ നിലനിർത്താനും കഴിഞ്ഞതാണ്‌ കല്ലുവഴിച്ചിട്ടയുടെ കുലപതിയായ പട്ടിക്കാംന്തൊടി രാവുണ്ണിമേനോന്റെ കഥകളിക്കു ഏറ്റവും വലിയ സംഭാവന. സ്ഥായീഭാവത്തിലൂന്നിയ രസാഭിനയം തന്നെ വേണമെന്ന പക്ഷക്കാരനായിരുന്നു രാമുണ്ണിമേനോൻ. അദ്ദേഹത്തിന്റെ കാലം തൊട്ടാണ്‌ ഈ രീതി തുടങ്ങുന്നതും. പിന്നീട്‌ വാഴേങ്കട കുഞ്ചുനായരാണ്‌ രസാഭിനയപരമായി കുറേക്കൂടി മുന്നോട്ടുപോയത്‌. രാവുണ്ണിമേനോൻ കഥകളി ലോകത്തിനു നൽകിയ ഏറ്റവും കനത്ത സംഭാവനയായിരുന്നു വാഴേങ്കട കുഞ്ചു നായർ എന്നു പറയാൻ സംശ്‌യിക്കേണ്ടതില്ല. "



ശാരീരികമായ ചലനസൗന്ദര്യത്തിന്റെ (മെയ്യിന്റെ)അപാരദിങ്ങ്‌മുഖങ്ങൾ നടനിലൂടെ സ്വാംശീകരിച്ചുകൊണ്ടുള്ള ശുദ്ധമായ ചൊല്ലിയാട്ടമാണ്‌ കഥകളിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വമെന്ന ഉൾക്കാഴ്‌ച്ച രാമുണ്ണിമേനോനിലൂടെ കൈവന്ന അമൂല്യനേട്ടമായിരുന്നു. ഈ രീതിശാസ്ത്രത്തിന്റെ ഭാഗത്തുനിന്നുകൊണ്ടായിരിക്കണം അദ്ദേഹം തമ്പുരാന്റെ കഥകളെയറിഞ്ഞതും ചെയ്തതും. എന്നാൽ കൊടുങ്ങല്ലൂർ കളരിയുടെ ശിക്ഷണത്തിനു ശേഷം അദ്ദേഹം കിർമ്മീരവധത്തിലെ ധർമ്മപുത്രരുടെ ശോകമാനസം തന്നിലേക്കുൾവലിക്കുമ്പോൾ സ്ഥായീഭാവം കൈവിടാതെ വേണം കലാശങ്ങളെടുക്കാൻ എന്നു നിഷ്ക്കർഷിച്ചതു. ശരീരഭാഷയിൽനിന്നു മനസ്സിന്റെ (കഥാപാത്രത്തിന്റെ) ഭാഷയിലേക്കും കൂടിയുള്ള കഥകളിയുടെ ഒരു ചേക്കേറലായി ഒരു വികാസപരിണാമമായി ഇതിനെ കാണണം.

ആ സിദ്ധാന്തത്തിന്റെ ഓരം ചേർന്നു സഞ്ചരിച്ച കുഞ്ചുനായർ അനുഭവവേദ്യവും ആഹ്‌ളാദപ്രദവുമായ ചൊല്ലിയാട്ടനിഷ്ഠയുടെ അന്ത്‌ഃസത്ത ഉൾക്കൊണ്ട്‌ അതിനപ്പുറത്തേയ്ക്കു വേറിട്ടൊരു വഴിയെ ചെന്നെത്താൻ മിനക്കെട്ടു.നടന്റെയുള്ളിലേക്കിറങ്ങിച്ചെന്നുകൊണ്ടു ഒരന്വേഷണത്തിലായിരുന്നു ഏറിയ കാലവും അദ്ദേഹം വ്യാപരിച്ചതു. നടനിൽ 'രസ'മില്ല .പിന്നെ എവിടെയാണതുള്ളതെന്ന അഭിനവഗുപ്തന്റെ കലാ അന്വ്വേഷണനൈർമ്മല്യം കുഞ്ചുനായർക്ക്‌ വല്ലാത്തൊരു ജിജ്ഞാസാമാധുര്യം പകർന്നു. നടനിലുള്ളത്‌ 'രസ'മല്ലെന്നും എന്നാൽ രസ ആസ്വാദനത്തിലുള്ള ഉപായമാണ്‌ നടനിലുള്ളതെന്നുമുള്ള സിദ്ധാന്തത്തിന്റെ ഉള്ളുകള്ളികളിൽ സ്വയമഭിരമിച്ച അദ്ദേഹം പിന്നെ പൊങ്ങിയത്‌ പാത്രസങ്കൽപ്പത്തിന്റെ രസജ്ഞാനത്തിന്റെ ശൈലീകൃതവ്യാഖ്യാനവുമായിട്ടായിരുന്നു. ഔചിത്യാനൗചിത്യങ്ങളുടെ വേർത്തിരിവ്‌ കഥകളിയരങ്ങിന്റെ ഒഴിച്ചുകൂടാനാകാത്ത ദർശനമായി മാറി അദ്ദേഹത്തിൽ.

(തുടരും)








നാട്യാചാര്യൻ :പദ്മശ്രീ" വാഴേങ്കട കുഞ്ചുനായരുടെ ജീവചരിത്രമായ "മനയോലപ്പാടുകൾ" ആരംഭിക്കുന്നു.

മനയോലപ്പാടുകൾ
ജീവചരിത്രം
പീ.വി.ശ്രീവത്സൻ