Tuesday, March 1, 2011

അരങ്ങ്‌ -8

Varamozhi Editor: Text Exported for Print or Save
ആദ്യവസാനവേഷങ്ങളായ ഭീമൻ, അർജ്ജുനൻ, ധർമ്മപുത്രർ, ബലഭദ്രൻ, ദക്ഷൻ, രാവണൻ. ചെറിയ നരകാസുരൻ, കീചകൻ,ദുര്യോധനൻ, നളൻ, പുഷ്ക്കരൻ, നളൻ, ബ്രാഹ്മണർ, പ്രധാനപ്പെട്ട സ്ത്രീവേഷങ്ങൾ, തുടങ്ങിയ എല്ലാ ച്ചിട്ടപ്രധാനവേഷങ്ങളും സമൃദ്ധമായി ചൊല്ലിയാടിപ്പിച്ചു. ഗുരുവിനും ശിഷ്യനും തൃപ്തിയാകുന്നതുവരെ. മുതിർന്ന വിദ്ധ്യാർത്ഥിയായിരുന്നതിനാലും നാലുകൊല്ലത്തെ അഭ്യാസം കൊണ്ടു നേടിയ കഥകളിത്തത്തിന്റെ മിഴിവുകൊണ്ടും ഗുരുവിൽ നിന്നേതെങ്കിലും വിധത്തിലുള്ള ശകാരങ്ങളൊ ശാസനയോ ഉണ്ടായില്ല. അതും ഗുരുകൃപ തന്നെയായി കരുതി.മാത്രമല്ല, ഗുരുവിന്റെ സന്തുഷ്ടി വളർത്താനും നന്നെ മനസ്സിരുത്തി. അദ്ദേഹത്തെ പരിചരിക്കുന്ന കാര്യത്തിൽ ദൈവാരാധന പോലെ നിഷ്ക്കർഷ പുലർത്തി.ക്ഷേത്രത്തിന്റെയടുത്തുള്ള ഒരു പത്തായപ്പുരയിലെ താഴത്തെ മുറിയിലായിരുന്നു ആശാൻ താമസിച്ചത്‌`. അദ്ദേഹത്തിന്റെ കുളി ,തൊഴൽ, ജപധ്യാനങ്ങൾ എന്നിവക്ക്‌ ഏറ്റവും സൗകര്യമുള്ള ഒരു സ്ഥലം.

ഗുരുവിനു കുളിക്കാനുള്ള സമയമാകുമ്പോൾ ഉമിക്കരി, പഴുത്ത മാവില, എണ്ണ, താളി ,സോപ്പ്‌, (ചിലപ്പോൾ വാകപ്പൊടിയും​‍ാമുതലായ സാമഗ്രികൾ കുളക്കടവിലെത്തിക്കുക,അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അലക്കുക, ചെല്ലത്തിൽ മുറുക്കാൻ ഒരുക്കിവെക്കുക, ചില സമയത്ത്‌ വെറ്റിലയിലെ നാരു കളഞ്ഞു ചുണ്ണാമ്പു തേച്ചു ശരിയാക്കിക്കൊടുക്കുക, കിടക്ക വിരിച്ചു കൊറ്റുക്കുക, തുടങ്ങി നാനാവിധത്തിലു ഗുരുശുശ്രൂഷകൾ ചെയ്തു കൊടുത്തിരുന്നു. ഈ വക കാര്യങ്ങൾക്കിടയിൽ ശിഷ്യൻ തന്റെ എല്ലാ വിധ കാര്യങ്ങളും ചെയ്തു തീർത്തു കൃത്യസമയത്തു തന്നെ കളരിയിലെത്തും. അഭ്യാസം എത്ര കാഠിന്യമേറിയതായാലും സന്തോഷപൂർവ്വം അതെല്ലാം സഹിച്ചു. ഗുരുവിനും അതിഷ്ടമായിരുന്നു. ഒഴിവുസമയങ്ങളിലും പദങ്ങൾ തോന്നിച്ചും മുദ്ര കാണിച്ചും പഠിച്ചും തീരെ കൂസലില്ലാതെ കളരിയിലെ ദിവസങ്ങളോരോന്നും നീങ്ങിക്കൊണ്ടിരുന്നു. അങ്ങിനെ ഗുരുവിനും ശിഷ്യനും അത്യധികമായുണ്ടായ സന്തോഷോത്സാഹങ്ങളോടു കൂടി വളരെ ച്ചിട്ടയിൽ അഭ്യാസം തുടർന്നു

കുഞ്ചുവിന്റെ അഭ്യാസം കാണുവാൻ അമ്മ ഇടയ്ക്കിടക്കു കളരിയിൽ വരിക പതിവായിരുന്നു. .കഥകളി കാണുന്നതും അമ്മക്കു വളരെ സന്തോഷകരമായ കാര്യമായിരുന്നു. പിന്നെപ്പിന്നെ സൗകര്യമുള്ളിടത്തെല്ലാം പോയി കളി കാണും. .അമ്മയ്ക്കു പാകത്തിൽ അതിനു പറ്റിയ വേണ്ടപ്പെട്ട ചില സ്ത്രീകളും കൂട്ടിനുണ്ടാകും.കുഞ്ചു കൂടെ വേണമെന്നൊന്നുമില്ല.

നാലഞ്ചു കൊല്ലത്തെ അഭ്യാസം കഴിഞ്ഞിരിക്കെ ,ഒരു കൊല്ലം അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലെ പൂരം പ്രമാണിച്ചു നടന്നിരുന്ന കളി കാണാൻ ഒരു ദിവസം(1930 ഏപ്രിൽ-9)അമ്മയും വന്നു. വാഴേങ്കട നിന്നു സുമാർ പത്തു നാഴിക ദൂരമുണ്ട്‌. രാവിലെ കുളി, കഞ്ഞികുടി കഴിഞ്ഞു കൂടെയുള്ളവരുമൊത്ത്‌ വർത്തമാനങ്ങളോരോന്നു പറഞ്ഞ്‌ കൊണ്ട്‌ നടക്കും. തിരുമാന്ധാംകുന്നിലെത്തുന്നതറിയില്ല. പാതവക്കത്തുള്ള തണൽമരങ്ങളുടെ ചുവട്ടിലിരുന്ന്‌ ക്ഷീണമകറ്റും.

മകന്റെ വേഷം കാണാനുള്ള മോഹത്താൽ കത്തുന്ന മീനച്ചൂടിന്റെ ആധിയൊട്ടുമറിഞ്ഞതുമില്ല. പൂരക്കാലത്ത്‌ തിരുമാന്ധാംകുന്നിൽ ചതുർശ്ശതപായസം അന്നും പതിവുണ്ട്‌. ശർക്കരപ്പായസം മതിവരുവോളം . അതു കഴിക്കും. രാത്രി കളി കാണും,


കളി കഴിഞ്ഞു പിറ്റേന്നാൾ മടങ്ങുമ്പോൾ അമ്മ അവശയായി. കഠിനമായ വയറ്റിളക്കവും ച്ഛർദ്ദിയും. യാതൊരു ഗത്യന്തരവുമില്ല. കോളറ തന്നെയായിരുന്നു ദീനം. വാഴേങ്കടയെത്തിച്ചേർന്നതു ഇന്നവിധത്തിലെന്നറിഞ്ഞില്ല. കൂടെ കുഞ്ചുവില്ല. വീട്ടിലെത്തുമ്പോൾ തളർന്നു ക്ഷീണിച്ചിരുന്നു. ഉടൻ മകനെ കാണണമെന്ന അമ്മയുടെ വിവശമായ നിർബന്ധം, ഉത്കണ്ഠ.കുഞ്ചുവിനെ കൊണ്ടുവരാനായി അക്ഷണം തന്നെ അങ്ങാടിപ്പുറത്തേക്ക്‌ ആളെ അയച്ചു. വിവരമറിഞ്ഞയുടൻ വാഴേങ്കടക്കു പോന്നു.

വരുംവഴിക്കു മകന്റെ മനസ്സിനെ മഥിച്ച കാര്യം .തന്റെ വേഷം കണ്ടേ മതിയാകൂ എന്നുള്ള അമ്മയുടെ ഒരൊറ്റ നിർബന്ധത്തെക്കുറിച്ചുള്ളതായിരുന്നു.
"എന്റെ വേഷം അടുത്തെവിടേയെങ്കിലും ഇനിയും ഉണ്ടാകുമല്ലോ.അപ്പോൾ കാണാമല്ലോ.വാഴേങ്കട നിന്നു ഇത്രയധികം ദൂരം നടന്നുവന്നു അമ്മയ്ക്കു കഥകളി കാണണോ? അമ്മ നടന്നു തളരും. അമ്മയുടെ പ്രായവും ദേഹവും ശ്രദ്ധിക്കേണ്ടേ?

എന്തു പറഞ്ഞിട്ടും എത്ര പറഞ്ഞിട്ടും ഒരേ നിർബന്ധം തന്നെ, എന്തു വന്നാലും എന്തെല്ലാം സഹിച്ചിട്ടും അമ്മയ്ക്ക്‌ മകന്റെ അന്നത്തെ വേഷം കണ്ടേ മതിയാകൂ.

ആശാന്റെ ധർമ്മപുത്രരുടെ കൂടെ കൃഷ്ണനായിരുന്നു അന്നത്തെ വേഷം . കുഞ്ചുവിന്റെ കൃഷ്ണവേഷം അമ്മയ്ക്കു പ്രിയപ്പെട്ടതായിരുന്നു.
പിറ്റേന്നാൾ രാവിലെ (ആ കളിയുടെ മൂന്നാം ദിവസം)ഏപ്രിൽ 10 ,സുമാർ പത്തുമണിയോടുകൂടി അമ്മ എന്നെന്നേയ്ക്കുമായി യാത്ര പറഞ്ഞു. കുഞ്ചുവിന്റെ മാറിൽ ചാരിക്കിടത്തി കഞ്ഞിവെള്ളം കൊടുത്തുക്കൊണ്ടിരിക്കെ!

മേലിൽ യാതൊരു അവലംബവുമില്ലാത്തവനായിത്തീരുവാൻ പോകുന്ന മകന്റെ മുഖത്തേയ്ക്കു നിസ്സഹായതയോടെ നോക്കി നോക്കി കണ്ണുനിറഞ്ഞു പെട്ടെന്നു അമ്മ വിട്ടുപോയി.
1929 ഏപ്രിൽ 10 നായിരുന്നത്‌. അമ്മക്കപ്പോൾ അറുപത്തിരണ്ടു വയസ്സായിരുന്നു. ജ്യേഷ്ഠൻ മദിരാശിയിൽത്തന്നെയായിരുന്നു.
അമ്മയും മകനും തമ്മിലുണ്ടായിരുന്ന ഗാഢബന്ധത്തിന്റെ ആഴങ്ങളിൽ നിന്നുള്ള തേങ്ങലുകൾ എല്ലാ വിധത്തിലും കുഞ്ചുവിനെ തളർത്തി. ഏതൊരാളുടേയും ജീവിതത്തിൽ അമ്മയ്ക്കുള്ള ശക്തിയും ദൗർബ്ബല്യവും ഒരേ സമയം അതിന്റെ തീവ്രവേദനയോടെ കുഞ്ചുവും അനുഭവിച്ചു.

വെള്ളിനേഴിസ്ക്കൂളിൽ നിന്നു തിരിച്ചുവരുന്നതു കാണാഞ്ഞു ആധിയോടെ മകനെ അന്വേഷിച്ചലഞ്ഞുവന്ന മകനെ പഠിപ്പിച്ചുവലിയവനാക്കാൻ മോഹിച്ചു ചിത്രകലയോ, കഥകളിയോ വേണ്ടതെന്നു തിരിച്ചറിയാതെ ഉത്കണ്ഠ പൂണ്ട നാളുകളിലെ അമ്മ, അരങ്ങേറ്റത്തിനു ആനന്ദാശ്രുക്കൾ പുഴ പോലെ ഒഴുകി മകനെ അനുഗ്രഹിച്ചാശിർവ്വദിച്ച്‌ തന്റെ വേഷം കാണാൻ അദമ്യമായി ആഗ്രഹിച്ചു വന്നെത്തിയ അമ്മ, നിനച്ചിരിക്കാതെയുള്ള ഒരവസരത്തിൽ വിട്ടുപോയപ്പോൾ എന്തുചെയ്യണമെന്നറിയാതെ തനിച്ചിരുന്നു ഏങ്ങലടക്കിയ കുഞ്ചു. എല്ലാ അമ്മമാരുടേയും മനസ്സിൽ മക്കളുടെ നന്മയും ഉയർച്ചയും തന്നെയായിരിക്കില്ലേ?


എല്ലാവരുടേയും അമ്മമാർ എല്ലാ കാലവും ജീവിച്ചിരിക്കുമോ? ആരുടെയെങ്കിലും മരണം മുൻകൂട്ടിപറയാനാകുമോ?

ഉള്ളിൽ നിന്നുള്ള ചോദ്യങ്ങൾ. ആരോ സമാധാനിപ്പിക്കുന്നു. സാന്ത്വനിപ്പിക്കുന്നു.

തനിക്കനുഭവപ്പെട്ട തീരാദുഃഖത്തിന്റെ ആവരണം ആരോ പതുക്കെ പതുക്കെ മാറ്റുന്നതായി തോന്നി , അടുത്ത ദിവസങ്ങളിൽ.
അത്‌, അതമ്മതന്നെയായിരുന്നു.
കുറച്ചുകൂടി മുതിർന്നപ്പോൾ സംസ്കൃതവും മറ്റു ഗ്രന്ധങ്ങളും പഠിച്ചു തുടങ്ങുമ്പോൾ കഥകളിക്കാവശ്യമില്ലാത്തത്താണെങ്കിലും കേവലമായ താത്‌പര്യം കൊണ്ടു ഒരു ശ്ലോകം ശ്രദ്ധിക്കാനിടവന്നു. അതു കാണാതെ പഠിച്ചു. പിന്നീടെന്നും എപ്പോഴും തന്റെ പ്രാർത്ഥനവേളകളിലും അല്ലാത്തപ്പോഴും ആ ശ്ലോകത്തിന്റെയുള്ള്‌ ആത്മാവിലേക്കിറങ്ങിച്ചെല്ലുന്നതായി അനുഭവപ്പെട്ടു. .അപ്പോഴെല്ലാം അതൊരു കുളുർമഴപോലെ ഉള്ളം തണുപ്പിച്ചു.


"ആസ്താം താവിദം പ്രസൂതിസമയേ
ദുർവ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ
ശയ്യാ ച സംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണ
ക്ലേശസ്യ യസ്യാ ക്ഷമോ-
ദാതും നിഷ്ക്കൃതി മുന്നതോ/പി തനയ-
സ്തസൈ ജ്ജനന്യൈ നംഃ"


തടുക്കാൻ സാധിക്കാത്ത ,ശൂലം കൊണ്ടു തുളയ്ക്കുന്നതുപോലെയുള്ള പ്രസവസമയത്തുള്ള വേദന , ഭക്ഷണത്തിലുള്ള അരുചി , അതുകൊണ്ടുള്ള മെലിച്ചിലും, ഒരു വർഷം മുഴുവൻ മലത്തിലും മൂത്രത്തിലും മുഴുകിയ ശയ്യയിലുള്ള കിടപ്പും.................


യാതൊരു അമ്മയുടെ ഒരു സമയത്ത്‌ ഗർഭം താങ്ങുന്നതുകൊണ്ടുള്ള കഷ്ടപ്പാടിനെങ്കിലും എന്തെങ്കിലുമൊരു പകരം ചെയ്യാനായിക്കൊണ്ട്‌ എത്രയും യോഗ്യനായ മകനുകൂടി സാധിക്കയില്ല. അങ്ങനെയുള്ള ആ അമ്മയ്ക്കു നമസ്ക്കാരം....നമസ്ക്കാരം....

No comments:

Post a Comment