Saturday, March 5, 2011

അരങ്ങ്‌-11

ഊഷ്മളവും ഉർവ്വരവുമായ ഒരു പ്രണയം. കുഞ്ചുവിന്റേയും ആ പെൺകുട്ടിയുടേയും.

മനസ്സിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന പരസ്പര ബന്ധിതമായ ജീവിതത്തിന്റെ തായ്‌വേരുകൾ.
ഗുരുനാഥനും നാട്ടുകാർക്കും മറ്റെല്ലാവർക്കുമതു മനസ്സിലായി.കുറ്റപ്പെടുത്തുന്ന തരത്തിൽ ആരും ഒന്നും പറഞ്ഞില്ല. കാരണം ഒട്ടും രഹസ്യമായിരുന്നില്ല ആ ബന്ധം. തുറന്ന മനസ്സും ജീവിതവും അതിലപ്പുറമൊന്നുമില്ല. കാര്യങ്ങൾ അത്രത്തോളമെത്തിക്കഴിഞ്ഞു.

എനിയോ?
അവൾ എന്തെല്ലാം പറഞ്ഞാലും തീരുമാനിച്ചാലും തനിക്കതിനാവുമോ? വിവാഹം സ്വപ്നത്തിൽപ്പോലുമോർത്തില്ല.

പ്രായം, വരുമാനമില്ലായ്മ, അതുലുപരി അഭ്യാസകാലം കഴിഞ്ഞിട്ടുമില്ല. ഇതെല്ലാം അവൾക്കുമറിയാം. അവളെ വിവാഹം കഴിക്കുന്നതിൽ ഗുരുനാഥന്‌ മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ലെങ്കിലും അതിനു ശരിയായ സമയവും സന്ദർഭവും അതല്ല എന്ന ഉറച്ച ബോധം അദ്ദേഹത്തിനുണ്ടായിരുന്നുവേന്നത്‌ തീർച്ചയാണ്‌. എന്നു വിചാരിച്ച്‌ ഈ ഒരു കാരണം കൊണ്ട്‌ അദ്ദേഹം അഭ്യസിപ്പിക്കുന്നത്‌ മതിയാക്കി തിരിച്ചു പോവുകയില്ലെന്ന ദൃഢവിശ്വാസം കുഞ്ചുവിനുണ്ടായിരുന്നു. അത്ര മാത്രം തിളക്കമാർന്ന ഒരു ഗുരുശിഷ്യബന്ധം അവർക്കിടയിൽ പ്രബലമായിക്കഴിഞ്ഞിരുന്നു. .എന്നാലും ഈയൊരു പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടുത്താൻ അദ്ദേഹം ആവും വിധത്തിൽ ഉപദേശിച്ചു. പല പ്രകാരത്തിലും അദ്ദേഹം അതിനു ശ്രമിച്ചു നോക്കി. സ്നേഹാധിക്യംകൊണ്ടുള്ള ശാസനയും തൂടങ്ങി.

യാതൊരു വിധത്തിലും കുഞ്ചുവിനെ വിട്ടുപോകുവാൻ അദ്ദേഹത്തിനു വയ്യ. ഗുരുനാഥനെ അനുസരിക്കാതിരിക്കുന്ന അവസ്ഥ കുഞ്ചുവിനും ആലോചിക്കാനേ പറ്റുന്നില്ല. എന്തു ചെയ്യണം? എന്തു ചെയ്യരുത്‌? എന്നറിയാത്തൊരവസ്ഥയിൽ ഇഴഞ്ഞു നീങ്ങിയ ദിവസങ്ങൾ. എന്നാൽ ഏതെല്ലാം വിധത്തിൽ എത്രത്തന്നെ അമർത്തിവെച്ചിട്ടും ആ പ്രണയബന്ധത്തിന്‌ മുമ്പത്തേക്കാളുമാഴത്തിൽ ശക്തിയും വിശ്വാസവും കൂടി വന്നു.
അടുത്തേങ്ങാനുമുള്ള കളിക്കു കുഞ്ചുവിന്റെ വേഷമുണ്ടെന്നറിഞ്ഞാൽ അവൾ അമ്മയേയോ മറ്റോ കൂട്ടി കളി കാണാനെത്തും. അണിയറയ്ക്കു പുറത്തുവെച്ച്‌ അഥവാ കണ്ടാൽ സധൈര്യം സംസാരിക്കും. അങ്ങനെ ഈ കഥ മറ്റു പലയിടത്തേക്കും പടർന്നു പിടിച്ചു. എന്തെല്ലാം പറഞ്ഞു പരത്തിയാലും അവൾക്കു യാതൊരു വിധ സങ്കോചവും തോന്നിയില്ല. ഇങ്ങനെയുള്ളൊരു ഘട്ടത്തിൽ കുഞ്ചുവിനു പലവിധ ആക്ഷേപങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നു. അതു സ്വാഭാവികമെന്നു കരുതി മിണ്ടാതിരിക്കുവാനും കഴിഞ്ഞില്ല. ആളുകൾ അവരുടെ കാര്യത്തേക്കാളുപരി കുഞ്ചുവിന്റേയും ആ പെൺകുട്ടിയുടെയും കാര്യത്തിലിടപെട്ട്‌ ആവശ്യമില്ലാതെ പലതും പറഞ്ഞുതുടങ്ങി. തമ്മിലിഷ്ടമാണ്‌ പിരിയാനാകാത്തവിധം. അതു സത്യവുമായിരുന്നു. പക്ഷേ അതിലപ്പുറം കുടുംബത്തിനും സംസ്ക്കാരത്തിനും യോജിക്കാത്ത തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റരീതികൾ , അങ്ങനെയൊന്നുണ്ടായിട്ടെ ഇല്ല.

കുഞ്ചു, തന്നിഷ്ടപ്രകാരം ഇങ്ങിനെയൊരു വിവാഹം ചെയ്താൽ പിന്നെ അയാളുടെ കളിയഭ്യാസം മാത്രമല്ല കഥകളിജീവിതം തന്നെ സംശയമായിരിക്കും. ,അവളെ കല്യാണം കഴിക്കാൻ കൊതിച്ചുനടക്കുകയല്ലാതെ അതൊരിക്കലും സാധിക്കയില്ല. വേണ്ടിവന്നാൽ അയാൾക്കുള്ള ഭക്ഷണം പോലും നിർത്തിവെക്കും എന്നു തുടങ്ങി അവരവർക്കു തോന്നും പോലെ നിരവധിയായ ആക്ഷേപങ്ങൾ. ഇതെല്ലാം ഭക്ഷണം തന്നിരുന്ന ജ്യേഷ്ഠന്റെ കാതിലുമെത്തി. തീരെ താത്പര്യമില്ലാതെയാണെങ്കിലും ഭക്ഷണം അവിടെനിന്നാണല്ലോ കിട്ടിക്കൊണ്ടിരിക്കുന്നത്‌. പക്ഷേ ഇതെല്ലാമറിഞ്ഞപ്പോൾ നീരസം കുറേക്കൂടി വർദ്ധിച്ചു.ഒരു ദിവസം വൈകുന്നേരം അഭ്യാസം കഴിഞ്ഞു. കാര്യങ്ങൾ ഇങ്ങനെയുള്ള പ്രതിസന്ധികളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നുവെങ്കിലും കളരിയിൽ ചെന്നാൽ കുഞ്ചു വേറൊരാളായിത്തീർന്നു. അഭ്യാസത്തിന്റെ കാര്യത്തിൽ അതീവജാഗ്രതയും ആത്മാർത്ഥതയുമുള്ള ഗുരുവിന്റെ മനസ്സറിഞ്ഞ ഒരു വാസനാശാലിയായ ശിഷ്യനായിരുന്നു. ഗുരുനാഥനും അതിലപ്പുറമുള്ള എന്തെങ്കിലും കാര്യത്തിൽ അത്ര താത്പര്യവുമില്ലായിരുന്നു. പതിവു പോലെ അമ്പലത്തിൽ തൊഴുത്‌ സന്ധ്യ കഴിയുന്നതോടു കൂടി ജ്യേഷ്ഠന്റെ വീട്ടിലെത്തി. അവിടെയെത്തുമ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു കിടന്നിരുന്നു. സാധാരണ പതിവില്ലാത്തത്‌, കുറേ നേരം പുറത്തു കാത്തു നിന്നു. പല പ്രാവശ്യം വിളിച്ചു നോക്കി. യാതൊരനക്കവുമില്ല. വല്ലാത്തൊരു മനസ്താപം തോന്നി. തിരിച്ചു നടന്നു. രാത്രിയഭ്യാസത്തിന്‌ ,കളരിയിലേക്ക്‌, രാച്ചൊല്ലിയാട്ടത്തിന്റെ കാലം. ഉത്സാഹത്തിലാണ്ട ഗുരു. അദ്ദേഹം കുഞ്ചുവിന്റെ മുഖത്തു നോക്കി. വല്ലാതെ വാടിത്തളർന്ന മുഖം. ഇങ്ങനെ പതിവില്ലല്ലോ. അദ്ദേഹത്തിന്‌ തോന്നി. എന്തോ പന്തികേടുണ്ട്‌. സംശയമില്ല.

(നേരിട്ടാകുമ്പോൾ "താൻ" എന്നും കുഞ്ചുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയുമ്പോൾ "മൂപ്പര്‌" എന്നും മുതിർന്നപ്പോൾ "കുഞ്ചു നായർ" എന്നുമായിരുന്നു അവസാനം വരേയും ഗുരു വിളിച്ചതു. ശ്രീമാൻ തേക്കിങ്കാട്ടിൽ രാമുണ്ണി നായർ)

"എന്താണ്‌ തനിക്കിത്ര ക്ഷീണം?

ഗുരുനാഥൻ ചോദ്യം ആവർത്തിച്ചു. നിർബന്ധിച്ചു.
മടിച്ചുകൊണ്ടാണെങ്കിലും ഉണ്ടായ സംഗതികൾ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം കുഞ്ചുവിന്റെ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയോട്‌ (പൂളക്കുന്നത്ത്‌ കുഞ്ഞുണ്ണി നായർ.കുഞ്ചുനായരുടെ കൂടെ കച്ച കെട്ടിയ വിദ്യാർത്ഥി താളബോധത്തിൽ അദ്വതീയൻ. എല്ലാ കഥയിലേയും കൃഷ്ണൻ പ്രസിദ്ധ വേഷം. കഥകളിയഭ്യാസം കഴിഞ്ഞു താമസിയാതെ സിലോണിൽ പോയി നൃത്തം പഠിപ്പിച്ചു. ഏറെക്കാലം കഴിഞ്ഞു സമ്പന്നനായി തിരിച്ചുവന്നെങ്കിലും പിന്നീടു സ്വന്തം ജീവിതത്തിൽ പലവിധത്തിലൂള്ള താളക്കേടുകൾ സംഭവിച്ചു. കുറച്ചു വർഷം മുമ്പ്‌ നിര്യാതനായി.)കുഞ്ചുവിനെ കൊണ്ടുപോയി വേഗം ഭക്ഷണമെന്തെങ്കിലും കൊടുക്കൂ എന്നു പറഞ്ഞു.
അന്നു രാത്രി ആ സഹപാഠിയുടെ വീട്ടിൽ നിന്നു ഭക്ഷണം കിട്ടി. അതിന്റെ സ്വാദും രുചിയും പറയാൻ വയ്യ. !

പിറ്റേന്നാൾ ജ്യ്യേഷ്ഠന്റെ വീട്ടിലേക്ക്‌ തന്നെ പോയി. തലേ ദിവസത്തെ സംഭവത്തെക്കുറിച്ച്‌ അറിഞ്ഞതായി അന്യോന്യം ഭാവിച്ചില്ല. ഇങ്ങിനെ പലേ വിധത്തിലൂള്ള സമ്മർദ്ദങ്ങളും പ്രതികൂല സാഹചര്യങ്ങളും അഭ്യാസത്തിന്റെ തുടക്കം മുതൽ വിടാതെ പിടികൂടി. ഒരൊഴിയാ ബാധ പോലെ!

അതിനെല്ലാമിടയിൽ നീക്കുപോക്കില്ലാതെ തുടർന്ന അഭ്യാസം. ഈ എതിർവ്വാഴ്‌വുകളിൽ എന്നെങ്കിലും കുഞ്ചുവിനു തോന്നിയോ ഒരു കഥകളിക്കാരനാകേണ്ടിയിരുന്നില്ലെന്ന്‌?

No comments:

Post a Comment