Tuesday, March 1, 2011

അരങ്ങ്‌-9

അരങ്ങ്‌-9


അമ്മയുടെ അപ്രതീക്ഷിത മരണം ജ്യേഷ്ഠനെ അറിയിച്ചു. വിവരം കിട്ടിയയുടൻ ജ്യേഷ്ഠൻ വന്നു. ശേഷക്രിയകൾ യഥാവിധി ചെയ്തു.
ജ്യേഷ്ഠൻ കുറച്ചു നാൾ വീട്ടിൽ തങ്ങി. അമ്മ പോയതോടു കൂടി അച്ഛനും എല്ലാ അർത്ഥത്തിലും അവശനായി. ഏതു കാര്യത്തിനും ഉറച്ച തീരുമാനമെടുക്കാനുള്ള ശക്തിയും ഏതു പ്രതികൂല സാഹചര്യത്തിലും ഇണങ്ങി ജീവിക്കുവാനുള്ള കഴിവും പ്രാപ്തിയുമുണ്ടായിരുന്നു അമ്മക്ക്‌. അത്‌ നഷ്ടപ്പെട്ടു. എന്തിനാണെന്നറിയില്ല ,ജ്യേഷ്ഠൻ കാറൽമണ്ണയിലുണ്ടായിരുന്ന ചെറിയ വീടു വിറ്റു, ഒന്നും ചോദിച്ചില്ല അതേക്കുറിച്ച്‌. ഏതെല്ലാമോ വിധത്തിൽ കുടുംബത്തിനു വന്നുപെട്ട ചില ബാധ്യതകൾ തീർത്തുവെന്നു പറഞ്ഞു. അച്ഛൻ പിന്നീട്‌ അച്ഛന്റെ വീട്ടിൽത്തന്നെയായി. കുഞ്ചുവിനെ വാഴേങ്കടയിൽത്തന്നെയാക്കി.ജ്യേഷ്ഠൻ മദിരാശിയിലേക്ക്‌ മടങ്ങിപ്പോയി.

താത്ക്കാലികമായി മുടങ്ങിയ അഭ്യാസം വീണ്ടും തുടങ്ങി. എന്നാൽ ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭക്ഷണം തന്നിരുന്ന വലിയമ്മയുടെ മകന്റെ നിർദ്ദയത്വം കുറേക്കൂടി വർദ്ധിച്ചു. കുഞ്ചുവിന്‌ ഇനിയും ഇവിടെ നിന്ന്‌ ഭക്ഷണം കൊടുക്കാൻ സാധ്യമല്ലെന്നായിരുന്നു വാശി.

അനാഥത്വം എന്താണെന്ന്‌ യഥാർത്ഥത്തിൽ അറിഞ്ഞ നാളുകൾ. കാര്യങ്ങൾ മുടങ്ങാതിരിക്കുവാൻ അക്കാലത്ത്‌ ചിലരോടെല്ലാം യാചിക്കുകപോലുമുണ്ടായി. കഥകളിയഭ്യാസം , വലിയമ്മയുടെ മകനായ ചെറിയേട്ടന്റെ വെറുപ്പും വിദ്വേഷവും (എന്തുകൊണ്ടെന്നറിയില്ല), പിന്നെ പലരോടുമുള്ള യാചനയും .ഇതിനെല്ലാമിടയിൽപ്പെട്ടു തിങ്ങിഞ്ഞെരുങ്ങി സഹിച്ചും ക്ഷമിച്ചും മനോവിഷമമനുഭവിച്ചും തള്ളിനീക്കിയ ദിവസങ്ങൾ.
കഥകളി പഠിക്കാൻ തുടങ്ങിയതിൽപ്പിന്നെ , അതിനു സമാന്തരമായി ജീവിതത്തിലെ ശീലങ്ങളും മാറി വന്നു. എല്ലാത്തിനും ഒരു കൃത്യനിഷ്ഠയുണ്ടായി. അതിരാവിലേയുള്ള കുളിയും ക്ഷേത്രദർശനവും . ഒഴിവുവേളകളിലുള്ള വായന. മിക്കവാറും രാമായണഭാരതാദികൾ . ഉച്ചഭക്ഷണം കഴിഞ്ഞാൽ അൽപ്പനേരത്തെ വീശ്രമം. .ച്ചിട്ടയാർന്ന വിദ്യാർത്ഥിജീവിതം.

വക കാര്യങ്ങളോന്നും തന്നെ ചെറിയേട്ടന്‌ തീരെ ഇഷ്ടപ്പെട്ടില്ല. അക്കാലത്ത്‌ ചില കളികളും കിട്ടിയിരുന്നു. ഗുരുനാഥന്റെ കൂടേയും കളിക്കു പോകും. അത്‌` അദ്ദേഹത്തിനും താത്‌പര്യമായിരുന്നു. അൽപ്പമായ സമ്പാദ്യവും അന്നത്തെ നിലയ്ക്കനുസരിച്ചു കിട്ടി. ഇതു സ്വന്തമായ ആവശ്യങ്ങൾക്കൊന്നും തികഞ്ഞിരുന്നില്ലെങ്കിലും ,ജ്യേഷ്ഠന്റെ ധാരണ മറിച്ചായിരുന്നു. നാട്ടുകാരോട്‌ വിധം ചില ആക്ഷേപങ്ങൾ പറയുകയും പതിവായി. ഭക്ഷണം കഴിച്ചുപോവുകയെന്നല്ലാതെ യാതൊന്നും തരുന്നില്ല , ധൂർത്തടിക്കുകയാണ്‌ എന്നും മറ്റുമുള്ള ആക്ഷേപശരങ്ങൾ. സുഖമില്ലാതെ കിടക്കുന്ന അച്ഛനെയൊന്നു കാണാൻ വല്ലപ്പോഴുമൊരിക്കൽ പോകുമ്പോൾ ഒരു കുപ്പി കഷായമോ അരിഷ്ടമോ പോലും വാങ്ങിക്കൊടുക്കാൻ ആവതില്ലായിരുന്നു.


അഭ്യാസം കഴിഞ്ഞു ചെല്ലുമ്പോൾ കുഞ്ചുവിന്‌ ഭക്ഷണം കൊടുക്കരുതെന്ന്‌ ജ്യേഷ്ഠൻ. ഭാര്യയോടും പെങ്ങളോടും നിർബന്ധപൂർവ്വം പറഞ്ഞു. അഭ്യാസത്തിന്റെ അധ്വാനത്താൽ വിശന്നു വലഞ്ഞു ചെല്ലുമ്പോൾ വിവരം അറിഞ്ഞിട്ടെല്ലെങ്കിലും ഭക്ഷണം ചോദിക്കുക പതിവില്ല. തന്നത്‌` കഴിക്കുക എന്നതു മാത്രമേ അത്രകാലവും ഉണ്ടായിട്ടുള്ളു. കുറേ നേരം അവിടെ വിശന്നു തളർന്നിരിക്കും. കഷ്ടപ്പാടിൽ മനസ്സലിഞ്ഞു സഹോദരി (കുഞ്ചുവിന്റെ അമ്മ എടുത്തുവളർത്തിയ കുട്ടി) ഏതുവിധേനയെങ്കിലും ചോറു വിളമ്പികൊടുക്കും. കുഞ്ചുവിനേക്കാൾ ഒന്നര വയസ്സിനു മൂത്തത്തായിരുന്നു വലിയമ്മയുടെ മകൾ. ഉണ്ണാൻ തുടങ്ങിയിട്ടുണ്ടാവില്ല, അതുകണ്ടുകൊണ്ട്‌ മനുഷ്യൻ കടന്നു വരും. ഹൃദയം പിളർക്കുമാറു വാക്കുകൾ പറയും. കണ്ണിൽ ചോരയില്ലാത്ത ദുരർത്ഥങ്ങൾ നിറഞ്ഞ അവഹേളനം. വിശപ്പിന്റെ കാഠിന്യം കൊണ്ടും ജീവിതത്തിന്റെ നിസ്സഹായത ഓർത്തും യാതൊരു ഭാവഭേദവും കൂടാതെ എല്ലാം സഹിച്ചു.

"കുഞ്ചു യാതൊരു പ്രവൃത്തിയും ചെയ്യുന്നില്ല. കുളി ,ഊണ്‌, ഉറക്കം ഇതുമാത്രം. അവന്റെ കഥകളികൊണ്ടുള്ള പ്രമാണിത്തം . യാതൊന്നിനും കൊള്ളരുതാത്തവറ്റ മാത്രമേ കഥകളിയിൽ കാണുകയുള്ളു. അതുകൊണ്ട്‌ ഇനി അവന്റെ പാടു നോക്കട്ടെ. എനിക്കു സാധിക്കില്ല"

നാട്ടുകാരോട്‌ ഈവിധം കൂടെക്കൂടെ പറഞ്ഞു നടന്നു.


ഏതായാലും ജ്യേഷ്ഠന്റെ നീരസം തീർക്കണമെന്നൊരു വാശി ക്രമേണ മനസ്സിലുടലെടുത്തു. അതുകൊണ്ട്‌ ഇത്തരം ആക്ഷേപങ്ങളൊന്നും തന്നെ അറിഞ്ഞതായി ഭാവിച്ചില്ല. ജ്യേഷ്ഠന്റെ കൃഷിസ്ഥലത്ത്‌ പണിചെയ്യാൻ തനിക്കു കഴിയുന്ന വിധത്തിൽ സഹായിക്കാൻ തീരുമാനിച്ചു. തികഞ്ഞ ഉത്സാഹത്തോടുകൂടിത്തന്നെ. ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അത്‌ഇനി ഒരു സൗജന്യം വേണ്ട എന്നു തോന്നി.

പാടത്തു പണിയിൽ യാതൊരുവിധ മുൻപരിചയവുമില്ല. ചാണക്ക്കൊട്ട,വെണ്ണീറ്‌, എന്നിവ ഏറ്റിയും പച്ചിലത്തോൽ കെട്ടാക്കി തലയിൽ ചുമന്നുകൊണ്ടുപോയും ,വരമ്പു കിളച്ചും, ഞാറ്‌` നടാൻ കൂടിയും മറ്റും അഭ്യാസമില്ലാത്ത വേളയിൽ ആവും വിധം ചെയ്തു തുടങ്ങി. സമയത്ത്‌ നിസ്സ്വാർത്ഥരും, ഉള്ളിൽ കളങ്കമില്ലാത്തവരും ആയ ചില കൂട്ടുകാരേയും കിട്ടി. തന്റെ കൂടേയും മറ്റുള്ളവരുടെ കണ്ടത്തിൽ പണിയെടുക്കുന്നവരുമായ കൃഷിത്തൊഴിലാളികൾ. ചെറുമക്കൾ, കണ്ണത്ത്‌ ചാള, ചാത്തൻ, കണ്ടൻ, വെളുത്തിര, കറപ്പൻ, തുടങ്ങിയവരായിരുന്നു അവർ. സമപ്രായക്കാരും പ്രായം കൂറഞ്ഞവരുമുണ്ടായിരുന്നു. കൂട്ടത്തിൽ. തന്നോട്‌` അവർക്കെത്ര മാത്രം സ്നേഹവും അടുപ്പവുമുണ്ടായിരുന്നുവെന്ന സത്യം വളരെ വേഗത്തിൽ തിരിച്ചറിഞ്ഞു. കഥകളി രംഗത്ത്‌ ഒരു സ്ഥാനത്തെത്തിയപ്പോഴും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചപ്പോഴും അവരോടു തനിക്കും ,അവർക്കു തന്നോടുമുള്ള നിതാന്തസൗഹൃദം നിലനിന്നു. കഥകളിയെന്താണെന്നോ അതു പഠിച്ചുകഴിഞ്ഞാൽ എന്തെങ്കിലും തരത്തിലുള്ള ഗുണം ജീവിതത്തിന്നുണ്ടാകുമോ എന്നൊന്നുമവർക്കറിയില്ല. എന്തോ വലിയ ഒരു കാര്യമാണതെന്നും അമ്പലത്തിൽ കൊല്ലം തോറും ഉത്സവത്തിന്‌ പതിവുണ്ടെന്നും അന്യസ്ഥലങ്ങളിൽ നിന്ന്‌ ആളുകൾ വരാറുണ്ടെന്നും അവർക്കറിയാം. എന്നാൽ അവരാരും തന്നെ വഴിക്കൊന്നും വന്നില്ല. അവർക്കു അവരുടേതായ "ചവിട്ടുകളി" തൂതക്കാവിലെ കാളവേലയോടനുബന്ധിച്ചു നടത്തിയിരുന്നു.പലപ്പോഴും താനുമത്‌ കണ്ടുനിന്നിട്ടുണ്ട്‌. അതിലെ താളവും, അതിനനുസരിച്ച പാട്ടും ചവിട്ടും ചില പ്രത്യേക രീതിയിൽ തിരിഞ്ഞുനിന്നുള്ള വട്ടത്തിലുള്ള കളിയും പാട്ടിന്റെ ഈണവും ,ചേറിന്റെ ഗന്ധവും വളരെ പുരാതനമായ ഒരു നാടോടികളാപാരമ്പര്യത്തിന്റെ തുടർച്ചയായി തോന്നിയിട്ടുണ്ട്‌.


പാടത്ത്‌ പണിയിൽ സഹായിക്കാനുള്ള ഉദ്യമം ഫലത്തിൽ സന്തോഷമരുളുകയാണുണ്ടായത്‌. പണിക്കാരുമായുള്ള അടുപ്പത്തിന്റെ ഇഴകൾ അവരുടെ മക്കളിലൂടേയും തന്റെ മക്കളിലൂടെയും ചിരസ്ഥായിയായിത്തീർന്നു. കൃഷിയോടും എന്തെന്നില്ലാത്ത ഒരു കമ്പം വന്നു. കഥകളി കൊണ്ടു പുരോഗമിച്ചപ്പോൾ കുറേശ്ശെ കുറേശ്ശെയായി കൃഷിയിടങ്ങൾ വാങ്ങിത്തുടങ്ങി. കന്നും കൃഷിയുമായുള്ള ഒരു കാലത്തെ സ്വപ്നം കണ്ടുതുടങ്ങി. വിളഞ്ഞു നിൽക്കുന്ന നെൽപ്പാടവരമ്പിലൂടെ നടക്കാനിഷ്ടപ്പെട്ടു.

വക കൃഷിപ്പണിയിലും മറ്റും അഭ്യാസക്കാലത്ത്‌ കുഞ്ചു ഏർപ്പെട്ടിരുന്നുവെങ്കിലും അതുകൊണ്ടെല്ലാം ജ്യേഷ്ഠന്റെ നീരസം മാറിയോ? തന്നോടുള്ള മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വന്നുവോ?

No comments:

Post a Comment