Monday, November 22, 2010

വാഴേങ്കട കുഞ്ചു നായരുടെ പ്രഥമ പുത്രൻ ശ്രീ ജനാർദ്ദനൻ നായർ എഴുതിയ ഓർമ്മക്കുറിപ്പ്‌

പൂനിലാവ്‌


പൊന്നിൻ ചിങ്ങത്തിലെ ഓണനാളുകളിൽ ഒരു ദിവസം ഞാൻ ജനിച്ചു വളർന്ന വാഴേങ്കടയിലുള്ള എന്റെ ജന്മഗൃഹത്തിലെത്തി. കുടുംബാംഗങ്ങളോടും മറ്റു സുഹൃത്തുക്കളോട്മെല്ലാം വളരെയേറെ ആഹ്ലാദത്തോടെ കുശലാന്വേഷണങ്ങൾ നടത്തി. മുറ്റത്ത്‌ ഏറെ മനോഹരമായ പൂക്കളം ഒരുക്കിയിരിക്കുന്നു. ഓണം അടുത്തു വരുന്ന സമയമല്ലേ? എല്ലാവർക്കും അവരവരുടേതായ തിരക്കു തന്നെ. പൂക്കളത്തിൽ നിന്നും എന്റെ ദൃഷ്ടികൾ ചെന്നെത്തിയത്‌ സ്നേഹവാത്സല്യനിധിയായിരുന്ന പ്രിയ്യപ്പെട്ട അച്ഛന്റെ ച്ഛായാചിത്രത്തിലാണ്‌.



അതെ 1981 ൽ ഏതാണ്ട്‌ ഇരുപത്തെട്ടു വർഷം മുമ്പ്‌ അദ്ദേഹം പരലോകം പ്രാപിച്ചുവെങ്കിലും ജീവിതനാടകത്തിലെ ഓരോ രംഗങ്ങളും മനസ്സിൽ മിന്നിമറയുകയാണ്‌.എനിക്കും അനിയനും ജന്മം നൽകിയ അമ്മ അകാലത്തിൽ തന്നെ ചരമമടഞ്ഞു. .എങ്കിലും മാതൃവാത്സല്യത്തിന്റെ യാതൊരു കുറവും ഇല്ലാതെ ഞങ്ങൾ ചെറിയമ്മയുടെ കൂടെ(ഓപ്പോൾ) സസന്തോഷം വളർന്നു വന്നു. കാലമെന്ന വണ്ടി അനസ്യൂതം പ്രയാണം തുടർന്നു. അങ്ങിനെ ഞാനും അനിയനും അച്ഛനും ചെറിയമ്മയും അവരുടെ കുഞ്ഞുങ്ങളുമായി സന്തോഷത്തിന്റെ നാളുകൾ പങ്കിട്ടു ജീവിച്ചു പോന്നു.

കഥകളിയുടെ ലോകത്ത്‌ ജ്വലിച്ചുനിന്നിരുന്ന ആ പ്രതിഭ (അച്ഛൻ) കാഴ്ച്ചയിൽ ഗംഭീരനും ഗൗരവക്കാരനുമായിരുന്നു. എന്നാൽ കുടുംബജീവിതത്തിലും സമൂഹത്തിലും വളരെ ലളിതമായും അത്യധികം സ്നേഹത്തോടും വാത്സല്യത്തോടുമാണ്‌ പെരുമാറിയിരുന്നത്‌. ഒരിക്കലും കുടുംബബന്ധത്തെ അലോരസപ്പെടുത്തുന്ന ഒരു പ്രവൃത്തിയും അദ്ദേഹത്തിൽ നിന്നുണ്ടായിരുന്നില്ല. വല്ലപ്പോഴും മദ്യപിക്കുന്ന ശീലമുണ്ടെങ്കിലും ഞങ്ങൾ മക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമായ സന്ദർഭങ്ങളായിരുന്നു അവ. എന്തെന്നാൽ ഏറ്റവും ഉന്മേഷവാനായിക്കാണുന്ന അത്തരം സന്ദർഭങ്ങളിൽ അച്ഛ്ൻ എന്തെല്ലാം ഗുണപാഠങ്ങളാണ്‌ ഞങ്ങൾക്ക്‌ പകർന്നു തന്നത്തെന്ന്‌ ഓർക്കുമ്പോൾ ഞാൻ അഭിമാനം കൊള്ളാറുണ്ട്‌. സത്യം, സാഹോദര്യം, സ്നേഹം ,ക്ഷമ, ദാനം, അഹിംസ, ഉള്ളതുകൊണ്ടു സംതൃപ്തി എന്നീ തത്വങ്ങൾ യാഥാർത്ഥ്യമാക്കിക്കാണിക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ! അതുപോലെ സ്വജീവിതത്തിലും അദ്ദേഹം യാതൊരു മുഖമ്മൂടിയോ പൊങ്ങച്ചമോ ഇല്ലാതെ വളരെ ലളിതമായി ജീവിച്ചു. ഈ എളിയ ജീവിതരീതിയിൽ കുറേയേറെ സുഹൃത്തുക്കളൊന്നും അച്ഛനുണ്ടായിരുന്നില്ല.
ജീവിതത്തിലേറെ നിഷ്ക്കർഷയുണ്ടായിരുന്ന അദ്ദേഹം കാഴ്ച്ചയിൽ ഒരു കണിശക്കാരനെപ്പോലെ തോന്നിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഭാഷകളിലെ :ക്ലാസ്സിക്കുകളും". മനസ്സിൽ കുടിവെച്ചതു കഥകളിയെന്ന കലാറാണിയേയും.


വാസ്തവത്തിൽ അദ്ദേഹം കണിശക്കാരൻ തന്നെ അല്ലേ? എന്നു ഞാനോർത്തുപോവാറുണ്ട്‌. കാരണം തന്റെ നിത്യജീവിതത്തിലെ വരവുചിലവുകൾ കൃത്യമായി സൂക്ഷിച്ചിരുന്നു. അത്യാവശ്യക്കാര്യങ്ങൾക്കല്ലാതെ ആർഭാടങ്ങൾക്കൊന്നും അദ്ദേഹം പണം ചിലവഴിച്ചിരുന്നില്ല. മറ്റുള്ളവരുടെ കഷ്ടപ്പാടുകളറിഞ്ഞ്‌ തന്റെ കഴിവിനനുസരിച്ച്‌ അവരെ സഹായിച്ചുപോന്നു. എന്നാൽ എടുത്തുപറയത്തക്കതായി ഒരു വലിയ കാര്യം തന്നെയെന്നു പറയട്ടെ, ആരുടെ പക്കൽ നിന്നും കടം വാങ്ങുന്ന കാര്യം അദ്ദേഹം ഒരിക്കലുംചിന്തിക്കുകയോ ചെയ്യുകയോ ഉണ്ടായിട്ടില്ല. കടുംബകാര്യങ്ങളിലെല്ലാം തികഞ്ഞ ഉത്തരവാദിത്വമുള്ളവനായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും കുടുംബത്തിനൊപ്പം ഉത്സാഹപൂർവ്വ്വം ആഘോഷിച്ചു. ഓരോ ആഘോഷങ്ങളിലും ജാതിമതചിന്തക്കുപരി സ്നേഹപൂർവ്വ്വം മറ്റുവരുമായി പങ്കിട്ടു. അതിന്റെ ഫലമായി ഞങ്ങൾക്കിന്നും ജനങ്ങളുടെ സ്നേഹവും പരിലാളനയും ലഭിക്കുന്നു.


വാഴേങ്കടയിലുള്ള പ്രസിദ്ധി കേട്ട ശ്രീ നരസിംഹമൂർത്തിക്ഷേത്രത്തിനു സമീപം യോഗ്യനായ ഒരു മനുഷ്യസ്നേഹിയുടേയും കലാകാരന്റേയും സന്തതിയായി പിറക്കാൻ കഴിഞ്ഞതിൽ ഞാനേറ്റവും കൃതാർത്ഥനാണ്‌. അവസാനകാലം അച്ഛന്റെ ജീവിതം രോഗം കൊണ്ട്‌ ദുരിതപൂർണ്ണമായിരുന്നെന്ന്‌ വിഷാദത്തോടെ ഓർക്കുന്നു. അച്ഛന്റെ അനുഗ്രഹം ഞങ്ങളിൽ വർഷിക്കണേയെന്നു പ്രാർത്ഥിച്ചുകൊണ്ട്‌ ഒന്നുകൂടി ആഫോട്ടോയിലേക്ക്‌ നോക്കി ഞാൻ സാവകാശം എണീട്ടു മുറ്റത്തേക്കിറങ്ങി .അപ്പോൽ വീശിയ മന്ദമാരുതന്‌ സാന്ത്വനത്തിന്റെ കുളിർമ്മയുണ്ടായിരുന്നുവൊ?

Wednesday, November 17, 2010

നാട്യാചാര്യൻ"പദ്മശ്രീ" വാഴേങ്കട കുഞ്ചു നായർ

"മനയോലപ്പാടുകൾ" എന്ന ഈ ബ്ലോഗ്‌ "കഥകളി നാട്യാചാര്യൻ "പദ്മശ്രീ" വാഴേങ്കട കുഞ്ചു നായരാശാനെക്കുറിചുള്ളതായിരിക്കും. കഥകളിയേയും അദ്ദേഹത്തേയും അറിയുവാനും പഠിക്കാനും താൽപ്പര്യമുള്ളവർക്കു വേണ്ടിയാണ്‌ ഇങ്ങിനെയൊരു സംരംഭം. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ശതാബ്ദി ദിനത്തിൽ പ്രകാശനം ചെയ്ത കുഞ്ചുനായരാശാന്റെ ജീവചരിത്രമാണ്‌`" മനയോലപ്പാടുകൾ" . കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥ്ത്തിന്റെ രചന നിർവ്വ്വഹിച്ചിരിക്കുന്നത്‌ അദ്ദേഹത്തിന്റെ പുത്രനും നോവലിസ്റ്റും തിരുവല്ല മലബാർ ഗ്രാമീൺ ബാങ്കു മനേജരുമായ ശ്രീ പീ.വി. ശ്രീവത്സനാണ്‌. അവരോടെല്ലാം കടപ്പെട്ടുകൊണ്ട്‌ ഞാൻ ഈ ബ്ലോഗു നിങ്ങൾക്കു സമർപ്പിക്കുന്നു.


"അംഗാഗി പൊരുത്തമാണ്‌ കഥകളി ഉൾപ്പെടെ ഏതു കലാരൂപത്തേയും ഹൃദ്യമാക്കുന്നത്‌. അരങ്ങിൽ നിന്ന്‌ ആസ്വാദകനിലേക്കൊഴുകുന്ന അദൃശ്യമായൊരന്തർദ്ധാരയാണത്‌. ഈ ലാവണ്യദർശനം ശരിക്കുൾക്കൊണ്ടൊരു കലാകാരനായിരുന്നു വാഴേങ്കട കുഞ്ചു നായർ. സർവ്വ്വാംഗീണമായ അഭിനയം എന്നതാണ്‌ അദ്ദേഹത്തിന്റെ ലാവണ്യസങ്കൽപ്പം"

(മനയോലപ്പാടുകൾ
അവതാരികയിൽ

ഡോഃ കെ.ജി. പൗലോസ്‌)